
ഇനി അടുത്ത സ്റ്റോപ്പ് പടപ്പറമ്പാണ്. പടപ്പറമ്പിനും ചെറുകുളമ്പിനും ഇടയില്‍ കുറച്ച് റബ്ബര്‍ തോട്ടങ്ങളുണ്ട്. റബ്ബര്‍ മരങ്ങള്‍ക്കിടയില്‍ മൗനവും ഇരുട്ടും ഏകാന്തതയുമാണ് എക്കാലത്തും ഞാന്‍ അനുഭവിച്ചിട്ടുള്ളത്. മറ്റൊരാള്‍ക്ക് റബ്ബര്‍ തോട്ടങ്ങള്‍ കാണുമ്പോള്‍ ഉണ്ടാവുന്ന വികാരങ്ങള്‍ വേറെയായിരിക്കും. ഓരോ കാഴ്ച്ചയിലും ഓരോ മനുഷ്യരും അനുഭവിക്കുന്നത് വ്യത്യസ്ത വികാരങ്ങളാണ്. ഒരു വീടിനകത്ത് താമസിക്കുന്നവര്‍ തന്നെ ആ വീടിനെ കാണുന്നത് വ്യത്യസ്ത ഭാവങ്ങളിലാണെന്ന മനഃശാസ്ത്ര പഠനം പണ്ടെന്നോ ഞാന്‍ വായിച്ചിട്ടുണ്ട്. ഏട്ടന് കാണുന്ന ഇടനാഴിയല്ല ഞാന്‍ കാണുന്നത്. എന്റെ പെങ്ങള് കാണുന്ന അടുക്കളയല്ല ഏട്ടന് കാണുന്നത്. അവരുടെയൊക്കെ ഉള്ളിലെ വീട് വ്യത്യസ്തമാണ്. ഒരേ വീടായിരിക്കുമ്പോഴും ഞങ്ങള്‍ കാണുന്ന അനുഭവിക്കുന്ന വീട് വേറെയാണ്. എന്നെ ആകര്‍ഷിക്കുന്ന ഗന്ധങ്ങള്‍ വേറെയാണ്. നിത്യ ജീവിതത്തിലെ ഇത്തരം നൂറായിരം അത്ഭുതങ്ങളിലൂടെയാണ് നമ്മളോരോരുത്തരും കടന്നുപോവുന്നത്.
ആ റബ്ബര്‍ തോട്ടങ്ങള്ക്കരിയിലൂടെയാണ് ഇപ്പോള്‍ ബസ് സഞ്ചരിക്കുന്നത്. വെളിച്ചവും നിഴലും ചിത്രം വരയ്ക്കുന്ന ആ കുളിരില്‍ കരിയിലച്ചതുപ്പുകളുണ്ട്. അവിടെ വീഴുന്ന മഴത്തുള്ളികള്‍ക്ക് മരണത്തെ ഓര്‍മിപ്പിക്കുന്ന സംഗീതമുണ്ട്. ഓര്‍മ്മയിലെ ആദ്യത്തെ റബ്ബര്‍ തോട്ടം എന്റെ ജന്മനാടായ തമിഴ്നാട്ടിലെ പെരും ചിലമ്പിലാണ്. അവിടെ സ്കൂളിനും, പൊടി പിടിച്ച ബസ് സ്റ്റേഷനുമപ്പുറം കണ്ണീര് തെളിച്ചമുള്ള ചെടയാറ് ഒഴുകുന്നുണ്ട്. ആ ചെടയാറ്റിലൂടെയാണ് എന്റെ ബാല്യം ഒഴുകിപ്പോയത്. ചെടയാറിന്റെ വടക്കുവശത്തായി കടല്‍ പോലെ പരന്നു കിടക്കുന്ന നെല്‍പ്പാടങ്ങളുണ്ട്. കാറ്റടിക്കുമ്പോള്‍ ആ കടലിലൂടെ പച്ച തിരമാലകള്‍ ചലിക്കുന്നത് നിങ്ങള്‍ക്ക് കാണാം. വിശക്കുന്ന വയറുമായി ഞാനെന്ന പതിമൂന്നുകാരന് ആ പാടവരമ്പിലൂടെ അന്നം തേടി അലഞ്ഞിട്ടുണ്ട്. പാടങ്ങള്‍ക്കിടയിലെ ആമ്പല്‍ക്കുളങ്ങളില്‍ കൂമ്പിനില്ക്കുന്ന പൂവിന്റെയുള്ളില്‍ ചെറു തരികളുടെ കുഞ്ഞു ഗോളങ്ങളുണ്ട്. ഇതളടക്കം നാലഞ്ച് ആമ്പല്‍ പൂക്കള്‍ പറിച്ച് തിന്ന് വിശപ്പാറ്റിയ ആ നാളുകളിലും എനിക്ക് ജീവിതമുണ്ടായിരുന്നു . ഞാനാജീവിതത്തെ ഇഷ്ടപ്പെട്ടിരുന്നു.
ചെടയാറിനപ്പുറം ചെറു കുന്നുകളാണ് . ആ കുന്നുകള്‍ കയറിച്ചെന്നാല്‍ ഉപ്പ ടാപ്പിംഗ് ജോലി നോക്കുന്ന എരുമപ്പെട്ടിയിലെത്തും. സ്കൂളില്ലാത്ത ദിവസങ്ങളില്‍ ഞാനാ കുന്നുകള്‍ കയറി, ഇരുവശത്തും പച്ചകള്‍ മാത്രം. താഴേക്ക് നോക്കിയാല്‍ ബസ് സ്റ്റേഷനും ചെടയാറും കവലയും കാണാം. അവിടെ നിന്ന് നോക്കുമ്പോള്‍ എന്റെ സ്കൂള്‍ എത്രയോ ചെറുതാണ്. ഓടിയാലും ഓടിയാലും തീരാതെ നീണ്ടുകിടക്കുന്ന ആ വരാന്തയ്ക്ക് അവിടെ നിന്ന് നോക്കുമ്പോള്‍ തീരെ ചെറിയ ദൂരമാണ്. ആ കുന്നുകള്‍ക്കിടയിലാണ് അപ്പുക്കുട്ടന് നായരുടെ ചായക്കട നിന്നത്. ഓല മേഞ്ഞ ഒരു കുടിലായിരുന്നു അത്. ചാണകം മെഴുകിയ തറയുണ്ടായിരുന്നു അതിന്. അവിടത്തെ സ്ഫടിക ഭരണികളിലെ മിഠായി മധുരങ്ങള്‍ എന്നെ വല്ലാതെ മാടി വിളിക്കുമ്പോള്‍ ഞാന്‍ ഉപ്പാന്റെ പറ്റില് രണ്ട് മിഠായികള്‍ വാങ്ങും. ഒന്ന് അപ്പോള്‍ തന്നെ തിന്നാനും മറ്റൊന്ന് സൂക്ഷിച്ചുവെച്ച് തിരികെ വീട്ടിലെത്തി വായിലിട്ട് നുണഞ്ഞ് അനിയനെയും അനിയത്തിയേയും കൊതിപ്പിക്കാനും വേണ്ടി. പക്ഷേ എപ്പോഴും എന്റെ ആദ്യത്തെ മിഠായി എന്നെ ചതിച്ചു കൊണ്ട് നുണഞ്ഞു പകുതിയാവും മുമ്പ് അപ്പാടെ തൊണ്ടയിലൂടെ വയറ്റിലേക്ക് ഇറങ്ങിപ്പോവും. ആദ്യ പ്രണയത്തിന്റെ നഷ്ടത്തേക്കാള്‍ തീവ്രമായ വേദനയായിരുന്നു അത്.
സൂക്ഷിച്ചുവെച്ച മിഠായിയെടുത്ത് ഞാന്‍ വായിലിടും. അപ്പോള്‍ എരുമപ്പെട്ടിയിലെ റബ്ബര്‍ മരങ്ങള്‍ക്കു മുകളില്‍ സൂര്യന് ചൂട് പിടിച്ച് തുടങ്ങിയിട്ടുണ്ടാവും. ചെറിയൊരു കാട്ടരുവി അവസാനിക്കുന്നിടത്ത് നിന്നാണ് റബ്ബര്‍ മരങ്ങള്‍ ആരംഭിക്കുന്നത്. ഒട്ടുപാലിന്റെയും കമുകിന് പൂക്കളുടെയും മണമുള്ള ആ അന്തരീക്ഷത്തിലൂടെ നടക്കുമ്പോഴാണ് ഞാന്‍ ആദ്യമായി മരണത്തിന്റെ ഗന്ധം അറിഞ്ഞത്. അതിന്റെ കൃത്യമായ കാരണം എനിക്കറിയില്ല. പക്ഷേ നീണ്ടും പരന്നും വളഞ്ഞും തിരിഞ്ഞും കിടന്ന ആ റബ്ബര്‍ തോട്ടത്തില്‍ എവിടെയോ എന്റെ ഉപ്പയുണ്ട്. ഉപ്പാനെ കണ്ടെത്താനുള്ള അലച്ചിലിനിടയില്‍ ഭയം തണുപ്പായി ഉള്ളിലേക്ക് അരിച്ചു കയറും. ചില ദിവസങ്ങളില്‍ ടാപ്പിംഗ് കഴിഞ്ഞ് പാലെടുക്കാനുള്ള ഇടവേളയില്‍ റാട്ടയ്ക്കടുത്തുള്ള പാറപ്പുറത്ത് കയറിയിരുന്ന് ഉപ്പ ബീഡി വലിക്കുകയാവും.
ഇവിടെയും ഇതാ ഒരു മനുഷ്യന് ടാപ്പിംഗ് കഴിഞ്ഞ് പാലെടുക്കാനുള്ള ഇടവേളയില്‍ മണ്ണില്‍ മലര്‍ന്നു കിടക്കുന്നു. അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങളില്‍ വെയില് വീഴുന്നുണ്ട്. ഒറ്റ നോട്ടമേ കാണാന്‍ പറ്റിയുള്ളൂ. എങ്കിലും റബ്ബര്‍ തോട്ടത്തിന്റെ ചരിവ് അവസാനിക്കുന്ന സമതലത്തിലെ ആ ഓട് മേഞ്ഞ വീട് എനിക്ക് കാണാം. ഇതിലെ കടന്നുപോവുമ്പഴൊക്കെ ഞാനാ വീട്ടിലേക്ക് കൊതിയോടെ നോക്കും. അതിന്റെ വരാന്തയിലിരുന്ന് ഒരിക്കലും തീര്‍ന്നുപോവാത്ത ഒരു ഒ.വി. വിജയന് നോവല്‍ വായിക്കുന്നത് ഞാന്‍ സങ്കല്‍പ്പിക്കും. ഉദയാസ്തമയങ്ങളറിയാതെ, വിശപ്പറിയാതെ, അവിടെയിരുന്ന് ഖസാക്കിന്റെ ഭാഷയില്‍ എഴുതപ്പെട്ട ആ നോവല്‍ വായിക്കുന്നതിലും വലിയ ആനന്ദം എന്നിലെ വായനാ ഭ്രാന്തന് കിട്ടാനില്ല.
ബസ് പടപ്പറമ്പ് അങ്ങാടിയിലേക്ക് കടക്കുകയാണ് .
അങ്ങാടിയുടെ വലതു വശത്തായി കുറേ കാലം മുമ്പ് എന്റെ രണ്ടാമത്തെ ഏട്ടന് ഒരു പാത്രക്കട ഉണ്ടായിരുന്നു .
ടി.പി ഹോം നീഡ്സ് എന്നായിരുന്നു അതിന്റെ പേര്. ആ പേര് സൈന്‍ ബോര്‍ഡില്‍ എഴുതിയത് ഞാനാണ്. അക്കാലത്ത് ഞാന്‍ കമേര്‍ഷ്യല്‍ ആര്‍ട്ടിസ്റ്റിന്റെ ജോലി കൂടി ചെയ്തിരുന്നു. തിരഞ്ഞെടുപ്പു കാലത്ത് പകല്‍ പെയിന്റ് പണിയും രാത്രിയില്‍ മതിലെഴുത്തും ബോര്‍ഡ് ബാനര്‍ എഴുത്തുമായിരുന്നു എന്റെ പരിപാടി. പഞ്ചായത്ത് തിരഞ്ഞെടുപ്പാണെങ്കില്‍ പറയുന്ന കാശ് കയ്യില്‍ കിട്ടും. രണ്ട് രാത്രി മതിലെഴുതിയാല് പിറ്റേന്ന് തന്നെ അതിന്റെ കൂലി കിട്ടും. ഫുള്‍ടൈം ആര്‍ട്ടിസ്റ്റുകള്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ ചാര്‍ജാണ് ഞാന്‍ വാങ്ങിയിരുന്നത്. അതു കൊണ്ട് ഇഷ്ടം പോലെ മതിലുകള്‍ എന്നെ കാത്തുകിടന്നു.
മിക്കവാറും കോണി ചിഹ്നമാണ് വരയ്ക്കാനുണ്ടാവുക. അതാണെങ്കില്‍ വരയ്ക്കാന്‍ എളുപ്പവുമാണ്. പത്ത് കോണി വരയ്ക്കുമ്പോള്‍ ഒരു കണ്ണടയോ തുലാസോ ആണ് വരയ്ക്കാന്‍ കിട്ടുന്നത്. അത് ഇടതുപക്ഷ സ്വതന്ത്രന്റെ ചിഹ്നമാണ്. നാലഞ്ച് കൊല്ലത്തെ മതിലെഴുത്തിനിടയില് രണ്ട് തവണ മാത്രമാണ് എനിക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം വരയ്ക്കാനുള്ള അവസരം ഉണ്ടായത്. മതിലെഴുത്തുകാരന് എന്ന നിലയിലും ഇടതുപക്ഷ അനുഭാവിയെന്ന നിലയിലും അന്നും ഇന്നും പാര്‍ട്ടി ചിഹ്നത്തിലല്ലാതെ മത്സരിക്കുന്ന സ്ഥാനാര്‍ഥികളോട് എനിക്ക് മതിപ്പ് തോന്നാറില്ല . പത്ത് വോട്ടെങ്കില്‍ പത്ത് വോട്ട് . അത് സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ നേടി തോല്ക്കുന്നതിനുമില്ലേ ഒര് അന്തസ്സ്?
പച്ചയോട് പിണങ്ങി നില്‍ക്കുന്നവരെയാണ് അധികവും ഇടതുപക്ഷം ഞങ്ങളുടെ നാട്ടില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. ഞാനടക്കമുള്ള പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ പണിയെടുത്തുണ്ടാക്കുന്ന വോട്ടുകള്‍ കൊണ്ട് ആ സ്ഥാനാര്‍ഥി ജയിക്കുകയുമില്ല. ഇലക്ഷന് ഫലം വന്ന് ആഴ്ചകള്‍ക്കകം അവരൊക്കെ പച്ചക്കൊടിയുടെ തണലിലേക്ക് തന്നെ മടങ്ങി പ്പോവുകയും ചെയ്യും.
പടപ്പറമ്പിലെ ഏട്ടന്റെ കടയുടെ ഉദ്ഘാടനത്തിന്റെ പരസ്യവണ്ടിയിലെ അനൗണ്‍സറും ഞാനായിരുന്നു. ഏട്ടന് പറഞ്ഞു തന്ന, 'അന്ന അലൂമിനിയത്തിനും' 'പ്രസ്റ്റീജിനും' പുറമേ ഞാന്‍ ഭാവനയില്‍ നിര്‍മ്മിച്ച ബ്രാന്‍ഡുകളുടെ വിചിത്രമായ പേരുകളും അനൗണ്സില് ഉള്‍പ്പെട്ടു. അക്കൂട്ടത്തില്‍ കൊമാല ബക്കറ്റുകളും മക്കൊണ്ടോ ഫ്ളാസ്ക്കുകളും ഞാന്‍ അനൗണ്‍സ് ചെയ്തു. കൊമാലയും മക്കൊണ്ടയും എന്താണെന്നറിയാത്ത ഏട്ടന് എന്നോട് പറഞ്ഞു.
'എടാ ആ കമ്പനിയുടെ സാധനമൊന്നും നമ്മളെ കടയിലില്ല'
'അത് സാരല്ല, ഒരു വെയിറ്റ് വേണങ്കി മുന്തിയ ബ്രാന്‍ഡ് തന്നെ വിളിച്ചു പറയണം’ എന്നാണ് ഞാനതിന് മറുപടി പറഞ്ഞത്. പിന്നെ ഏട്ടന് പറഞ്ഞ കാര്യം ഞാന്‍ മരണം വരേയ്ക്കും മറക്കില്ല.
'ഒന്നുങ്കി നീ മൈക്കിലൂടെ നിര്‍ത്തി നിര്‍ത്തി പറയ്. അല്ലെങ്കി വെറും പാട്ടു മാത്രം വെച്ച് പോയാലും മതി . ഇത് തിരഞ്ഞെടുപ്പിന്റെ അനൗണ്സല്ല'
ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല. കാരണം എന്റെ അനൗണ്‍സ്മെന്റ് ഒറ്റ ശ്വാസത്തില്‍ ഏതാണ്ട് ഇങ്ങനെയായിരുന്നു.
'സ്പാനിഷ്കാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ ലോകപ്രശസ്തമായ മക്കോണ്ടോ ബ്രാണ്ടുകളുടെ എല്ലാ ഉല്‍പ്പന്നങ്ങളും ജില്ലയില്‍ എവിടെയും ഇല്ലാത്ത വിലക്കുറവില്‍ ലഭിക്കാന്‍ ടി.പി. ഹോം നീഡ്സ് സന്ദര്‍ശിക്കുക . മക്കൊണ്ടോ ഉല്‍പ്പന്നങ്ങള്‍ തന്നെ ചോദിച്ചു വാങ്ങുക. മക്കൊണ്ടോ, മക്കൊണ്ടോ.... ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മക്കൊണ്ടോ .... '
എന്റെ ഭാഗ്യത്തിന് ഏട്ടന് മാത്രമല്ല അനൗണ്‍സ്മെന്റ് കേട്ട ആര്‍ക്കും എന്താണ് ഞാന്‍ വിളിച്ചു പറയുന്നതെന്ന് മനസ്സിലായില്ല. അക്കാലത്ത് മാര്‍കേസ് നമ്മളെ വിട്ടു പിരിഞ്ഞിട്ടില്ല. അദ്ദേഹമെങ്ങാനും എന്റെ അനൗണ്‍സ് ശ്രദ്ധിച്ചു കേട്ട് കാര്യം മനസ്സിലാക്കിയിരുന്നെങ്കില്‍ കയ്യില്‍ കിട്ടിയ എന്തെങ്കിലുമെടുത്ത് എന്നെ തല്ലിക്കൊല്ലുമായിരുന്നു. ആ അനൗണ്‍സ്മെന്റ് രണ്ട് ദിവസം നീണ്ടു നിന്നു. മക്കൊണ്ടോ ....മക്കൊണ്ടോ.... എന്ന് കേട്ട് കേട്ട് പടപ്പറമ്പുകാര്ക്കും പരിസരത്തുള്ളവര്‍ക്കും ആ പേര് മനപ്പാഠമായിരിക്കണം. അവരിലാരെങ്കിലും പിന്നീട് മക്കോണ്ടോ ബ്രാന്റിന്റെ ബക്കറ്റോ ഡിന്നര്‍ സെറ്റോ ചോദിച്ച് ഏട്ടന്റെ ടി.പി ഹോം നീഡ്സിലേക്ക് വന്നോ എന്നറിയില്ല.
പക്ഷേ വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ മേശപ്പുറത്ത് 'കോളറക്കാലത്തെ പ്രണയം' എന്ന നോവല്‍ കണ്ട് അത് എടുത്തു നോക്കിയ ഏട്ടന് കുറച്ചു സമയം കഴിഞ്ഞ് ആ പേര് ഉറക്കെ വായിച്ചു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. ഏട്ടന് കാര്യം മനസ്സിലായെന്നും എനിക്ക് വഴക്ക് കേള്‍ക്കാന്‍ സാധ്യതയുണ്ടെന്നും ഞാന്‍ ഭയന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. അപ്പഴേക്കും രണ്ട് ആത്മഹത്യാശ്രമങ്ങളും, അനേകം സൈക്യാട്രിസ്റ്റുകളെയും ഞാനെന്ന അനിയന് നേരിട്ടു കഴിഞ്ഞിരുന്നു. ആ അറിവിന്റെ കാരുണ്യം കൊണ്ടാവണം ഏട്ടന് പുസ്തകം മേശപ്പുറത്ത് തന്നെ തിരികെ വെച്ച്, എന്റെ തല മുടിയില്‍ സ്നേഹത്തോടെ തലോടി അവിടെ നിന്ന് ഇറങ്ങിപ്പോയി. ആ സമയത്ത് ഏട്ടനോടും മാര്‍കേസ് എന്ന മഹാപ്രതിഭയോടും ഞാന്‍ അനീതി ചെയ്തുവെന്ന് തന്നെ എനിക്ക് തോന്നി.
ഏട്ടന്റെ ടി.പി .ഹോം നീഡ്സ് കുറച്ചു കാലം നല്ല രീതിയില്‍ പടപ്പറമ്പില്‍ മുമ്പോട്ട് പോയി. തരക്കേടില്ലാത്ത ലാഭവും കിട്ടിയിരുന്നു. ആ ലാഭം ഇരട്ടിയാക്കാന്‍ മൂപ്പര് അന്നാട്ടുകാരനായ ഒരാളെ പാര്‍ട്ണറാക്കി അവിടെ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു. അത് തുറന്നത് പോട്ടെ, പഴയ ഹോം നീഡ്സിന് താഴിടുകയും ചെയ്തു. അരിയും പച്ചക്കറികളും പാത്രങ്ങളും മീനും മുതല്‍ ജൈവവളം വരെ വിറ്റിരുന്ന ആ സൂപ്പര്‍മാര്‍ക്കറ്റ് അധിക കാലം മുമ്പോട്ടു പോയില്ല. അതില്‍ ആറ് ജീവനക്കാര്‍ ഉണ്ടായിരുന്നു. അക്കാലമായപ്പോഴേക്കും തുണിയിലും ടിന് ഷീറ്റിലും നിര്‍മ്മിച്ച് കൈ കൊണ്ട് എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്ന സൈന്‍ ബോര്‍ഡുകള്‍ അപ്രത്യക്ഷമായി. പകരം ഫ്ളക്സ് ബോര്‍ഡുകള്‍ വന്നു. ഇപ്പോള്‍ വഴിയോരത്ത് ഞാനീ കാണുന്ന ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് ഓരോന്നിനും വ്യത്യസ്തതയുണ്ട് . സൈന്‍ ബോര്‍ഡുകള്‍ എഴുതുന്നതില്‍ ഞങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടായിരുന്നു.
അക്ഷരങ്ങളുടെ ഡിസൈനിലും കളറിലുമൊക്കെ ഫ്ളക്സുകള്‍ വന്നതോടെ ആ തൊഴില്‍ മേഖല അപ്പാടെ ഇല്ലാതാവുകയാണ് ചെയ്തത്. വീണ്ടും തുണി ബോര്‍ഡുകളും ബാനറുകളും ഒരു തിരഞ്ഞെടുപ്പ് കാലത്ത് മടങ്ങി വന്നെങ്കിലും അത് അധിക കാലം നീണ്ടുനിന്നില്ല.
പടപ്പറമ്പ് അങ്ങാടിയില്‍ ആളുകള്‍ ആരും ഇറങ്ങാനില്ല. പുതിയതായി സ്കൂള്‍ കുട്ടികളും മറ്റു യാത്രക്കാരും തിക്കിതിരക്കി കയറുകയാണ്. ബസ് ഇപ്പോള്‍ ഓടുന്നത് ഫുള്‍ ലോഡിലാണ് . കുറച്ചു സമയത്തിനുള്ളില്‍ അങ്ങാടിയുടെ കാഴ്ച്ച എനിക്ക് നഷ്ടമാവും. ഏട്ടന്റെ ഹോം നീഡ്സ് നിന്ന ഇടത്തേക്കും, അന്ന് ഞാന്‍ അനൗണ്‍സ് ചെയ്ത പാതകളിലേക്കും തലതിരിച്ചു നോക്കവെ, മാസങ്ങള്‍ക്ക് മുമ്പ് വരെ ആ നാലും കൂടുന്ന ഇടത്തുണ്ടായിരുന്ന ആല്‍മരം നഷ്ടമായത് ഞാനറിയുകയാണ്.
യാത്രകളില്‍ എന്നും എന്നെ അലട്ടുന്നതും വല്ലാതെ ശല്യം ചെയ്യുന്നതും സുഗന്ധങ്ങളാണ്. വര്‍ഷങ്ങളായിട്ട് കൂടെയുള്ള മൈഗ്രൈന്‍ തലവേദന കാരണം എനിക്ക് കടും സുഗന്ധങ്ങള്‍ മണക്കാന്‍ പറ്റില്ല. ചില സോപ്പുകളുടെ മണം പോലും മൈഗ്രൈന്‍ ഷൂട്ട് ചെയ്യാന്‍ കാരണമാവാറുണ്ട്. ഇപ്പോഴിതാ എന്റെ തൊട്ടടുത്ത് വന്നിരുന്ന ആള്, അയാള്‍ക്ക് വേണ്ടതിലും അധികം ഒരു പക്ഷേ ഈ ബസ്സിലെ മുഴുവന്‍ യാത്രക്കാര്‍ക്കും വേണ്ടത്ര സ്പ്രേ ദേഹത്ത് അടിച്ചു കയറ്റിയിട്ടുണ്ട്. ആ കുത്തുന്ന മണത്തിന് നേരെ മൂക്ക് പൊത്തുകയല്ലാതെ എനിക്ക് വേറെ വഴിയില്ല. തല കുറച്ച് പുറത്തേക്ക് ചെരിച്ചിട്ടും അളവിലധികം പൂശിയ സുഗന്ധം എന്റെ മൂക്കിലേക്ക് വെടിയുണ്ട പോലെ തുളച്ചു കയറുന്നുണ്ട്.
അയാളെ നോക്കാതെ പടപ്പറമ്പ് അങ്ങാടിയില്‍ പ്രതാപിയായി നിലകൊണ്ട ആ ആല്‍മരത്തെ കുറിച്ച് ഞാന്‍ ഓര്ക്കുകുകയാണ്. അതിന്റെ ചുവട്ടിലിരുന്ന് ഞാന്‍ ലോട്ടറി വിറ്റിട്ടുണ്ട്. സൗദിയിലായപ്പോള് ജോലി സ്ഥലത്തു നിന്ന് വീണ് കാലിന്റെ ഉപ്പൂറ്റിയെല്ല് പൊട്ടി മടങ്ങി വന്ന് കുറച്ചു കാലം കഴിഞ്ഞിട്ടാണ് അത്. എന്റെ കൂട്ടുകാരന് മോഹന്‍ദാസിന് കോട്ടക്കല്‍ അങ്ങാടിയില്‍ കാവേരി ലോട്ടറി ഏജന്‍സിയുണ്ട്. അന്ന് സര്‍ക്കാര്‍ ലോട്ടറിക്ക് ആഴ്ചയില്‍ ഒരു നറുക്കെടുപ്പാണ് ഉണ്ടായിരുന്നത്. പകരം മാര്ട്ടിന് ലോട്ടറി ആയ സൂപ്പറും ഡിയറുമാണ് എന്നും നറുക്കെടുത്തത്. പത്തു രൂപയാണ് ടിക്കറ്റിന്റെ വില. ഒരു ലക്ഷമാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിനല്ല ആളുകള്‍ ലോട്ടറി എടുത്തത്. നാലാം സമ്മാനമോ മറ്റോ ആയ അയ്യായിരം രൂപയ്ക്ക് വേണ്ടിയാണ്. നറുക്ക് വീണ ടിക്കറ്റ് നമ്പറിന്റെ അവസാനത്തെ മൂന്നക്കം ഒത്തു വന്നാല്‍ അയ്യായിരം രൂപ സമ്മാനം കിട്ടും.
അക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ ഒരുപക്ഷേ കേരളത്തിലാകെ തന്നെയും ഇന്നത്തെ ഉത്തരേന്ത്യക്കാര്‍ക്ക് പകരം തമിഴ് മക്കളായിരുന്നു ഭാരമുള്ള ജോലികളെല്ലാം ചെയ്തിരുന്നത്. അവരായിരുന്നു ആ മാര്ട്ടിന് ലോട്ടറിയുടെ ആദ്യത്തെ ഇരകള്‍. പിന്നെ നാട്ടുകാരും സൂപ്പറിനും ഡിയറിനുമൊക്കെ അടിമകളായി. ഒരു അങ്ങാടിയില്‍ തന്നെ അഞ്ചും പത്തും ലോട്ടറി ഏജന്റുമാര്‍ ഉണ്ടായി. കൂലിപ്പണിക്കാരും ചീട്ടുകളി ഭ്രാന്തന്മാരും അന്തമില്ലാതെ ടിക്കറ്റ് എടുത്തു കൂട്ടി. ഒരേ നമ്പറുള്ള അഞ്ച് ടിക്കറ്റിന് ഒരു സെറ്റ് എന്നാണ് പറഞ്ഞിരുന്നത്. പത്തും ഇരുപതും സെറ്റൊക്കെ പലരും ദിവസവും എടുത്തു. ഒന്നും രണ്ടും ലക്ഷം ലോട്ടറിക്ക് ചെലവാക്കി കഴിയുമ്പോള്‍ ഒരാള്‍ക്ക് 25,000 രൂപയുടെ സമ്മാനം അടിച്ചെന്നിരിക്കും. ആള് ചെലവാക്കിയതിനെ പറ്റി ആരും അറിഞ്ഞില്ലെങ്കിലും അയാള്‍ക്ക് കിട്ടിയ 25,000 ത്തിന് വലിയ പ്രചാരണം ലഭിക്കും. അക്കാലത്ത് ഏത് കവലയിലും കാണുന്ന കാഴ്ചയും തര്‍ക്കവുമായിരുന്നു അന്ന് വരുന്ന മൂന്നക്ക നമ്പറിനെ ചൊല്ലിയുള്ളത്. 356 എടുക്കടാ.... 568 എടുക്കെടാ.... തുടങ്ങിയ അലര്‍ച്ചകളും കേള്‍ക്കാമായിരുന്നു. കൂലിപ്പണിക്കാരില്‍ മുക്കാല്‍ പങ്കും ലോട്ടറിക്ക് അടിപ്പെട്ട കാലമായിരുന്നു അത്. ദിവസക്കൂലിയുടെ പാതിയിലേറെയും മാര്ട്ടിന് ലോട്ടറി എടുത്ത് തുലച്ച അവരില്‍ ചിലര്‍ക്ക് ആണ്ടിലൊരിക്കല്‍ 5,000 രൂപ സമ്മാനമായി കിട്ടിയെങ്കി കിട്ടി.
സ്വന്തമായി ചെങ്കല്‍ കോറികളും ലോറികളും ഉണ്ടായിരുന്ന, ഞങ്ങളുടെ നാട്ടിലെ ഒരു ബാപ്പു കാക്ക ഈ മാര്ട്ടിന് ലോട്ടറിയുടെ ചൂതാട്ട ലഹരിയില്‍ കുടുങ്ങി ആദ്യം വണ്ടികള്‍ ഓരോന്നായി വിറ്റു. പിന്നെ കോറി നടത്തി കിട്ടിയ ലാഭം കൊണ്ട് വാങ്ങിയിട്ട പറമ്പുകള്‍ വിറ്റു. ഭാര്യയുടെയും പെണ്മക്കളുടെയും ആഭരണങ്ങളും വിറ്റു. ഒടുക്കം താമസിക്കുന്ന വീടിന്റെ ആധാരം പണയം വെക്കാനായി എടുത്തപ്പോള്‍ ഭാര്യയും മക്കളും ചേര്‍ന്ന് അയാളെ മുറിയിലിട്ട് വാതില്‍ പുറത്തേക്ക് പൂട്ടി. ഒരു ഭ്രാന്തനെപ്പോലെ അയാള്‍ അതിനുള്ളില്‍ കിടന്ന് അലറി വിളിക്കുന്നത് ഞാന്‍ നേരില്‍ കണ്ടതാണ്. മാര്ട്ടിന് ലോട്ടറി എടുത്ത് കുത്തുപാളയിലെത്തിയവര് അക്കാലങ്ങളില്‍ കേരളത്തില്‍ സുലഭമായിരുന്നു. തമിഴ് മക്കള്‍ ദിവസക്കൂലിയുടെ പാതി മാര്ട്ടിന് ലോട്ടറിക്കും ബാക്കി മദ്യത്തിനും ചെലവഴിച്ച് ഉടുതുണി പോലും നഷ്ടമായി എന്നും പാതയോരത്ത് ബോധമറ്റ് കിടന്നു.
ബസ് ഇനി നിര്‍ത്താനുള്ള സ്റ്റോപ്പ് പരവക്കല്‍ ആണ്. ഞാന്‍ ലോട്ടറി വിറ്റ ആ ആല്മരച്ചോട് ഇപ്പോള്‍ ദൂരെയായിക്കഴിഞ്ഞു. പാതയോരങ്ങളില്‍ മഴ തോരുകയാണ്. മരങ്ങള്‍ തോരുകയാണ്. കാല് കേടു വന്നതിനാല്‍ പെയിന്റ് പണിക്ക് പോവാന്‍ പറ്റാതായപ്പോള്‍ സുഹൃത്ത് മോഹന്‍ദാസാണ് ലോട്ടറി തന്ന് എന്നെ സഹായിച്ചത്. മാര്ട്ടിന് ലോട്ടറി ഉച്ചയ്ക്ക് ഒരു മണിക്കോ മൂന്നു മണിക്കോ മറ്റോ അന്‍സോള്‍ഡ് ചെയ്യാമായിരുന്നു. അതായത് ലോട്ടറി ഏജന്റ് മാര്‍ക്ക് ആ സമയത്തിനുള്ളില്‍ വിറ്റു പോവാത്ത ലോട്ടറികള്‍ മെയിന്‍ ഏജന്റിന് മടക്കി ക്കൊടുക്കാമെന്ന് അര്‍ത്ഥം. ചില്ലറ വില്പനക്കാര്ക്ക് ആ സൗകര്യം ഇല്ലായിരുന്നു. പക്ഷേ എന്റെ സുഹൃത്ത് വിറ്റുതീര്‍ക്കാന്‍ പറ്റാത്ത ടിക്കറ്റ് ഒരുമണിക്ക് അവന്റെ കടയില്‍ കൊണ്ടു കൊടുത്താല്‍ മതിയെന്ന ഉദാരത എന്നോട് കാണിച്ചു.
ടിക്കറ്റ് അവന് ആദ്യം തരും. വിറ്റ് കഴിഞ്ഞിട്ട് പണം കൊടുത്താല്‍ മതി. അഞ്ചു കാശിന്റെ മുടക്കില്ല. അക്കാലത്ത് എല്ലാ ചെറു അങ്ങാടികളിലും ഈ ലോട്ടറിയുടെ ചില്ലറ വില്‍പ്പനക്കാര്‍ ഉണ്ടായിരുന്നു. ആകെ വേണ്ടത് ടിക്കറ്റും പണവും ഇടാന്‍ ഒരു ഹാന്‍ഡ് ബാഗാണ്. അതും സുഹൃത്ത് ഫ്രീയായിട്ട് തന്നു. പൊതുവേ അന്തര്‍മുഖനായ ഞാന്‍ ജീവിക്കാന്‍ വേണ്ടി ആ അന്തര്മുഖത്വത്തോട് വിട പറഞ്ഞ് വായാടിയായി. പടപ്പറമ്പിലെ ആലിന് ചുവട്ടില്‍ രാവിലെ ഏഴ് മണിക്ക് ഞാനെത്തും. അവിടെ ആരുടേയോ ചെറിയൊരു ഇരുമ്പ് സ്റ്റാന്റ് തുരുമ്പ്പിടിച്ചു കിടന്നിരുന്നു അതില്‍ ടിക്കറ്റുകള്‍ ക്ലിപ്പിട്ട് നിരത്തി വെച്ച് ഞാന്‍ ഒച്ചയിടും. ആളുകള്‍ ആ ഒച്ച കേട്ട് അവിടേക്ക് വരും. ഇന്ന് ഏത് മൂന്നക്ക നമ്പര്‍ വരുമെന്ന് അവര്‍ക്ക് ലഭിക്കുന്ന അന്തര്‍ ജ്ഞാനത്തിന്റെ കണക്ക് കൂട്ടലില്‍ പെട്ടിട്ടുള്ള എന്റെ ടിക്കറ്റുകളെല്ലാം പെട്ടെന്ന് വിറ്റു പോവും. അന്ന് മുടക്കിയ കാശ് മുഴുവന്‍ നഷ്ടമായാലും പിറ്റേന്നും അതേ ആളുകള്‍ തന്നെ പുതുതായി കിട്ടിയ ദിവ്യജ്ഞാനത്തിന്റെ നമ്പര്‍ തിരഞ്ഞ് എന്റെയരികിലേക്ക് മഴപ്പാറ്റകളെപ്പൊലെ അടിഞ്ഞ് കൂടും
ഒരു പതിനൊന്ന് മണിയൊക്കെ ആയാല്‍ പിന്നെ ഞാന്‍ ടിക്കറ്റ് നടന്നു വില്‍ക്കും. എന്റെ ചെലവും സുഹൃത്തിന്റെ കമ്മീഷനും കഴിച്ച് അക്കാലത്ത് എനിക്ക് ലോട്ടറി വില്‍പ്പനയിലൂടെ ദിവസം അഞ്ഞൂറ് രൂപ ലഭിച്ചിരുന്നു. പെയിന്റ് പണിക്ക് പോയാല്‍ അന്ന് ദിവസം അഞ്ഞൂറ് രൂപ കിട്ടില്ല. ജീവിക്കാന്‍ വേണ്ടി ഞാന്‍ ചെയ്തിട്ടുള്ള ജോലികള്‍ നിരവധിയാണ്. അതില്‍ എന്റെ ഭാര്യയ്ക്ക് ഇഷ്ടമില്ലാതെ ഞാന്‍ ചെയ്ത ഏക ജോലി ആ മാര്ട്ടിന് ലോട്ടറിയുടെ വില്പനയാണ്. ഒമ്പത് ദിവസമാണ് ഞാന്‍ ആകെ ലോട്ടറി വിറ്റത്. അത് മുപ്പത്തി എട്ടായിരം രൂപയ്ക്കാണ്. അതില്‍ സമ്മാനമായി ആളുകള്‍ക്ക് കിട്ടിയത് രണ്ടായിരം രൂപ മാത്രമാണ്. നാല് പേര്‍ക്ക് അഞ്ഞൂറ് രൂപ വീതം.....
അതായത് വായനക്കാരാ, ആകെ മുപ്പത്തി എട്ടായിരം രൂപയ്ക്ക് നിങ്ങള്‍ മാര്ട്ടിന് ലോട്ടറി എടുത്താല്‍ സമ്മാനമായി കിട്ടുക വെറും രണ്ടായിരം രൂപയാണ്. അന്യന്റെ വിയര്‍പ്പിനെ ഇത്തരത്തില്‍ ഊറ്റികുടിച്ച് മുതലാളിമാരായവര്‍ അതിന്റെ തലപ്പത്തുള്ള മാര്ട്ടിന് മാത്രമല്ല, ഇന്നിപ്പോള്‍ മറ്റ് രൂപ ഭാവങ്ങളില്‍ സര്‍ക്കാരിന്റെ ലോട്ടറി അരങ്ങ് തകര്‍ക്കുന്നുണ്ട്. നിറവും രൂപവും മാറി മറിഞ്ഞെങ്കിലും അധ്വാനിക്കുന്നവനെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. അതിന് ഒരവസാനം ഉണ്ടാവുകയുമില്ല.
Content Highlights: Kerala travel, Kerala road trip, rubber estates Kerala, travel memories, life experiences, Malayalam literature, nostalgic journey, Kerala culture, travelogue, village life Kerala
Published: 03 Dec 2025, 02:24 pm IST
ABOUT THE AUTHOR
എഴുത്തുകാരൻ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്റ്റീൽപ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. വിശപ്പ് പ്രണയം ഉന്മാദം, ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്‍, ഒരു പെയിന്റ് പണിക്കാരന്റെ സഞ്ചാരങ്ങള്‍, ഹലീമ, കാല്മോറാ മഹല്‍ തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented