
ഇതിപ്പോള്‍ കോര്‍ട്ട് ടൂം ഡ്രാമകളുടെ സീസണാണല്ലോ. ക്രൈം ത്രില്ലറുകളേക്കാള്‍ കോടതി നടപടികള്‍ ആളുകളെ ത്രസിപ്പിക്കുന്ന കാലം. കുറ്റാന്വേഷകരെയെല്ലാം പ്രതിഭാഗം വക്കീലന്മാര്‍ കോടതി മുറികളില്‍ മലര്‍ത്തിയടിച്ച് യഥാര്‍ത്ഥ പ്രതികളെ കോടതിയുടെ മുന്നിലെത്തിക്കുന്നകാലം. ഇപ്പോള്‍ പുതിയ സീസണ്‍ ആരംഭിച്ച ഒരു വൈബ് സീരീസ് കണ്ടുതീര്‍ന്നപ്പോഴാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം മറ്റൊരു വെബ് സീരീസിനെക്കുറിച്ച് സജഷനോട് സജഷന്‍ നടത്തിയത്. സജഷന്‍സ് നിര്‍ബന്ധമായപ്പോള്‍ കണ്ടുനോക്കാമെന്ന് കരുതി ആദ്യ എപ്പിസോഡ് കണ്ടതും ആകാംഷ അടക്കാനായില്ല. ഒറ്റയിരുപ്പിന് കുറേ എപ്പിസോഡുകള്‍ കണ്ടു. അതിലെ അഡ്വക്കേറ്റുമാരായ നായകനേയും നായികയേയും ഒരു ഹോട്ടല്‍ മുറിയില്‍ ഒരുമിച്ച് താമസിപ്പിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനും കൂടി ഒരു സംഭവമുണ്ടാക്കുന്നുണ്ട്. അതെന്തിനാണ് എന്ന വെച്ചാല്‍ ഇരുവരും തമ്മിലുള്ള പ്രണയം അവിടെയും ഇവിടെയും മുട്ടാതെ പുറത്തുവരാതെ ഉള്ളില്‍ തന്നെ ഇരുപ്പാണ്. അതിനാല്‍ പെട്ടെന്ന് ബോംബെയിലെ ഓഫീസില്‍ നിന്ന് കൊച്ചിയിലെ ഒരു കേസിനുവേണ്ടി രണ്ടുപേരും മാത്രം ഒരു ഫ്‌ളൈറ്റില്‍ വന്ന് ഒരു ഹോട്ടലില്‍ താമസിക്കുന്നു. ഈ ഒരു സിറ്റുവേഷനുവേണ്ടി അവര്‍ക്ക് എന്തെല്ലാം സംഭവങ്ങളെ കൊണ്ടുവരാമായിരുന്നു. പക്ഷേ, ഇവിടെ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരായ കേസിന്റെ സിറ്റിങ്ങിനാണ് രണ്ടുപേരും കൂടി വന്നത്.
ഗര്‍ഭിണിയായ യുവതിയുടെ പ്രസവത്തിന്റെ അവസാന ഘട്ടം. കോംപ്ലിക്കേഷന്‍ ഉള്ളതുകൊണ്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ വേണം. എന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ ഓപ്പറേഷനുവേണ്ടി പണം അനുവദിക്കാന്‍ തയ്യാറാകുന്നില്ല. ഗര്‍ഭസ്ഥ ശസ്ത്രക്രിയയാണ് നടത്തേണ്ടത്. കുഞ്ഞ് മാതാവിന്റെ ഗര്‍ഭത്തിലിരിക്കുന്ന സമയത്താണ് ഈ ശസ്ത്രക്രിയ നടത്തുന്നത്. ഇത് ഇന്‍ഷുറന്‍സ് പോളിസിയില്‍ കവര്‍ ചെയ്യപ്പെട്ടിട്ടില്ല എന്ന് പറഞ്ഞാണ് കമ്പനി കാഷ്‌ലെസ് ക്ലെയിം നിഷേധിച്ചത്. തുടര്‍ന്ന് കുടുംബം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നു. ഉടനെ ശസ്ത്രക്രിയ ചെയ്യണം. ആശുപത്രിയില്‍ പ്രസവ വേദന. ജഡ്ജിന്റെ വീട്ടില്‍ രാത്രിയില്‍ കോടതി നടപടികള്‍. അതിങ്ങനെ മാറിമാറി കാണിക്കുന്നു. ഈ സ്ത്രീക്ക് ഈ ശസ്ത്രക്രിയ അനിവാര്യമല്ല എന്നാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ കണ്‍സള്‍ട്ടന്റുമാര്‍ കമ്പനിക്ക് ഉപദേശം നല്‍കിയത്. ഇത് പ്രഗ്‌നന്‍സി കോംപ്ലിക്കേഷനാണ് എന്ന് കാണിച്ച് കവറേജ് നല്‍കാനാവില്ല എന്ന നിലപാട് ഇന്‍ഷുറന്‍സ് കമ്പനിയുടെ വക്കീല്‍ കട്ട നിലപാട് എടുത്തു. മാനുഷിക പരിഗണനയെങ്കിലും നല്‍കണം എന്ന് ഗര്‍ഭിണിയുടെ വക്കീലന്മാര്‍- നമ്മുടെ നായികയും നായകനും- കാലുപിടിച്ചു പറഞ്ഞു. സിമ്പതി കാര്‍ഡ് ഇവിടെ പ്രസക്തമല്ല എന്ന കമ്പനി വക്കീല്‍ ട്രോളി. പോളിസി ലാംഗ്വേജ് ഈസ് മോര്‍ റെലവന്റ് എന്ന് കോടതിയും പ്രാഥമികമായി പരാമര്‍ശിച്ചു.
കുഞ്ഞിപ്പോഴും ജീവനോടെ ഉണ്ടെന്ന് ഗര്‍ഭിണിയുടെ വക്കീല്‍ വീണ്ടും വാദിച്ചു. അതിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു ശതമാനം സാധ്യതയെങ്കിലുമുണ്ടെങ്കില്‍ പണം അനുവദിക്കണം. കേസിന്റെ അടിയന്തിര സ്വാഭാവം മനസിലാക്കുന്നുണ്ട് എങ്കിലും കേസ് കോംപ്ലിക്കേറ്റഡ് ആണ് എന്നും എനിക്ക് ടൈം വേണം എന്നും ഗര്‍ഭിണിയെ ഓണ്‍ലൈനായെങ്കിലും കേള്‍ക്കണം എന്നും പറഞ്ഞ് ജഡ്ജ് പിറ്റേന്ന് രാവിലെ 8 മണിയിലേക്ക് ഹിയറിങ് മാറ്റി. കോടതിയില്‍ നിന്നിറങ്ങുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വക്കീല്‍ ഒരു ഒത്തുതീര്‍പ്പ് നിര്‍ദേശം വെച്ചു. സര്‍ജറി കോസ്റ്റ് ഞങ്ങള്‍ കവര്‍ ചെയ്യാം. പക്ഷേ, വക്കീല്‍ കൊടുത്ത വേറെ കുറെ ഇതുപോലുള്ള ഹര്‍ജികള്‍ പിന്‍വലിക്കണം. 64 പേരുടെ ഹര്‍ജികളാണ് ബോംബെയില്‍ കൊടുത്തിരിക്കുന്നത്. നമ്മുടെ നായികാ നായക വക്കീലന്മാര്‍ ആ ഒത്തുതീര്‍പ്പ് നിര്‍ദേശം തള്ളി. പിറ്റേന്ന് രാവിലെ നടപടികള്‍ പൂര്‍ത്തിയാക്കി ജഡ്ജ് വിധി പറയാന്‍ തുടങ്ങുന്നതിന് മുമ്പ് നാടകീയമായി ഇന്‍ഷുറന്‍സ് വക്കീല്‍ ഒരു പ്രധാന കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് എഴുന്നേല്‍ക്കുന്നു. ഗര്‍ഭിണിയുടെ ഭര്‍ത്താവിന്റെ പേരിലുള്ളതാണ് പോളിസി. ഭര്‍ത്താവ് മെഡിക്കല്‍ ഹിസ്റ്ററി മറച്ചുവെച്ചാണ് പോളിസി എടുത്തത്. അതുകൊണ്ട് ഈ പോളിസി തന്നെ റദ്ദാക്കാന്‍ കഴിയും.
പോളിസി എടുക്കുന്ന സമയത്ത് ഭര്‍ത്താവ് പൂരിപ്പിച്ചുകൊടുത്ത ഒരു കോളത്തില്‍ പുകവലിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് ഉത്തരം നല്‍കിയിരുന്നത്. എന്നാല്‍ പോളിസി എടുക്കുന്നതിന് മൂന്നുമാസം മുമ്പ് ഭര്‍ത്താവും സുഹൃത്തുക്കളും മൈസൂരില്‍ ടൂര്‍ പോകുമ്പോള്‍ സിഗററ്റ് വലിച്ചതിന്റെ ചിത്രം വക്കീല്‍ കോടതിയില്‍ ഹാജരാക്കി. ചിത്രത്തില്‍ കാണുന്നത് നിങ്ങള്‍ തന്നെയാണോ എന്ന ജഡ്ജ് ചോദിക്കുന്നു. അതെ എന്നും ടൂര്‍ പോയപ്പോള്‍ ഒരു രസത്തിന് വലിച്ചതാണ് എന്നും അതിനുമുമ്പോ പിമ്പോ സിഗരറ്റ് വലിച്ചിട്ടില്ല എന്നും ഭര്‍ത്താവ് പറയുന്നുണ്ടെങ്കിലും ആരു കേള്‍ക്കാന്‍. കോണ്‍ട്രാക്ട് ഇന്‍വാലിഡ് ആണ് എന്ന് വിധിക്കുകയും ജഡ്ജ് കേസ് തള്ളുകയും ചെയ്തു. എന്താല്ലേ. ഒരിക്കല്‍ സിഗരറ്റ് വലിച്ചു എന്നു കരുതി അല്ലെങ്കില്‍ അതിന്റെ ഫോട്ടോ കാണിച്ചു എന്നു കരുതി ഇന്‍ഷുറന്‍സ് പോളിസി റദ്ദാക്കാനൊന്നും കഴിയില്ല. വസ്തുതാവിരുദ്ധമായ ഈ കാര്യം എന്തിന് ഈ വെബ് സീരിസില്‍ ഉള്‍പ്പെടുത്തിയോ ആവോ.
അല്ലെങ്കില്‍ തന്നെ എങ്ങനെ ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിക്കാം എന്നു മാത്രമാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ റിസര്‍ച്ച് നടത്തുന്നത് എന്ന ആക്ഷേപം വ്യാപകമായുണ്ട്. ഇതിനിടയിലാണ് പോളിസി തന്നെ ഇല്ലാതാക്കാന്‍ ഓരോരോ നരേറ്റീവുകള്‍ സിനിമയിലൂടെയും മറ്റും എത്തുന്നത്. അല്ലെങ്കില്‍ തന്നെ കഴിഞ്ഞ വര്‍ഷം 12 ശതമാനത്തോളം ക്ലെയിമുകളാണ് ഓരോരോ ന്യായം പറഞ്ഞ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തള്ളിയത്. ഇവിടെയിപ്പോള്‍ ഒരു ഫോട്ടോ കാണിച്ച് ഇന്‍ഷുറന്‍സ് പോളിസി തന്നെ റദ്ദാക്കിയത് കണ്ടില്ല. അത് സിനിമയിലാണ് എന്നു വേണമെങ്കില്‍ ആശ്വസിക്കാം. പക്ഷേ, നിത്യജീവിതത്തിലും സ്ഥിതി വ്യത്യസ്തമല്ല. മെഡിക്ലെയിമുമായി ബന്ധപ്പെട്ട് പോളിസി ഉടമകള്‍ നല്‍കുന്ന 10 ശതമാനത്തോളം ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നുവെന്നാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്ക്.
തങ്ങളെ പറ്റിക്കാന്‍ പോളിസി ഉടമകള്‍ എപ്പോഴും ശ്രമിക്കുന്നു എന്ന മെഡിക്ലെയിം കമ്പനികളും ഇന്‍ഷുറന്‍സ് കമ്പനികള്‍ തങ്ങളെ പറഞ്ഞ് പറ്റിക്കുന്നു എന്ന് പോളിസി ഉടമകളും പരസ്പരം കുറ്റപ്പെടുത്തുന്നു. പറ്റിക്കുന്ന കാര്യത്തില്‍ പോളിസി ഉടമകളും ഇന്‍ഷുറന്‍സ് കമ്പനികളും തമ്മില്‍ ഒരു മത്സരം തന്നെ നടക്കുന്നുണ്ട്. ഇതില്‍ ആരും അന്തിമമായി വിജയിക്കുന്നില്ല എന്നതാണ് സത്യം. പക്ഷേ ഈ മേഖല തോറ്റുതൊപ്പിയിടുന്നു എന്നത് നിസ്സംശയം പറയാം. ഇന്‍ഷുറന്‍സ് ഓംബുസ്മാന് ലഭിക്കുന്ന പരാതിയിലെ വര്‍ധന തന്നെ ഇക്കാര്യം അടിവരയിടുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികളില്‍ നല്ലൊരു പങ്കും മെഡിക്ലെയിം ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ടതാണ് എന്നതാണ് ഏറെ ഖേദകരം.
ദൗര്‍ഭാഗ്യവശാല്‍ അസുഖം വന്നാല്‍ ചികിത്സയ്ക്കുള്ള പണം കിട്ടാനായാണ് ആളുകള്‍ മെഡിക്ലെയിം ഇന്‍ഷുറന്‍സ് എടുക്കുന്നത്. എന്നാല്‍ അസുഖബാധിതരായി ആശുപത്രിയിലാകുന്ന സമയം ഓരോരോ കാരണം പറഞ്ഞ് പണം നിഷേധിക്കുന്നതിനേക്കാള്‍ ക്രൂരമായി മറ്റൊന്നുമില്ല. ക്ലെയിം നിരസിക്കുന്നതാണ് ആദായക്ഷമത കൂട്ടുന്നത് എന്ന തത്വത്തിലാണോ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് എന്ന സംശയിക്കുന്നവരെ കുറ്റം പറയാന്‍ പറ്റില്ല. ദൗര്‍ഭാഗ്യം പിടികൂടുന്നവരെ എങ്ങനെയെല്ലാം ഇന്‍ഷുറന്‍സ് കമ്പനികള്‍ വട്ടം ചുറ്റിക്കുന്നു എന്നത് വ്യക്തമാക്കാന്‍ ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്റെ ഒരു വിധിയെക്കുറിച്ച് കൂടി പറയാം.
മരിച്ച പോളിസി ഉടമ മദ്യപനെന്ന് പറഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചു, അത് തെറ്റാണ് എന്നായിരുന്നു ഓംബുഡ്സ്മാന്റെ വിധി. സംഭവം ഇങ്ങനെയാണ്. ഒരു സ്ഥാപനം അതിന്റെ ഉപഭോക്താക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഗ്രൂപ്പ് ആക്സിഡന്റ് പോളിസിയില്‍ ചേര്‍ന്ന കൂലിപ്പണിക്കാരനായ ഒരാള്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ വഴിയിലുള്ള പൊട്ടക്കിണറ്റില്‍ വീണു മരിച്ചു. ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജാണ് ആയാള്‍ക്കുണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ ക്ലെയിം ചെയ്തെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി അതു നിരസിച്ചു. ഇയാള്‍ മദ്യപിക്കാറുള്ള ആളായിരുന്നു എന്നും അപകടം നടന്ന ദിവസം മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിരസിച്ചത്. ബന്ധുക്കള്‍ പരാതിയുമായി ഓംബുഡ്സ്മാനെ സമീപിച്ചു.
ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ രണ്ടുകൂട്ടരുടെയും വാദം കേട്ടു. മദ്യപിച്ചതിനെത്തുടര്‍ന്നുണ്ടായ അപകടമാണ് മരണകാരണം എന്നതിന്റെ തെളിവ് ഹാജരാക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെട്ടു. തങ്ങള്‍ പ്രദേശത്ത് അന്വേഷിച്ചെന്നും സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്ന് നാട്ടുകാര്‍ പറഞ്ഞു എന്നും സംഭവദിവസം അടുത്തുള്ള ഷാപ്പില്‍ ഇയാള്‍ ചെന്നിരുന്നു എന്ന് സാക്ഷിമൊഴികള്‍ ഉണ്ടെന്നും ഇന്‍ഷുറന്‍സ് കമ്പനി ബോധിപ്പിച്ചു. പിതാവ് മദ്യപിക്കാറുള്ള ആളാണെന്ന് മക്കള്‍ തന്നെ എഴുതി നല്‍കിയ സത്യവാങ്മൂലവും കമ്പനി തെളിവായി ഹാജരാക്കി.
സത്യവാങ്മൂലം കണ്ട് ആശ്ചര്യപ്പെട്ട ഓംബുഡ്സ്മാന്‍ മക്കളോട് ഈ സത്യവാങ്മൂലത്തെക്കുറിച്ച് ചോദിച്ചു. ഇങ്ങനെ എഴുതി നല്‍കിയാല്‍ വേഗം ഇന്‍ഷുറന്‍സ് തുക കിട്ടുമെന്ന് കമ്പനി ധരിപ്പിച്ചതുകൊണ്ടാണ് പിതാവ് മദ്യപിക്കാറുള്ള ആളാണെന്ന് എഴുതി നല്‍കിയതെന്ന് മക്കള്‍ ബോധിപ്പിച്ചു. പണം തരാതിരിക്കാനുള്ള തെളിവായി അതു ഹാജരാക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നും അവര്‍ പറഞ്ഞു. പിതാവ് മദ്യപിക്കാറുള്ള ആളായിരുന്നു എന്ന് അവര്‍ സമ്മതിച്ചു. പക്ഷേ, അപകടം നടന്ന ദിവസം മദ്യപിച്ചിരുന്നോ എന്നറിയില്ല എന്ന് അവര്‍ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടു. അതു പരിശോധിച്ച ഓംബുഡ്സ്മാന്‍ വെള്ളത്തില്‍ വീണു മരിച്ചു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് എന്നു കണ്ടെത്തി.
വയറ്റില്‍ മറ്റെന്തിന്റെയെങ്കിലും സാന്നിദ്ധ്യത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കാത്ത സ്ഥിതിക്ക് മദ്യപിച്ചതാണ് കാരണമെന്ന നിഗമനത്തിലെത്തേണ്ട ആവശ്യമെന്തെന്ന് ഇന്‍ഷുറന്‍സ് കമ്പനിയോട് ആരാഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പരിഗണിക്കാതെ മറ്റുള്ളവരുടെ മൊഴികളെ അടിസ്ഥാനമാക്കി ക്ലെയിം നിഷേധിച്ചത് തെറ്റാണെന്ന് ഓംബുഡ്സ്മാൻ വിധിച്ചു. ക്ലെയിം നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ക്ലെയിം അപേക്ഷകളെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ സമീപിക്കുന്നത് ഈ രീതിയിലാണ് എന്നത് കൂടി ഓര്‍ത്തുവയ്ക്കുക.
Content Highlights: Web series exposes insurance companies
Published: 17 Jun 2025, 11:40 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented