
ചില സംഭവങ്ങളുണ്ട്, മല പോലെ വന്ന്, എലി പോലെ അവസാനിക്കുന്നവ, ചിലത് ഞങ്ങള്‍ വിചാരിക്കുന്നതിലുമേറെ തീവ്രമായിപ്പോകാറുമുണ്ട്. വര്‍ഷങ്ങള്‍ നീണ്ട സര്‍വീസ് ജീവിതത്തില്‍ ഇത്തരത്തില്‍ എത്രയെത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നോ, അതില്‍ സന്തോഷവും ദുഃഖവും ഞെട്ടലും അത്ഭുതവുമെല്ലാമുണ്ട്..
ശബരിമല സന്നിധാനത്ത് മകരവിളക്കിനോടനുബന്ധിച്ചുള്ള ഡ്യൂട്ടിയിലായിരുന്നു രസകരവും എന്നാല്‍ കുറച്ച് മണിക്കൂറുകള്‍ ഞങ്ങളെ പരിഭ്രാന്തരാക്കുകയും ചെയ്ത ഒരു സംഭവമുണ്ടായത്. മകരവിളക്കിന് നാലു ദിവസം കൂടി ബാക്കിയുണ്ട്, സന്നിധാനത്തും നടപ്പന്തലിലും സന്നിധാനത്തേക്കുള്ള വഴികളിലും വലിയ ഭക്തജനത്തിരക്കാണ്. പുലര്‍ച്ചെ രണ്ട് മണി കഴിഞ്ഞപ്പോഴാണ് അയ്യപ്പന്റെ ഭൂതഗണങ്ങള്‍ക്ക് അപ്പം വഴിപാടായി സമര്‍പ്പിക്കുന്ന അപ്പാച്ചിമേട്ടില്‍ അപ്പം എറിയാന്‍ പോയ കര്‍ണാടകയില്‍ നിന്നുള്ള ഒരു സ്വാമിയെ കാണാതായ വിവരം ഞങ്ങള്‍ക്ക് കിട്ടിയത്. ഉടനെ സന്നിധാനത്ത് നിന്നും റോപ്പ്, സ്ട്രെച്ചര്‍, ടോര്‍ച്ച് തുടങ്ങിയവയുമായി ഞങ്ങള്‍ പുറപ്പെട്ടു. സന്നിധാനത്ത് നിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട് അപ്പാച്ചിമേട്ടിലേക്ക്. വഴിയില്‍ നല്ല തിരക്കാണ്. ഞങ്ങള്‍ എത്തിയപ്പോഴേക്കും മരക്കൂട്ടത്ത് നിന്നുള്ള ടീം അവിടെ തിരച്ചില്‍ തുടങ്ങിയിരുന്നു. പോലീസും അയ്യപ്പസേവാസംഘം വളണ്ടിയര്‍മാരും സ്ഥലത്തുണ്ടായിരുന്നു. അഗാധമായ കൊക്കയാണ്. സമീപത്തെ മരത്തില്‍ വടം കെട്ടിയും ചെയര്‍ നോട്ടിലുമായി ഞങ്ങള്‍ ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ തിരച്ചില്‍ തുടങ്ങി. ജീവന്‍ തിരിച്ചുപിടിക്കലാണല്ലോ പ്രധാനം, പുലര്‍ച്ചെ വരെയാണ് ഞങ്ങള്‍ തിരച്ചില്‍ നടത്തിയത്. കൊക്കയില്‍ ആരും കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കി രാവിലെയോടെ ഞങ്ങള്‍ തിരച്ചില്‍ നിര്‍ത്തുകയും ചെയ്തു. പക്ഷേ, കാണാതായ ആളിന്റെ കൂടെയുള്ള സ്വാമിമാര്‍ക്ക് അതില്‍ വിശ്വാസം വരുന്നില്ല. ഇനി എന്ത് ചെയ്യണമെന്ന് ആലോചിച്ച് ക്ഷീണിച്ച് തളര്‍ന്നിരിക്കുമ്പോള്‍ സന്നിധാനത്തെ മൈക്കില്‍ കൂടെ ഒരു അനൗണ്‍സ്‌മെന്റ് കേട്ടു, കാണാതായ ആള്‍ സന്നിധാനത്തെത്തിയിരിക്കുന്നു, കൂടെയുള്ള ആളുകളെ കാണാതായപ്പോഴാണ് അനൗണ്‍സ്‌മെന്റ് നടത്തിയതത്രേ..!
