യു.എസിലെ ന്യൂ യോർക്കിൽ നടന്ന ദീപാവലി ആഘോഷത്തിൽ ഇന്ത്യൻ പരമ്പരാഗത വേഷത്തിൽ അതിസുന്ദരിയായി എത്തി അമേരിക്കൻ സൂപ്പർ മോഡൽ ടൈറ ബാങ്ക്‌സ്. പച്ചയും സ്വർണനിറവും ചേർന്ന മനോഹരമായ ലെഹങ്കയും തിളങ്ങുന്ന വജ്രാഭരണങ്ങളുമണിഞ്ഞാണ് താരം ഇത്തവണ ശ്രദ്ധ നേടിയത്. മൈസൺ തായ് ഡിസൈൻ ചെയ്ത വസ്ത്രത്തിൽ തനി ദേശി ഗ്ലാമറിലാണ് ടൈറ പ്രത്യക്ഷപ്പെട്ടത്. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളുടെ ഭംഗിയും ആധുനിക ഫാഷൻ ശൈലിയും ഒരുപോലെ സമന്വയിപ്പിച്ച വേഷം ആഘോഷവേദിയിലെ ശ്രദ്ധാകേന്ദ്രമായി.

To advertise here,

ബനാറസി സിൽക്കിൽ ഒരുക്കിയ ലെഹങ്കയായിരുന്നു വസ്ത്രത്തിന്റെ പ്രധാന ആകർഷണം. തിളക്കമുള്ള എമറാൾഡ് പച്ച നിറത്തിലുള്ള ഫാബ്രിക്കിൽ സ്വർണനിറത്തിലുള്ള സറി എംബ്രോയ്ഡറി മനോഹരമായി നെയ്തുചേർത്തിരുന്നു. പൂക്കളുടെയും ഇലകളുടെയും രൂപങ്ങൾ ആവർത്തിച്ചെത്തുന്ന ബ്രോക്കേഡ് ഡിസൈൻ വസ്ത്രത്തിന് കൂടുതൽ ഭംഗി നൽകി. വെളിച്ചത്തിൽ തിളങ്ങുന്ന ഈ അലങ്കാരപ്പണികൾ ലെഹങ്കയ്ക്ക് രാജകീയ പ്രൗഢിയും പകർന്നു.

എമറാൾഡ് പച്ച നിറത്തിലുള്ള സാറ്റിൻ തുണിയിൽ തയാറാക്കിയ ബ്ലൗസാണ് ടൈറ ലെഹങ്കയ്‌ക്കൊപ്പം ധരിച്ചത്. കൈത്തണ്ട വരെ നീളുന്ന ഫുൾ സ്ലീവ് ഡിസൈനായിരുന്നു ബ്ലൗസിന്റെ പ്രത്യേകത. ലെഹങ്കയിലെ ഡിസൈനുകളും അലങ്കാരപ്പണികളും മനോഹരവുമായൊരു ബാലൻസ് ഈ ബ്ലൗസ് നൽകി. ബ്ലൗസിന് മുകളിലൂടെ അതേ നിറത്തിലുള്ള സിൽക്ക് ബ്രോക്കേഡ് തുണി തോളിലൂടെ അലസമായി വിരിച്ചിട്ടിരുന്നു. സാരിയുടെ പല്ലുവിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ഈ സ്‌റ്റൈലിങ്.

അരക്കെട്ടിൽ ധരിച്ച മെറ്റാലിക് ബെൽറ്റും വസ്ത്രത്തിന്റെ മറ്റൊരു ആകർഷണമായി. വെളുത്ത തിളങ്ങുന്ന കല്ലുകൾ പതിപ്പിച്ച ബെൽറ്റിൽനിന്ന് താഴേക്ക് തൂങ്ങിക്കിടക്കുന്ന മെറ്റൽ അലങ്കാരങ്ങളും ഉണ്ടായിരുന്നു. വസ്ത്രത്തിന് വ്യത്യസ്തമായൊരു ഘടനയും ഭംഗിയും നൽകുന്നതായിരുന്നു ഈ ബെൽറ്റ്. താഴേക്ക് നിലംമുട്ടി വിരിഞ്ഞുകിടക്കുന്ന ലെഹങ്ക സ്‌കർട്ടും അതേ സ്വർണ ബ്രോക്കേഡ് സിൽക്ക് തുണിയിലാണ് ഒരുക്കിയത്.

വജ്രാഭരണങ്ങളുടെ തിളക്കത്തിൽ ടൈറ

വസ്ത്രത്തിനൊപ്പം തിരഞ്ഞെടുത്ത ആഭരണങ്ങളും ടൈറയുടെ ലുക്കിന് മാറ്റുകൂട്ടി. കല്യാൺ ജൂവലേഴ്സിന്റെ ആഭരണങ്ങളാണ് ടൈറ അണിഞ്ഞത്. വൈറ്റ് ഗോൾഡിൽ ഒരുക്കിയ, വിവിധ നിറങ്ങളിലുള്ള തിളങ്ങുന്ന വജ്രങ്ങൾ പതിപ്പിച്ച പരമ്പരാഗത ഇന്ത്യൻ ആഭരണങ്ങളാണ് താരം അണിഞ്ഞത്. മുത്തുകളുള്ള പല നിരകളുള്ള ഡയമണ്ട് ചോക്കറായിരുന്നു കഴുത്തിലെ പ്രധാന ആഭരണം.ചോക്കറിനൊപ്പം അതേ ഡിസൈനിലുള്ള മാംഗ്ടിക്കയും കമ്മലുകളും താരം ധരിച്ചു. സ്വർണത്തിലും വജ്രത്തിലും തീർത്ത വളയും മനോഹരമായൊരു മോതിരവും ആഭരണങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. ഓരോ ആഭരണവും വസ്ത്രത്തിന്റെ നിറങ്ങളോടും ഡിസൈനിനോടും ചേർന്നുനിൽക്കുന്ന തരത്തിലായിരുന്നു തിരഞ്ഞെടുത്തത്.

മേക്കപ്പിലും പ്രത്യേക ശ്രദ്ധ നൽകിയിരുന്നു. ബ്രോൺസ് ടോണിലുള്ള മേക്കപ്പിനൊപ്പം ബ്രൗൺ നിറത്തിലുള്ള സ്‌മോക്കി ഐ ലുക്കും മസ്‌കാരയും ഉപയോഗിച്ചു. മാറ്റ് ഫിനിഷിലുള്ള നാചുറൽ ന്യൂഡ് ലിപ്സ്റ്റിക്കും മേക്കപ്പിനെ മനോഹരമാക്കി. മുടി ഇരുവശത്തേക്കും തോളിലൂടെ വീണുകിടക്കുന്ന രീതിയിലാണ് സ്‌റ്റൈൽ ചെയ്തത്.

ഫാഷൻ രംഗത്ത് ചരിത്രം കുറിച്ച ടൈറ, ജിക്യൂ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് സ്വിംസ്യൂട്ട് എഡിഷൻ എന്നീ മാഗസിനുകളുടെ കവറിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ മോഡലാണ്. കൂടാതെ, വിക്ടോറിയാസ് സീക്രട്ടിന്റെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ ഏഞ്ചലായി മാറിയതും അവരാണ്. ലോകമെമ്പാടും വൻ ഹിറ്റായി മാറിയ ‘America's Next Top Model’ എന്ന റിയാലിറ്റി ഷോയുടെ സ്രഷ്ടാവും അവതാരകയുമായ അവർ, ‘The Tyra Banks Show’ എന്ന സ്വന്തം ടോക്ക് ഷോയിലൂടെ രണ്ട് തവണ ഡേടൈം എമ്മി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.

15-ാം വയസ്സിൽ മോഡലിംഗ് കരിയർ ആരംഭിച്ച ടൈറ, അന്താരാഷ്ട്ര ഫാഷൻ റൺവേകളിൽ കറുത്തവർഗ്ഗക്കാരായ വനിതകളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്.