കൊല്‍ക്കത്ത: ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച് ഇന്ത്യയില്‍ താമസിച്ചുവന്നിരുന്ന ബംഗ്ലാദേശി മോഡല്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ വിമാനക്കമ്പനിയിലെ കാബിന് ക്രൂവായിരുന്ന ശാന്ത പോളിനെയാണ് കൊല്‍ക്കത്തയില്‍ താമസിച്ചുവരുന്നതിനിടെ പോലീസ് പിടികൂടിയത്. ആധാര്‍, വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിച്ച പ്രതി, ഇത് ഉപയോഗിച്ച് വസ്തുഇടപാടുകള്‍ നടത്തിയിരുന്നതായും പോലീസ് പറഞ്ഞു.
ബംഗ്ലാദേശിലെ ബാരിസാല്‍ സ്വദേശിനിയായ ശാന്ത പോള്‍ 2023-ലാണ് ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ ഫ്ളാറ്റുകള്‍ വാടകയ്ക്കെടുത്ത് താമസിച്ചുവരികയായിരുന്നു. ഫ്ളാറ്റുകള്‍ വാടകയ്ക്കെടുക്കാനും മറ്റും വ്യാജമായി നിര്‍മിച്ച തിരച്ചറിയില്‍രേഖകളാണ് പ്രതി വീട്ടുടമകള്‍ക്ക് നല്‍കിയിരുന്നത്. ഇതരമതക്കാരനെ വിവാഹംകഴിച്ചതിനാല്‍ കുടുംബവുമായി സ്വരച്ചേര്‍ച്ചയില്‍ അല്ലെന്നും അതിനാല്‍ മാറിതാമസിക്കുകയാണെന്നുമാണ് യുവതി വീട്ടുടമസ്ഥരോട് പറഞ്ഞിരുന്നത്. ഇതിനിടെ, ആന്ധ്രാപ്രദേശ് സ്വദേശിയായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെയും വിവാഹംകഴിച്ചിരുന്നു. മോഡലായി ജോലിചെയ്തിരുന്ന യുവതി തമിഴ്, ബംഗാളി സിനിമകളില്‍ അഭിനയിക്കുകയുംചെയ്തു. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
Also Read
ആന്ധ്രാപ്രദേശ് സ്വദേശിയായ ഷെയ്ഖ് മുഹമ്മദ് അഷ്റഫ് എന്നയാളെയാണ് യുവതി വിവാഹംചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. നാദിയ ജില്ലയിലാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ചെയ്തിരുന്നത്. തുടര്‍ന്ന് കൊല്‍ക്കത്ത പാര്‍ക്ക് സ്ട്രീറ്റിലെയും പിന്നീട് ഗോള്‍ഫ്ഗ്രീനിലെയും ഫ്ളാറ്റുകളില്‍ ഒരുമിച്ച് താമസം ആരംഭിച്ചു. ഭര്‍ത്താവിന്റെ പാസ്പോര്‍ട്ടും യുവതി കൈവശപ്പെടുത്തിയിരുന്നതായും ഒരു പ്രാദേശിക ഏജന്റ് മുഖേനയാണ് യുവതി റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ വ്യാജമായി നിര്‍മിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് വിവിധ സൗന്ദര്യമത്സരങ്ങളിലടക്കം പങ്കെടുത്ത മോഡലാണ് ശാന്ത പോള്‍. 2019-ല്‍ മിസ് ഏഷ്യ ഗ്ലോബല്‍ സൗന്ദര്യപ്പട്ടവും കരസ്ഥമാക്കിയിരുന്നു. ഇതിനുശേഷമാണ് ബംഗ്ലാദേശിലെ ഒരു വിമാനക്കമ്പനിയിലും ജോലിയില്‍ചേര്‍ന്നത്. ഇന്ത്യയിലെത്തിയതിന് ശേഷവും മോഡലിങ് രംഗത്ത് സജീവമായി. ചില തമിഴ്, ബംഗാളി ചിത്രങ്ങളിലും അഭിനയിച്ചു. നിലവില്‍ ഒരു ഒഡിയ ചിത്രത്തില്‍ അഭിനയിക്കാനായി കരാറൊപ്പിട്ടിരുന്നതായും പോലീസ് പറഞ്ഞു.
Content Highlights: A Bangladeshi model was arrested in Kolkata for residing in India with forged documents
Published: 02 Aug 2025, 02:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented