റിട്ടയർമെന്റ് എന്നത് ജോലി അവസാനിക്കുന്നതല്ല.
ജോലി നമ്മളെ തിരിച്ചറിയുന്ന ഒരു കാലഘട്ടം അവസാനിക്കുന്നതാണ്.

"എപ്പോൾ റിട്ടയർ ചെയ്യും?"
ജോലി ചെയ്യുന്ന ഒരാളോട് ചോദിച്ചാൽ പലപ്പോഴും മറുപടി വളരെ ആവേശത്തോടെയായിരിക്കും.
"ഇനി അധികം ദിവസമില്ല!"
പക്ഷേ അടുത്ത ചോദ്യം ചോദിക്കരുത്.
"റിട്ടയർ ചെയ്തിട്ട് എന്താണ് ചെയ്യാൻ പോകുന്നത്?"
അവിടെ മുഖത്തെ ചിരി പതുക്കെ മങ്ങും.
"അത്... നോക്കാം."
ഈ "നോക്കാം" ആണ് പലരുടെയും റിട്ടയർമെന്റ് പ്ലാൻ.
ജോലിയിൽ നിന്ന് വിരമിക്കുന്ന തീയതി കൃത്യമായി അറിയാം. ശമ്പളം അവസാനമായി അക്കൗണ്ടിലെത്തുന്ന തീയതി അറിയാം. പെൻഷൻ എത്രയെന്ന് കണക്കുകൂട്ടിയിട്ടുണ്ടാകും. ഗ്രാറ്റുവിറ്റി എത്ര കിട്ടുമെന്ന് അറിയാം. പി.എഫ് എത്രയെന്ന് അറിയാം. പക്ഷേ, അതിന്റെ അടുത്ത ദിവസം രാവിലെ എട്ടുമണിക്ക് എന്ത് ചെയ്യും?
അറിയില്ല.
ഇതാണ് റിട്ടയർമെന്റിന്റെ വലിയ തമാശ.
ജോലി അവസാനിക്കുന്ന തീയതിക്ക് പ്ലാൻ ഉണ്ട്.
ജോലി കഴിഞ്ഞുള്ള ജീവിതത്തിന് പ്ലാനില്ല.
ജോലി ചെയ്യുന്ന കാലത്ത് രാവിലെ എഴുന്നേൽക്കാൻ അലാം വേണ്ട. ഉത്തരവാദിത്തം തന്നെ അലാറമാണ്.
രാവിലെ 10 മണിക്ക് ഓഫീസ്.
11 മണിക്ക് മീറ്റിങ്.
12 മണിക്ക് ഫയൽ.
12.30 മണിക്ക് ഫോൺ.
2 മണിക്ക് മറ്റൊരു മീറ്റിങ്.
വൈകിട്ട് വീട്ടിലെത്തുമ്പോൾ ക്ഷീണം.
വീട്ടിലെത്തിയാൽ ഭാര്യ ചോദിക്കും:
"ഇന്ന് എന്തായിരുന്നു ഇത്ര തിരക്ക്?"
"ഓഫീസിൽ വലിയ തിരക്കായിരുന്നു."
അത് പറഞ്ഞാൽ കഥ തീരും.
പക്ഷേ റിട്ടയർമെന്റിന്റെ ആദ്യ ദിവസം?
രാവിലെ 6 മണിക്ക് എഴുന്നേൽക്കും.
അലാറമില്ല.
ഓഫീസില്ല.
മീറ്റിങ്ങില്ല.
ഫയലില്ല.
ഫോൺ വിളിക്കുന്നവരും കുറയും.
കുറച്ചുനേരം കട്ടിലിൽ കിടക്കും.
പിന്നെ എഴുന്നേറ്റ് ചായ കുടിക്കും.
പത്രം മുഴുവൻ വായിക്കും.
പത്രത്തിലെ പരസ്യവും വായിക്കും.
പിന്നെ വീണ്ടും വായിക്കും.
അപ്പോഴാണ് ഒരു വലിയ ചോദ്യം വരുന്നത്:
"ഇനി എന്ത്?"
റിട്ടയർമെന്റ് എന്നത് ജോലി അവസാനിക്കുന്നതല്ല.
ജോലി നമ്മളെ തിരിച്ചറിയുന്ന ഒരു കാലഘട്ടം അവസാനിക്കുന്നതാണ്.
ഇത്രയും കാലം നമ്മൾ ആരായിരുന്നു?
"അദ്ദേഹം ബാങ്കിലാണ്."
"അവർ അധ്യാപികയാണ്."
"അയാൾ സർക്കാർ ഉദ്യോഗസ്ഥനാണ്."
"അവൾ ഡോക്ടറാണ്."
"അദ്ദേഹം എഞ്ചിനീയറാണ്."
ജോലി നമ്മുടെ പേരിന്റെ ഭാഗമായിരുന്നു.
ഓഫീസിൽ നമ്മളെ കാത്തിരുന്ന ആളുകളുണ്ടായിരുന്നു.
ഫോൺ വിളിച്ചാൽ ആരെങ്കിലും എടുക്കും.
ഒരു തീരുമാനം എടുക്കാൻ നമ്മളെ തേടിയെത്തും.
ഒരു ഫയലിൽ ഒപ്പിടാൻ നമ്മളെ കാത്തിരിക്കും.
പെട്ടെന്ന് ഒരു ദിവസം അതെല്ലാം അവസാനിക്കും.
അടുത്ത ദിവസം ഓഫീസിൽ മറ്റൊരാൾ ആ കസേരയിൽ ഇരിക്കും.
നമ്മൾ വീട്ടിൽ.
കസേര മാത്രം മാറിയതല്ല.
നമ്മുടെ ദിവസത്തിന്റെ അർഥവും മാറിയതാണ്.
റിട്ടയർമെന്റിന് ശേഷം പലർക്കും ആദ്യം കിട്ടുന്നത് സ്വാതന്ത്ര്യമല്ല.
ഒഴിഞ്ഞ സമയം.
അത് രണ്ടും ഒരുപോലെയല്ല.
സ്വാതന്ത്ര്യം എന്നത് നമുക്ക് ഇഷ്ടമുള്ള കാര്യം ചെയ്യാനുള്ള സമയമാണ്.
ഒഴിഞ്ഞ സമയം എന്നത് എന്ത് ചെയ്യണമെന്ന് അറിയാത്ത സമയമാണ്.
ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം.
"ഇനി എനിക്ക് രാവിലെ നേരത്തെ എഴുന്നേൽക്കേണ്ട."
എന്ന് പറഞ്ഞ് സന്തോഷിക്കുന്നവർ കുറച്ച് ദിവസം കഴിഞ്ഞ് പറയും:
"രാവിലെ എഴുന്നേറ്റിട്ട് എന്ത് ചെയ്യണം?"
അപ്പോഴാണ് മനസ്സിലാകുന്നത്.
ജോലി നമ്മളിൽ നിന്ന് സമയം എടുത്തിരുന്നില്ല.
സമയത്തിന് ഒരു അർഥം തന്നിരുന്നു.
പുതുതലമുറയ്ക്ക് ഇവിടെ ഒരു ചെറിയ ട്രോൾ ഉണ്ട്.
ഇന്ന് ജോലി ചെയ്യുന്നവർ പറയും:
"എനിക്ക് റിട്ടയർ ചെയ്താൽ പിന്നെ അടിപൊളി ലൈഫ്!"
രാവിലെ വൈകി എഴുന്നേൽക്കും.
യാത്ര പോകും.
സിനിമ കാണും.
ഗെയിം കളിക്കും.
പുസ്തകം വായിക്കും.
ഹോബികൾ ചെയ്യും.
സുഹൃത്തുക്കളെ കാണും.
ആരോഗ്യം നോക്കും.
അങ്ങനെ ഒരു വലിയ ലിസ്റ്റ്.
പക്ഷേ റിട്ടയർമെന്റ് എത്തുമ്പോൾ ആദ്യത്തെ മൂന്ന് ദിവസം എല്ലാം ചെയ്യും.
നാലാം ദിവസം:
"ഇനി എന്ത്?"
അഞ്ചാം ദിവസം:
YouTube.
ആറാം ദിവസം:
WhatsApp.
ഏഴാം ദിവസം:
"നമ്മുടെ കാലത്ത്..."
അതാണ് പല റിട്ടയർമെന്റ് ജീവിതങ്ങളുടെയും ടേണിംഗ് പോയ്ന്റ്.
റിട്ടയർ ചെയ്ത ശേഷം ചിലർ വീട്ടിലെ ഫുൾടൈം സൂപ്പർവൈസർ ആകും.
ഭാര്യ അടുക്കളയിൽ എന്ത് ചെയ്യുന്നു എന്ന് നോക്കും.
മകൻ എപ്പോൾ എഴുന്നേറ്റു എന്ന് നോക്കും.
മകൾ ഫോൺ എത്ര നേരം ഉപയോഗിക്കുന്നു എന്ന് നോക്കും.
വീട്ടുജോലിക്കാരി എപ്പോൾ വന്നു എന്ന് നോക്കും.
പത്രം എവിടെ വെച്ചെന്ന് നോക്കും.
ടിവിയുടെ റിമോട്ട് ആരുടെ കൈയിലാണ് എന്നതുപോലും നോക്കും.
ഒടുവിൽ വീട്ടുകാർ പറയും:
"ഇദ്ദേഹത്തിന് ജോലി പോയതല്ല. ഞങ്ങളുടെ സ്വാതന്ത്ര്യമാണ് പോയത്!"
ജോലിയിൽ നിന്ന് വിരമിച്ച ഒരാൾ വീട്ടിൽ പുതിയൊരു ക്വാളിറ്റി കൺട്രോൾ ഡിപ്പാർട്ട്മെന്റ് തുടങ്ങേണ്ട ആവശ്യമില്ല.
റിട്ടയർമെന്റിന് ശേഷം ചെയ്യേണ്ട ഏറ്റവും വലിയ കാര്യം മറ്റുള്ളവരുടെ ജീവിതം നിയന്ത്രിക്കുകയല്ല.
സ്വന്തം ജീവിതം വീണ്ടും ഡിസൈൻ ചെയ്യുകയാണ്.
ഇത്രയും കാലം ജോലി ചെയ്യുമ്പോൾ മാറ്റിവെച്ച കാര്യങ്ങൾ എന്തൊക്കെയാണ്?
പുസ്തകം വായിക്കണമെന്നുണ്ടായിരുന്നോ?
എഴുതണമെന്നുണ്ടായിരുന്നോ?
യാത്ര ചെയ്യണമെന്നുണ്ടായിരുന്നോ?
സംഗീതം പഠിക്കണമെന്നുണ്ടായിരുന്നോ?
കൃഷി ചെയ്യണമെന്നുണ്ടായിരുന്നോ?
പെയിന്റിങ്?
ഫോട്ടോഗ്രഫി?
പഠിപ്പിക്കൽ?
സാമൂഹിക പ്രവർത്തനം?
ഒരു ചെറിയ ബിസിനസ്?
പുതിയൊരു ഭാഷ?
അല്ലെങ്കിൽ വെറുതെ രാവിലെ ശാന്തമായി ഒരു ചായ കുടിച്ച് സൂര്യോദയം കാണുക?
ഇതൊക്കെയും ജീവിതമാണ്.
ശമ്പളം കിട്ടാത്ത ജോലി എന്നതുകൊണ്ട് അതിന്റെ വില കുറയുന്നില്ല.
റിട്ടയർമെന്റിന് സാമ്പത്തിക പ്ലാൻ എത്ര പ്രധാനമാണോ, അതുപോലെ ജീവിതത്തിന്റെ പ്ലാനും പ്രധാനമാണ്.
"എനിക്ക് എത്ര പെൻഷൻ കിട്ടും?" എന്ന ചോദ്യത്തിനൊപ്പം,
"എനിക്ക് രാവിലെ എഴുന്നേൽക്കാൻ എന്ത് കാരണം ഉണ്ടാകും?"
എന്ന ചോദ്യവും ചോദിക്കണം.
പണം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സഹായിക്കും.
പക്ഷേ ജീവിതത്തിന് അർഥം നൽകുന്നത് പണം മാത്രം അല്ല.
ഒരു ലക്ഷ്യം വേണം.
ഒരു ജോലി വേണമെന്നില്ല.
ഒരു കാരണമെങ്കിലും വേണം.
രാവിലെ എഴുന്നേൽക്കാനുള്ള ഒരു കാരണം.
ആരെയെങ്കിലും പഠിപ്പിക്കാനുള്ളത്.
എന്തെങ്കിലും എഴുതാനുള്ളത്.
എവിടെയെങ്കിലും പോകാനുള്ളത്.
ആരെയെങ്കിലും സഹായിക്കാനുള്ളത്.
പഠിക്കാനുള്ളത്.
സൃഷ്ടിക്കാനുള്ളത്.
റിട്ടയർമെന്റിനെ പലരും ജീവിതത്തിന്റെ അവസാന അധ്യായം എന്നാണ് കരുതുന്നത്.
അത് തെറ്റാണ്.
അത് ഒരുപക്ഷേ പുസ്തകത്തിലെ ഏറ്റവും സ്വതന്ത്രമായ അധ്യായമാണ്.
ഇതുവരെ മറ്റുള്ളവർ എഴുതിയ സമയക്രമത്തിലാണ് നമ്മൾ ജീവിച്ചത്.
സ്കൂൾ.
കോളേജ്.
ജോലി.
കുടുംബം.
ലോൺ.
കുട്ടികളുടെ പഠനം.
ഉത്തരവാദിത്തങ്ങൾ.
ഇനി കുറച്ചെങ്കിലും സ്വന്തം ഇഷ്ടത്തിന് എഴുതാനുള്ള അവസരം വരുന്നു.
അതുകൊണ്ട് റിട്ടയർമെന്റ് എന്നത്:
"ഇനി ഒന്നും ചെയ്യാനില്ല" എന്ന പ്രഖ്യാപനം അല്ല.
"ഇനി എന്ത് ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും" എന്ന പ്രഖ്യാപനമാണ്.
പക്ഷേ ഒരു കാര്യം നേരത്തെ തീരുമാനിക്കണം.
റിട്ടയർമെന്റ് ദിവസം വന്നിട്ട് ജീവിതം കണ്ടെത്താൻ ശ്രമിക്കരുത്.
അതിനുമുമ്പേ ചെറിയ തോതിൽ തുടങ്ങണം.
ജോലി ചെയ്യുമ്പോൾ തന്നെ ഒരു ഹോബി ഉണ്ടാക്കുക.
വായന തുടങ്ങുക.
സുഹൃത്തുക്കളെ നിലനിർത്തുക.
ആരോഗ്യം ശ്രദ്ധിക്കുക.
പുതിയ കാര്യങ്ങൾ പഠിക്കുക.
സാമ്പത്തികമായി തയ്യാറാകുക.
ജോലിക്ക് പുറത്തും സ്വന്തം ഒരു വ്യക്തിത്വം ഉണ്ടാക്കുക.
അപ്പോൾ റിട്ടയർമെന്റ് ദിവസം ഓഫീസിന്റെ ഗേറ്റ് അടയുമ്പോൾ ജീവിതത്തിന്റെ ഗേറ്റ് അടയില്ല.
മറിച്ച് മറ്റൊരു വാതിൽ തുറക്കും.
ഒടുവിൽ റിട്ടയർമെന്റിനെക്കുറിച്ച് ഒരു ചെറിയ കണക്കുകൂട്ടൽ.
ജോലി=മാസശമ്പളം.
റിട്ടയർമെന്റ്=സമയശമ്പളം.
ആദ്യത്തേത് ബാങ്കിൽ വരും.
രണ്ടാമത്തേത് ജീവിതത്തിൽ ചെലവാക്കണം.
പക്ഷേ സമയശമ്പളത്തിന്റെ ഒരു പ്രത്യേകതയുണ്ട്.
അത് ഉപയോഗിച്ചില്ലെങ്കിൽ അടുത്ത മാസം കാരി ഫോർവേഡ് ഇല്ല.
അതുകൊണ്ട് റിട്ടയർമെന്റ് എന്നത് ജോലി അവസാനിക്കുന്ന ദിവസമല്ല.
നമ്മുടെ സമയത്തെ ഇനി എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്ന ദിവസമാണ്.
ജോലി കഴിഞ്ഞാൽ ജീവിതം തുടങ്ങുന്നവരും ഉണ്ട്.
ജോലി കഴിഞ്ഞാൽ ജീവിതം അവസാനിച്ചതായി കരുതുന്നവരുമുണ്ട്.
വ്യത്യാസം റിട്ടയർമെന്റിലല്ല.
റിട്ടയർമെന്റിന് മുമ്പ് നമ്മൾ ജീവിതത്തെ എങ്ങനെ കണ്ടുവെന്നതിലാണ്.
അതിനാൽ പെൻഷൻ കണക്കുകൂട്ടുന്നതിനൊപ്പം ഒരു കാര്യം കൂടി കണക്കുകൂട്ടാം:
"ജോലി ഇല്ലാത്ത ഒരു തിങ്കളാഴ്ച രാവിലെ ഞാൻ എന്തിനാണ് സന്തോഷത്തോടെ എഴുന്നേൽക്കുക?"
ആ ചോദ്യത്തിന് ഉത്തരം ഇപ്പോഴേ കണ്ടെത്തിയാൽ...
റിട്ടയർമെന്റ് ഒരു വിരാമചിഹ്നമാകില്ല.
ഒരു പുതിയ അധ്യായത്തിന്റെ ആദ്യ വരിയായിരിക്കും.
Content Highlights: Learn how to design a meaningful retirement life with activities that bring joy and purpose beyond financial planning.
Published: 04 Oct 2026, 09:07 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented