തിരുവനന്തപുരം: അബ്കാരി ചുമതലയുള്ള എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ സ്ഥാനത്ത് നിന്ന് സി.കെ അനിൽ കുമാറിനെ നീക്കി. പകരം സുഭാഷ് വി ആണ് പുതിയ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറാകുക. ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള തീരുമാനമെടുത്തതിന് പിന്നാലെയാണ് സർക്കാരിന്റെ നീക്കം.

To advertise here,

അതേസമയം ബേക്കറി വഴി ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്‌സൈസ് വകുപ്പ് മരവിപ്പിച്ചു. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും വിൽപ്പന നടത്തുന്നതിനും വിലക്കുണ്ട്. നിലവിലെ സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാലാണ് ഉത്തരവ് മരവിപ്പിക്കുന്നത് എന്നാണ് എക്‌സൈസ് വിശദീകരിക്കുന്നത്. 

കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് അനിൽ കുമാറിനെ അബ്കാരി ചുമതലയുള്ള എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്. അനിൽകുമാറിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഹോർട്ടി വൈൻ വിൽക്കാനുള്ള ഉത്തരവ് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയത് എന്നാണ് പ്രഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അവധി ആയിരുന്നിട്ടും ഇന്നുതന്നെ അനിൽകുമാറിനെ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവിറക്കിയത്.

സർക്കാർ അറിയാതെ ആയിരുന്നു ഹോർട്ടി വൈൻ ബേക്കറികൾ വഴി വിൽക്കാൻ ഉത്തരവിറക്കിയത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത നയപരമായ തീരുമാനമായിരുന്നു ഇത്. എന്നാൽ പുതിയ സർക്കാരിന്റെ മദ്യനയം വരുന്നതിന് മുന്പെ തീരുമാനം സർക്കാർ അറിയാതെ നടപ്പിലാക്കിയതിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അതൃപ്തി അറിയിച്ചിരുന്നു. ഇതിന്റെ പിന്നാലെ എക്‌സൈസ് വകുപ്പ് മന്ത്രി എം.ലിജു വിഷയത്തിൽ ഇടപെടുകയും ആഭ്യന്തര അന്വേഷണം നടത്തുകയും ചെയ്തു.

അന്വേഷണത്തിൽ അനിൽകുമാറിന്റെ പങ്ക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി അദ്ദേഹത്തെ മാറ്റാനുള്ള തീരുമാനമുണ്ടായത്. ചുമതലയിൽ നിന്ന് നീക്കിയെങ്കിലും ഉത്തരവിൽ അനിൽകുമാറിന് പകരം ചുമതല നൽകിയിട്ടില്ല.