
മറ്റെന്തും ത്യജിക്കാം; മുഹമ്മദ് റഫിയെ മാത്രം ഉപേക്ഷിക്കാൻ പറയരുതെന്ന് കാമുകൻ. യേശുദാസിനെ വിട്ടൊരു കളിയുമില്ലെന്ന് കാമുകി. എങ്ങും കൂട്ടിമുട്ടാതെ സമാന്തരമായി ഒഴുകുന്ന അഭിരുചികളുടെ നദികൾ. കമിതാക്കളുടെ 'ആശയപരമായ' സംഘർഷം അവസാനിപ്പിക്കാൻ ഒടുവിൽ സംവിധായകൻ ഭദ്രന്റെ ഇടപെടൽ തന്നെ വേണ്ടിവന്നു. ഭദ്രന്റെ ബുദ്ധിയിൽ പൊട്ടിവിരിഞ്ഞ ആശയമാണല്ലോ ദേവഗായകനേയും ഗന്ധർവഗായകനെയും ഒരുമിപ്പിച്ച ആ അപൂർവഗാനം. പാട്ട് തുടങ്ങുന്നത് റഫിയുടെ സ്വർഗീയ നാദത്തിൽ: "തേരെ മേരെ സപ്നേ അബ് ഏക് രംഗ് ഹേ ...." ചരണത്തിലേക്കുള്ള ഒഴുക്കിലെങ്ങോ വെച്ച് യേശുദാസിലും ചിത്രയിലും ലയിച്ചുചേരുന്നു അത്. ഹിന്ദിയും മലയാളവും ഇടകലർന്ന ഒരു 'മണിപ്രവാള'ഗാനം.
"ചന്ദ്രൻ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നെ വിളിച്ചു
വിൺമാളികക്കുള്ളിലെങ്ങോ മേഘങ്ങൾ രാവാട നെയ്തു
വൈകുന്നതെന്തേ നീയെന്നും
ദൂരെ ദൂരെ ദൂരത്തായ് നമ്മൾ നിൽക്കുന്നെങ്കിലും
ആ ദൂരം പോലും ചാരെയല്ലേ നീ ഞാനല്ലേ...."
പാട്ടുകേട്ട് കാമുകൻ സന്തുഷ്ടൻ, കാമുകി അതിലേറെ സന്തുഷ്ട. പുറത്തിറങ്ങാതെ പോയ സിദ്ധാർത്ഥ (1988) എന്ന പടത്തിൽ റഫിയുടെ സുവർണ്ണ നാദത്തിന് അകമ്പടി സേവിച്ചുകൊണ്ട് യേശുദാസും ചിത്രയും പാടിയ ആ ഗാനത്തിന്റെ കഥ തിരഞ്ഞുപോകാൻ പ്രേരണയായത് എറണാകുളത്തേക്കുള്ള ജനശതാബ്ദി യാത്രയിൽ യാദൃച്ഛികമായി പരിചയപ്പെട്ട ഈ ദമ്പതികളാണ്. ഇരുവരും മുൻ സർക്കാർ ജീവനക്കാർ; പ്രേമിച്ചു വിവാഹിതരായവർ. സർവോപരി സംഗീതപ്രേമികൾ. ഭർത്താവിന് ഹിന്ദി പാട്ടുകളോടാണ് കമ്പം. മലയാളം പാട്ടുകളോട് അസാരം പുച്ഛവുമുണ്ട്. ഭാര്യക്കാകട്ടെ മലയാളം പാട്ടുകൾ ഒഴിച്ചുനിർത്തി ജീവിതമേയില്ല. യേശുദാസും ജാനകിയുമാണ് ഊണിലും ഉറക്കത്തിലും കൂട്ട്.
കോളേജിൽ തുടങ്ങിയ പ്രണയം. ഒ വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസ'വും പത്മരാജൻ സിനിമകളുമാണ് ഇരുവരുടേയും ഹൃദയങ്ങളെ വിളക്കിച്ചേർത്തെന്ന് പറയും ഭർത്താവ്. "സംഗീതത്തിന്റെ കാര്യത്തിൽ മാത്രമേ ഞങ്ങൾ തർക്കിക്കാറുണ്ടായിരുന്നുള്ളൂ. സ്റ്റേജിൽ പാടേണ്ടിവരുമ്പോൾ ഇരുവരും അവരവരുടെ ഇഷ്ടഭാഷകളിലുള്ള പാട്ട് തിരഞ്ഞെടുക്കും. ഒരുമിച്ചൊരു ഡ്യൂയറ്റ് പാടാൻ യോഗമില്ലല്ലോ എന്നതായിരുന്നു ആകെയുള്ള ദുഃഖം. എനിക്ക് മലയാളം പാടാൻ താല്പര്യമില്ല. അവൾക്കാണെങ്കിൽ മലയാളമേ പാടൂ എന്ന് വാശി." -ഭാര്യയെ തൊട്ടടുത്തിരുത്തി ഭർത്താവ് പറഞ്ഞു.
"ചന്ദ്രൻ മോഹിച്ച പെണ്ണേ നക്ഷത്രം നിന്നെ വിളിച്ചു എന്ന ഗാനം കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"സിദ്ധാർഥ"യിലെ പാട്ട് രക്ഷകനായി അവതരിച്ചത് ആ ഘട്ടത്തിലാണ്. "തരംഗിണി കാസറ്റിൽ ആദ്യം ആ പാട്ട് കേട്ടപ്പോൾ വിചിത്രമായി തോന്നി. നടാടെ ആയിരുന്നു അത്തരമൊരു കേൾവിയനുഭവം. അടുത്ത തവണ ഓണാഘോഷത്തിൽ ഞങ്ങൾ ഒരുമിച്ചു പാടിയത് ആ പാട്ടാണ്. ഹിന്ദി വരികൾ ഞാൻ, മലയാളം വരികൾ ഇവൾ." ചിരിച്ചുകൊണ്ട് ഭാര്യ കൂട്ടിച്ചേർക്കുന്നു: "നൂറു തവണയെങ്കിലും ഞങ്ങൾ സ്റ്റേജിൽ ഒരുമിച്ചു പാടിയിട്ടുണ്ടാകും ആ പാട്ട്; ആദ്യം കാമുകീകാമുകന്മാരായി; പിന്നെ ഭാര്യാഭർത്താക്കൻന്മാരായി."
മറ്റൊരു കൗതുകം കൂടി പങ്കുവെച്ചു ഭാര്യ: "ചന്ദ്രൻ മോഹിച്ച പെണ്ണേ എന്ന് അദ്ദേഹത്തെ ഒപ്പം നിർത്തി പാടുമ്പോൾ ഈ പ്രായത്തിലും നാണം വരും. കാരണം മറ്റൊന്നുമല്ല. ഇദ്ദേഹത്തിന്റെ പേരിലും ഉണ്ട് ഒരു ചന്ദ്രൻ. ഞങ്ങളെ മനസ്സിൽ കണ്ട് ബിച്ചു തിരുമല സാർ എഴുതിയതല്ലേ ആ പാട്ട് എന്നുപോലും തോന്നും." ഒരിക്കലും ദൃശ്യവൽക്കരിക്കപ്പെടാൻ യോഗമുണ്ടാകാതെ പോയ ഒരു ചലച്ചിത്ര ഗാനം, പിറന്നുവീണ് വർഷങ്ങൾക്കിപ്പുറവും എങ്ങനെ മനുഷ്യജീവിതങ്ങളെ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് നൽകിയ അനേകം അനുഭവങ്ങളിലൊന്ന്.
പാട്ടുചിന്തകളിലും ചർച്ചകളിലും കൗതുകങ്ങളിലും ഇന്നും പതിവായി കടന്നുവരാറുണ്ട് "ചന്ദ്രൻ മോഹിച്ച പെണ്ണ്." ഗാനത്തിന് പിന്നിലെ കഥയന്വേഷിച്ചു വിളിച്ചിട്ടുള്ളവർ നിരവധി. എന്തുകൊണ്ട് അങ്ങനെയൊരു പാട്ട് എന്നറിയണം എല്ലാവർക്കും. ചിത്രീകരിച്ചു കാണാൻ യോഗമില്ലാതെ പോയ പാട്ടായതിനാൽ ഗാനസന്ദർഭത്തിന് പ്രസക്തിയില്ല. എങ്കിലും പാട്ടിനെച്ചൊല്ലിയുള്ള സംഗീതപ്രേമികളുടെ ജിജ്ഞാസക്ക് തെല്ലുമില്ല ശമനം.
അത്ഭുതമില്ല. നാലര പതിറ്റാണ്ടോളം മുൻപ് റിവ്യൂവിന് അയച്ചുകിട്ടിയ തരംഗിണി കാസറ്റിൽ ആ ഗാനം ആദ്യം കേട്ടപ്പോൾ എനിക്കുണ്ടായതും അതേ ജിജ്ഞാസ തന്നെയാണല്ലോ. പ്രമുഖ ചലച്ചിത്ര വാരികയിലെ ഗാനാസ്വാദനക്കുറിപ്പിൽ അത് സൂചിപ്പിക്കുകയും ചെയ്തു: "ഇതുപോലൊരു പ്രതിഭാ സംഗമം ഇതാദ്യം. സിനിമയിൽ ഈ പാട്ടിന്റെ സന്ദർഭം എന്തെന്നറിയാൻ കൗതുകമുണ്ട്. റഫിയുടെ ശബ്ദത്തിൽ പാടുന്ന ഒരു മലയാളി നടനെ പ്രതീക്ഷിക്കാമോ നമുക്ക്?"
"പ്രസാദ് സ്റ്റുഡിയോയിൽ ദാസേട്ടനും ചിത്രയും ആ പാട്ട് പാടി റെക്കോർഡ് ചെയ്യുന്നത് കോരിത്തരിപ്പോടെ കേട്ടുനിന്ന നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്." -സംവിധായകൻ ഭദ്രന്റെ വാക്കുകൾ. ഒറ്റടേക്കിൽ ഓക്കേ ആയ പാട്ട്. പാടി റെക്കോർഡ് ചെയ്ത ശേഷം പുറത്തുവന്ന യേശുദാസ് സംവിധായകന്റെ കൈപിടിച്ച് കുലുക്കി പറഞ്ഞു: "വിചാരിച്ചതിനേക്കാൾ ഭംഗിയായി. നിങ്ങൾ പറഞ്ഞപോലെ ഒരു ചരിത്ര സംഭവം തന്നെയായിരിക്കും ഈ പാട്ട്. പടം പുറത്തിറങ്ങട്ടെ."
എന്നാൽ വിധിയുടെ തീരുമാനം മറിച്ചായിരുന്നു. പല കാരണങ്ങളാലും "സിദ്ധാർഥ" വെളിച്ചം കണ്ടില്ല. പാട്ട് ചിത്രീകരിക്കപ്പെട്ടതുമില്ല. എങ്കിലെന്ത്? ഇന്നും പതിവായി കണ്ടുമുട്ടാറുണ്ട് ആ ഗാനത്തിന്റെ ആരാധകരെ. "ഇറങ്ങിയ ഉടൻ ഹിറ്റായ പാട്ടായിരുന്നു അത്." - ഭദ്രന്റെ ഓർമ്മ. "അക്കാലത്തെ മിക്ക വിവാഹ വീഡിയോകളുടേയും പശ്ചാത്തലത്തിൽ ഈ ഗാനം കേൾക്കാം."
"ഇടനാഴിയിൽ ഒരു കാലൊച്ച"ക്ക് പിന്നാലെ ഭദ്രൻ സംവിധാനം ചെയ്യേണ്ടിയിരുന്ന പടമാണ് സിദ്ധാർഥ. "ചാരവൃത്തിയുടെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥ പറയാനാണ് ഉദ്ദേശിച്ചത്. രാജസ്ഥാനിലേക്കും പാകിസ്താനിലേക്കുമൊക്കെ നീളുന്ന ത്രില്ലർ. ഉദ്യോഗസംബന്ധമായി രാജസ്ഥാനിലെത്തുന്ന നായകന്റെ വേഷത്തിൽ മമ്മൂട്ടി. അവിടെ വെച്ച് അയാൾ കണ്ടുമുട്ടി പ്രേമിക്കുന്ന ടെലിഫോൺ ഓപ്പറേറ്ററായി സുമലത. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി വളരാൻ വഴിയൊരുക്കുന്ന ഒരു പാട്ട് വേണം. ആ ചിന്തയായിരുന്നു ഇങ്ങനെയൊരു ദ്വിഭാഷാ ഗാനത്തിന്റെ പിറവിക്ക് പിന്നിൽ."
റേഡിയോ ആണ് പ്രണയികളുടെ ഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന മാധ്യമം. "നായികാനായകന്മാർ സംസാരിച്ചുകൊണ്ടിരിക്കെ റേഡിയോയിൽ നിന്ന് യാദൃച്ഛികമായി റഫി സാഹിബിന്റെ തേരെ മേരെ സപ്നേ എന്ന ഗാനത്തിന്റെ ഒറിജിനൽ റെക്കോർഡ് ഒഴുകിവരുന്നു. സംസാരം നിർത്തി ഗാനത്തിൽ മുഴുകുകയാണ് ഇരുവരും. പല്ലവി അവസാനിക്കും മുൻപ് നായകൻ റഫിയുടെ ശബ്ദത്തിനൊപ്പം പാടിത്തുടങ്ങുന്നു. പിന്നെ റേഡിയോയുടെ ശബ്ദം താഴ്ത്തിവെച്ച് മലയാളത്തിൽ തുടർന്നുപാടുകയാണ് നായകൻ. യേശുദാസ് റഫിയുടെ ശബ്ദത്തിൽ ഒഴുകിച്ചേരുന്നത് ഈ ഘട്ടത്തിലാണ്. ചരണത്തിലെ ആദ്യ വരി ഹിന്ദിയിൽ തന്നെ. അതുകഴിഞ്ഞാണ് മലയാളം വരികളുടെ വരവ്." രണ്ടാമത്തെ ചരണത്തിൽ ചിത്ര കൂടി ചേരുന്നതോടെ ഗാനത്തിന്റെ അവതാരലക്ഷ്യം പൂർണ്ണമാകുന്നു.
ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് ഭദ്രൻ തന്റെ മനസ്സിലെ ആശയം ഗാനഗന്ധർവനുമായി പങ്കുവെച്ചത്. കൗതുകമായിരുന്നു യേശുദാസിന്. റഫി സാഹിബ് ആണല്ലോ അദ്ദേഹത്തിന്റെ ആരാധനാപാത്രം. സന്തോഷത്തോടെ തന്നെ ഗാനം പാടാൻ യേശുദാസ് സമ്മതിച്ചുവെന്ന് ഭദ്രൻ. "മകൻ വിജയ് യേശുദാസ് തരംഗിണി സ്റ്റുഡിയോയിൽ അന്നൊരു ഓണപ്പാട്ട് പാടുന്നുണ്ട്. ആ റെക്കോർഡിങ് കാണാൻ ഞാനും ചെല്ലണമെന്ന് ദാസേട്ടന് നിർബന്ധം. കാരണമുണ്ട്. തൊട്ടുതലേ വർഷം എന്റെ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിലാണ് വിജയ് ഒരു ശ്ലോകം പാടി പിന്നണിഗായകനായി അരങ്ങേറിയത്. റെക്കോഡിങ്ങിന് ചെന്നപ്പോൾ വീണ്ടും ദാസേട്ടനെ കണ്ടു. മൂന്ന് ദിവസം കഴിഞ്ഞു ചെന്നൈയിൽ വെച്ച് പാട്ടെടുക്കാമെന്ന് പറയുകയും ചെയ്തു."
അടുത്ത ദിവസം തന്നെ ബിച്ചു ഈണത്തിനനുസരിച്ചു വരികൾ കുറിച്ചു. ശ്യാം ആണ് സിനിമയുടെ സംഗീത സംവിധായകൻ. ഇവിടെ അദ്ദേഹത്തിന് ഹിന്ദി പാട്ടിന്റെ ഈണത്തിലുള്ള മലയാളം ഗാനത്തിന്റെ വാദ്യവിന്യാസം നിർവഹിക്കേണ്ട ചുമതലയേയുള്ളൂ. "പറഞ്ഞ സമയത്തു തന്നെ പൂജയ്ക്കും റെക്കോർഡിങ്ങിനുമായി പ്രസാദ് സ്റ്റുഡിയോയിൽ എത്തി ദാസേട്ടൻ. ഇനിയാണ് പ്രതീക്ഷിക്കാത്ത ചില സംഭവങ്ങൾ അരങ്ങേറുന്നത്. വരികൾ വായിച്ചു കേട്ടപ്പോൾ അദ്ദേഹത്തിന് എന്തോ ഒരു താൽപര്യക്കുറവ്. അതോടെ ഭാവം മാറി. ഇതെന്ത് പാട്ട് എന്നായി അദ്ദേഹം. റഫി സാഹിബിന്റെ ക്ലാസ്സിക് പാട്ടിനെ ഇത്തരത്തിൽ അപമാനിക്കാനാവില്ല എന്ന് പറഞ്ഞുകൊണ്ട് സ്റ്റുഡിയോയിൽ നിന്ന് ഇറങ്ങിപ്പോകുന്നു അദ്ദേഹം. ഒപ്പം പാടാനെത്തിയ ചിത്രയുൾപ്പെടെ എല്ലാവരും ടെൻഷനടിച്ചുപോയ ഘട്ടം.
ഏറെ ആത്മസംഘർഷമനുഭവിച്ച നിമിഷങ്ങളായിരുന്നു അവയെന്ന് ഭദ്രൻ. യേശുദാസ് അല്ലാതെ മറ്റാരെങ്കിലും ആ പാട്ട് പാടുന്നതിനെ കുറിച്ചു ചിന്തിക്കാനാവില്ല. ആർക്ക് മുന്നിലായാലും സ്വന്തം അഭിമാനം പണയപ്പെടുത്താൻ വയ്യ താനും. ദൈവദൂതനെപ്പോലെ സംവിധായകൻ ഐ.വി. ശശി അവതരിച്ചത് അപ്പോഴാണ്. പൂജക്ക് സ്റ്റുഡിയോയിൽ എത്തിയ ശശിക്ക് ദാസേട്ടന്റെ പെട്ടെന്നുള്ള ഭാവമാറ്റത്തിന്റെ കാരണമെന്തെന്നറിയണം. നടന്ന സംഭവം വിശദീകരിച്ചപ്പോൾ പാട്ടിന്റെ സിറ്റുവേഷൻ കേൾക്കണമെന്നായി ശശി. ഗാനസന്ദർഭം സംവിധായകൻ വിവരിച്ചുകൊടുത്തപ്പോൾ ശശിയുടെ ഭാവം മാറുന്നു: " ശെടാ, ഗംഭീര സിറ്റുവേഷനാണല്ലോ. ഈ പാട്ടിന് ഏറ്റവും യോജിച്ചത്." - പുറത്തുചെന്ന് നേരിട്ടു തന്നെ ദാസേട്ടനെ തന്റെ അഭിപ്രായം അറിയിക്കുക കൂടി ചെയ്തു ശശി.
ഇനിയാണ് കഥയുടെ ക്‌ളൈമാക്‌സ്. യേശുദാസ് തിരികെ സ്റ്റുഡിയോയിൽ കയറിവരുന്നു; നേരെ മൈക്കിന് മുന്നിൽ ചെന്ന് നിൽക്കുന്നു; ഒപ്പം ചിത്രയും. "ഒരൊറ്റ ടേക്ക്. അത്രയേ വേണ്ടിവന്നുള്ളൂ പാട്ട് ഓക്കേ ആകാൻ. സ്പീക്കറിലൂടെ ആ ശബ്ദം ഒഴുകിവന്നപ്പോൾ അനുഭവിച്ച രോമാഞ്ചം ഇപ്പോഴുമുണ്ട് അതേപടി ഓർമ്മയിൽ. പാട്ട് വളരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കൈ തന്നാണ് അദ്ദേഹം സ്റ്റുഡിയോ വിട്ടത്."
പുറത്തിറങ്ങിയിരുന്നെങ്കിൽ "സിദ്ധാർത്ഥ"യുടെ മുഖ്യ ആകർഷണമാകേണ്ടിയിരുന്ന ഗാനം. നിർഭാഗ്യവശാൽ പടം വെളിച്ചം കണ്ടില്ല. പ്രതികൂല കാലാവസ്ഥ മൂലം രാജസ്ഥാനിലെ ചിത്രീകരണം മുടങ്ങിയതാണ് പ്രധാന കാരണം. "ആ പടത്തിന്റെ വിധി അതായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം." ഭദ്രൻ പറയുന്നു. "ഒരർത്ഥത്തിൽ ആ തിരിച്ചടിയാണ് അയ്യർ ദി ഗ്രേറ്റ് എന്ന പടത്തിന്റെ പിറവിക്ക് വഴിയൊരുക്കിയതും.
റഫിയോടുള്ള യേശുദാസിന്റെ ആരാധനക്ക് കുട്ടിക്കാലത്തോളമുണ്ട് പഴക്കം. ഇൻസാഫ് കാ മന്ദിർ, സുഹാനി രാത് ഢൽ ചുകി തുടങ്ങിയ പാട്ടുകൾ സ്കൂൾ കാലം മുതലേ സ്റ്റേജിൽ പാടും. സിനിമയിൽ പ്രശസ്തനായിട്ടും റഫിയോടുള്ള ആരാധന കൈവിട്ടില്ല യേശുദാസ്. ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന് റഫി സാഹിബുമൊത്ത് ഒരു ഗാനം പാടി റെക്കോർഡ് ചെയ്യാനുള്ള സുവർണ്ണാവസരം നഷ്ടപ്പെട്ടതാണ്. "സംഗീത സംവിധായകൻ രവീന്ദ്ര ജെയിൻജിയുടെ വലിയൊരു മോഹമായിരുന്നു ഞങ്ങളൊരുമിച്ചുള്ള ഗാനം. ഗംഗയും കാവേരിയും ഒന്നായി ഒഴുകുമ്പോൾ എന്ത് സംഭവിക്കുമെന്ന് ലോകം അറിയട്ടെ ; വീട്ടിനോട് ചേർന്നുള്ള ഓഫീസിൽ വെച്ച് പാട്ടു പഠിപ്പിക്കും മുൻപ് അദ്ദേഹം പറഞ്ഞു."
മുൻപൊരിക്കൽ മുംബൈ ഷണ്മുഖാനന്ദ ഹാളിൽ വെച്ച് പരസ്പരം കണ്ടിട്ടുണ്ടെങ്കിലും റഫി സാഹിബുമായി യേശുദാസ് കൂടുതൽ അടുക്കുന്നത് ആ റിഹേഴ്‌സൽ വേളയിലാണ്. "ദീർഘകാലം പരിചയമുള്ള പോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നിഷ്കളങ്കമായ ആ പുഞ്ചിരി മറക്കില്ല. ജീവിതത്തിലെ ഏറ്റവും ധന്യ നിമിഷങ്ങളായിരുന്നു അവ." ഒരുമിച്ചു പാടിപ്പഠിച്ച പാട്ട് ഒരിക്കലും റെക്കോർഡ് ചെയ്യപ്പെട്ടില്ല എന്നത് യേശുദാസിന്റെ സ്വകാര്യദുഃഖം. പാട്ട് ഒഴിവാക്കാൻ പടത്തിന്റെ നിർമ്മാതാക്കൾ കണ്ടെത്തിയ കാരണമായിരുന്നു കൗതുകകരം: രണ്ടു ഗായകരും തമ്മിലുള്ള ശബ്ദസാമ്യം. ഒരേ സമയം നിരാശയും അഭിമാനവും തോന്നിയിരിക്കണം യേശുദാസിന്. റഫി സാഹിബിന്റെ ശബ്ദവുമായി സാമ്യം ഉണ്ടാകുക എന്നത് ചെറിയ കാര്യമാണോ ?
വർഷങ്ങൾക്കിപ്പുറം ആ "സംഗമം" ഒരു സിനിമയിലൂടെ ഇങ്ങനെയെങ്കിലും യാഥാർഥ്യമായപ്പോൾ അതുകാണാൻ റഫി സാഹിബ് ഉണ്ടായില്ല എന്നത് വിധിനിയോഗമാകാം. കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞുകഴിഞ്ഞിരുന്നു അപ്പോഴേക്കും ദേവഗായകൻ.
Content Highlights: When Yesudas Met Rafi The Untold Story of a Lost Malayalam-Hindi Duet
Published: 02 Aug 2025, 09:10 am IST
ABOUT THE AUTHOR

രവി മേനോൻ
ravimenonmusic@gmail.comGet Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented