
പരപ്പനങ്ങാടിക്കാരനായ ഒരു സാധു കൂലിപ്പണിക്കാരന്‍. നാല് പെണ്‍കുട്ടികളാണ് ഇയാള്‍ക്ക്. നാല് പേരും പഠിക്കാന്‍ മിടുക്കികള്‍. അതില്‍ മൂന്നാമത്തെ കുട്ടി കോഴിക്കോട് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് പഠിക്കുകയാണ്. സീസണ്‍ ടിക്കറ്റെടുത്ത് പരപ്പനങ്ങാടിയില്‍ നിന്ന് ട്രെയിനിലാണ് എന്നും കോഴിക്കോട്ടേക്കുള്ള യാത്ര. ലോക്കല്‍ ട്രെയിനായതിനാല്‍ മിക്കപ്പോഴും നല്ല തിരക്കായിരിക്കും. കുട്ടികള്‍ സ്ഥിരമായി വാതില്‍പ്പടിയില്‍ നിന്നും സ്റ്റെപ്പില്‍ ഇരുന്നുമാണ് യാത്ര ചെയ്യാറുള്ളത്. ഒരുദിവസം ട്രെയിന്‍ കോഴിക്കോട്ടെ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്ന സമയത്ത് ഈ കുട്ടി ട്രെയിനിന്റേയും പ്ലാറ്റ്‌ഫോമിന്റേയും ഇടയില്‍ കാല്‍ കുടുങ്ങി താഴേക്ക് വീണു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഏറെ നേരം പിടിച്ചിട്ടു. സ്റ്റേഷനില്‍ നിന്ന് ഉടനെ ഞങ്ങള്‍ക്ക് സന്ദേശം ലഭിച്ചു. വണ്ടിക്കടിയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്തപ്പോൾ കണ്ട ആ കാഴ്ച ഞങ്ങളെ പിടിച്ചുലച്ചുകളഞ്ഞു. അരയ്ക്ക് താഴേക്ക് ചോരയില്‍ മുങ്ങി വസ്ത്രം മുഴുവന്‍ കീറിപ്പറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു അവളുണ്ടായിരുന്നത്. പുറത്തെത്തിച്ച ഉടനെ കുട്ടിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കയച്ചു. ട്രെയിന്‍ മുന്നോട്ട് നീങ്ങിയപ്പോള്‍ പ്ലാറ്റ്‌ഫോം വിശദമായി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. ട്രാക്കില്‍ അവളുടെ ഇടതുകാലിന്റെ മസില്‍ ഭാഗം വേര്‍പെട്ടുകിടക്കുന്നു!. റെയില്‍വേ സ്റ്റേഷനിലെ ജ്യൂസ് കടയില്‍ നിന്ന് വാങ്ങിയ ഐസില്‍ പൊതിഞ്ഞ് ആ മാംസക്കഷ്ണവുമായി ഞങ്ങളും ഉടനെ ആശുപത്രിയിലേക്ക് തിരിച്ചു..
ഒരിക്കല്‍ കുന്നംകുളം-കോഴിക്കോട് റോഡില്‍ പാറേമ്പാടം എന്ന സ്ഥലത്ത് മണല്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ചു. ലോറിയുടെ മുന്നിലെ ഒരു ടയര്‍ വിട്ടുപോയി. ഇവിടെ മെയിന്‍ ആക്‌സിലിന് ചുവട്ടിലായാണ് അപകടത്തില്‍പെട്ട ഓട്ടോയുടെ ഡ്രൈവര്‍ വീണുകിടന്നിരുന്നത്. ആളെ പരിചയമുണ്ട്, പലപ്പോഴായി അയാളുടെ വണ്ടിയില്‍ കയറിയിട്ടുണ്ട്. അപകടത്തില്‍ ഓട്ടോ ഡ്രൈവറുടെ വലത് കാല്‍പാദം മുറിഞ്ഞുപോയ നിലയിലാണുള്ളത്. കാലില്‍ നിന്ന് രക്തപ്രവാഹമാണ്. ലോറിയിലുണ്ടായിരുന്ന തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് ഓട്ടോ ഡ്രൈവറുടെ കാലിലെ മുറിഞ്ഞഭാഗം കെട്ടിവെച്ചു. ഓട്ടോയില്‍ ആറായിരം രൂപ ഉണ്ടെന്നും അത് ചേട്ടനെ ഏല്‍പ്പിക്കണമെന്നും ബോധം നഷ്ടപ്പെടുന്നതിന് മുന്‍പ് അയാള്‍ പറഞ്ഞൊപ്പിച്ചു. അതിനിടെ ഓടിക്കൂടിയ നാട്ടുകാര്‍ ലോറിയുടെ ബോഡി തുറന്ന് മണല്‍ നീക്കാന്‍ തുടങ്ങി. ജാക്കി ഉപയോഗിച്ച് ലോറിയുടെ ഒരുവശം ഉയര്‍ത്തി ഓട്ടോ ഡ്രൈവറെ പുറത്തെടുത്തു. ബോധം നഷ്ടപ്പെട്ട യുവാവിനെ ജീപ്പില്‍ കയറ്റി ആശുപത്രിയിലേക്ക് അയച്ചു. യുവാവിന്റെ കാല്‍പാദത്തിന് വേണ്ടി ഞാനും പി.എ ജോണ്‍സണും പരതുന്നതിനിടെയാണ് അത് സംഭവിച്ചത്, ജാക്കി തെന്നിമാറി ലോറി ടപ്പേന്ന് താഴേക്ക് പതിച്ചു. ഞങ്ങള്‍ ലോറിക്കടിയില്‍ നിന്ന് യുവാവിനെ പുറത്തെടുത്ത് നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത് സംഭവിച്ചത്. ആരുടേയോ ഭാഗ്യം, കുറച്ച് സമയം കൂടി ഞങ്ങള്‍ വൈകിയിരുന്നെങ്കില്‍ അപ്രതീക്ഷിതമായ മറ്റൊരു ദുരന്തത്തിന് കൂടി ഞങ്ങള്‍ സാക്ഷികളായേനെ.. ചോരപ്പാടുകള്‍ കണ്ട സ്ഥലത്ത് മരക്കഷ്ണം ഉപയോഗിച്ച് മാന്തി നോക്കിയപ്പോള്‍ അവിടെ തള്ളവിരല്‍ കണ്ടു. കുറച്ചുകൂടി ആഴത്തില്‍ പരതിയപ്പോള്‍ പാദവും കിട്ടി. പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ പാദം ആശുപത്രിയിലെത്തിക്കുമോ എന്ന് സമീപത്തുണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചപ്പോള്‍ ട്രാഫിക്ക് ഡ്യൂട്ടിയിലാണെന്നറിയിച്ചു. വേറെ വഴിയൊന്നും ഇല്ലാതായപ്പോള്‍ അതുവഴി വന്ന ബൈക്കുകാരനോട് ലിഫ്റ്റ് ചോദിച്ച് ബൈക്കില്‍ കയറി ആശുപത്രിയിലേക്ക് പാഞ്ഞു. മികച്ച ചികിത്സ കിട്ടിയാല്‍ പാദം തുന്നിച്ചേര്‍ക്കാന്‍ പറ്റുമെന്നായിരുന്നു പ്രതീക്ഷ..
കോഴിക്കോട് കണ്ണഞ്ചേരിക്കാരനായ വിജയേട്ടന്‍.. ലോട്ടറി വില്‍പനയും സൈക്കിളിലെ തുണിവില്‍പനയുമായാണ് കുടുംബം പോറ്റുന്നത്. രണ്ട് മക്കളില്‍ മൂത്ത പെണ്‍കുട്ടി ഡിഗ്രിക്കും ആണ്‍കുട്ടി പ്ലസ്ടുവിനുമാണ് പഠിക്കുന്നത്. മാസം തോറും റേഷന്‍ കടയില്‍ നിന്ന് കിട്ടുന്ന അരലിറ്റര്‍ മണ്ണെണ്ണ ഒരു കാനില്‍ സൂക്ഷിച്ചുവെയ്ക്കുകയാണ് കുടുംബം ചെയ്യുന്നത്. ഒരുദിവസം വിജയേട്ടന്‍ ലോട്ടറിവില്‍പനയ്ക്കും ഭാര്യ കടയിലേക്കും പോയ സമയത്ത് പെണ്‍കുട്ടിക്ക് ഒരു ദുര്‍ബുദ്ധി തോന്നി, കുളിമുറിയില്‍ കയറി കതകടച്ച ശേഷം മണ്ണെണ്ണ തലയില്‍ കൂടി ഒഴിച്ച് തീകൊളുത്തി. തീ കത്തിപ്പിടിച്ചപ്പോള്‍ അവള്‍ ആര്‍ത്തുവിളിക്കാന്‍ തുടങ്ങി. അയല്‍ക്കാരും ആളുകളും ഓടിക്കൂടി. പക്ഷേ, അടിതൊട്ട് മുടിവരെ ആളിക്കത്തുന്ന കുട്ടിയുടെ സമീപത്തേക്ക് ആര്‍ക്കും അടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുണ്ടായിരുന്നത്. ഏതോ വിധേനെ അവള്‍ കുളിമുറിയുടെ വാതില്‍ തുറന്ന് പുറത്തുവന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ബോധം കെട്ടുവീണു. അപ്പോഴാണ് ഞങ്ങളെത്തിയത്. വീണിടത്ത് നിന്ന് കുട്ടിയെ ഒരു ബെഡ്ഷീറ്റില്‍ പൊതിഞ്ഞെടുത്ത് നേരെ മെഡിക്കല്‍ കോളേജിലേക്ക് കുതിച്ചു. മൂന്നോ നാലോ കിലോമീറ്റര്‍ ഓടിയെത്തിയപ്പോഴേക്കും പൊള്ളിയടര്‍ന്ന് തുടങ്ങിയ ശരീരത്തില്‍ നിന്ന് ജീവന്‍ വേര്‍പെട്ട് പോയിരുന്നു. ഒറ്റ നിമിഷത്തെ ദുര്‍ബുദ്ധിയില്‍ പോയ വിലപ്പെട്ട ഒരു ജീവന്‍. രണ്ടാഴ്ച കഴിഞ്ഞു കാണും വിജയേട്ടന്‍ എന്റടുത്ത് വന്നു ചോദിച്ചു, 'സാറേ എന്റെ മകളെ കൊണ്ടുപോകുമ്പോള്‍ അവള്‍ക്ക് ജീവനുണ്ടായിരുന്നോ?! മകള്‍ക്ക് ആയുസ്സ് അത്രയേ ഉണ്ടായിരുന്നുള്ളൂവെന്ന് പറഞ്ഞ് തോളില്‍ തട്ടി ആശ്വസിപ്പിച്ച് ഞാന്‍ തിരിഞ്ഞുനടന്നു.
കോഴിക്കോട്ട് നിന്നും മലപ്പുറത്തേക്ക് പോകുന്ന വഴിയില്‍ രാമനാട്ടുകര ബസ് സ്റ്റാന്റ് കഴിഞ്ഞ് ഇടതുവശത്ത് ഒരു കടയുണ്ട്. കബീര്‍ കൂള്‍ബാര്‍, ആ കടയ്ക്കും പറയാനുണ്ട് ഒരു ദുരന്തകഥ. പത്താം ക്ലാസില്‍ പഠിത്തം നിര്‍ത്തി ജ്യൂസ് കടയില്‍ ജോലിക്ക് പോയവനാണ് കബീര്‍. പന്ത്രണ്ട് വര്‍ഷം രാമനാട്ടുകരയില്‍ പല കടകളിലും ജോലി ചെയ്തു. പല തരത്തിലുള്ള ജ്യൂസുകളും ഉണ്ടാക്കി അവര്‍ക്കിടയില്‍ സല്‍പ്പേര് നേടിയെടുത്തു. ഇരുപത്തിയെട്ട് വയസ്സായപ്പോഴേക്കും വിവാഹവും കഴിഞ്ഞ് രണ്ട് കുട്ടികളുടെ വിവാഹവും കഴിഞ്ഞു. ആ സമയത്താണ് കബീറിന് സ്വന്തമായി ഒരു കട തുടങ്ങാനുള്ള മോഹം ഉദിച്ചത്. ബാങ്ക് വായ്പയെടുത്തും സ്വര്‍ണം പണയം വെച്ചും ബന്ധുക്കളില്‍ നിന്ന് സഹായം വാങ്ങിയുമെല്ലാം കബീര്‍ അവന്റെ സ്വപ്‌നവും യാഥാര്‍ഥ്യമായി. 'കബീര്‍ കൂള്‍ബാര്‍'. കട തുടങ്ങിയപ്പോള്‍ മുതല്‍ നല്ല കച്ചവടമായിരുന്നു. തുടങ്ങി ആറാം ദിവസം, കട തുറക്കാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കബീര്‍. ഇറങ്ങാന്‍ നേരത്ത് അനിയന്‍ പറഞ്ഞു, ഇക്കാ ഇന്ന് ഞാന്‍ കട തുറക്കാമെന്ന്, എന്നാല്‍ അനിയന്റെ വാക്കുകള്‍ സ്‌നേഹത്തോടെ നിരസിച്ച് കബീര്‍ ബൈക്കില്‍ കടയിലേക്കിറങ്ങി. ഷട്ടര്‍ തുറക്കാനൊരുങ്ങുമ്പോള്‍ പാചകവാതകത്തിന്റെ രൂക്ഷഗന്ധം. അകത്തുള്ള ഒരു സിലിണ്ടര്‍ പൂര്‍ണമായും ലീക്കായിരിക്കുകയാണ്. തൊട്ടടുത്ത് നിറച്ചുവെച്ചിരിക്കുന്ന മറ്റൊരു സിലിണ്ടറുമുണ്ട്. കബീര്‍ കടയ്ക്കുള്ളിലേക്ക് കയറിയതും വലിയൊരു സ്‌ഫോടന ശബ്ദത്തോടെ കടയ്ക്കുള്ളില്‍ തീപിടിച്ചു. തീഗോളങ്ങള്‍ കബീറിനെ വിഴുങ്ങി നൂറ് ശതമാനം പൊള്ളലേറ്റ കബീര്‍ തല്‍ക്ഷണം മരിച്ചു.
ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഗ്യാസ് സിലിണ്ടര്‍ അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുകയായിരുന്നു. അപകടസാധ്യതയൊന്നും കണക്കിലെടുക്കാതെയാണ് നൂറുകണക്കിനാളുകള്‍ കടയ്ക്ക് സമീപത്തേക്ക് ഓടിക്കൂടിയത്. കൂട്ടത്തില്‍ സമീപത്തെ ഇന്‍ഷുറന്‍സ് കമ്പനിയിലെ സജീഷ് എന്ന ജീവനക്കാരനും ഉണ്ടായിരുന്നു. അടുത്തുള്ള സര്‍വീസ് സഹകരണ ബാങ്കിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് സജീഷ് തീയണച്ചതിനാല്‍ അപകടം കൂടുതല്‍ വ്യാപിച്ചില്ല. നിരവധി ആളുകളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ സജീഷിന്റെ സന്ദര്‍ഭോചിതമായ പ്രവര്‍ത്തനംമൂലം കഴിഞ്ഞു. ഞങ്ങള്‍ സംഭവസ്ഥലത്തെത്തുമ്പോള്‍ അങ്ങിങ്ങായി പുകയുയരുന്നുണ്ടായിരുന്നു. പൂര്‍ണമായും പൊള്ളിപ്പോയ കബീറിന്റെ ശരീരം അവിടെ നിന്നും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കയച്ചു. മറ്റൊരു തീപിടിത്ത സാധ്യതയില്ലായെന്ന് ഉറപ്പു വരുത്തിയശേഷം ഞങ്ങള്‍ തിരിച്ചുവന്നു.
രണ്ടാഴ്ച പിന്നിട്ടപ്പോള്‍ വ്യാപാരികളുടെ സംഘടന കബീറിന്റെ കുടുംബത്തിനുള്ള ധനസഹായം നല്‍കുന്നതിനും സജീഷിനെ ആദരിക്കുന്നതിനുമായി രാമനാട്ടുകരയില്‍ ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അതില്‍ പാചകവാതക സിലിണ്ടറിന്റെ അപകടസാധ്യതകള്‍ സംബന്ധിച്ച് ഒരു പ്രായോഗിക പരിശീലനം നടത്താനുള്ള അവസരം എനിക്ക് ലഭിച്ചു. അന്നത്തെ ക്ലാസില്‍ ഒരു ബേക്കറിയിലെ തൊഴിലാളിയായിരുന്ന അന്യസംസ്ഥാനക്കാരനും പങ്കെടുത്തിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം അയാളുടെ ജോലി സ്ഥലത്ത് ഗ്യാസ് സിലണ്ടറിന് തീപിടിക്കുകയും നനഞ്ഞ പുതപ്പ് കൊണ്ട് തീയണച്ച് സന്ദര്‍ഭോചിതമായി ഇടപെടാനും അയാള്‍ക്ക് സാധിച്ചു. ഇത്തരം പരിശീലനപരിപാടികളില്‍ പൊതുജനങ്ങള്‍ വളരെ സജീവമായി പങ്കെടുക്കണമെന്നും അപകടങ്ങള്‍ ഒഴിവാക്കാനുള്ള വിദ്യകള്‍ സ്വായത്തമാക്കുകയും വേണം. കാരണം പലപ്പോഴും അറിവില്ലായ്മയാണ് പല അപകടങ്ങളുടേയും തീവ്രത വര്‍ധിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനില്‍ ഓഫീസറായിരിക്കുമ്പോള്‍ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് സൂപ്രണ്ടിന്റെ ഒരു കത്ത് കിട്ടി. 45 വര്‍ഷങ്ങളായി ഇരുകാലിലും സ്റ്റീലിന്റെ വളയങ്ങളുമായി ജീവിക്കുന്ന തമിഴ്‌നാട്ടുകാരനായ അന്തേവാസിയുടെ കാലിലെ വളയങ്ങള്‍ മുറിച്ചു മാറ്റണമെന്നതാണ് ഉള്ളടക്കം. ഞാനും സേനാംഗങ്ങളും ജീപ്പില്‍ ആശുപത്രിയിലെത്തി ഹൈഡ്രോളിക്ക് കട്ടര്‍ ഉപയോഗിച്ച് വളയങ്ങള്‍ മുറിച്ചുമാറ്റി. നന്ദി സൂചകമായി അയാള്‍ ഞങ്ങള്‍ക്ക് മുന്നില്‍ കൈ കൂപ്പി നിന്നത് ഇന്നും മറക്കാനാവാത്ത ഒരോര്‍മയാണ്. ഇതുപോലെയുള്ള കേസുകള്‍ക്ക് കത്ത് അയക്കേണ്ടതില്ലെന്നും ഒരു ഫോണ്‍ കോള്‍ മാത്രം മതിയെന്ന് ഓര്‍മിപ്പിച്ചാണ് ഞങ്ങള്‍ അന്ന് തിരിച്ചുവന്നത്. സമാനമായ പല കേസുകള്‍ക്കും പിന്നീടും ഞങ്ങള്‍ക്ക് അവിടേക്ക് പോകേണ്ടി വന്നിട്ടുണ്ട്.
കോഴിക്കോട് ബീച്ച് സ്റ്റേഷനിലിരിക്കുമ്പോഴാണ് ആ ഫോണ്‍ വന്നത്. കോളെടുത്തപ്പോള്‍ അങ്ങേത്തലക്കല്‍ ഉണ്ണികൃഷ്ണന്‍ ഡോക്ടറാണ്. മാനസിക ആരോഗ്യകേന്ദ്രത്തില്‍ ജോലി ചെയ്യുന്ന, വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള ഡോക്ടറാണ് ഉണ്ണികൃഷ്ണന്‍. മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുവന്ന രോഗി കത്തിവീശി അക്രമാസക്തനായി എന്നാണ് വിവരം. എമര്‍ജന്‍സി ടെണ്ടറിലും ജീപ്പിലുമായി ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. സ്‌റ്റേഡിയം ജങ്ഷന്‍ കഴിഞ്ഞപ്പോഴേക്കും മൊബൈല്‍ ഫോണിലേക്ക് ഡോക്ടറുടെ കോള്‍ വീണ്ടുമെത്തി. 'രോഗി ഊരിപ്പിടിച്ച കത്തിയുമായി ആശുപത്രിയില്‍ നിന്നും പുറത്തേക്ക് കടന്നിരിക്കുന്നു.! കോമണ്‍വെല്‍ത്ത് ഓട്ടുകമ്പനി കഴിഞ്ഞുള്ള കയറ്റം കയറുമ്പോഴാണ് വലിയൊരു കത്തിയുമായി യുവാവ് ഓടിവരുന്നത് കണ്ടത്. ഇതുകണ്ട ഡ്രൈവര്‍ സജീഷ് ജീപ്പ് നിര്‍ത്തുകയും ഞങ്ങള്‍ ചാടി ഇറങ്ങുകയും ചെയ്തു. ഞങ്ങളെ കണ്ട യുവാവ് ഓടാന്‍ തുടങ്ങി. പിന്നാലെ ഞാനും സഹപ്രവര്‍ത്തകരായ സരീഷും മുകേഷും സനല്‍രാജും ഓടാന്‍ തുടങ്ങി. ആ ഓട്ടത്തില്‍ ഞാന്‍ അല്‍പ്പം പിറകിലായിരുന്നു. അപ്പോഴാണ് ഒരു ബൈക്കുകാരന്‍ എന്റടുത്ത് നിര്‍ത്തി ലിഫ്റ്റ് തന്നത്. ബൈക്ക് നേരെ യുവാവിനെയും കടന്ന് മുന്നോട്ട് നിര്‍ത്തി എന്നെ ഇറക്കി. തൊട്ടുപിന്നിലതാ കത്തിയുമായി യുവാവ് നില്‍ക്കുന്നു. അടുത്ത് വന്നാല്‍ കുത്തുമെന്ന് ഭീഷണി. ഞാന്‍ അടുത്തേക്ക് ചെല്ലുന്തോറും അയാള്‍ കത്തിവീശാന്‍ തുടങ്ങി. അതിനിടെ അയാള്‍ സമീപത്തെ ഓട്ടുകമ്പനിയിലേക്ക് ഓടിക്കയറി. പിറകെ ഞങ്ങളും. സഹായിക്കാനായി തൊഴിലാളികളുമെത്തി. എല്ലാവരും കൂടി യുവാവിനെ കീഴ്‌പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ദേഹപരിശോധനയില്‍ ട്രൗസറിനുള്ളില്‍ നിന്ന് രണ്ട് ചെറിയ കത്തികളും അന്ന് കണ്ടെത്തിയിരുന്നു.
ഏകോപനം: അശ്വതി അനില്‍
Content Highlights: True stories from a firefighter`s life filled with rescues miracles and tragedies
Published: 17 Sept 2024, 10:30 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented