
ആറുമാസം മുന്‍പാണ് ഇഷാനെ വീട്ടില്‍നിന്ന് പുറത്താക്കിയത്. ആണും പെണ്ണും കെട്ടവനെ ഇവിടെ വേണ്ടെന്ന് വാപ്പ പറഞ്ഞു. നാട്ടുകാരും പള്ളിക്കാരുമൊക്കെ വെറുപ്പുകാണിച്ചു. വീട്ടിലെ താമസം നരകമായിട്ട് രണ്ടാഴ്ചയായി. ഇന്‍സ്റ്റഗ്രാമില്‍ ആദ്യത്തെ റീല്‍സിട്ടത് അന്നായിരുന്നു, അനസിന്റെ കൂടെ... സിനിമയില്‍ സിമ്രാന്‍ പാടിയഭിനയിച്ച പാട്ട്. തങ്കത്തിങ്കള്‍ കിളിയായ് കുറുകാം... കണ്ണൊക്കെ എഴുതി മുഖത്ത് പ്രണയം നിറച്ച് പാടിയപ്പോള്‍ കിട്ടിയത് 60k ലൈക്കാണ്.
റീല്‍സിന്റെ കാര്യം വാപ്പ അറിഞ്ഞതോടെയാണ് പ്രശ്‌നമായത്. നിന്റെ ഒന്‍പതുകളി വീട്ടിനകത്തു മാത്രമാണെന്നാ വിചാരിച്ചേ, ഇതിപ്പോ മാനം കളയാനായിട്ടൊരു ജന്മം... വാപ്പ മുഖത്തേക്ക് നീട്ടിത്തുപ്പിയപ്പോള്‍ കരഞ്ഞിരുന്നു. പിന്നെ തീരുമാനിച്ചു വീടുവിടാം. ഉമ്മിയോട് മാത്രം പറഞ്ഞു. 'ഉമ്മി, ഞാന്‍ പെണ്ണായിട്ട് വരും. എനിക്ക് ആണായി ജീവിക്കാന്‍ പറ്റില്ല'.
വീട്ടില്‍നിന്നിറങ്ങി നേരേ പോയത് ബസ്സ്റ്റാന്‍ഡിനുപിന്നിലെ ലോഡ്ജിലേക്കാണ്. മാല വിറ്റ 50,000 രൂപയുണ്ട് കൈയില്‍. പക്ഷേ, പെണ്ണാവാനുള്ള സര്‍ജറിക്ക് ഇതൊന്നും പോരാ... മുന്നില്‍ രണ്ടുവഴി. ഒന്നുകില്‍ തെണ്ടണം അല്ലെങ്കില്‍ വിളിക്കുന്നവരുടെ കൂടെപ്പോയി കിടക്കണം. എല്ലാവരെയുംപോലെ രണ്ടാമത്തെ വഴിയിലേക്ക് ഇഷാനും പോയി.
കേട്ടിരുന്ന മഹേഷിന് പ്രത്യേകിച്ചൊന്നും തോന്നിയില്ല. എല്ലാ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പറയാനുണ്ടാവുക ഇതൊക്കെത്തന്നെയല്ലേ. എത്ര കഥകള്‍ വായിച്ചതാ... എ.ടി.എമ്മിനു മുന്നിലെ സെക്യൂരിറ്റി പണിക്കിടെയാണ് മഹേഷ് ഇഷാനെ പരിചയപ്പെട്ടത്. അവിടെയാണ് ഇഷാന്‍ കസ്റ്റമേഴ്‌സിനായി കാത്തുനില്‍ക്കുക. മുന്നില്‍ കൂര്‍പ്പിച്ച മാറും അതു തെളിച്ചുകാണിക്കാനുള്ളത്രയും ഇറുകിയ വസ്ത്രങ്ങളുമിട്ട്. മാലവിറ്റു കിട്ടിയ പണമൊക്കെ ഡ്രസിനും മുറിവാടകയ്ക്കും വിഗ്ഗിനുമൊക്കെയായി ചെലവാക്കി.
സര്‍ജറിക്ക് കുറേ പണം വേണമല്ലേ... മഹേഷ് ചോദിച്ചു.
വേണം, ഈ രാത്രി പോണതുതന്നെയാ മെയിന്‍.
പിന്നെ, പെണ്‍വേഷം കെട്ടിയുള്ള ഡാന്‍സിന് പോകും. ഉത്സവങ്ങള്‍ക്കും ഉദ്ഘാടനങ്ങള്‍ക്കുമൊക്കെ... മനസ്സില്‍ മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം... പാവാടയില്‍ ചേര്‍ത്തുതുന്നിയ മയില്‍പ്പീലിയൊക്കെ വിടര്‍ത്തി കളിക്കുമ്പോള്‍ ശരിക്കും പെണ്ണായ ഫീലാണ് അണ്ണാ... പറയുന്നതിനിടെ ഇഷാന്‍ കൈയിലെ ബാഗെടുത്ത് ലിപ്സ്റ്റിക് ഒന്നുകൂടി തേച്ചു.
അണ്ണന്‍ എന്നെ ഇന്‍സ്റ്റയില്‍ ഫോളോചെയ്യ്... ഞാന്‍ എപ്പഴും വീഡിയോ ഇടാറുണ്ട്. നല്ല റീച്ച് വരുന്നുണ്ട്. കൊളാബ് കിട്ടുമോയെന്നാണ് നോക്കുന്നത്. രക്ഷപ്പെട്ടാല്‍ പിന്നെ ഈ രാത്രിപ്പണി വേണ്ടല്ലോ. ഞാന്‍ ഇന്‍ഫ്‌ളുവന്‍സറാവും.
മഹേഷിന് ചോദ്യങ്ങള്‍ തീരുന്നില്ല. ഈ രാത്രി പോകുന്നിടത്ത് വല്ലാതെ ദ്രോഹമുണ്ടാവില്ലേ...
പിന്നേ... അവര് പറയണതൊക്കെ ചെയ്യണം... ചിലര് മേത്തൂന്ന് ഒഴിഞ്ഞാ പിറ്റേന്ന് ഇരിക്കാന്‍ പറ്റില്ല, കക്കൂസില്‍ പോകുമ്പോ ചോരയൊക്കെ വരും. ചിലര് വെറുതേ ഡാന്‍സ് കളിപ്പിക്കും. ചിലര് എല്ലാം കഴിഞ്ഞ് അവസാനം മേത്ത് മൂത്രമൊഴിക്കും... ഇതൊക്കെ സഹിക്കാം. പക്ഷേ, പൈസ തരാതെ പറ്റിക്കണോരാണ് ദുഷ്ടന്‍മാര്.
ഇവരുടെ വര്‍ത്തമാനം മുറിച്ച് തെറിവിളിയെത്തിയത്. നീയാരാടാ നായിന്റെ മോനോ...പട്ടി... നിന്നെ ഞാന്‍ കശക്കിയെറിയും... ഒരു പെണ്ണാണ്. മുഷിഞ്ഞ ഏഴെട്ട് പാവാടകളും കുറേ ബ്ലൗസുകളുമിട്ട് അവള്‍ അടുത്തുകൂടെ നടന്നപ്പോള്‍ തന്നെ വല്ലാത്ത നാറ്റം. തെറിവിളിച്ച് തന്നെ അവള്‍ എ.ടി.എമ്മിന് അടുത്തുള്ള കടത്തിണ്ണയില്‍ കയറിക്കിടന്നു. കൈയിലുണ്ടായിരുന്ന കുപ്പിയില്‍നിന്ന് അവളുടെ മേത്തും ചുറ്റിലുമൊക്കെ വെള്ളമൊഴിച്ചു. കാഴ്ച കണ്ടിങ്ങനെ നില്‍ക്കുമ്പോള്‍ ഇഷാനെ വിളിക്കാന്‍ സ്‌കൂട്ടറിലൊരാള്‍ വന്നു. അവന്‍ പോയപ്പോള്‍ മഹേഷ് എ.ടി.എമ്മിനകത്തുകയറി സ്റ്റൂളിലിരുന്നു.
എല്ലാ രാത്രികളിലും അവര്‍ മൂന്നുപേരും കണ്ടു. ആഴ്ചകള്‍ കുറേ കടന്നു. ഇഷാന്‍ നെറ്റ് പോലെയുള്ള കറുത്ത ഉടുപ്പിട്ടുവന്ന ദിവസമാണ് അവളാദ്യമായി അവരോട് മിണ്ടിയത്. അതിനൊരു കാരണവുമുണ്ടായി. കുറച്ച് യോയോ പയ്യന്‍മാര്‍ ഇഷാനോട് സംസാരിക്കാന്‍ ബൈക്കിലെത്തി. അതിലൊരുത്തന്‍ ഇഷാെന്റ ചുണ്ടില്‍ തൊട്ടു. വിടാന്‍ പറഞ്ഞപ്പോള്‍ മാറിലൊരു അമര്‍ത്തല്‍. ഇഷാന്‍ അങ്ങോട്ടു തള്ളി. അതില്‍ അവര്‍ക്ക് അരിശം കയറി. നാലുപേരും ആ പാവത്തിനെ ഇടിക്കാന്‍ തുടങ്ങി. പെണ്ണിന്റെ മനസ്സുള്ളതുകൊണ്ട് ആണ്‍ശരീരമായിട്ടും ഇഷാന് തടുക്കാനായില്ല, മഹേഷിന് രക്ഷിക്കാനും. അപ്പോഴാണ് കൂര്‍ത്തൊരു കല്ലുമായി അവള്‍ വന്നത്. വലിയ ശബ്ദത്തില്‍ അവള്‍ നിലവിളിച്ചു... വീണ്ടും തെറിവിളിച്ചു. ആ കല്ല് നിലത്തേക്കെറിഞ്ഞു. അവന്‍മാര്‍ തിരിഞ്ഞുനോക്കി. അപ്പോഴതുവഴി ഒരു പോലീസ് ജീപ്പും പാഞ്ഞുപോയി. കളഞ്ഞിട്ട് വാടായെന്ന് ആക്രോശിച്ച് അവര്‍ പോയി. അവള്‍ വേഗം പോയി കുപ്പിയില്‍ വെള്ളവുമായിവന്നു.
ഞാന്‍ ഭ്രാന്തിയൊന്നുമല്ല, ദാ...ആ പൈപ്പില്‍നിന്നുള്ള വെള്ളമാണ് കുടിച്ചോ. ഇഷാന്‍ എഴുന്നേല്‍ക്കാന്‍ നോക്കി. അവനെയുയര്‍ത്താനായി അവള്‍ ആവുന്നത്ര ശക്തിയില്‍ ചേര്‍ത്തുപിടിച്ചു. അവള്‍ അടുത്തുവന്നപ്പോഴുള്ള നാറ്റം മൂക്കലടിച്ചിട്ടും അവന്‍ ആ തോള്‍ ചേര്‍ത്തുപിടിച്ചു. ഓടയിലേക്ക് വീണുപോയ മഹേഷ് പതുക്കെ കയറിവന്നു. അവര്‍ രണ്ടുപേരും അവളെ നോക്കി. രണ്ടുപേരുടെയും മുറിവുകളില്‍ വെള്ളമൊഴിച്ചു കൊടുക്കുമ്പോള്‍ അവള്‍ പറഞ്ഞു-പെണ്ണാവാന്‍ നോക്കണത് പാടാണ്, പെണ്ണായി ജീവിക്കാന്‍ പെടാപ്പാടാണ് അറിയാമോ? ഈ ഇരുട്ട് ആണിനൊരു ഉശിരുകൊടുക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അമ്മയുടെ കൂടെ കടത്തിണ്ണയില്‍ ഉറങ്ങണകാലംമുതല്‍ തണുപ്പിനേക്കാള്‍ വിറയല്‍ വരുന്നത് പേടിവരുമ്പോഴാണ്. ഓരോ ആണും അടുത്തുവരുമ്പോ അമ്മ പേടിക്കും... ഞാനും. ഒരുരാത്രി അമ്മയെ ഒരുത്തന്‍ വിളിച്ചോണ്ട് പോയതാണ്. പിന്നെ അമ്മ മരിച്ചതാണ് കണ്ടത്. മോളെ അനാഥാലയത്തിലാക്കുമെന്ന് അന്ന് പോലീസ് പറഞ്ഞപ്പഴും പേടിതോന്നി. പിന്നെ അവിടന്ന് ഓടി. ആരും അന്വേഷിച്ച് വന്നില്ല. തെരുവില്‍ തന്നെ കഴിഞ്ഞു. പിന്നെയും ഒരുപാട് രാത്രികളറിഞ്ഞു, ആണുങ്ങളെയറിഞ്ഞു... ഭൂമി ആഞ്ഞുവെട്ടണ മണ്‍വെട്ടികളുടെ ശക്തിയാണ് പെണ്ണിന്റെ ദേഹം കാണണ ആണുങ്ങള്‍ക്ക്. ആര്‍ത്തിയും അരിശവും തീര്‍ക്കണത് പെണ്ണിന്റെ മേലെയാണ്. ചോദിക്കാനാരുമില്ലാത്തവരോട് എന്തും കാണിക്കാമെന്ന അധികാരമുണ്ടാവും എല്ലാവര്‍ക്കും. ആണുങ്ങള്‍ക്ക് അറപ്പു തോന്നുന്നത് നിലവിളിക്കണ, നാറുന്ന പെണ്ണുങ്ങളെയാണ്... ഭ്രാന്തിയെപ്പോലെ കാണിച്ചാല്‍ കുറേപ്പേര്‍ ഒഴിഞ്ഞുപോകും-അവള്‍ കിതച്ചു, കേട്ടിരുന്നവരുടെ തൊണ്ടയും എരിഞ്ഞു... രാത്രിയാകുമ്പോ പച്ചക്കറിക്കടയിലെ ചീഞ്ഞ പച്ചക്കറികള്‍ പശുക്കള്‍ക്ക് തിന്നാന്‍ പുറത്ത് ഒരു പാത്രത്തിലിട്ട് വെയ്ക്കും. അതെല്ലാം എടുത്ത് ദേഹത്തും കഴുത്തിലുമൊക്കെ തേയ്ക്കും. സഹിക്കാനാവാത്ത ആ നാറ്റമാണ് എന്റെ ധൈര്യം. പിന്നെ ഞാന്‍ കിടക്കണ തിണ്ണയിലൊക്കെ വെള്ളമൊഴിക്കും. ഇത്രയൊക്കെയായിട്ടും വെറുതേ ഉറങ്ങണ നേരത്ത് കാലോണ്ട് തൊഴിച്ചുപോണോരുണ്ട്.
അമ്മ പണ്ടുപറയും... നമ്മടെയൊക്കെ ജീവിതം അഴുക്കാണ്. ആ അഴുക്ക് പോണെങ്കില്‍ മരിക്കണംന്ന്. പക്ഷേ, ആ അഴുക്കാണ് എന്നെ എപ്പഴും രക്ഷിക്കാ... അമ്പലത്തില്‍ പാട്ടുവെയ്ക്കുമ്പോ ഞാന്‍ പുഴയിലേക്ക് നടക്കും. എന്നിട്ട് ഈ സാരികളോരോന്നായി അഴിക്കും. ഒരു ഒറ്റമുണ്ടുടുത്ത് പുഴയില്‍ കുറച്ചുനേരം കിടക്കും. ഏതു തണുപ്പത്തും മഴയത്തും എനിക്ക് ആകെ സന്തോഷമുള്ള സമയം അതാണ്... കണ്ണടച്ചിരുന്ന അവളുടെ മുഖത്ത് ആ പുഴയുടെ തണുപ്പുനിറയുന്നത് ഇഷാനും മഹേഷും കണ്ടു. പെണ്ണാവുന്നതിനെക്കുറിച്ചോര്‍ത്ത് ഇഷാനപ്പോള്‍ ആദ്യമായി പേടിതോന്നി. എല്ലാ ആണുങ്ങളും ഒരുപോലെയല്ലല്ലോ എന്ന ക്ലീഷേയില്‍ മഹേഷ് ആശ്വാസംകൊണ്ടു.
Content Highlights: transgender nightlife struggle survival prejudice violence acceptance india malayalam story
Published: 28 Dec 2024, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented