കോവളം: കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽവെച്ച് ആന്ധ്രാ സ്വദേശിനിയായ പതിനാറുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കേസിലെ ഒന്നാംപ്രതിയെ തെളിവെടുപ്പിനെത്തിച്ചു. കുട്ടിയുടെ മാതൃസഹോദരിയും ആന്ധ്രയിലെ പാലംസമുദ്രം സ്വദേശിയുമായ നാഗലക്ഷ്മിയെ(31) ആണ് തെളിവെടുപ്പിനെത്തിച്ചത്.

To advertise here,

മൂന്നാംപ്രതി സജിത്ത് കുമാറിന്റെ കോവളം വൈക്കോൽകുളത്തിനടുത്തുളള ആയൂർകേരള, നാലാം പ്രതി നിഷാന്തിന്റെ ഡ്രീംസ് എന്നീ സ്പാകളിലാണ് പ്രതിയെ എത്തിച്ച് വിശദമായ തെളിവെടുപ്പ് നടത്തിയത്. കുട്ടിയെ ജോലിക്കെന്ന പേരിലായിരുന്നു നാഗലക്ഷ്മിയും സംഘവും സജിത്ത് കുമാറിന്റെ ആയൂർകേരളയിലെത്തിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള സ്പാകളിൽ താന്നെ ശുചീകരണ ജോലിക്കും കുട്ടിയെ സ്പായിലെ ജോലിക്കുമാണ് എത്തിച്ചതെന്ന് നാഗലക്ഷ്മി അന്വേഷണ ഉദ്യോഗസ്ഥനും അസി. കമ്മീഷണറുമായ എസ്. ചന്ദ്രകുമാറിനോട് പറഞ്ഞു.

കുട്ടിയെ സ്പായിലെത്തിച്ചശേഷമാണ് നിരവധിപേർ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് നാഗലക്ഷ്മിയുടെ ഭർത്താവ് ജെല്ലാഗോപിയുടെ ഗൂഗിൾപേയിലേക്ക് പ്രതിമാസം ഒന്നരലക്ഷം രൂപയോളം സജിത്ത് അയച്ചുകൊടുത്തിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സ്പാകളിൽ ശുചീകരണ ജോലിചെയ്യുന്നതിന്റെ ശമ്പളമായി തനിക്കും കുട്ടിക്കും ലഭിക്കുന്ന പണമാണ് ഭർത്താവിന് അയച്ചുകൊടുക്കുന്നതെന്നായിരുന്നു നാഗലക്ഷ്മിയുടെ മറുപടി.

അന്വേഷണ സംഘം ഫൊറൻസിക് പരിശോധനയും പൂർത്തിയാക്കി. സ്പാകളിലെ തെളിവെടുപ്പിനുശേഷം ഇവരെ തിരികെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുമെന്ന് അസി. കമ്മീഷണർ പറഞ്ഞു. എസ്.ഐ. എസ്. അനിൽകുമാർ, വനിതാപോലീസുകാരായ താര, കാവ്യ, വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്.

കുട്ടിയുടെ ആധാർ തിരുത്തി പ്രായം ഇരുപതാക്കി

പതിനാറുവയസ്സുള്ള കുട്ടിയുടെ ആധാർ കാർഡ് 16 വയസിൽനിന്ന് 20 വയസ്സാക്കി മാറ്റിയത് ഭർത്താവ് ജെല്ലാഗോപിയെന്നാണ് നാഗലക്ഷ്മിയുടെ മൊഴി. ജെല്ലാഗോപിയുടെ മൊബൈൽ ഫോണിലാണ് വ്യാജ ആധാർകാർഡ് തയ്യാറാക്കിയത്. വ്യാജരേഖ ചമച്ചതിനും നാഗലക്ഷ്മിക്കും ഭർത്താവ് ജെല്ലാഗോപിക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

ഇടനിലക്കാരിയായ കൃഷ്ണവേണിയുടെ സഹായത്തോടെയാണ് ഇവർ ബെംഗളൂരുവിൽനിന്ന് കുട്ടിയെ കോവളത്ത് എത്തിച്ചത്. സ്പാ ഉടമകളെ ബോധ്യപ്പെടുത്തുന്നതിനാണ് ആധാർ കാർഡ് തിരുത്തി 20 വയസ്സാക്കിയത്. സ്പായിൽ ജോലിനൽകിയശേഷം നിഷാന്തിന്റെ സ്പായിൽ കുട്ടിയുടെ 20-ാം പിറന്നാളും ആഘോഷിച്ചിരുന്നു.

മദ്യംകുടിപ്പിച്ചും തന്നെ സ്പാകളിൽ പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ഫോട്ടോകളും വീഡിയോകളും എസ്.ഐ.ടി ശേഖരിച്ചിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ജെല്ലാഗോപിയെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വാങ്ങും. പ്രതികൾക്കെതിരെ പോക്സോ കേസിനുപുറമേ മനുഷ്യക്കടത്ത് അടക്കമുളള കേസുകളും എടുത്തിട്ടുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചു.