ബെംഗളൂരു: ബെംഗളൂരു കൂട്ടക്കൊലപാതകത്തിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ശിവകുമാർ ഭാര്യ ദിവ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൈസൂരുവിലെ ചാമുണ്ഡിഹിൽസിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി ഇന്ദുശേഖറിന്റെ ഭാര്യ സുനിതയുടെ സഹോദരനാണ് ശിവകുമാർ. ഇതോടെ കൊല്ലപ്പെട്ട ഏഴുപേരിൽ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.

To advertise here,

ഒരു കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങൾ ബെംഗളൂരുവിലെ വിവിധയിടങ്ങളിലെ വനപ്രദേശത്ത് കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. ഇനി രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുണ്ട്. ഈ മൃതദേഹങ്ങൾ ഷിറാദി ചുരത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ചുവെന്നാണ് ഇയാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ മകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മകൾക്ക് ഇതിൽ പങ്കുണ്ടോ എന്നതറിയാൻ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നുണ്ട്. രണ്ടു നിലവീടാണ്. ഇതിൽ മുകൾ നിലയിൽ നിന്ന് താഴേക്ക് ഏഴു മൃതദേഹങ്ങൾ ഒറ്റയ്ക്ക് കൊണ്ടു വരാൻ ആകുമോ എന്ന സംശയം അന്വേഷണ സംഘം ഉയർത്തുന്നുണ്ട്. പ്രതിയുടെ ഭാര്യാ മാതാവിനെ വിളിച്ചു വരുത്തിയത് ഇന്ദുശേഖറിന്റെ മകളാണ്. അതുകൊണ്ട് തന്നെ മകൾക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് പോലീസ് കരുതുന്നത്.

പ്രാദേശിക ക്രൈം മാസികയിലാണ് പ്രതി ജോലി ചെയ്യുന്നത്. ക്രൈം സ്റ്റോറികളിലെ സാഹചര്യങ്ങളൊക്കെ മനസ്സിലാക്കി തെളിവു നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ നാലു സ്ത്രീകളാണുള്ളത്. ഇവരുടെ സ്വർണ്ണങ്ങൾ ബെംഗളൂരുവിലെ ഒരു കടയിൽ വിറ്റതായി കണ്ടെത്തിയിട്ടുണ്ട്.

ദീർഘകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്‌നങ്ങളും ഭാര്യവീട്ടുകാരോടുള്ള ഇന്ദുശേഖറിന്റെ അമർഷവുമാണ് ഭാര്യയുടെ ബന്ധുക്കളെ ലക്ഷ്യമിടാൻ അയാളെ പ്രേരിപ്പിച്ചത് എന്നാണ് പോലീസിന്റെ നിഗമനം. ടാക്‌സി ഡ്രൈവറും പ്രാദേശിക സായാഹ്ന പത്രത്തിന്റെ നടത്തിപ്പുകാരനുമായിരുന്നു ഇന്ദുശേഖർ. ഈ സ്വാധീനമുപയോഗിച്ചാണ് ഇയാൾ മൃതദേഹഭാഗങ്ങൾ പലയിടങ്ങളിലായി ഉപേക്ഷിച്ചത് എന്നാണ് വിവരം.

കഴിഞ്ഞ മാസം 14-നും 31-നും ഇടയിലുള്ള ദിവസങ്ങളിലാണ് കൊലപാതക പരമ്പര നടന്നിരിക്കുന്നത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇന്ദുശേഖറിന്റെ ഭാര്യ സുനിത, സുനിതയുടെ മാതാവ് രൂപാവതി, സുനിതയുടെ മൂത്ത സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാർ, ശിവകുമാറിന്റെ മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഏഴുവയസുകാരനായ പുനീതിന്റെ മൃതദേഹമാണ് പോലീസ് ആദ്യം കണ്ടെടുത്തത്.

കുടുംബാംഗങ്ങൾ പലയിടത്തേക്ക് വിനോദയാത്ര പോയിരിക്കുകയാണെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ടവരുടെ ഫോണുകളിൽ നിന്ന് ഇന്ദുശേഖർ കന്നടയിൽ സന്ദേശങ്ങൾ അയച്ചിരുന്നു.