ചാവക്കാട്: തിരുവത്ര കോട്ടപ്പുറത്ത് വീട്ടുകാർ പുറത്തുപോയ സമയത്ത് ദേശീയപാതയോരത്തെ വീടിന്റെ വാതിൽ പൊളിച്ചുകടന്ന് സ്വർണാഭരണങ്ങളും പണവും മറ്റും മോഷ്ടിച്ച കേസിൽ കൊച്ചിയിലെ ഗുണ്ടാസംഘത്തിൽപ്പെട്ടവർ അറസ്റ്റിൽ. ആലുവ എടത്തല സ്വദേശികളായ മാനോലിപ്പറമ്പിൽ സലാം(55), മാനോലിപ്പറമ്പിൽ സുൽഫിക്കർ(33) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ നകുൽരാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലുള്ള എസ്.എ.ജി.ഒ.സി. സംഘവും ചാവക്കാട് പോലീസും ചേർന്ന് അറസ്റ്റുചെയ്തത്. ഇരുവരും ഒരു കാലത്ത് കൊച്ചിയെ വിറപ്പിച്ച കൊടും ക്രിമിനൽ ഭായ് നസീറിന്റെയും തമ്മനം ഷാജിയുടെയും കൂട്ടാളികളാണ്.

To advertise here,

പകൽ കാറുകളിലും ബൈക്കുകളിലും കറങ്ങി ദേശീയപാതയോരത്തെ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കിവെച്ച് രാത്രി 12-നു ശേഷം വീട്ടിൽക്കയറി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സലാം എറണാകുളം ജില്ലയിൽ കൊലപാതകക്കേസുൾപ്പെടെ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ്. 2013-ൽ കളമശ്ശേരിയിൽ വീടുപൊളിച്ച് 200 പവൻ മോഷണം നടത്തിയ കേസിലെ ഒന്നാംപ്രതിയാണ്. ഭായ് നസീറിന്റെ വലംകൈയായിരുന്നു. തമ്മനം ഷാജി ഉൾപ്പെടെയുള്ള ക്രിമിനൽസംഘങ്ങളിലെ സ്ഥിരംസാന്നിധ്യമായിരുന്നു സലാം. സുൽഫിക്കറിന്റെ പേരിൽ 10 ജില്ലകളിലായി 20-ലധികം ക്രിമിനൽക്കേസുകളുണ്ട്. 15-ലധികം വഞ്ചനക്കേസുകളിലും നിരവധി തട്ടിപ്പുകേസുകളിലും പ്രതിയാണ്.

കോട്ടപ്പുറം സെന്ററിൽ എള്ളുപറമ്പിൽ ചിന്നയ്ക്കൽ എ.സി. അബ്ദുൽലത്തീഫിന്റെ വീട്ടിലായിരുന്നു മോഷണം. കഴിഞ്ഞ മാസം പത്തൊൻപതാം തീയതി രാവിലെ വീടുപൂട്ടി എറണാകുളത്തുള്ള ബന്ധുവീട്ടിൽ പോയ വീട്ടുകാർ പിറ്റേദിവസം രാത്രി ഒൻപതിന് തിരിച്ചെത്തിയപ്പോഴാണ് കവർച്ച അറിഞ്ഞത്. സമീപപ്രദേശങ്ങളിലെ അൻപതിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചുമാണ് പോലീസ് പ്രതികളിലേക്കെത്തിയത്.

അന്വേഷണസംഘത്തിൽ ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എം. സുരേന്ദ്രൻ, തൃശ്ശൂർ സിറ്റി സ്പെഷ്യൽബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ബിജോയ്, ചാവക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. രമേഷ്, എസ്.ഐ. പ്രീതാ ബാബു, തൃശ്ശൂർ സിറ്റി എസ്.എ.ജി.ഒ.സി. ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പി.കെ. പഴനിസ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, ചാവക്കാട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രജിത് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.