ഭോപ്പാൽ: രസഗുളയെന്ന് തെറ്റിദ്ധരിച്ച് കടിച്ച സ്ഫോടകവസ്തു  പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിലുള്ള ഛാന്ത ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ രാജേന്ദ്ര ബറൗത്തിയ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ രാംഭഗത് ബറോട്ടിയക്കെതിരെ പോലീസ് കേസെടുത്തു.

To advertise here,

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. രാജേന്ദ്രയും സുഹൃത്ത് രാംഭഗതും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ രാം ഭഗത് രസഗുളയുടെ രൂപത്തിലുള്ള നാടൻ സ്ഫോടകവസ്തു രാജേന്ദ്രയുടെ വായിൽവെച്ച് കൊടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ഇത് രസഗുളയാണെന്ന് കരുതി രാജേന്ദ്ര കടിച്ചതോടെ ശക്തമായ സ്ഫോടനമുണ്ടാവുകയും ഇയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻതന്നെ രാജേന്ദ്രയെ ദിൻഡോറി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പ്രദേശത്തെ ഗ്രാമീണരും ഗോത്രവിഭാഗക്കാരും കാട്ടുപന്നികളെ വേട്ടയാടുന്നതിനായി ഇത്തരം നാടൻ സ്ഫോടകവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. ക്വാറികളിൽനിന്നും മറ്റും ശേഖരിക്കുന്ന വെടിമരുന്ന്, മാവുകൊണ്ട് നിർമ്മിക്കുന്ന ഉരുളകൾക്കുള്ളിൽ നിറച്ചാണ് ഇത്തരത്തിൽ സ്ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നത്.

സംഭവത്തിൽ രാം ഭഗത് ബറോട്ടിയക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ്, സ്ഫോടകവസ്തു നിയമത്തിലെ 3, 4 വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തമാശയായി നൽകിയതാണോ അതോ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണോ സ്ഫോടകവസ്തു വായിൽവെച്ചുകൊടുത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.