ധാക്ക: പ്രമുഖ ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്ന ആലം അറസ്റ്റില്‍. രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയാണെന്ന് ആരോപിച്ച് സ്പെഷ്യല്‍ പവര്‍ ആക്ട് പ്രകാരമാണ് മേഘ്നയെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ സൗദി അറേബ്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെക്കുറിച്ച് മേഘ്ന തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും ഇത് രാജ്യത്തിന്റെ നയതന്ത്രബന്ധങ്ങള്‍ക്ക് ഭീഷണിയായെന്നുമാണ് പോലീസിന്റെ വിശദീകരണം.
ഏപ്രില്‍ ഒന്‍പതിനാണ് ധാക്കയിലെ വീട്ടില്‍നിന്ന് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് കടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ മേഘ്ന പങ്കുവെച്ചിരുന്നു. പോലീസുമായി സഹകരിക്കാമെന്ന് മേഘ്ന പറയുന്നതും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫെയ്സ്ബുക്ക് ലൈവിലുണ്ടായിരുന്നു. എന്നാല്‍, ഇതിനുപിന്നാലെയാണ് മേഘ്നയെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റി.
അറസ്റ്റിന് മുന്‍പ് വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ മേഘ്ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ ഇദ്ദേഹം തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു ആരോപണം.
മേഘ്നയുടെ അറസ്റ്റിനെതിരേ പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. ആംനസ്റ്റി ഇന്റര്‍നാഷണല്‍ മേഘ്നയുടെ അറസ്റ്റില്‍ ആശങ്കയറിയിച്ചു. ഒന്നുകില്‍ അവര്‍ക്കെതിരേ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ അവരെ വിട്ടയക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു.
അതേസമയം, മേഘ്നയും സൗദി നയതന്ത്ര ഉദ്യോഗസ്ഥനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് മേഘ്നയുടെ പിതാവ് ബദറുല്‍ ആലം പ്രതികരിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ വിവാഹാഭ്യര്‍ഥന മകള്‍ നിരസിച്ചു. അദ്ദേഹത്തിന് ഭാര്യയും കുട്ടികളും ഉണ്ടെന്ന് അറിഞ്ഞതിനാലാണ് വിവാഹാഭ്യര്‍ഥന നിരസിച്ചതെന്നും ബദറുല്‍ ആലം പറഞ്ഞു.
Content Highlights: famous bangladeshi model meghna alam arrested
Published: 14 Apr 2025, 08:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented