പത്തനംതിട്ട ജില്ലയിലെ കൊടുമണ്ണിൽ നിന്ന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫാഷൻ ഷോകളിലൊന്നായ വിക്ടോറിയാസ് സീക്രട്ടിന്റെ റാംപിലേക്ക്. മലയാളി മോഡൽ റവ് ലീൻ വർഗീസാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ലോസ് ആഞ്ജലസിൽ നടന്ന വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോ 2026-ൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് 25 വയസ്സുകാരിയായ റവ് ലീൻ. ലോകപ്രശസ്ത സൂപ്പർ മോഡലുകൾക്കൊപ്പം രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് താരം റാംപിലെത്തിയത്. തിങ്കളാഴ്ച നടന്ന ഫാഷൻ ഷോയിൽ ജിജി ഹദീദ്, ബെല്ല ഹദീദ്, ഐറിന ഷെയ്ക്, അലസാന്ദ്ര അംബ്രോസിയോ, കൈലി ജെന്നർ തുടങ്ങിയ പ്രമുഖർക്കൊപ്പമാണ് റവ് ലീനും പങ്കെടുത്തത്. ലോക ഫാഷൻ രംഗത്ത് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന മലയാളി മോഡലിന്റെ കരിയറിലെ നിർണായക നേട്ടമായിരിക്കുകയാണ് ഈ അരങ്ങേറ്റം.
വിക്ടോറിയാസ് സീക്രട്ട് ഫാഷൻ ഷോയിൽ രണ്ട് തവണയാണ് റവ് ലീൻ റാംപിലെത്തിയത്. ആദ്യ ലുക്കിൽ പിങ്ക് നിറത്തിലുള്ള ലേസ് ലിംഗറി സെറ്റാണ് ധരിച്ചത്. രണ്ടാമത്തെ റാംപ് വാക്കിൽ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിലുള്ള ഔട്ട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മോഡലുകളായ ലൂസ പെറോട്ടെ, മാലിക എൽ മസ്ലൂഹി എന്നിവർക്കൊപ്പമായിരുന്നു രണ്ടാമത്തെ റാംപ് വാക്ക്.അന്താരാഷ്ട്ര ഫാഷൻ രംഗത്തെ പ്രമുഖ മോഡലുകൾ അണിനിരക്കുന്ന വിക്ടോറിയാസ് സീക്രട്ട് ഷോയിൽ അവസരം ലഭിക്കുക എന്നത് മോഡലിങ് കരിയറിലെ പ്രധാന നേട്ടങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
മോഡലാകണമെന്ന ആഗ്രഹത്തോടെയായിരുന്നില്ല റവ്ലീൻ ഡൽഹിയിലെത്തിയത്. കൊടുമൺ സ്വദേശിയായ റവ് ലീൻ ഡിസൈൻ പഠനത്തിനായാണ് ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ ചേർന്നത്. പതിനെട്ടാം വയസ്സിലാണ് റവ് ലീന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാകുന്നത്. പഠനകാലത്ത് അനിമ ക്രിയേറ്റീവ് മാനേജ്‌മെന്റ് എന്ന മോഡലിങ് ഏജൻസിയുടെ ശ്രദ്ധയിൽപ്പെട്ടതാണ് കരിയറിന് തുടക്കമായത്. അതുവരെ മോഡലിങ് തന്റെ ഭാവി പദ്ധതികളിലൊന്നായിരുന്നില്ല.എന്നാൽ അപ്രതീക്ഷിതമായി ലഭിച്ച അവസരം റവ്ലീനെ ഇന്ത്യയിലെ ഫാഷൻ രംഗത്തുനിന്ന് അന്താരാഷ്ട്ര വേദികളിലേക്ക് എത്തിച്ചു.
ന്യൂയോർക്ക് ഫാഷൻ വീക്കിലും സബ്യസാചിയുടെ ക്യാമ്പെയ്നിലും
ഫാഷൻ, ബ്യൂട്ടി, എഡിറ്റോറിയൽ മേഖലകളിൽ ഇതിനകം ശ്രദ്ധേയമായ നിരവധി പ്രോജക്ടുകളുടെ ഭാഗമായിട്ടുണ്ട് റവ് ലീൻ. പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡുകൾക്കൊപ്പം പ്രവർത്തിച്ച താരം ഫാഷൻ മാഗസിനുകളുടെ കവറുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2022-ൽ ന്യൂയോർക്ക് ഫാഷൻ വീക്കിൽ അരങ്ങേറ്റം കുറിച്ചതാണ് റവ് ലീന്റെ കരിയറിലെ മറ്റൊരു പ്രധാന നേട്ടം. ഇന്ത്യൻ ഫാഷൻ ഡിസൈനർ സബ്യസാചിയുടെ ക്യാമ്പെയ്നിലും റവ് ലീൻ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്.ഇന്ത്യൻ ഫാഷൻ രംഗത്തുനിന്ന് അന്താരാഷ്ട്ര വേദികളിലേക്ക് എത്തുന്ന മോഡലുകൾക്ക് ലഭിക്കുന്ന അവസരങ്ങൾ വർധിച്ചുവരുന്നതിനിടെയാണ് റവ് ലീന്റെ പുതിയ നേട്ടവും.
ലോകപ്രശസ്ത ലിംഗറി ബ്രാൻഡായ വിക്ടോറിയാസ് സീക്രട്ട് സംഘടിപ്പിക്കുന്ന ഫാഷൻ ഷോ ആഗോള ഫാഷൻ രംഗത്ത് ഏറെ ശ്രദ്ധ നേടുന്ന പരിപാടികളിലൊന്നാണ്. പ്രമുഖ സൂപ്പർ മോഡലുകളും ഫാഷൻ രംഗത്തെ താരങ്ങളും അണിനിരക്കുന്ന ഷോയിൽ പങ്കെടുക്കുന്നത് മോഡലുകൾക്ക് വലിയ അംഗീകാരമാണ്.ഉജ്ജ്വല റാവത്ത്, ഭൂമിക അറോറ, നീലം ഗിൽ തുടങ്ങിയ ഇന്ത്യൻ, ഇന്ത്യൻ വംശജരായ മോഡലുകൾക്കൊപ്പം വിക്ടോറിയാസ് സീക്രട്ട് റാംപിൽ എത്തിയവരുടെ പട്ടികയിലേക്ക് റവ് ലീൻ വർഗീസും ഇടംനേടിയിരിക്കുകയാണ്.ഇന്ത്യൻ മോഡലുകൾക്ക് അന്താരാഷ്ട്ര ഫാഷൻ രംഗത്ത് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് റവ് ലീന്റെ നേട്ടം. ഈ സീസണിൽ പാരിസ് ഫാഷൻ വീക്കിൽ ഷനേലിന്റെ റാംപിൽ ബെംഗളൂരു സ്വദേശിയായ മോന ഭുജേലും അരങ്ങേറ്റം കുറിച്ചിരുന്നു. പതിനെട്ടാം വയസ്സിൽ അപ്രതീക്ഷിതമായി തുടങ്ങിയ മോഡലിങ് യാത്ര, ഇരുപത്തിയഞ്ചാം വയസ്സിൽ ലോകപ്രശസ്തമായ വിക്ടോറിയാസ് സീക്രട്ട് റാംപിലെത്തിയത്.
Content Highlights: Revleen Varghese became the latest Malayali model to walk the 2026 Victoria's Secret Fashion Show in Los Angeles., She shared the ramp with global supermodels like Gigi Hadid, Bella Hadid, and Kylie Jenner., Started her career unexpectedly after joining NIFT Delhi for design studies at age 18., Previously featured in New York Fashion Week (2022) and Sabyasachi campaigns.
Published: 19 Oct 2026, 04:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented