നാട്ടിലെത്തിയാൽ വീട്ടുജോലികളും കൃഷിപ്പണികളുമൊക്കെയായി സാധാരണ ജീവിതം. എന്നാൽ ഫാഷൻ വേദിയിലെത്തിയാലോ, ലോകപ്രശസ്ത ഡിസൈനർമാരുടെ വസ്ത്രങ്ങളണിഞ്ഞ് ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുന്ന സൂപ്പർ മോഡലുകൾ. ഇന്ത്യൻ ഫാഷൻ മോഡലുകളുടെ ഈ രണ്ട് മുഖങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

To advertise here,

സ്വന്തം നാട്ടിലെ ജീവിതവും ഫാഷൻ വേദിയിലെ തിളക്കവും ഒരൊറ്റ വിഡിയോയിൽ അവതരിപ്പിക്കുന്ന 'ഹോംടൗൺ വേഴ്‌സസ് റൺവേ' എന്ന പുതിയ ട്രെൻഡാണ് ഇൻസ്റ്റഗ്രാമിൽ തരംഗമാകുന്നത്. ഫാഷൻ ലോകത്തെ മോഡലുകളെ കാണുമ്പോൾ ആഡംബര വസ്ത്രങ്ങളും മേക്കപ്പും മനോഹരമായ ഫോട്ടോഷൂട്ടുകളുമൊക്കെയാണ് പലരുടെയും മനസ്സിലേക്ക് ആദ്യം എത്തുക. എന്നാൽ ആ തിളക്കത്തിനപ്പുറം അവർക്കും സാധാരണക്കാരുടേതുപോലൊരു ജീവിതമുണ്ട്. ഗ്രാമങ്ങളിലെ വീടുകളും കൃഷിയിടങ്ങളും അടുക്കളയുമെല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഈ യാഥാർഥ്യം രസകരമായി അവതരിപ്പിക്കുകയാണ് പുതിയ വിഡിയോകൾ.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നൂറുകണക്കിന് ഇന്ത്യൻ മോഡലുകളാണ് ഇത്തരം വീഡിയോകൾ പങ്കുവച്ചിരിക്കുന്നത്. ചെറിയ ഗ്രാമങ്ങളിൽനിന്നും പട്ടണങ്ങളിൽനിന്നും ദേശീയ, രാജ്യാന്തര ഫാഷൻ വേദികളിലേക്ക് എത്തിയ തങ്ങളുടെ യാത്രയാണ് ഇവർ വീഡിയോകളിലൂടെ അവതരിപ്പിക്കുന്നത്.

ആദ്യം നാട്ടിലെ ജീവിതം, പിന്നാലെ റാംപിലെ തിളക്കം

ഗഡ്വാളി ഭാഷയിലെ 'സ്വാമി പർദേശ്' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂരിഭാഗം വിഡിയോകളും ഒരുക്കിയിരിക്കുന്നത്. 'എന്റെ നാട്ടിലെ ഞാൻ, റാംപിലെ ഞാൻ' എന്ന ആശയമാണ് വിഡിയോകളുടെ അടിസ്ഥാനം.

മേക്കപ്പില്ലാതെ സാധാരണ വസ്ത്രങ്ങളണിഞ്ഞ് വീട്ടുജോലികൾ ചെയ്യുന്ന മോഡലുകളെയാണ് ആദ്യ ഭാഗത്ത് കാണുന്നത്. ചിലർ അടുക്കളയിൽ ചപ്പാത്തി പരത്തുമ്പോൾ മറ്റു ചിലർ കൃഷിയിടങ്ങളിൽ വിളവെടുക്കുകയോ വിറകുവെട്ടുകയോ വെള്ളം ചുമക്കുകയോ ചെയ്യുന്നു. എന്നാൽ ഗാനത്തിന്റെ താളം മാറുന്നതോടെ ദൃശ്യങ്ങളും മാറുന്നു. വീട്ടുമുറ്റവും അടുക്കളയും കൃഷിയിടങ്ങളുമെല്ലാം അപ്രത്യക്ഷമാകുന്നു. പകരം വെളിച്ചത്തിൽ തിളങ്ങുന്ന ഫാഷൻ വേദികൾ പ്രത്യക്ഷപ്പെടുന്നു. ആഡംബര വസ്ത്രങ്ങളും മനോഹരമായ മേക്കപ്പും അണിഞ്ഞ് അതേ വ്യക്തികൾ റാംപിലൂടെ ചുവടുവയ്ക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണുന്നത്. സാധാരണ ജീവിതവും ഫാഷൻ ലോകത്തെ ഗ്ലാമറും തമ്മിലുള്ള വ്യത്യാസമാണ് ഈ വീഡിയോകളുടെ പ്രധാന ആകർഷണം.

ലാക്‌മെ ഫാഷൻ വീക്കിലേക്ക്

ഫാഷൻ മോഡലായ ദീക്ഷ പങ്കുവച്ച വിഡിയോയാണ് ശ്രദ്ധനേടിയവയിൽ ഒന്ന്. നിലത്തിരുന്ന് ചപ്പാത്തി പരത്തുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീട്ടിലെ സാധാരണ ജോലികളിൽ മുഴുകിയിരിക്കുന്ന ദീക്ഷയെ കാണുന്നവർക്ക് അടുത്ത നിമിഷം കാത്തിരിക്കുന്നത് മറ്റൊരു കാഴ്ചയാണ്. ദൃശ്യങ്ങൾ മാറുമ്പോൾ ലാക്‌മെ ഫാഷൻ വീക്കിന്റെ വേദിയിലൂടെ ആത്മവിശ്വാസത്തോടെ ചുവടുവയ്ക്കുന്ന ദീക്ഷയെയാണ് കാണുന്നത്. അടുക്കളയിലെ ലളിതമായ ജീവിതത്തിൽനിന്ന് രാജ്യത്തെ പ്രധാന ഫാഷൻ വേദികളിലൊന്നിലേക്കുള്ള മാറ്റമാണ് വിഡിയോ അവതരിപ്പിക്കുന്നത്.

കൃഷിയിടത്തിൽ വിളവെടുക്കുന്ന സാക്ഷി, റാംപിൽ പുതിയ രൂപം

മഹാരാഷ്ട്രയിൽനിന്നുള്ള മോഡൽ സാക്ഷി കുംഭാറിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്. കുർത്ത ധരിച്ച് കൃഷിയിടത്തിൽ വിളവെടുക്കുന്ന സാക്ഷിയുടെ ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. ഗ്രാമീണ ജീവിതത്തിന്റെ ലളിതമായ കാഴ്ചകൾക്കുശേഷം ലാക്‌മെ ഫാഷൻ വീക്കിൽ കറുത്ത നിറത്തിലുള്ള ആധുനിക ഡിസൈനർ വസ്ത്രമണിഞ്ഞ് റാംപിലൂടെ നടക്കുന്ന സാക്ഷിയെയാണ് കാണുന്നത്.കൃഷിയിടത്തിൽ ജോലി ചെയ്യുന്ന യുവതിയും ഫാഷൻ വേദിയിലെ മോഡലും ഒരാൾ തന്നെയാണെന്നതാണ് വിഡിയോയുടെ കൗതുകം.

വീട്ടിലെ ജോലികളിൽനിന്ന് റാംപിലേക്ക്

രാജ്യാന്തര ഫാഷൻ വേദിയിലെത്തിയ മോഡൽ നകുൽ ഭരദ്വാജും ഈ പ്രവണതയുടെ ഭാഗമായിട്ടുണ്ട്. സ്വന്തം നാട്ടിൽ അടുക്കള ജോലികളിൽ സഹായിക്കുന്ന ദൃശ്യങ്ങളാണ് നകുൽ ആദ്യം പങ്കുവച്ചിരിക്കുന്നത്. പിന്നാലെ പ്രശസ്ത ആഡംബര ഫാഷൻ ബ്രാൻഡായ വെർസാച്ചെയുടെ വേദിയിലൂടെ നടക്കുന്ന ദൃശ്യങ്ങളും കാണാം.'വീട്ടിൽനിന്ന് ഒരുപാട് ദൂരം സഞ്ചരിച്ചാണ് ഇവിടെയെത്തിയത്. എന്നാൽ ആ യാത്രയെല്ലാം വിലമതിക്കുന്നതാണ്' എന്ന ആശയത്തിലുള്ള കുറിപ്പോടെയാണ് നകുൽ വീഡിയോ പങ്കുവച്ചത്.സാധാരണ ജീവിതസാഹചര്യങ്ങളിൽനിന്ന് രാജ്യാന്തര ഫാഷൻ ലോകത്തേക്ക് എത്താനുള്ള യാത്രയാണ് നകുലിന്റെ വീഡിയോ ഓർമപ്പെടുത്തുന്നത്.

 വെള്ളം ചുമക്കുന്ന കരൺ, വിറകുവെട്ടുന്ന രാജ് 

പുരുഷ മോഡലുകളും ഈ പുതിയ പ്രവണത ഏറ്റെടുത്തിട്ടുണ്ട്. മോഡലായ കരൺ സ്വന്തം നാട്ടിൽ വെള്ളം നിറച്ച പാത്രങ്ങൾ ചുമന്നുനടക്കുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചത്. പിന്നാലെ ഫാഷൻ വേദിയിൽ ചുവടുവയ്ക്കുന്ന ദൃശ്യങ്ങളിലേക്ക് വീഡിയോ മാറുന്നു. മറ്റൊരു മോഡലായ രാജ് ഡോബലിന്റെ വീഡിയോയിൽ നാട്ടിൽ വിറകുവെട്ടുന്ന കാഴ്ചയാണ് ആദ്യം കാണുന്നത്. അടുത്ത നിമിഷം ലാക്‌മെ ഫാഷൻ വീക്കിന്റെ റാംപിൽ നടക്കുന്ന രാജിനെയാണ് കാണാനാകുക.'എന്റെ നാട്ടിലെ ഞാൻ, റാംപിലെ ഞാൻ' എന്ന കുറിപ്പോടെയാണ് രാജ് വീഡിയോ പങ്കുവച്ചത്.

ട്രെൻഡിനൊപ്പം

ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡൽ സംഗീത രമേഷും ഈ പ്രവണതയുടെ ഭാഗമായിട്ടുണ്ട്. വീട്ടിൽ ചപ്പാത്തി പരത്തുന്ന ദൃശ്യങ്ങളാണ് സംഗീത ആദ്യം അവതരിപ്പിക്കുന്നത്. തുടർന്ന് വെള്ളിനിറത്തിലുള്ള മനോഹരമായ വസ്ത്രമണിഞ്ഞ് ഫാഷൻ വേദിയിലൂടെ നടക്കുന്ന ദൃശ്യങ്ങളിലേക്ക് വീഡിയോ മാറുന്നു.വീട്ടിലെ സാധാരണ ജീവിതവും ഫാഷൻ വേദിയിലെ തിളക്കവും ഒരുപോലെ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതാണ് സംഗീതയുടെ വിഡിയോ.

ഗ്ലാമറിനപ്പുറം മോഡലുകളുടെ യഥാർഥ ജീവിതം

ഫാഷൻ മോഡലുകളുടെ ജീവിതം ആഡംബരവും ആഘോഷങ്ങളും നിറഞ്ഞതാണെന്ന പൊതുധാരണയ്ക്ക് മറ്റൊരു കാഴ്ചപ്പാട് നൽകുകയാണ് ഈ വീഡിയോകൾ. വലിയ ഫാഷൻ വേദികളിൽ ചുവടുവയ്ക്കുന്ന പലരും ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുംനിന്ന് എത്തിയവരാണ്. വീട്ടിലെ ഉത്തരവാദിത്വങ്ങളും കുടുംബബന്ധങ്ങളും സ്വന്തം നാടിന്റെ ജീവിതരീതികളുമെല്ലാം ഇപ്പോഴും അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ഫാഷൻ വേദിയിലെത്തിയതുകൊണ്ട് സ്വന്തം വേരുകളെ മറന്നിട്ടില്ലെന്ന സന്ദേശവും ഈ വീഡിയോകൾ നൽകുന്നു. അതേസമയം, സാധാരണ ജീവിതസാഹചര്യങ്ങളിൽനിന്ന് വലിയ സ്വപ്നങ്ങളിലേക്ക് നടന്നെത്തിയതിന്റെ അഭിമാനവും അവയിൽ പ്രകടമാണ്.

മനോഹരമായ വസ്ത്രങ്ങളും മേക്കപ്പും മാത്രമല്ല, അതിനപ്പുറമുള്ള മനുഷ്യരെയും അവരുടെ ജീവിതയാത്രകളെയും പരിചയപ്പെടുത്തുകയാണ് ഈ ട്രെൻഡ്. റാംപിലെ തിളക്കത്തിന് പിന്നിൽ കൃഷിയിടങ്ങളുടെയും അടുക്കളകളുടെയും വീട്ടുമുറ്റങ്ങളുടെയും കഥകളുണ്ടെന്ന് ഓർമപ്പെടുത്തുകയാണ്.