ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമൂഹികമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ ചര്‍ച്ചയായ വീഡിയോയുടെ മറവില്‍ സൈബര്‍ തട്ടിപ്പുകളും. 19 മിനിറ്റ് വീഡിയോ എന്ന പേരില്‍ വൈറലായ വീഡിയോയുടെ ലിങ്ക് എന്ന പേരിലാണ് സൈബര്‍ തട്ടിപ്പുകാരുടെ ലിങ്കുകളും പ്രചരിക്കുന്നത്.

To advertise here,

ഇത്തരം ലിങ്കുകളില്‍ പ്രവേശിച്ചാല്‍ ഫോണിലെ വിവരങ്ങള്‍ ചോരുകയോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുകയോ ചെയ്യുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സാമൂഹികമാധ്യമങ്ങളായ എക്‌സിലും ഇന്‍സ്റ്റഗ്രാമിലും അടക്കം 19 മിനിറ്റ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് എന്ന പേരില്‍ പല ലിങ്കുകളും പ്രചരിക്കുന്നുണ്ടെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

19 മിനിറ്റും 34 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് സൈബര്‍ തട്ടിപ്പുകാരും ഇപ്പോള്‍ വ്യാപകമായി ആളുകളെ കബളിപ്പിക്കാനായി ഉപയോഗിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് 19 മിനിറ്റും 34 സെക്കന്‍ഡും ദൈര്‍ഘ്യമുണ്ടെന്ന് പറയുന്ന ഒരു സ്വകാര്യവീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ചയായത്. ബംഗാളില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ യുവാവും സുഹൃത്തായ പെണ്‍കുട്ടിയുമാണ് വീഡിയോയിലുള്ളതെന്നായിരുന്നു പലരുടെയും അവകാശവാദം. ഇതിനുപിന്നാലെ തങ്ങളുടെ ഫോണില്‍നിന്ന് ഒരു സുഹൃത്ത് വീഡിയോ ചോര്‍ത്തി പ്രചരിപ്പിച്ചതാണെന്നും ബംഗാളില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്റര്‍ അവകാശപ്പെട്ടു.

അതേസമയം, ഈ വീഡിയോയുടെ രണ്ടാംഭാഗവും മൂന്നാംഭാഗവും ഉണ്ടെന്ന അഭ്യൂഹങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രണ്ടാംഭാഗമെന്ന് പറഞ്ഞ് പല രീതിയിലുള്ള ലിങ്കുകളും പലരും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം സ്വകാര്യവീഡിയോകള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സൈബര്‍ കുറ്റകൃത്യമാണെന്ന ധാരണയില്ലാതെയാണ് പലരും ഇത്തരം ലിങ്കുകള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്നത് ഡീപ്‌ഫേക്ക് വീഡിയോകളാണെന്ന അവകാശവാദങ്ങളും സാമൂഹികമാധ്യമങ്ങളിലുണ്ട്.

പെണ്‍കുട്ടി ജീവനൊടുക്കിയോ? ആരോപണം നിഷേധിച്ച് മേഘാലയയിലെ കണ്ടന്റ് ക്രിയേറ്റര്‍...

19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ള പെണ്‍കുട്ടി ജീവനൊടുക്കിയെന്നും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇത്തരം പ്രചരണം തെറ്റാണെന്നാണ് ചില ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്ന് പറഞ്ഞ് പ്രചരിക്കുന്ന ദൃശ്യങ്ങള്‍ മറ്റൊരു സംഭവമാണെന്നും പറയുന്നു.

ഇതേസമയം, മേഘാലയയില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ പെണ്‍കുട്ടിയാണ് വൈറല്‍ വീഡിയോയിലുള്ളതെന്നും പ്രചാരണമുണ്ടായി. ഇതോടെ പെണ്‍കുട്ടിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. ഇതോടെ വീഡിയോയിലുള്ളത് താനല്ലെന്ന് വിശദീകരിച്ച് പെണ്‍കുട്ടി രംഗത്തെത്തി. ''എന്നെ ശരിക്ക് നോക്കൂ... ഇനി അവളെ നോക്കൂ.. അവള്‍ എന്നെപ്പോലെയാണോ? പിന്നെ എന്തിനാണ് എന്റെ കമന്റ് ബോക്‌സില്‍ ആളുകള്‍ 19 മിനിറ്റ് എന്ന് എഴുതുന്നത്. വീഡിയോയിലെ പെണ്‍കുട്ടി ഇംഗ്ലീഷാണ് സംസാരിക്കുന്നത്. എനിക്ക് എങ്ങനെ ഇംഗ്ലീഷില്‍ സംസാരിക്കാൻകഴിയും. നിങ്ങള്‍ക്കെല്ലാം ബോധം നഷ്ടമായോ'', പെണ്‍കുട്ടി ചോദിക്കുന്നു.