അഭിനയിച്ച ആദ്യരംഗത്തിന്റെ ഓര്‍മ്മകളില്‍ കത്തിജ്വലിക്കുന്ന മധ്യാഹ്ന സൂര്യനുണ്ട്. ലൈറ്റ് റിഫ്‌ളക്ടറുകളുടെ തീക്ഷ്ണമായ ചൂടുണ്ട്. ഒപ്പം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു ദേശഭക്തിഗാനത്തിന്റെ ഈരടികളും: 'ജയ ജയ ജയ ജന്മഭൂമി, ജയ ജയ ജയ ഭാരതഭൂമി..'

To advertise here,

'അറുപത്തൊന്ന് വര്‍ഷം കഴിഞ്ഞു എന്നോര്‍ക്കുമ്പോള്‍ അത്ഭുതം.'വിധുബാല പറയുന്നു. ജീവിതത്തിലാദ്യമായി ക്യാമറക്ക് മുന്നില്‍ നിന്ന അന്നത്തെ സ്‌കൂള്‍ കുട്ടി  ഒരിക്കലും ചിന്തിച്ചിരുന്നില്ല അന്നഭിനയിച്ച രംഗവും ഗാനവും പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഓര്‍ക്കപ്പെടുമെന്ന്. വയലാറിനും ദേവരാജന്‍ മാസ്റ്റര്‍ക്കും നന്ദി പറഞ്ഞേ പറ്റൂ. അവരാണല്ലോ ആ മനോഹര ഗാനത്തിന്റെ ശില്‍പ്പികള്‍. 

placeholder
വിധുബാല

എസ്ആര്‍ പുട്ടണ്ണയുടെ സംവിധാനത്തില്‍ 1964 ല്‍ പുറത്തിറങ്ങിയ 'സ്‌കൂള്‍ മാസ്റ്റ'റില്‍ യേശുദാസും സംഘവും പാടിയ  ആ ഗാനത്തിന് ഇന്നുമുണ്ട് ആരാധകര്‍. സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവുമുള്‍പ്പെടെ ദേശീയപ്രാധാന്യമുള്ള ദിനങ്ങളിലെല്ലാം മലയാളികളെ മുടങ്ങാതെ തേടിയെത്തുന്ന പാട്ട്. വയലാറിന്റെ വരികളിലെന്ന പോലെ ദേവരാജ സംഗീതത്തിലുമുണ്ട് ദേശീയബോധത്തിന്റെ അണയാത്ത ജ്വാലകള്‍. ദേശാഭിമാനവും സഹവര്‍ത്തിത്വവും സമത്വവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന രചന;

'ആകാശഗംഗയൊഴുകി വന്ന ഭൂമി 
ശ്രീകൃഷ്ണഗീതയമൃതു തന്ന ഭൂമി 
വേദാന്ത സാര വിഹാര പുണ്യഭൂമി 
ഭാസുരഭൂമി ഭാരതഭൂമി 

സ്‌നേഹത്തിന്‍ കുരിശുമാല ചാര്‍ത്തിയ ഭൂമി 
ത്യാഗത്തിന്‍ നബിദിനങ്ങള്‍ വാഴ്ത്തിയ ഭൂമി 
ശ്രീബുദ്ധ ധര്‍മ്മ പതാക നീര്‍ത്തിയ ഭൂമി 
പാവനഭൂമി ഭാരതഭൂമി 

സ്വാതന്ത്ര്യ ധര്‍മ്മ സമരകര്‍മ്മ ഭൂമി 
സത്യത്തിന്‍ നിത്യഹരിത ധന്യഭൂമി 
സംഗീതനൃത്ത വിലാസ രംഗ ഭൂമി 
ഭാസുരഭൂമി ഭാരതഭൂമി..' 

വിജയവാഹിനി സ്റ്റുഡിയോയിലായിരുന്നു ഗാന ചിത്രീകരണം എന്നോര്‍ക്കുന്നു വിധുബാല. 'വിജയ, വാഹിനി എന്നിങ്ങനെ രണ്ടു സ്റ്റുഡിയോകളുണ്ടായിരുന്നു ആ കോമ്പൗണ്ടില്‍. വിജയയിലാണ് ഈ ഗാനം ചിത്രീകരിച്ചത്. ഔട്ട്‌ഡോറില്‍ സ്‌കൂളിന്റെ സെറ്റിട്ട് ഷൂട്ട് ചെയ്ത രംഗം. അധ്യാപകനായി അഭിനയിക്കുന്ന തിക്കുറിശ്ശി സാര്‍ പ്രാര്‍ത്ഥന പാടിക്കൊടുക്കുന്നു; ഞങ്ങള്‍ കുട്ടികള്‍ ഏറ്റുപാടുന്നു. അതാണ് സീന്‍. ഇന്ന് ആ രംഗം കാണുമ്പോള്‍ ചിരി വരാറുണ്ട്. ഞാനുള്‍പ്പെടെ പലരും  കണ്ണടച്ചുപിടിച്ചാണ് പാടുന്നത്. റിഫ്ളക്റ്ററുകളിലൂടെ പ്രതിഫലിക്കുന്ന  വെളിച്ചത്തിന്റെ തീക്ഷ്ണത നേരിടാന്‍ വയ്യാഞ്ഞിട്ടാണ്. എങ്കിലും ആ ഗാനരംഗം മറക്കാനാവില്ല. അവിടെ നിന്നാണല്ലോ ജീവിതത്തിലെ പുതിയൊരധ്യായത്തിന്റെ തുടക്കം...'

'ജയ ജയ ജയ ജന്മഭൂമി'യുടെ  രംഗത്ത് തന്നോടൊപ്പം പ്രത്യക്ഷപ്പെട്ട ബാലതാരങ്ങളില്‍ പലരും വിധുബാലയുടെ ഓര്‍മ്മയിലുണ്ട്. അവരില്‍ ചിലരെങ്കിലും ഇന്നില്ല എന്നത് വേദനിപ്പിക്കുന്ന സത്യം. പില്‍ക്കാലത്ത്  സംവിധായകനും നടനുമായ ഭാഗ്യരാജിന്റെ ഭാര്യയായി മാറിയ പ്രവീണ ആണ് ഒരാള്‍. തമിഴിലും മലയാളത്തിലുമായി കുറെയേറെ സിനിമകളില്‍ വേഷമിട്ട പ്രവീണ 'വിശ്വരൂപം' എന്നൊരു മലയാളചിത്രത്തില്‍  വിധുബാലക്കൊപ്പവും അഭിനയിച്ചു. പ്രവീണയുടെ വിയോഗശേഷമായിരുന്നു പൂര്‍ണ്ണിമ ജയറാമുമായുള്ള ഭാഗ്യരാജിന്റെ വിവാഹം. മാസ്റ്റര്‍ ശ്രീധര്‍, ജയകുമാരി, മാസ്റ്റര്‍ ദശരഥന്‍ എന്നിവരേയും മറക്കില്ല. ശ്രീധര്‍ പില്‍ക്കാലത്ത് ധാരാളം തമിഴ് ചിത്രങ്ങളില്‍ ബാലനടനായി തിളങ്ങി; ദശരഥന്‍ നടനും നിര്‍മ്മാതാവുമായി. തമിഴ്-മലയാളം സിനിമകളിലെ നൃത്തരംഗങ്ങളിലൂടെയായിരുന്നു ജയകുമാരിക്ക്  പ്രശസ്തി. 'ഭൂമിദേവി പുഷ്പിണിയായി' എന്ന ചിത്രത്തില്‍ വിധുബാലക്കൊപ്പം അഭിനയിച്ചിട്ടുണ്ട് ജയകുമാരി.

'സ്‌കൂള്‍ മാസ്റ്ററി'ലെ കൊച്ചു വിശാലത്തിന്റെ വേഷത്തില്‍ തുടങ്ങിയ ചലച്ചിത്ര യാത്രയില്‍ നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചു വിധുബാലക്ക്. ഉമ്മാച്ചുവിലെ ചീനമുളക് ചിന്നമ്മു, ഭൂമിദേവി പുഷ്പിണിയായിയിലെ ജയ, ശംഖുപുഷ്പത്തിലെ ഡോ ദേവി, അശ്വത്ഥാമാവിലെ ഉണ്ണ്യേമ, വിഷുക്കണിയിലെ രാധിക, കോളേജ് ഗേളിലെ രാധ.... അങ്ങനെയങ്ങനെ വൈവിധ്യമാര്‍ന്ന ഒരുപിടി  വേഷങ്ങള്‍. അവസാനം അഭിനയിച്ചത് ജയന്‍ നായകനായ അഭിനയം (1981) എന്ന ചിത്രത്തിലാണ്. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ വിധുബാല പിന്നീട്  ജനപ്രിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി. തിളക്കമാര്‍ന്ന മറ്റൊരു ഇന്നിംഗ്സ്.

placeholder
വിധുബാല പിതാവ് ഭാഗ്യനാഥിനും അമ്മ സുലോചനയ്ക്കും സഹോദരൻ മധുവിനുമൊപ്പം | Photo: Mathrubhumi

യാദൃച്ഛികമായിരുന്നു സിനിമയിലേക്കുള്ള വരവ്. കുമാരി കമലയെപ്പോലെ ലോകമറിയുന്ന നര്‍ത്തകിയായി മകള്‍ വളരണമെന്നായിരുന്നു അച്ഛന്‍ പ്രൊഫ. ഭാഗ്യനാഥിന്റേയും അമ്മ സുലോചനയുടേയും ആഗ്രഹം. എന്നാല്‍ വിധി വിധുബാലക്ക് വേണ്ടി കരുതിവെച്ചത് മറ്റൊരു വേഷം. 'ഞങ്ങള്‍ ഈറോഡില്‍ താമസിക്കുന്ന കാലത്ത് ഒരു നാള്‍ സെല്‍വരാജ് എന്നൊരാള്‍ അച്ഛനെ കാണാന്‍ വന്നു. നിര്‍മ്മാതാവും സംവിധായകനും നടനുമൊക്കെയായ ബി ആര്‍ പന്തലുവിന്റെ സഹായി. ഒപ്പം അച്ഛന്റെ പഴയ ശിഷ്യനും. നൃത്തത്തില്‍ എന്റെ അരങ്ങേറ്റത്തിന്റെ റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കുന്ന സമയം. അവിടെ വെച്ച് ആകസ്മികമായി എന്നെ കാണാനിടവന്ന സെല്‍വരാജാണ് മകളെ സിനിമയില്‍ അഭിനയിപ്പിച്ചുകൂടെ എന്ന് അച്ഛനോട് ചോദിച്ചത്. സൂപ്പര്‍ ഹിറ്റായ കന്നഡ ചിത്രത്തിന്റെ മലയാളം റീമേക്കില്‍ നൃത്തം ചെയ്യുന്ന ഒരു കുട്ടിയുടെ റോളാണ് എന്നറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും വിരോധമൊന്നും പറഞ്ഞില്ല..'

പക്ഷേ ഷൂട്ടിംഗിനായി ചെന്നൈയില്‍ ചെന്നപ്പോഴേക്കും 'സ്‌കൂള്‍ മാസ്റ്ററി'ലെ ആ വേഷത്തിന് കുട്ടിപ്പത്മിനിയെ ബുക്ക് ചെയ്തു കഴിഞ്ഞിരുന്നു പടത്തിന്റെ അണിയറപ്രവര്‍ത്തകര്‍. തുല്യ പ്രാധാന്യമുള്ള മറ്റൊരു റോള്‍ പുതുമുഖ ബാലതാരത്തിന് വേണ്ടി നിശ്ചയിക്കപ്പെടുന്നത് അങ്ങനെയാണ്. മുത്തയ്യയുടെ മകള്‍; നായികയായ അംബികയുടെ കുട്ടിക്കാലം. ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായി ചിത്രീകരിക്കപ്പെട്ട പടത്തില്‍ നിന്ന് ഇപ്പോഴും വിധുബാലയുടെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നത്  ഗാനരംഗങ്ങള്‍ മാത്രം. ആദ്യത്തേത് ജയജയജയ ജന്മഭൂമി. മറ്റൊന്ന് താമരക്കുളക്കടവില്‍ എന്ന യുഗ്മഗാനം. അത് ഷൂട്ട് ചെയ്തത് ശിവാജി ഗാര്‍ഡന്‍സിലാണ്. 'നായികമാരിലൊരാളായ അംബികയിലേക്കുള്ള  എന്റെ വളര്‍ച്ച ചിത്രീകരിക്കുന്ന പാട്ടായിരുന്നു.'വിധുബാലയുടെ ഓര്‍മ്മ. 'സിന്ദാബാദ് സിന്ദാബാദ്, വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്' എന്നൊരു ഗാനരംഗത്തുമുണ്ട് വിധുബാലയുടെ സാന്നിധ്യം. 

അതായിരുന്നു തുടക്കം. പിന്നീട് എത്രയെത്ര മറക്കാനാവാത്ത ഗാനരംഗങ്ങള്‍. ചെമ്പകത്തൈകള്‍ പൂത്ത (കാത്തിരുന്ന നിമിഷം), പാതിരാത്തണുപ്പ് വീണു (ഭൂമിദേവി പുഷ്പിണിയായി), വൃശ്ചികപ്പെണ്ണേ വേളിപ്പെണ്ണേ (തോമാശ്ലീഹാ), സീമന്തരേഖയില്‍ (ആശീര്‍വാദം), മലര്‍ക്കൊടിപോലെ (വിഷുക്കണി), വെണ്ണയോ വെണ്ണിലാവുറഞ്ഞതോ (ഇതാ ഇവിടെ വരെ), ചന്ദ്രമദത്തിന്റെ (ഓര്‍മ്മകള്‍ മരിക്കുമോ), കറുകറുത്തൊരു പെണ്ണാണ് (ഞാവല്‍പ്പഴങ്ങള്‍) രവിവര്‍മ്മ ചിത്രത്തിന്‍ (രാജുറഹിം).... വിധുബാലയുടെ രംഗസാന്നിധ്യം കൊണ്ടുകൂടി ഓര്‍ക്കപ്പെടുന്ന പാട്ടുകള്‍. 

പതിമൂന്ന് ഷൂട്ടിംഗ് ഫ്‌ളോറുകളോടെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റുഡിയോ എന്ന പദവി വര്‍ഷങ്ങളോളം കൊണ്ടുനടന്ന വിജയവാഹിനി സ്റ്റുഡിയോ ഇന്നില്ല. വിജയ ഹോസ്പിറ്റലും ഗ്രീന്‍ പാര്‍ക്ക് എന്നൊരു ലക്ഷ്വറി  ഹോട്ടലുമാണ്  ഇന്നവിടെ. എങ്കിലും തെന്നിന്ത്യന്‍ സിനിമാചരിത്രത്തിലെ എത്രയോ അനര്‍ഘനിമിഷങ്ങള്‍ ഘനീഭവിച്ചു നില്‍ക്കുന്നു ആ അന്തരീക്ഷത്തില്‍. 'അഭിനയിച്ച ഓരോ ഗാനരംഗവും മറക്കാനാവാത്ത ഓരോ കാലം കൂടിയാണ്. ജയ ജയ ജയ ജന്മഭൂമിയും അതുപോലെ തന്നെ...' വിധുബാലയുടെ ആത്മഗതം.