നാഗ്പുർ: ലഖ്നൗവിലെ യുവവ്യവസായിയും കഫേ ഉടമയുമായ ശിവ ശർമയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ മോഡലും പ്രമുഖ ഇൻഫ്‌ളുവൻസറുമായ ശ്രദ്ധ ദുബെയ്ക്ക് മുകളിൽ കുരുക്കുകൾ മുറുകുന്നു. കേസിൽ നിലവിൽ പ്രധാന പ്രതിയായി കണക്കാക്കപ്പെടുന്ന ശ്രദ്ധ, മരണം സംഭവിക്കുന്നതിന് അൽപം സമയത്തിന് മുൻപ്, ശിവയ്‌ക്കൊപ്പം ഉണ്ടായിരുന്നതിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

To advertise here,

അവധ് ഗ്രീൻ അപ്പാർട്ട്മെന്റിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഈ വൈറൽ ദൃശ്യങ്ങളിൽ ശ്രദ്ധയുടെ സഹോദരി രശ്മിയെയും കാണാം. കെട്ടിടത്തിനുള്ളിലെ കോണിപ്പടികളിലൂടെ മൂന്ന് പേർ താഴേക്ക് നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ശ്രദ്ധയുടെ സഹോദരി രശ്മിയാണ് ആദ്യം നടക്കുന്നത്, തൊട്ടുപിന്നാലെ ശിവയും ശ്രദ്ധയും നടന്നുപോകുന്ന് കാണാം.

സംഭവം നടന്ന ദിവസം അപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നവരുടെ നീക്കങ്ങളെക്കുറിച്ചും സിസിടിവി ക്യാമറകളുടെ സ്ഥാനത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. അപ്പാർട്ട്മെന്റിലെ ഒരു ഫ്‌ളാറ്റിന്റെ ഉടമയായ അജയ് റായ്, ശ്രദ്ധയുടെ പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയും ശിവയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.

റായിയുടെ വാദമനുസരിച്ച്, ശ്രദ്ധ വളരെ ആക്രമണോത്സുകമായ മനോഭാവമുള്ള വ്യക്തിയായിരുന്നു, കൂടാതെ നിരന്തരം അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചിരുന്നു. അപ്പാർട്ട്മെന്റിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചപ്പോൾ ശ്രദ്ധ അതിനെ എതിർത്തിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു. തർക്കത്തിനിടെ ശ്രദ്ധ തന്നെ അധിക്ഷേപിച്ച ശേഷമാണ് സ്വന്തം ഫ്‌ളാറ്റിലേക്ക് മടങ്ങിയതെന്നും റായ് ആരോപിച്ചു.

സംഭവം നടന്ന ദിവസത്തെ ആളുകളുടെ നീക്കങ്ങളെക്കുറിച്ചും റായ് സംശയം പ്രകടിപ്പിച്ചു. അന്ന് ആരും കോണിപ്പടി ഉപയോഗിച്ചിട്ടില്ലെന്നും എല്ലാവരും ലിഫ്റ്റ് വഴിയാണ് പുറത്തുപോയതെന്നും അദ്ദേഹം അവകാശപ്പെട്ടു. റായിയുടെ അഭിപ്രായത്തിൽ, ഒന്നാം നിലയിൽ സിസിടിവി ക്യാമറകൾ ഉള്ള കാര്യം ശ്രദ്ധയ്ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. ബാൽക്കണിക്ക് നേരെ സ്ഥാപിച്ചിരുന്ന ക്യാമറയുടെ സ്ഥാനത്തെക്കുറിച്ചും അവർക്ക് വ്യക്തമായ അറിവുണ്ടായിരുന്നു.

ശിവ വീണതായി പറയപ്പെടുന്ന ദിശയിലേക്ക് ക്യാമറയുടെ പിൻഭാഗമാണ് തിരിഞ്ഞിരുന്നത്, അതിനാൽ ആ ഭാഗത്തെ സംഭവവികാസങ്ങൾ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ലെന്ന് റായ് പറഞ്ഞു. ശ്രദ്ധയുടെ ഫ്‌ളാറ്റും തന്റെ ഫ്‌ളാറ്റും ഒരേ ദിശയിലേക്കാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുകൊണ്ടുതന്നെ, സംഭവം നടന്ന ദിവസം അപ്പാർട്ട്മെന്റിലെ ക്യാമറ സ്ഥാനങ്ങളും ആളുകളുടെ നീക്കങ്ങളും ഈ കേസിൽ വളരെ നിർണായകമായ വശങ്ങളായി മാറിയിരിട്ടുണ്ട്. അതേസമയം, ശ്രദ്ധയുടെ പെരുമാറ്റത്തെക്കുറിച്ചും ക്യാമറകളെക്കുറിച്ചുള്ള അറിവിനെക്കുറിച്ചുമുള്ള വെളിപ്പെടുത്തലുകൾ നിലവിൽ റായ് ഉന്നയിച്ച ആരോപണങ്ങളായി മാത്രമാണ് നിലനിൽക്കുന്നത്.

ശിവ ശർമ്മയുടേത് ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് അന്വേഷിക്കുന്നതിനായി ഫോറൻസിക് ടീമിന്റെ സഹായത്തോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത്, അതേ സന്ദർഭം പുനഃസൃഷ്ടിച്ച് (crime scene recreation) പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.

അറസ്റ്റിലാകുന്നതിന് മുൻപ്, പ്രധാന പ്രതിയായ ശ്രദ്ധ ദുബെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോകളിൽ ശിവയുടേത് ആത്മഹത്യയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, ശിവയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്.

പരസ്പരവിരുദ്ധമായ വാദങ്ങൾ ഉയർന്നുവന്ന പശ്ചാത്തലത്തിലാണ് നാലാം നിലയിൽ നിന്നുള്ള ശിവയുടെ വീഴ്ചയുടെ സാഹചര്യങ്ങൾ പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്. സാഹചര്യം പുനഃസൃഷ്ടിയക്കുന്നതിന്റെ ഭാഗമായി, ഫോറൻസിക് ടീം ശിവയുടെ അതേ ഭാരവും ശരീരപ്രകൃതിയുമുള്ള ഒരു ഡമ്മി നാലാം നിലയിൽ നിന്ന് താഴേക്ക് എറിയും.

കെട്ടിടത്തിൽ നിന്ന് വീഴുന്ന ഒരാൾ, ശിവയെ കണ്ടെത്തിയ അതേ സ്ഥലത്ത് എങ്ങനെ വന്നുപതിക്കും എന്ന് മനസ്സിലാക്കാൻ ഈ പരിശോധന അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കും. സ്വയം വീഴുക, ആരെങ്കിലും തള്ളിയിടുക, അല്ലെങ്കിൽ ബലമായി താഴേക്ക് എറിയപ്പെടുക തുടങ്ങി വ്യത്യസ്ത സാഹചര്യങ്ങളിൽ ഉണ്ടാകാവുന്ന മാറ്റങ്ങളെ സംബന്ധിച്ച ടീം വിലയിരുത്തും.

വീഴ്ചയുടെ പാത (trajectory), ദൂരം, ഡമ്മി താഴെ പതിക്കുന്ന കോൺ (angle) എന്നിവ ഫോറൻസിക് ടീം വിശകലനം ചെയ്യും. ലാൻഡിങ് സ്ഥാനവും ദൂരവും സാധ്യമായ ഓരോ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കും. ഒരാളെ ഉയരത്തിൽ നിന്ന് ബലമായി എറിയുന്ന സന്ദർഭങ്ങളിലെന്നപോലെ, അധിക ബലം (force) പ്രയോഗിക്കുന്നത് ശരീരത്തിന്റെ വീഴ്ചയുടെ പാതയെയും ലാൻഡിങ് സ്ഥാനത്തെയും എങ്ങനെ ബാധിക്കുമെന്നും ടീം വിലയിരുത്തും.

സ്വയം താഴേക്ക് വീഴുമ്പോഴുണ്ടാകുന്ന പാതയുമായി (മുന്നോട്ട് പതിക്കുമോ അതോ വീണ സ്ഥലത്തിന് തൊട്ടുതാഴെ പതിക്കുമോ എന്ന്) ടീം ഈ നിരീക്ഷണങ്ങളെ താരതമ്യം ചെയ്യും. നാലാം നിലയിൽ നിന്ന് സ്വയം ചാടുകയോ വീഴുകയോ ചെയ്യുക, തള്ളിയിടുക, അല്ലെങ്കിൽ എറിയപ്പെടുക എന്നീ അവസ്ഥകളിൽ ഉണ്ടാകാവുന്ന പരിക്കുകളുടെ സ്വഭാവവും (injury patterns) പുനഃസൃഷ്ടിയിലൂടെ പരിശോധിക്കും.

ഫോറൻസിക് വിദഗ്ധർ തങ്ങളുടെ കണ്ടെത്തലുകൾ ശിവയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പരിക്കുകളുമായി താരതമ്യം ചെയ്യും. ഭൗതിക തെളിവുകൾ മരണത്തിന്റെ വിവിധ സാധ്യതകളുമായി ഒത്തുപോകുന്നുണ്ടോ എന്ന് വിലയിരുത്താൻ ഈ താരതമ്യം അന്വേഷണ സംഘത്തെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.