മണിച്ചിത്രത്താഴ് സിനിമയില്‍ ഗംഗ ചോദിക്കുന്നു. എനിക്ക് എന്ത് പറ്റി നകുലേട്ടാ? നകുലന്‍ പറയുന്നു. ഇല്ല നിനക്ക് ഒന്നും പറ്റിയില്ല. ഗംഗ സമ്മതിക്കുന്നില്ല. അല്ല. എനിക്ക് എന്തോ പറ്റി. എന്താ പറയ് ? നകുലനും വേദന കടിച്ചമര്‍ത്തി വീണ്ടും കള്ളം പറയുന്നു. നിനക്ക് ഒന്നും പറ്റിയില്ല. ഗംഗ വീണ്ടും സമ്മതിക്കാതെ വിതുമ്പുന്നു. അല്ല. എനിക്കെന്തോ ഉണ്ട്. എനിക്കെന്തോ പറ്റി...
തനിക്ക് മെന്റല്‍ ഇല്‍നെസ് ഉണ്ടോ എന്ന് സ്വയം സംശയിക്കുന്ന എല്ലാവരും ഗംഗയേപ്പോലെ ഉറ്റവരോടും ഉടയവരോടും ചോദിക്കും പറ എനിക്ക് എന്താ പറ്റിയത് ?. അല്ലെങ്കിൽ വെളിച്ചപ്പാട് കാട്ടുപറമ്പനെപ്പോലെ എല്ലാവരോടും ചോദിക്കും. പറ..എന്നെ ഇപ്പോ കണ്ടിട്ട്  എന്തെങ്കിലും കുഴപ്പമുണ്ടോ ?. കടുത്ത മാനസിക സമ്മർദ്ദത്തിനിടിയിൽ എന്തെങ്കിലും താളപ്പിഴകൾ തോന്നി അടുപ്പമുള്ളവരോട് ചോദിച്ചു നോക്കൂ. ഉത്തരം കിട്ടില്ല. നിങ്ങൾ പക്ഷേ തനിച്ചല്ല. മലയാളികളുടെ പൊതുരീതിയാണ് അത്. ഓരോ മലയാളിയും മറ്റൊരു മലയാളിയോടും പറയുന്ന പൊതു മറുപടിയുമാണത്.  ഇല്ല, നിനക്കൊന്നുമില്ല.

To advertise here,

ഇത്തരം ചോദ്യങ്ങള്‍ക്ക് ആരും സത്യസന്ധമായ ഉത്തരം പറയില്ല. മെന്റല്‍ ഇല്‍നെസ് ശരീരത്തിലെ ദുര്‍ഗന്ധം പോലെയാണ്. നമ്മള്‍ ഏറ്റവും അവാസാനമേ അത് തിരിച്ചറിയുകയുള്ളൂ. അപ്പോഴേക്കും അത് ശ്വസിച്ച് ചുറ്റമുള്ളവരെല്ലാം ശ്വാസംമുട്ടിക്കഴിഞ്ഞിരിക്കും. എങ്കിലും ആരും അത് നിങ്ങളോട് തുറന്നു പറയില്ല. സിനിമയിൽ ഗംഗയും കാട്ടുപറമ്പനും നേരിടുന്ന മെന്റല്‍ ഇൽനെസിനെ ഡോ. സണ്ണിക്കുട്ടൻ ചികിത്സിച്ചുമാറ്റിയെന്നത് നേര്. പക്ഷേ ജീവിതത്തിൽ ഇവിടെ ഈ കേരളത്തിലെ നിരവധി മാടമ്പള്ളികളിൽ യഥാർഥ മെന്റല്‍ ഇൽനെസുകാർ രോഗമറിയാതെ, ചികിത്സയില്ലാതെ കഴിയുകയാണ്. ഫിസിക്കല്‍ ഇല്‍നെസ് വന്നാല്‍ ആരും നിര്‍ബന്ധിക്കേണ്ട. എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് പോകും. എന്നാല്‍ വരുന്നത് മെന്റല്‍ ഇല്‍നെസ് ആണെങ്കിലോ. ആരും പോകില്ല. പലർക്കും തങ്ങളുടെ യഥാർത്ഥ പ്രശ്നം തിരിച്ചറിയാൻ കഴിയാറില്ല. കഴിയുന്നവർതന്നെ ചികിത്സകരെ സമീപിക്കാറുമില്ല.

കേരളത്തിലെ നഗരങ്ങളിൽ ജീവിക്കുന്നവരാണ് ഇത്തരത്തിലെ കൂടുതൽ വെല്ലുവിളികൾ നേരിടുന്നത്. പ്രത്യേകിച്ചും ഡിപ്രഷനാണ് യഥാർത്ഥ വെല്ലുവിളി. എന്താണ് കാരണം. ഒന്നല്ല നിരവധിയുണ്ട്. കുടുംബ ബന്ധങ്ങളിലെ ആഴമില്ലായ്മ, ന്യൂക്ലിയർ കുടംബങ്ങളും ഉദയം. എല്ലാവരും അവരവരിലേക്ക് ഒതുങ്ങിക്കൂടുന്നത്. പരസ്പരം സംസാരിക്കാൻ സമയമില്ല. അക്കാഡമിക് പ്രഷർ, ലഹരി വസ്തുക്കളുടെ ദുരപയോഗം, വിവാഹ മോചനം. എന്താണ് ആരും സഹായം തേടാത്തത് ?. മാനസിക ആരോഗ്യം എന്താണ് എന്ന് തന്നെ നമുക്ക് അറിയില്ല. പിന്നെങ്ങനെ ആരോഗ്യമില്ലാത്ത അവസ്ഥ മനസിലാക്കും. അതാണ് അവർ ചോദിച്ചുകൊണ്ടേ ഇരിക്കുന്നത് എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്.

ഒന്നുമില്ല എന്ന് എല്ലാവരും പറയുമ്പോഴും അത് വിശ്വസിക്കാതെ അല്ല എനിക്കെന്തോ കുഴപ്പമുണ്ട്. മനസിന് നല്ല സുഖമില്ല എന്നെങ്ങാനും ഒന്ന് പറഞ്ഞുനോക്കൂ. അപ്പോൾ വരും റെഡിമേയ്ഡ് ഉത്തരങ്ങൾ. ഇങ്ങനെ പറയുന്നത് ഒരു അവിവാഹിതനോ, അവിവാഹിതയോ ആണെങ്കിൽ ഇങ്ങനെയായിരിക്കും മറുപടി.- നീ ചുമ്മാതിരി. അതിങ്ങനെ സിംഗിൾ ആയി കഴിയുന്നതുകൊണ്ടാണ്. ഒരു കല്യാണം കഴുയുന്നതോടെ എല്ലാം ശരിയാകും. ഇനി വിവാഹിതനാണ് മനസിന് സുഖമില്ല എന്നു പറയുന്നതെങ്കിൽ ഇതുപോലെയായിരിക്കും മറുപടി. എല്ലാവരും കൂടി ഒരു യാത്രയൊക്കെ പോയിട്ടുവാ. അതോടെ ശരിയാകും എല്ലാം. അല്ലെങ്കിൽ വർക്ക് പ്രഷറായിരിക്കും കാരണം. എല്ലാത്തിനും കുറച്ചു ലിമിറ്റ് വയ്ക്ക്. കമ്പനിയിൽ നീ മാത്രമല്ലല്ലോ. എന്നിട്ട് നീ മാത്രം എന്തിനാ എല്ലാം എടുത്ത് തലയിൽ വയ്ക്കുന്നത്. ചിലപ്പോൾ ഇതൊക്കെ കേട്ട് നമുക്ക് ശരിയെന്ന് തോന്നും. യഥാർത്ഥ പ്രശ്നങ്ങൾ അങ്ങനെതന്നെ തുടരുകയും ചെയ്യും.

എന്താണ് ഇതിലെ ദുരന്തം. അഞ്ച് മലയാളികളിൽ ഒരാൾവീതം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു എന്നാണ് കണക്കുകൾ പറയുന്നത്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ മുന്നിലാണത്രേ. ബാക്കി നാലുപേരും സ്വയം കരുതുന്നത് ഉറക്കം ശരിയാകാഞ്ഞിട്ടോ, ബിപി കൂടുന്നത് കൊണ്ടോ, ബോസിന്റെ മുരടൻ സ്വഭാവം കാരണമാണെന്നോ ഒക്കെയാകും. മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ആത്മഹത്യ നിരക്കിലും കേരളം തന്നെ മുന്നിൽ. പക്ഷേ അതിന് കാരണം ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ധൈര്യമില്ലാത്തതാണ് എന്ന് ഉത്തരത്തിൽ നമ്മൾ സമാധാനം കണ്ടെത്തും.

പെട്ടികടകളേക്കാൾ കേരളത്തിൽ ഹോസ്പിറ്റലുകളുണ്ട്. പക്ഷേ എന്നാലും ആരും ഈ പ്രശ്നത്തിന് ആരും ചികിത്സകരെ സമീപിക്കില്ല. കാരണം ഭയം. സമൂഹം എന്തുവിചാരിക്കും. സോഷ്യൽ സ്റ്റാറ്റസ് പോകുമെന്ന ചിന്ത തുടങ്ങിയവ കാരണമാണ്. ശാരീരിക ആരോഗ്യത്തിൽ മാനസികാരോഗ്യവും ഉൾപ്പെടുന്നുവെന്ന് ഭൂരിഭാഗം മലയാളികളും സമ്മതിച്ചുതരില്ല. ശാരീരിക ആരോഗ്യത്തിനായി യോഗയും, ജോഗിംങ്ങും എല്ലാം ചെയ്യും. പക്ഷേ മാനസികാരാഗ്യത്തിന് വേണ്ടിയോ?. സ്ഥിരമായി ഹെൽത്ത് ചെക്കപ്പ് നടത്തും. പക്ഷേ ഒരു ഹെൽത്ത് ചെക്കപ്പിലും മെന്റല്‍ ചെക്ക് അപ്പ് ഇല്ല.

മാനസികമായി വെല്ലുവിളി നേരിടുന്ന അന്യരെ നമുക്കിപ്പോൾ വളരെ സുപരിചിതമാണ്. അവരെ സൈക്കോ എന്ന ഓമനപ്പേരിട്ടാണ് വിളിക്കുന്നത്. ബോസിനെ കാണാൻ പോകുമ്പോൾ സഹപ്രവർത്തകർ വാണിംഗ്  നൽകും. ഇപ്പോ പോകല്ലേ അയാള് നല്ല സൈക്കോ മൂഡിലാണ് ഇപ്പോ. ചെന്ന് കേറിക്കൊടുക്കരുത്. അല്ലേലും അയാളെപ്പോഴാണ് ആ മൂഡിലല്ലാത്തത് എന്ന് പറഞ്ഞ് നമ്മൾ തിരികെപ്പോരും. ഫിസിക്സ് പഠിപ്പിക്കാൻ ഒരു സാറ് വന്നിട്ടുണ്ട്. തനി സൈക്കോ എന്ന് മക്കൾ വീട്ടിൽ വന്ന് പറയുമ്പോൾ നമ്മൾ ചിരിക്കും. എടാ നമ്മുടെ സുരേഷിന്റെ ഭാര്യയില്ലേ. കഴിഞ്ഞമാസം കല്ല്യാണം കഴിഞ്ഞത്. ഒരു സൈക്കോ ആണെടാ. പാവം ഈ സൈക്കോമാർ ആറിയുന്നുണ്ടോ തങ്ങൾ സൈക്കോകളാണ് എന്ന്. ഗംഗയെപ്പോലെ അവരും നകുലേട്ടന്മാരോട്  ചോദിക്കാറുണ്ടായിരിക്കും. എനികെന്താ പറ്റിയത്. ഞാനെന്താ ഇപ്പോൾ പറഞ്ഞത്. ഉത്തരം നമുക്കൊക്കെ ഇപ്പോ അറിയാം അല്ലേ. ഇത്രയും വായിച്ചശേഷം എന്തെങ്കിലും കുഴപ്പമുണ്ട് എന്ന് നിങ്ങൾക്കും സ്വയം തോന്നുന്നുണ്ട് എങ്കിൽ അമ്മയോ പെങ്ങളോ ഭാര്യയോ കൂട്ടുകാരോ ഇല്ല നിനക്കൊന്നുമില്ല എന്ന് പറയുന്നതിനു മുമ്പ് മെന്റല്‍ ഹെൽത്ത് പരിശോധിക്കാവുന്നതേയുള്ളൂ.