1996ല്‍ ഉണ്ടായ മറ്റൊരു സംഭവം ഇങ്ങനെ, കോഴിക്കോട്ടെ മീഞ്ചന്ത നിലയത്തിലേക്ക് ഒരു സന്ദേശം വന്നു. പന്നിയങ്കരയില്‍ ഒരു കുട്ടി കിണറ്റില്‍ വീണിരിക്കുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അവിടേക്ക് തിരിച്ചു. വീടിന്റെ കുളിമുറിക്ക് സമീപത്താണ് കിണര്‍. അകത്തുനിന്ന് വെള്ളം കോരാന്‍ പറ്റുന്ന തരത്തിലാണ് കുളിമുറി നിര്‍മിച്ചിരിക്കുന്നത്. മുറിക്കുള്ളില്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ അഴിച്ചുവെച്ചിട്ടുണ്ട്. കുളിക്കാന്‍ പോയ കുട്ടി വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണതായി വീട്ടുകാര്‍ ഉറപ്പിച്ചു !. വീട്ടിലെ സ്ത്രീകള്‍ അലമുറയിട്ട് കരയുന്നു. ഞങ്ങളില്‍ രണ്ട് പേര്‍ കിണറ്റില്‍ ഏറെ നേരം മുങ്ങിത്തപ്പിയിട്ടും കുട്ടിയെ കിട്ടിയില്ല. കുട്ടി കിണറ്റില്‍ ഇല്ലെന്ന് പറഞ്ഞിട്ടും വീട്ടുകാരൊട്ടും അത് സമ്മതിക്കുന്നുമില്ല. ഒരുവിധത്തില്‍ അവരെ പറഞ്ഞ് മനസ്സിലാക്കി ഞങ്ങള്‍ സ്റ്റേഷനിലേക്ക് തിരിച്ചുവന്നു. ഏകദേശം ഒരുമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഒരു ഫോണ്‍ കോള്‍ വന്നത്. മാപ്പ് ചോദിച്ചുകൊണ്ടായിരുന്നു ഈ വിളി. 'കിണറ്റില്‍ വീണ' പന്ത്രണ്ടു വയസ്സുകാരനെ കണ്ടെത്തിയിരിക്കുന്നു. കുളി കഴിഞ്ഞ് വസ്ത്രം മാറിയ കുട്ടി കുറച്ചകലെയുള്ള അമ്മായിയുടെ വീട്ടില്‍ പോയിരുന്നതാണത്രേ.. !
കുന്നംകുളത്ത് ജോലി ചെയ്യുമ്പോഴുണ്ടായ മറ്റൊരു അത്ഭുതകരമായ സംഭവവും ഓര്‍മ വരുന്നു. നേരം പുലരുന്നതേയുള്ളൂ. സ്റ്റേഷനിലെത്തിയ ഫോണ്‍ അറ്റന്റ് ചെയ്യുമ്പോള്‍ അങ്ങേത്തലക്കല്‍ നിന്നും നീണ്ടൊരു കരച്ചിലാണുയര്‍ന്നു കേട്ടത്. കരച്ചിലിനൊപ്പം വ്യക്തമല്ലാത്ത വാക്കുകളിലെ സന്ദേശം ഊഹിച്ചെടുത്തത് ഇങ്ങനെ, ഒരു സ്ത്രീ കിണറ്റില്‍ വീണിരിക്കുന്നു. സ്ഥലവും വിവരവും ചോദിച്ചറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചു. ഞങ്ങളെത്തുമ്പോള്‍ സ്ത്രീയുടെ മകളും മകനും ആര്‍ത്തലച്ചു കരയുകയാണ്. രണ്ടാള്‍ താഴ്ചയില്‍ വെള്ളമുള്ള കിണറ്റില്‍ വെള്ള മുണ്ടും ബ്ലൗസും ധരിച്ച സ്ത്രീശരീരം ഒരു വശം ചരിഞ്ഞുകിടക്കുന്നു. മുകളില്‍ നിന്ന് സൂക്ഷിച്ചുനോക്കുമ്പോള്‍ ചുണ്ടിനരികില്‍ നിന്നും ചെറിയ ചലനം കാണുന്നുണ്ട്. വെള്ളത്തില്‍ ജീവനുള്ള പ്രാണിയോ മറ്റോ ചലിക്കുന്നത് പോലെ തോന്നി. ഫയര്‍മാന്‍ അജയന്‍ കിണറ്റിലിറങ്ങി നോക്കുമ്പോള്‍ ജീവനുണ്ട്. എത്രയും പെട്ടെന്ന് സ്ത്രീയെ പുറത്തെടുത്തു. മകളെ വിളിച്ച് വസ്ത്രങ്ങള്‍ മാറ്റിക്കൊടുക്കാന്‍ ആവശ്യപ്പെട്ടു. നേരെ ആശുപത്രിയിലേക്ക്. മകനും മകളും കൂടെവന്നു. കിണറ്റില്‍ വീണ് മരിച്ചെന്നു കരുതിയ സ്ത്രീ അന്നു തന്നെ ആശുപത്രിയും വിട്ടു..! പിന്നേയും വര്‍ഷങ്ങളോളം അവര്‍ സുഖമായി ജീവിച്ചെന്നും പിന്നീടറിഞ്ഞു.

സര്‍വീസ് കാലത്തെ ചില സംഭവങ്ങള്‍ കാലങ്ങളോളം ഇങ്ങനെ വേട്ടയാടിക്കൊണ്ടിരിക്കാറുണ്ട്. ചില അപകടങ്ങള്‍ അപ്രതീക്ഷിതമായി വന്നുപെടുന്നതാണെങ്കില്‍ ചിലത് ആളുകളുടെ വികലമായ ചിന്താഗതികൊണ്ട് ഉണ്ടാവുന്നതാണ്. 1996ലെ തൃശൂര്‍ പൂരക്കാലമാണ്. പൂരം കാണാന്‍ പാലക്കാട്ട് നിന്നും നാല് പേര്‍ രണ്ട് ബൈക്കുകളിലായി തൃശൂരിലേക്ക് പുറപ്പെട്ടു. കുളപ്പുള്ളിയിലെ തട്ടുകടയില്‍ നിന്നും കട്ടന്‍ ചായയും കുടിച്ച് ആസ്വദിച്ചുള്ള യാത്ര അവസാനിച്ചത് വലിയൊരു ദുരന്തത്തിലാണ്. അന്ന് ചെറുതുരുത്തിപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. പലഭാഗങ്ങളിലായാണ് പാലം പൊളിച്ചിട്ടിരിക്കുന്നത്. അപകടം വരാതിരിക്കാന്‍ മുന്നറിയിപ്പ് പോലെ ഈ ഭാഗത്ത് ടാര്‍ വീപ്പകള്‍ നിരത്തുകയും കയറിട്ട് കെട്ടുകയും ചെയ്തിട്ടുണ്ട്. പുഴയില്‍ മണ്ണിട്ടുയര്‍ത്തി താല്‍ക്കാലിക റോഡാക്കിയിട്ടുണ്ട്. ഇതുവഴിയാണ് വണ്ടികള്‍ പോവേണ്ടത്. രാത്രി സിനിമ കഴിഞ്ഞോ മറ്റോ പോകുന്നവരില്‍ ആരോ ആണെന്ന് തോന്നുന്നു ഈ ടാര്‍ വീപ്പകളെടുത്ത് പുഴയിലേക്ക് കളഞ്ഞു. യാതൊരു മുന്നറിയിപ്പുമില്ലാത്ത ഈ റോഡിലൂടെയാണ് പാലക്കാട്ടെ യുവാക്കള്‍ സഞ്ചരിച്ച ബൈക്കുകളെത്തിയത്. രാത്രിസമയമാണ്, റോഡില്‍ വാഹനങ്ങളും കുറവ്. നല്ല വേഗതയിലെത്തിയ ബൈക്കുകള്‍ പാലത്തിലേക്ക് പ്രവേശിക്കുകയും ഒന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുന്‍പ് അപകടത്തില്‍പെടുകയും ചെയ്തു. റോഡ് പൊളിച്ചിട്ട ഭാഗത്തെ ഇരുമ്പ് തൂണിലിടിച്ച് രണ്ട് ബൈക്കുകളും പുഴയിലേക്ക് പതിക്കുകയായിരുന്നു. ബൈക്ക് വീണ ഭാഗത്ത് വെള്ളമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഞങ്ങള്‍ എത്തുമ്പോള്‍ നാല് പേരും ചോരയില്‍ കുളിച്ച് കിടക്കുകയാണ്. രണ്ടു പേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുപോയി. എല്ലാവരേയും ഉടനെ ആശുപത്രിയിലെത്തിച്ചു. ഏതോ ഒരുവന്റെ വികലമായ മനസില്‍ തോന്നിയ ആശയത്തിന് രണ്ട് ജീവനാണ് ബലി കൊടുക്കേണ്ടി വന്നത്. ചെറുതുരുത്തി പാലത്തില്‍ ആ ചോരക്കറ കുറെക്കാലം മായാതെ കിടപ്പുണ്ടായിരുന്നു.. ദുഃഖം ഞങ്ങളുടെ മനസ്സിലും..
KL9. 1989 മയില്‍വാഹനം; അവശേഷിച്ചത് ഗുരുവായൂരില്‍ നിന്ന് വാങ്ങിയ കരിവളകളും കളിപ്പാട്ടങ്ങളും മാത്രം
കുന്നംകുളത്തെ പാര്‍ക്കാടി പൂരവും ഇതുപോലെയൊരു ഓര്‍മയാണുണ്ടാക്കുന്നത്. പാര്‍ക്കാടി പൂരം കാണാന്‍ പോയ യുവാവ് തിരിച്ചു വന്നില്ല. ഇയാള്‍ ചിലപ്പോള്‍ ഇതുപോലെ പുറത്ത് പോയാല്‍ പല നാടുകളും കറങ്ങി മാസങ്ങള്‍ക്ക് ശേഷമായിരിക്കും തിരിച്ചെത്തുന്നത്. അതിനാല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചില്ല. മാസങ്ങള്‍ കടന്നു പോയി. മഴക്കാലം വന്നു. ജൂണ്‍ മാസം അവസാനം പുല്ല് പറിക്കാന്‍ പോയ സ്ത്രീകളാണ് അത് കണ്ടത്. ആള്‍മറയില്ലാത്ത കിണറ്റില്‍ പാന്റും ഷര്‍ട്ടും ധരിച്ച ആള്‍ രൂപം പൊങ്ങിക്കിടക്കുന്നു. വീടുപണിയൊക്കെ നടത്തുമ്പോള്‍ കണ്ണ് പറ്റാതിരിക്കാന്‍ ഉണ്ടാക്കുന്ന കോലമാണെന്നാണ് കരുതിയത്. എങ്കിലും നിജസ്ഥിതി അറിയാന്‍ പോലീസിനെ വിവരമറിയിച്ചു. അവര്‍ ഫയര്‍ഫോഴ്സിനും വിവരം തന്നു.കിണറ്റിനരികിലെത്തുമ്പോള്‍ രൂപം കമിഴ്ന്നു കിടക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. സഹപ്രവര്‍ത്തകരായ രത്നാകരന്‍ സാറും സുനില്‍ കമാറും കിണറ്റിലിറങ്ങി ശരീരം വലിയൊരു ചാക്കിലാക്കി പുറത്തേക്ക് എടുത്തു. ആഴ്ചകളോളം വെള്ളത്തില്‍ കിടന്ന ശരീരം പുറത്തേക്ക് എടുക്കുന്ന സമയത്ത് അഴുകിയ ശരീരത്തില്‍ നിന്നും തലഭാഗം അടര്‍ന്ന് കിണറ്റിലേക്ക് വീണുപോയത് കണ്ടുനിക്കുന്നവരെയാകെ ഞെട്ടിച്ചു. പിന്നീട് കിണറ്റിലെ വെള്ളം വറ്റിച്ചാണ് തലഭാഗം പുറത്തെടുത്തത്.
Read More at: രാമസ്വാമിയുടെ ചോരയിലാണ് ആ കെ.എസ്.ആർ.ടി.സി കെട്ടിടം പണിതുയര്‍ത്തിയത്, മറക്കില്ല ആ കാഴ്ച
കുന്നംകുളത്ത് ജോലി ചെയ്യുമ്പോഴുണ്ടായ ഒരു സംഭവം ഇങ്ങനെ, ആക്രി സാധനങ്ങള്‍ പെറുക്കി വിറ്റും ആമയെ പിടിച്ചും ജീവിക്കുന്ന കുറച്ച് നാടോടികള്‍ കുന്നംകുളത്ത് താമസിച്ചിരുന്നു. അന്നന്നത്തെ അന്നത്തിനു വേണ്ടി രാവിലെ തന്നെ സ്ത്രീകള്‍ ഒരു വഴിക്കും പുരുഷന്‍മാര്‍ മറ്റൊരു വഴിക്കും പോയി. ആമയെ പിടിക്കാന്‍ പോയ ഭര്‍ത്താവ് വൈകുന്നേരമായിട്ടും തിരിച്ചു വന്നില്ല. പുറംപോക്കില്‍ അടുപ്പ് കൂട്ടി കഞ്ഞി വെച്ച് അമ്മയും മക്കളും കാത്തിരുന്നു. നേരം ഇരുട്ടി വെളുത്തെങ്കിലും അയാള്‍ തിരിച്ചെത്തിയില്ല. പിറ്റേന്ന് പകലും അമ്മയും മക്കളും അച്ഛനെ പലയിടത്തും തിരഞ്ഞു. ആരോ പറഞ്ഞതനുസരിച്ച് പോലീസില്‍ പരാതിയും കൊടുത്തു. എല്ലാ ദിവസവും വിവരം തിരക്കി കുടുംബം പോലീസ് സ്റ്റേഷനില്‍ പോയിരുന്നു. കാണാതായതിന്റെ നാലാമത്തെ പകല്‍ ആരോ പറഞ്ഞതനുസരിച്ച് ഇവര്‍ നാലു മണിയോടു കൂടി ഫയര്‍ സ്റ്റേഷനിലെത്തി. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് തിരുത്തിക്കാട് ഭാഗത്തെ തോട്ടിനരികിലൂടെ സേനാംഗങ്ങള്‍ പരിശോധന നടത്തി. കൈതോലകള്‍ നിറഞ്ഞ തോട്ടിനരികില്‍ വലിയ ഈച്ചകള്‍ വട്ടമിട്ട് പറക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ചീഞ്ഞ ജഡത്തിന്റെ മണവും ഉണ്ടായിരുന്നു. പാമ്പുകടിയേറ്റ് മരിച്ച നാലു ദിവസം പഴക്കമുള്ള മൃതശരീരം ചീര്‍ത്തിരിക്കുന്നു, ഞാനും, ജേക്കബും, പോള്‍ വര്‍ഗീസും, ഉണ്ണികൃഷ്ണനും തോട്ടിലിറങ്ങി ശവം പുറത്തെടുത്തു. ആര്‍ത്തലച്ച് കരയുന്ന നാടോടികളുടെ ഇടയില്‍ നിന്നും ശരീരം ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു.

കലോത്സവങ്ങള്‍, കുട്ടികളുടേയും അധ്യാപകരുടേയും നാട്ടുകാരുടേയും കൂടിച്ചേരലുകളുടെ കൂടി കാലമാണ്. എന്നാല്‍ 2008ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം അവസാനിച്ചത് കണ്ണീരോടെയാണ്. അക്കുറി കുറ്റിപ്പുറത്തായിരുന്നു കലോത്സവം നടന്നത്. കേരളത്തിലെത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികള്‍ എത്തുന്ന കലോത്സവമാണല്ലോ, പക്ഷേ, കലാകാരന്മാരുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും കാഴ്ചക്കാരുടേയും പ്രവാഹത്തെ താങ്ങാനുള്ള കെല്‍പ് കുറ്റിപ്പുറത്തെ ചെറിയ ടൗണിനില്ലായിരുന്നു. മത്സരാര്‍ഥികളുടെ താമസസൗകര്യം വലിയ പ്രശ്നമായി. കൊല്ലം ജില്ലയില്‍ നിന്നും വന്ന മത്സരാര്‍ഥികള്‍ക്ക് ലഭിച്ച സ്ഥലം തിരുനാവായ ക്ഷേത്രത്തിന് സമീപത്തായിരുന്നു. ദിവസവും നൂറില്‍ പരം വിശ്വാസികള്‍ ബലിതര്‍പ്പണത്തിനായി എത്തുന്ന സ്ഥലമാണ് തിരുനാവായ. കരയില്‍ നിന്നും പുഴയിലേക്ക് നിരയായി കല്‍പ്പടവുകളാണ്. ഇവിടെയാണ് ബലി കര്‍മ്മങ്ങള്‍ ചെയ്യുന്നത്. പുഴയില്‍ നല്ല വെള്ളമുള്ള കാലമായിരുന്നു. ശക്തമായ ഒഴുക്ക് വകവെയ്ക്കാതെയാണ് കൊല്ലത്തെ കുട്ടികള്‍ പുഴയില്‍ നീന്താനിറങ്ങിയത്. സമീപവാസികള്‍ വിലക്കിയിട്ടും കുട്ടികള്‍ അത് ചെവികൊണ്ടില്ല. നീന്തലിനിടെ യദുകൃഷ്ണന്‍ എന്ന വിദ്യാര്‍ഥി ഒഴുക്കില്‍പെട്ടു, പതിവ് പോലെ ഞങ്ങള്‍ക്ക് വിവരമെത്തി.

തിരൂരില്‍ നിന്നും ഞങ്ങള്‍ സംഭവസ്ഥലത്തെത്തുമ്പോള്‍ ക്ഷേത്ര പരിസരത്ത് വന്‍ ജനക്കൂട്ടമാണുണ്ടായിരുന്നത്. രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും കല്‍പ്പടവുകളില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്നു. കൊല്ലത്ത് നിന്നെത്തിയവര്‍ ആകെ പരിഭ്രാന്തരായിരിക്കുന്നു, കുട്ടികള്‍ പലരും കരഞ്ഞ് തളര്‍ന്നിട്ടുണ്ട്. തിരച്ചില്‍ ഊര്‍ജിതമാക്കാനാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഫോണ്‍കോളും ഞങ്ങളെ തേടിയെത്തി. ഞങ്ങള്‍ക്കൊപ്പം നാട്ടുകാരും തിരച്ചിലിനിറങ്ങി, ഒടുവില്‍ കുട്ടിയെ കണ്ടെത്തി. മരവിച്ച ശരീരം പുറത്തെടുത്ത് കല്‍പ്പടവുകള്‍ കയറുമ്പോള്‍ ക്ഷേത്രപരിസരം കൂട്ടക്കരച്ചിലുകളാല്‍ നിറഞ്ഞു. എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും ജീവന്‍ ആ ശരീരത്തില്‍ നിന്ന് എന്നന്നേക്കുമായി വേര്‍പെട്ടുപോയിരുന്നു. കൊല്ലത്തെ തേവള്ളി ഗവ. മോഡല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ആയിരുന്നു യദു കൃഷ്ണന്‍. ആണ്‍കുട്ടികളുടെ ഒപ്പന മത്സരത്തില്‍ പങ്കെടുത്തതിന് പിന്നാലെറൂമിലെത്തി അല്‍പനേരം വിശ്രമിച്ചു. ഉറക്കമുണര്‍ന്നതിന് പിന്നാലെയാണ് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയത്. എന്നാല്‍ നീന്തലറിയാത്ത യദു ഒഴുക്കില്‍പെട്ടു. ഒപ്പമുള്ള കൂട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത ദിവസം മൈം മത്സരമായിരുന്നു യദുവിനും സംഘത്തിനും ബാക്കിയുണ്ടായിരുന്നത്. യദുവിന്റെ മരണം മൂലം കലോത്സവത്തിലെ അന്നത്തെ മത്സരങ്ങള്‍ മാറ്റിവെച്ചതായി അറിയിപ്പ് വന്നു. പിറ്റേദിവസം മത്സരങ്ങള്‍ നടന്നെങ്കിലും യഥാസമയം തീര്‍ക്കാന്‍ പറ്റിയില്ല. പരിപാടി വൈകിയതിന് രക്ഷിതാക്കള്‍ സംഘര്‍ഷം ഉണ്ടാക്കിയത് കഥയുടെ ബാക്കിപത്രം...
Content Highlights: True stories from a firefighter`s life filled with rescues miracles and tragedies
Published: 26 Aug 2024, 12:00 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented