നരുവാമൂട് (തിരുവനന്തപുരം): വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ മാറനല്ലൂർ റസൽപുരം ചരിവിള പുത്തൻവീട്ടിൽ നിഷാന്തിനെ (37) നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തു. 2023 മുതൽ
മലയിൻകീഴ്, കാട്ടാക്കട, ആര്യൻകോട്, മാറനല്ലൂർ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളുണ്ട്. മുപ്പതോളം വീടുകളിൽ മോഷണം നടത്തിയിട്ടുള്ള പ്രതി ഇതിനോടകം അൻപതിലേറെ പവന്റെ സ്വർണം കട്ടതായി പോലീസ് പറഞ്ഞു.

To advertise here,

മോഷണമുതൽ വിറ്റുകിട്ടുന്ന പണംകൊണ്ട് കാറുകളും ബൈക്കുകളും വാങ്ങി നിഷാന്ത്‌ നാട്ടിൽ ആഡംബരജീവിതം നയിക്കുകയായിരുന്നു. നാട്ടിൽ മാന്യനായി നടന്നിരുന്ന പ്രതി പശു ഫാം നടത്തുകയായിരുന്നു. റസൽപുരത്തെ ബിവ്റേജസ് ഗോഡൗണിൽ യൂണിയൻ തൊഴിലാളിയായും പണിയെടുത്തിരുന്നു. മാറനല്ലൂരിൽ അടുത്തിടെ മോഷണപരമ്പര നടത്തിയത് പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവെച്ചാണ് കയറുന്നത്. ആർക്കും സംശയം തോന്നാത്ത രീതിയിൽ മോഷണം നടത്തിവന്ന പ്രതി ആദ്യമായാണ് പോലീസ് പിടിയിലാകുന്നത്.

റൂറൽ എസ്.പി. പ്രശാന്തൻ കാണി, കാട്ടാക്കട ഡിവൈ.എസ്.പി. ബിനു, മലയിൻകീഴ് സി.ഐ. ഉമേഷ് എന്നിവരുടെ മേൽനോട്ടത്തിൽ നരുവാമൂട് സ്റ്റേഷൻ എസ്.എച്ച്.ഒ. കിരൺ ശശിധരൻ, സി.പി.ഒ. പീറ്റർ ദാസ്, എസ്.സി.പി.ഒ. ശ്രീകാന്ത്, ഹോം ഗാർഡ് രമേശ്, ബൈജു എസ്.ഐ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
ദിവസങ്ങളോളം പോലീസ് നിരീക്ഷണം; ഒടുവിൽ പിടിയിൽ

: നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം കൂടിയതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി കാത്തിരുന്നു. നാട്ടിൽ മാന്യനായി നിന്ന് നാട്ടുകാരെയും പോലീസിനെയും കബളിപ്പിച്ചാണ് നിഷാന്ത് മൂന്നുവർഷം പിടിച്ചുനിന്നത്. മോഷണം നടത്തുന്ന വീടുകളിലെത്തി പിന്നീട് പോലീസിനെ വിളിക്കാനും കാര്യങ്ങൾ തിരക്കാനും മുൻനിരയിലുണ്ടാകും.

പാൽവിതരണക്കാരനായതിനാൽ വീടുകളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വീട്ടുകാർ സ്ഥലത്തില്ലാത്തത് മനസ്സിലാക്കിയാണ് മോഷണം നടത്തിയിരുന്നത്. മോഷണം കൂടിയതോടെ നരുവാമൂട് പോലീസ് അന്വേഷണം ശക്തമാക്കി. സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചും ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിച്ചും പരമാവധി തെളിവുകൾ ശേഖരിച്ച് പ്രതിയെ പൂട്ടുകയായിരുന്നു. പ്രതി നിഷാന്താണെന്ന് അറിഞ്ഞതോടെ നാട്ടുകാരും ഞെട്ടി. മോഷണം നടന്ന വീടുകളുടെ പരിസരത്തെല്ലാം ബുള്ളറ്റിൽ ഇയാളുടെ സാന്നിധ്യം പോലീസ് തിരിച്ചറിഞ്ഞിരുന്നു.
റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് നരുവാമൂട് എസ്.എച്ച്.ഒ. പറഞ്ഞു.