എന്താ മലയാളികളിങ്ങനെ പിള്ളേച്ചാ 

നല്ല സാക്ഷരതയും സാമൂഹിക അവബോധവും പൊതുജന ആരോഗ്യവുമൊക്കെ ഉണ്ടെങ്കിലും നമ്മൾ മാനസിക ആരോഗ്യത്തിന് വലിയ ഗൗരവം കൊടുക്കാത്തതിന് പല കാരണങ്ങളുണ്ട്. ചില കാരണങ്ങളൊക്കെ കേട്ടാൽ അതിനൊന്നും ഒരിക്കലും ഒരു പരിഹാരമില്ലെന്ന് തോന്നും.

പ്രതിഛായ പേടി : മെന്റല്‍ ഇൽനെസ് (ഈ ഇംഗ്ലീഷ് വാക്ക് എന്തിനിങ്ങനെ ആവർത്തിച്ച് ഉപയോഗിക്കുന്നു മലയാളം വാക്ക് ഉപയോഗിച്ചുകൂടേ എന്ന് ചോദിച്ചേക്കാം. മെന്റല്‍ ഇൽനെസിന് ആകെ ഒരൊറ്റ മലയാളം വാക്കേ ഉള്ളൂ. അതിവിടെ എഴുതിയാൽ ഇവിടെ ചർച്ചചെയ്യുന്ന വിഷയത്തെ വേറെ എവിടെയൊക്കൊയേ ആകും കൊണ്ടു ചെന്നിത്തിക്കുക. അതിനാൽ ഇംഗ്ലീഷിൽ തന്നെ കിടക്കട്ട. വായിക്കുന്ന ഓരോർത്തർക്കും ഇഷ്ടമുള്ള രീതിയിൽ മലയാളത്തിലാക്കാം ) നമുക്ക് ഉണ്ടെന്ന് നമ്മൾ സമ്മതിച്ചാലും നമ്മുടെ വേണ്ടപ്പെട്ടവർ അത് അംഗീകരിച്ചുതരില്ല.  കാരണം അത് എന്തോ നാണക്കേടുണ്ടാക്കുന്ന അവസ്ഥയാണ് എന്നാണ് നമ്മുടെ വിചാരം. അത്തരം അവസ്ഥയുള്ളവർ ലേബലിംഗിന് വിധേയമാകും ഒറ്റപ്പെടുത്തും എന്നൊക്കെയാണ് അവരുടെ ഭയം. നല്ല വിവാഹ ആലോചനകൾ വരില്ല, കുടുംബത്തിന്റെ മഹിമ പോകും, തൊഴിലിടത്ത് വിവേചനത്തിനിരയാകും തുടങ്ങിയ പേടികൾ വേറെയുമുണ്ട്.

മിഥ്യാഭിമാനം : എന്റെ മകൾക്ക് അല്ലെങ്കിൽ മകന് ഷുഗറും പ്രഷറുമുണ്ട് എന്ന സമ്മതിക്കാൻ നമുക്ക് മടിയില്ല. എന്നാൽ ഡിപ്രഷനുണ്ട് എന്ന് ഒരിക്കലും പറയില്ല. അതിന് ചികിത്സിക്കില്ല.

ആചാരപരമായ ധാരണകൾ: ബാധ, ദോഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഇത്തരം അവസ്ഥകളെ കൂട്ടിക്കെട്ടുന്ന രീതികളുമുണ്ട്. അതൊക്കെ രഹസ്യമായി വയ്ക്കേണ്ടതാണ് എന്ന ഒരു പൊതുബോധവുമുണ്ട്. തന്മൂലം ശാസ്ത്രീയ ചികിത്സകൾ തേടാതെ പോകുന്നു.

കുടംബ, സാമൂഹിക സമ്മർദ്ദങ്ങൾ:  നമുക്ക് എല്ലാത്തിലും മുൻനിരയിലെത്തണം. കുട്ടികൾക്ക് റാങ്ക് വേണം. വലിയ കമ്പനികളുടെ കാമ്പസ് സെലക്ഷനിൽ ജോലി നേടണം, ചിലർക്ക് സർക്കാർ ജോലി വേണം.  ഇതൊക്കെ നൽകുന്ന മാനസിക സമ്മർദ്ദം ഡിപ്രഷനിലേക്ക് കൊണ്ടുപോകും. പലർക്കും എന്താണ് കാരണം എന്നുപോലും അറിയില്ല.

ജീവിത ശൈലിയിലെ വ്യത്യാസം : നാട്ടിൻ പുറത്തെ വരുമാനവും നഗരങ്ങളിലെ ജീവിതരീതിയുമാണ് മിക്ക മലയാളികൾക്കും. ജോലിയിലെ അരക്ഷിതത്വം, വിദേശങ്ങളിലേക്കുള്ള കുടിയേറ്റം, ഏകാന്തത തുടങ്ങിയവയൊക്കെ ആളുകളെ മാനസികമായി തളർത്തുന്നതാണ്. ബന്ധങ്ങളില്ലാത്തത് എല്ലാം ഉള്ളിലൊതുക്കാൻ നിർബന്ധിതമാക്കുന്നു. ഒന്നും ഒരിക്കലും ശരിയാകില്ല എന്ന നെഗറ്റീവ് ചിന്താഗതി വളരാൻ  ഇത് കാരണമാകുന്നു. സോഷ്യൽ മീഡിയ ആകട്ടെ ആളുകളെ എല്ലാം എല്ലാത്തിനോടും താരതമ്യം ചെയ്യാൻ പ്രേരിപ്പിക്കുന്നു. അത് ഉത്കണഠയും നിരാശയും ജനിപ്പിക്കുന്നു.

ലഹരി വസ്തുക്കളുടെ ഉപയോഗം: മെന്റല്‍ ഇൽനെസിന് മിക്ക മലയാളികളുടെയും പോഷകാഹാരം മദ്യവും സിഗരറ്റും മയക്കുമരുന്നുമാണ്. ദുഖം താങ്ങാനാകാതെ വരുമ്പോൾ ചികിത്സയല്ല ഒരു ബോട്ടിൽ മദ്യമാണ് പലർക്കും സഹായത്തിനെത്തുക. കുട്ടൂകാരും കൂടെക്കൂടും. ചികിത്സ പെട്ടെന്ന് കിട്ടും. സൈഡ് എഫക്ട്സ് കുറവാണ്. കുടംബത്തിന്റെ തകർച്ച, ലിവർ ഡാമേജ് തുടങ്ങിയവ മാത്രം.

പല കാരണങ്ങളാൽ മിക്ക മലയാളികളുടെയും ഉള്ളിൽ ഒരു നാഗവല്ലി കുടിയേറിയിരിക്കുകയാണ്. മെന്റല്‍ ഹെൽത്തിനു വേണ്ടിക്കൂടി മലയാളികൾ ചികിത്സ ആരംഭിച്ചില്ലെങ്കിൽ നമ്മുടെ ഉള്ളിലുള്ള നാഗവല്ലി പുറത്തിറങ്ങി നൃത്തമാരംഭിക്കും.