ശ്രീകാര്യം: പാങ്ങപ്പാറയിൽ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന രണ്ട് പ്രതികളെ കൂടുതൽ ചോദ്യംചെയ്യലിനും വിശദമായ തെളിവെടുപ്പിനുമായി കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി സ്വദേശിയായ
ഉമർ (22), മൂന്നാംപ്രതിയായ കാമുകി മണക്കാട് സ്വദേശിയായ ആനന്ദ(18) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ടോടെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയത്. നിരന്തരം പോലീസിനെ വഴിതെറ്റിക്കാൻ ഇടയ്ക്കിടെ മൊഴിമാറ്റുന്നതിനാൽ പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം. പ്രതികൾ ഉപയോഗിച്ച മൊബൈൽഫോണുകൾ, കൊല്ലപ്പെട്ട അഭിരാമിന്റെ ഫോൺ, വസ്ത്രങ്ങൾ തുടങ്ങിയവ കണ്ടെത്തേണ്ടതുണ്ട്.
ഒന്നാംപ്രതിയായ പതിനേഴുകാരനെയും നാലാംപ്രതി ഉമറിന്റെ കാമുകിയായ ആക്കുളം സ്വദേശി ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
സംഭവസ്ഥലത്തും പ്രതികൾ ഒളിവിൽക്കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് വരുംദിവസങ്ങളിൽ രണ്ടാംഘട്ട തെളിവെടുപ്പു പൂർത്തിയാക്കും. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആനന്ദയുടെ ഇൻസ്റ്റഗ്രാം വഴി ഒന്നാംപ്രതിയാണ് കഴിഞ്ഞ നവംബർ ഒന്നിന് അഭിരാമിനെ പാങ്ങപ്പാറയിലെ പേരൂരിലെ വാഴത്തോട്ടത്തിനുസമീപം വിളിച്ചുവരുത്തി ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. അഭിരാമിന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ പദ്ധതിയിട്ടതെങ്കിലും, അഭിരാം കൊല്ലപ്പെടുകയായിരുന്നു. കൊലപാതകത്തിൽ 17-കാരനായ ഒന്നാംപ്രതി പൂജപ്പുരയിലെ ഒബ്സർവേഷൻ ഹോമിലാണ്.
ഒന്നാംപ്രതിയുടെ പ്രായത്തിൽ സംശയമുണ്ടെന്ന് അഭിരാമിന്റെ കുടുംബം
: വിദ്യാർഥിയായ അഭിരാം കൊല്ലപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് അഭിരാമിന്റെ കുടുംബം. കേസിൽ പോലീസ് പതിനേഴുകാരനായി ചിത്രീകരിക്കുന്ന ഒന്നാം പ്രതിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്നാണ് അഭിരാമിന്റെ കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഗുരുതരമായ കേസിൽ കടുപ്പമേറിയ ശിക്ഷയിൽനിന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ബോധപൂർവം പ്രായം കുറച്ചുകാണിക്കുകയാണോയെന്ന് സംശയമുണ്ടെന്ന് അഭിരാമിന്റെ കുടുംബം ആരോപിച്ചു. പ്രതിയുടെ യഥാർത്ഥപ്രായം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യം. ഇതിനായി പ്രതിയുടെ ജനനസർട്ടിഫിക്കറ്റും സ്കൂൾ പ്രവേശന രേഖകളും വിശദമായി അന്വേഷണസംഘം പുനഃപരിശോധിക്കണം.
കൊല്ലപ്പെട്ട അഭിരാമിന്റെ സീനിയറായാണ് ഒന്നാംപ്രതി സ്കൂളിൽ പഠിച്ചിരുന്നത്. മാത്രമല്ല, പ്രതിക്ക് 18 വയസ്സ് പൂർത്തിയായിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നതെന്നും ബന്ധുക്കൾ പറയുന്നു.
കേസിലെ പ്രതികളെ മുൻപരിചയമൊന്നുമില്ല. എന്നാൽ, അഭിരാമിന്റെ സുഹൃത്തുക്കളിൽ ചിലർക്ക് ഒന്നാംപ്രതിയെക്കുറിച്ച് മുൻപ് അറിയാമായിരുന്നതായി കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട അഭിരാമിന്റെ വസ്ത്രങ്ങളും മൊബൈൽ ഫോണും അടക്കമുള്ള പ്രധാന തെളിവുകൾ ഇനിയും കണ്ടെത്താനാകാത്തത് കേസ് അട്ടിമറിക്കാൻ കാരണമാകുമോയെന്ന ഭയത്തിലാണ് അഭിരാമിന്റെ കുടുംബം.
മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫായതായി പോലീസ് കണ്ടെത്തിയ സ്ഥലവും പിന്നീട് മൃതദേഹം കണ്ടെടുത്ത സ്ഥലവും തമ്മിൽ വലിയ ദൂരവ്യത്യാസമുണ്ടെന്നത് കുടുംബത്തിന്റെ സംശയം വർധിപ്പിക്കുന്നു. അഭിരാമിന് നീതി കിട്ടണം. പ്രതികൾക്ക് പ്രായത്തിന്റെ ആനുകൂല്യം നൽകി ശിക്ഷയിൽനിന്ന് ഒഴിവാക്കരുതെന്ന് മകന്റെ വേർപാടിൽ തളർന്ന അച്ഛനും അമ്മയും സഹോദരിയും പറയുന്നു. സ്വന്തമായൊരു വീടെന്ന സ്വപ്നത്തിനായി രണ്ടുവർഷം മുൻപ് വിദേശത്തേക്ക് വീട്ടുജോലിക്ക് പോയ അമ്മ, മകനെ കാണാനില്ലെന്ന വിവരമറിഞ്ഞാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. അന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിക്കുന്നില്ലെങ്കിലും തെളിവുകൾ കണ്ടെത്താത്തത് കേസിനെ ബാധിക്കുമോയെന്ന് അവർ ഭയപ്പെടുന്നു.
അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ശ്രീകാര്യം പോലീസ് രംഗത്തെത്തി. പ്രതിയുടെ പ്രായം സംബന്ധിച്ച് വിശദമായ അന്വേഷണവും രേഖാപരിശോധനകളും പൂർത്തിയാക്കി. നിലവിൽ പതിനേഴര വയസ്സ് മാത്രമേ പ്രതിക്ക് പൂർത്തിയായിട്ടുള്ളൂയെന്നും പോലീസ് പറഞ്ഞു. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പ് പൂർത്തിയാക്കി കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
Content Highlights: Two accused in the Abhiram murder case sent to police custody for further interrogation and evidence collection., Victim's family raises doubts regarding the prime accused's age, demanding scientific verification., Police clarify that the prime accused is a minor and documentation has been verified.
Published: 08 Nov 2026, 01:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented