
ആലപ്പുഴ: രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ ചോദ്യംചെയ്ത് വിട്ടയച്ച് എക്‌സൈസ്. നിലവില്‍ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അതേസമയം, ഇവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും ആവശ്യമുണ്ടെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെയാണ് നടന്മാരും മോഡലും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായത്. മണിക്കൂറുകൾനീണ്ട ചോദ്യംചെയ്യലിന് ശേഷം രാത്രിയോടെയാണ് മൂവരെയും വിട്ടയച്ചത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതികളിലൊരാളും ലഹരിക്കടത്തുകാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് മൂവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍, ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇവര്‍ക്ക് ബന്ധമില്ലെന്നാണ് എക്‌സൈസിന്റെ നിലവിലെ കണ്ടെത്തല്‍.
അതിനിടെ, ഷൈന്‍ ടോം ചാക്കോ ലഹരിവിമുക്ത ചികിത്സ ആരംഭിച്ചതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഷൈന്‍ മയക്കുമരുന്നിന് അടിമയാണെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചു. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഇതില്‍നിന്ന് മോചനം വേണമെന്നും ഷൈന്‍ എക്‌സൈസിനോട് പറഞ്ഞു. തുടര്‍ന്ന് എക്‌സൈസിന്റെ മേല്‍നോട്ടത്തില്‍ തന്നെ ഷൈനിനെ ലഹരി വിമുക്ത ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
തസ്ലിമയുമായി പരിചയം, മറ്റ് ഇടപാടുകളില്ലെന്ന് മോഡല്‍ സൗമ്യ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ മുഖ്യപ്രതി തസ്ലിമ സുല്‍ത്താനയെ പരിചയം മാത്രമേയുള്ളൂവെന്ന് മോഡലായ സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു. തസ്ലിമയുമായി സാമ്പത്തിക ഇടപാടുകളോ മറ്റു ഇടപാടുകളോ ഇല്ലായെന്നും സൗമ്യ ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു.
തസ്ലിമയുമായി പരിചയം മാത്രമാണുള്ളത്. ലഹരി ഇടപാടോ സാമ്പത്തിക ഇടപാടോ ഇല്ല. നടന്മാരായ ശ്രീനാഥ് ഭാസിയെയും ഷൈന്‍ ടോം ചാക്കോയെയും അറിയാം. നടന്മാരുമായി സൗഹൃദമുണ്ട്. തസ്ലിമയുമായുള്ള ബന്ധവും എക്‌സൈസ് ചോദിച്ചു. ഇനി വിളിപ്പിക്കുമ്പോള്‍ വരണമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായും സൗമ്യ പ്രതികരിച്ചു.
അതിനിടെ, ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയുമായി പരിചയമെന്നും 'റിയല്‍മീറ്റ്' എന്നാണ് ഈ ഇടപാടിനെ വിശേഷിപ്പിക്കാറുള്ളതെന്നും സൗമ്യ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, ഇക്കാര്യം സൗമ്യ മാധ്യമങ്ങളോട് നിഷേധിച്ചു. 'റിയല്‍മീറ്റ്' എന്നത് എന്താണെന്ന് അറിയില്ലെന്നും അങ്ങനെയൊരു പദം കേട്ടിട്ടില്ലെന്നുമായിരുന്നു സൗമ്യയുടെ മറുപടി.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്സൈസിന്റെ പിടിയിലായിരുന്നു.
റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.
Content Highlights: alappuzha hybrid ganja case: no evidence against shine tom chacko, sreenath bhasi and model soumya
Published: 28 Apr 2025, 09:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented