ലഖ്നൗ: കഫേ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിൽ മോഡലും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായ ശ്രദ്ധ ദുബെക്കും കൂട്ടാളികൾക്കുമായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ശ്രദ്ധ ദുബെ, ഇവരുടെ സഹോദരി, ഡ്രൈവർ എന്നിവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ലഖ്നൗ പോലീസ് 25,000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാൻ ആറ് പ്രത്യേക പോലീസ് ടീമുകളെയാണ് നിയോഗിച്ചിരിക്കുന്നത്.

To advertise here,

ഒക്ടോബർ 9ന് ലഖ്നൗവിലെ അവധ് ഗ്രീൻ അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണാണ് കഫേ ഉടമയായ ശിവ ശർമ്മ മരിച്ചത്. തുടക്കത്തിൽ അപകടമരണമെന്ന് സംശയിച്ച സംഭവത്തിൽ ശിവ ശർമ്മയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തത്. ശിവ ശർമ്മയുടെ ലിവിങ്-ഇൻ പങ്കാളിയായ ശ്രദ്ധ ദുബെ, ഇവരുടെ സഹോദരി, ഡ്രൈവർ, മറ്റ് രണ്ടുപേർ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശിവ ശർമ്മയെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് മാതാവ് രഞ്ജനാ ശർമ്മ ആരോപിച്ചു. താടിയെല്ല്, കണ്ണുകൾ, വാരിയെല്ലുകൾ, കാൽ എന്നിവയ്ക്ക് ഗുരുതരമായ ഒടിവുകളും ശരീരത്തിൽ സിഗരറ്റ് കൊണ്ടു പൊള്ളിച്ച പാടുകളും പോറലുകളും ഉണ്ടായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.

കഴിഞ്ഞ 4-5 മാസമായി ശ്രദ്ധ ദുബെ ശിവ ശർമ്മയെ നിരന്തരം പീഡിപ്പിക്കുകയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. മരിക്കുന്നതിന് ഒരാഴ്ച മുൻപ് ശ്രദ്ധ ഇവരുടെ കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

ആരാണ് ശ്രദ്ധ ദുബെ?

ഫാഷൻ ബ്ലോഗിങ്, മോഡലിങ്, ഫാഷൻ ഷോകൾ എന്നിവയിലൂടെ ശ്രദ്ധേയയായ വ്യക്തിയാണ് ശ്രദ്ധ ദുബെ. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും പൂർത്തിയാക്കിയിട്ടുണ്ട്. ഹൈദരാബാദിൽ മോഡലിംഗ് ആരംഭിച്ച ഇവർ പിന്നീട് ലഖ്നൗവിലാണ് സജീവമായി പ്രവർത്തിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ആരാധകരുണ്ട്. 2019 ഫെബ്രുവരിയിൽ 'സീ മ്യൂസിക് കമ്പനി' പുറത്തിറക്കിയ ഒരു പ്രശസ്ത മ്യൂസിക് വീഡിയോയിലും ശ്രദ്ധ അഭിനയിച്ചിട്ടുണ്ട്.