
തിരുവനന്തപുരം: ചാല സ്വർണക്കവർച്ചക്കേസിൽ നാല് പവൻ തങ്കം കൂടി കണ്ടെത്തി. മിഠായി കവറിനുള്ളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം കണ്ടെത്തിയത്. മുടവൻമുകളിലെ ഒരു വീട്ടിൽ നിന്നുമാണ് തങ്കകട്ടികൾ കണ്ടെടുത്തത്. കേസിലെ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കാണാതായ തങ്കം കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം 146 പവൻ സ്വർണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ കുഴിച്ചിട്ട നിലയിലും 56 പവൻ സ്വർണം വയനാട്ടിൽ നിന്നും പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിയിരുന്നു.
കവർച്ച നടന്നതിന് പിന്നാലെ വൈഷ്ണവി ജുവലറി ഉടമ പോലീസിനോട് പറഞ്ഞത് 1.800 കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു. എന്നാൽ എഫ്.ഐ.ആറിൽ രണ്ടു കിലോ ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി പോലീസ് രേഖപ്പെടുത്തി. പിന്നീട് നന്ദകുമാർ സ്വർണ അളവ് വീണ്ടും മാറ്റിപ്പറയുകയായിരുന്നു. 15 പവൻ സ്വർണം മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്നായിരുന്നു നന്ദകുമാർ പിന്നീട് പറഞ്ഞത്. എന്നാൽ ഇതിനകം 202 പവൻ സ്വർണവും നാല് പവൻ തങ്കക്കട്ടികളും പോലീസ് കണ്ടെടുത്തു.
സ്വർണക്കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പകയാണെന്ന് നേരത്തെ തന്നെ പോലീസ് സംശയിച്ചിരുന്നു. വൈഷ്ണവി ജൂവലറി ഉടമയായ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജൂവലറി ഉടമകൾ ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാല് ലക്ഷം രൂപ കൈമാറിയതിന്റെ തെളിവും പോലീസിന് ലഭിച്ചു.
Published: 17 Nov 2026, 09:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented