നുഷ്യൻ ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ചില കാര്യങ്ങളിൽ പശുവും പൂച്ചയും പട്ടിയും നമ്മളെക്കാൾ മുന്നിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് 'നോ' പറയുന്ന കാര്യത്തിൽ. വീട്ടിലെ പൂച്ചയ്ക്ക് മീൻ വേണ്ടെങ്കിൽ അത് കഴിക്കില്ല. നിങ്ങൾ എത്ര നിർബന്ധിച്ചാലും കാര്യമില്ല. പശുവിന് ഒരു പുല്ല് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മൂക്കുകൊണ്ട് തള്ളിക്കളയും. നായയ്ക്ക് ഒരു മനുഷ്യനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ വാൽ ആട്ടേണ്ടിടത്ത് കുരയ്ക്കും.

To advertise here,

ചുരുക്കത്തിൽ പറഞ്ഞാൽ, ജന്തുജാലങ്ങൾക്കൊക്കെ 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ നന്നായി അറിയാം. എന്നാൽ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. പ്രത്യേകിച്ച് മലയാളികളുടെ. നമ്മൾക്ക് 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പകുതി പ്രശ്‌നങ്ങളും ഉണ്ടാകുന്നത്..

'ചേട്ടാ, ഞായറാഴ്ച ഒരു ചെറിയ പരിപാടിയുണ്ട്. ഒന്ന് വരണം.'

അയാൾക്ക് പോകാൻ യാതൊരു താൽപര്യവുമില്ല.

എന്നാൽ 'വരാൻ പറ്റില്ല' എന്ന് പറഞ്ഞില്ല.

പകരം പറഞ്ഞു:

'നോക്കട്ടെ...' ഈ 'നോക്കട്ടെ' എന്ന വാക്ക് മലയാള ഭാഷയിലെ ഏറ്റവും വലിയ വഞ്ചനയാണ്. അതിന്റെ യഥാർത്ഥ അർത്ഥം എല്ലാവർക്കും അറിയാം. പോകില്ല. പക്ഷേ നേരിട്ട് പറയില്ല. കാരണം അപ്പുറത്തുള്ളയാൾ വിഷമിക്കുമോ എന്ന ഭയം. ഫലം എന്താണ്? പരിപാടിയുടെ ദിവസം വരെ സംഘാടകൻ പ്രതീക്ഷയോടെ കാത്തിരിക്കും. പരിപാടി കഴിഞ്ഞായിരിക്കും 'ചേട്ടാ, പറ്റിയില്ല' എന്ന സന്ദേശം എത്തുക. അതുവരെ രണ്ടുകൂട്ടരുടെയും സമയം നഷ്ടമായിരിക്കും.

നമ്മുടെ നാട്ടിൽ 'യെസ്' പറയുന്നതും 'നോ' പറയുന്നതും ഒരു കലാരൂപമാണ്.

ഒരു വിവാഹത്തിന് ക്ഷണിച്ചാൽ ചിലർ പറയും:

'തീർച്ചയായും വരാം.'

ഇത് കേട്ട് നിങ്ങൾ സന്തോഷിക്കരുത്.

കാരണം ഈ 'തീർച്ചയായും' എന്ന വാക്കിന് യഥാർത്ഥ ജീവിതത്തിൽ യാതൊരു ഉറപ്പുമില്ല.

വിവാഹദിവസം ആ വ്യക്തിയെ കാണാൻ സാധ്യത അൻപത് ശതമാനം മാത്രം.

മറ്റുചിലർ പറയും:

'ശ്രമിക്കാം.'

ഇത് സാധാരണയായി 'വരില്ല' എന്നതിന്റെ സാംസ്‌കാരിക രൂപമാണ്.

പിന്നെ ചിലരുണ്ട്.

അവർ 'യെസ്' പറയുകയുമില്ല, 'നോ' പറയുകയുമില്ല.

'അങ്ങനെ നോക്കാം.'

'അപ്പോൾ പറയാം.'

'ഒരു തീരുമാനത്തിലെത്തിയിട്ടില്ല.'

'സാഹചര്യം അനുസരിച്ചിരിക്കും.'

ഇങ്ങനെ സംസാരിക്കും.

അവരെ കേൾക്കുമ്പോൾ തോന്നും ഇറാൻ അമേരിക്ക സമാധാന ചർച്ചയിലാണ് പങ്കെടുക്കുന്നതെന്ന്.ഒരു ചായ കുടിക്കാൻ വരുന്ന കാര്യം പോലും അവർ തീരുമാനിക്കുന്നത് ആണവായുധ കരാർ ചർച്ച ചെയ്യുന്നതുപോലെയാണ്. യെസിനും നോയ്ക്കും ഇടയിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് നമ്മുടെ ജീവിതം. പക്ഷേ എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ? ബുദ്ധി കൂടിയതുകൊണ്ടാണോ? അതോ ആരെയും വേദനിപ്പിക്കാതിരിക്കാനോ? എന്റെ അഭിപ്രായത്തിൽ രണ്ടിന്റെയും മിശ്രിതമാണ്. മലയാളിക്ക് മറ്റൊരാളുടെ വികാരത്തെക്കുറിച്ച് വലിയ ബോധമുണ്ട്. 'നോ' പറഞ്ഞാൽ അയാൾ വിഷമിക്കുമോ? 'പറ്റില്ല' പറഞ്ഞാൽ ബന്ധം മോശമാകുമോ? 'എനിക്ക് താൽപര്യമില്ല' പറഞ്ഞാൽ അഹങ്കാരിയെന്ന് കരുതുമോ? ഇങ്ങനെയുള്ള ചിന്തകൾ നമ്മളെ പിന്തുടരും. അതുകൊണ്ട് സത്യത്തേക്കാൾ സൗകര്യപ്രദമായ മറുപടികളെയാണ് നമ്മൾ തിരഞ്ഞെടുക്കുന്നത്. പക്ഷേ പ്രശ്‌നം എന്താണെന്ന് അറിയാമോ? ഒരു വ്യക്തമായ 'നോ' ഉണ്ടാക്കുന്ന ചെറിയ വിഷമത്തേക്കാൾ വലിയ വിഷമമാണ് ഒരു അവ്യക്തമായ 'നോക്കാം' ഉണ്ടാക്കുന്നത്. കാരണം പ്രതീക്ഷ എന്ന സാധനം വളരെ അപകടകാരിയാണ്. അത് ഒരാൾക്ക് കൊടുത്തിട്ട് പിന്നീട് പിൻവലിച്ചാൽ അതിന്റെ വേദന ഇരട്ടിയാകും.

രസകരമായ കാര്യം മറ്റൊന്നാണ്. മറ്റുള്ളവരോട് 'നോ' പറയാൻ കഴിയാത്ത നമ്മൾക്ക് സ്വയം 'നോ' പറയാനും കഴിയാറില്ല.

അതിനാലാണ് അമിത ജോലി ഏറ്റെടുക്കുന്നത്. ആവശ്യമില്ലാത്ത ബാധ്യതകൾ തലയിൽ വയ്ക്കുന്നത്. ഇഷ്ടമില്ലാത്ത പരിപാടികളിൽ പങ്കെടുക്കുന്നത്. സമയം ഇല്ലെന്ന് പരാതിപ്പെടുന്നത്. സമ്മർദ്ദം കൂടിയെന്ന് പറയുന്നത്. കാരണം എല്ലാറ്റിനും 'യെസ്' പറയുന്ന മനുഷ്യന്റെ കലണ്ടർ പെട്ടെന്ന് നിറയും. ഒരു ദിവസം ഇരുപത്തിനാല് മണിക്കൂർ മാത്രമാണെന്ന് പ്രകൃതി നിശ്ചയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ പ്രതിബദ്ധതകൾ മുപ്പത് മണിക്കൂർ വരെയെത്തും.

അപ്പോൾ ജീവിതം തന്നെ ഒരു ട്രാഫിക് ജാമായി മാറും. അമേരിക്കയിൽ ഒരു പുസ്തകമുണ്ട്. അതിന്റെ പേര് 'The Power of No' എന്നാണ്. നമ്മുടെ നാട്ടിൽ അതിന്റെ മലയാളം പതിപ്പ് ഇറങ്ങിയാൽ പേരിടേണ്ടത് 'നോക്കാം എന്നതിന്റെ ദുരന്തങ്ങൾ' എന്നായിരിക്കും. കാരണം പ്രശ്‌നം 'നോ' അല്ല. പ്രശ്‌നം വ്യക്തതയുടെ അഭാവമാണ്. നമ്മൾ കരുതുന്നത് 'നോ' പറയുന്നത് മോശം സ്വഭാവമാണെന്നാണ്. യഥാർത്ഥത്തിൽ വ്യക്തമായ 'നോ' പറയുന്നത് മറ്റൊരാളോടുള്ള ബഹുമാനമാണ്. അയാളുടെ സമയത്തോടുള്ള ബഹുമാനം. പ്രതീക്ഷയോടുള്ള ബഹുമാനം. ജീവിതത്തോടുള്ള ബഹുമാനം. എല്ലാവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾ ഒടുവിൽ ആരെയും സന്തോഷിപ്പിക്കാറില്ല. സ്വയം പോലും. അതുകൊണ്ട് ജീവിതത്തിൽ പഠിക്കേണ്ട പ്രധാന കഴിവുകളിൽ ഒന്നാണ് മര്യാദയോടെ 'നോ' പറയുന്നത്.

'ക്ഷമിക്കണം, എനിക്ക് പറ്റില്ല.'

'ഇപ്പോൾ സമയം ലഭ്യമല്ല.'

'ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല.'

ഇത്തരം വാചകങ്ങൾ ജീവിതത്തെ വളരെ ലളിതമാക്കും. പക്ഷേ അതിന് ധൈര്യം വേണം. കാരണം 'യെസ്' പറയുന്നത് എളുപ്പമാണ്. എല്ലാവരും സന്തോഷിക്കും. കുറച്ച് നേരത്തേക്ക്. പക്ഷേ ശരിയായ സമയത്ത് പറയുന്ന ഒരു 'നോ' പലപ്പോഴും ഒരു ജീവിതകാലം മുഴുവൻ നീളുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കും. അതിനാൽ അടുത്ത തവണ ആരെങ്കിലും നിങ്ങളോട് ഒരു കാര്യം ചോദിക്കുമ്പോൾ യെസിനും നോയ്ക്കും ഇടയിൽ സാമ്പാർ പോലെ തിളയ്ക്കാതെ ഒരു തീരുമാനമെടുക്കാൻ ശ്രമിക്കുക. കാരണം ജീവിതത്തിൽ ഏറ്റവും വലിയ ആശയക്കുഴപ്പം 'നോ' എന്ന വാക്കല്ല. 'നോക്കാം' എന്ന വാക്കാണ്. അത് കേട്ട് അപ്പുറത്തുള്ളയാൾ പ്രതീക്ഷിക്കും. ഇപ്പുറത്തുള്ളയാൾ മറക്കും. അങ്ങനെ രണ്ട് പേരുടെയും സമയം പോകും.

അവസാനം ശേഷിക്കുന്നത് ഒരു മലയാളി ക്ലാസിക്കാണ്: 'ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്...' പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടാകും.

പല പ്രണയങ്ങളും തുടങ്ങുന്നത് 'യെസ്' കൊണ്ടല്ല, 'നോ' പറയാതിരുന്നതുകൊണ്ടാണ്. ഇഷ്ടമില്ല. ഭാവിയില്ല. മുന്നോട്ട് പോകാൻ താൽപര്യമില്ല. ഇതെല്ലാം മനസിലുണ്ടെങ്കിലും അത് തുറന്നു പറയാൻ മടിക്കും. 'അയാൾ വിഷമിക്കുമല്ലോ', 'അവൾ കരയുമല്ലോ' എന്ന ചിന്തയിൽ വ്യക്തമായ ഒരു മറുപടി നൽകാതെ മുന്നോട്ട് പോകും. ഫലം? മാസങ്ങളും വർഷങ്ങളും കഴിഞ്ഞ് ഒരു ബന്ധം തകരുമ്പോൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് പ്രണയം അവസാനിച്ചതുകൊണ്ടല്ല. ഒരാൾക്ക് അനാവശ്യമായി പ്രതീക്ഷ നൽകിയതുകൊണ്ടാണ്. ചിലപ്പോൾ ഒരു കഠിനമായ 'നോ' ഒരു ജീവിതം രക്ഷിക്കും. വിവാഹ ജീവിതത്തിലെ പകുതി പ്രശ്‌നങ്ങളും 'വേണ്ട' എന്ന് പറയേണ്ടിടത്ത് 'ശരി' എന്ന് പറയുന്നതിൽ നിന്നാണ് തുടങ്ങുന്നത്. വിവാഹത്തിന് മുമ്പ് പറയാത്ത അഭിപ്രായങ്ങൾ വിവാഹത്തിന് ശേഷം വഴക്കുകളായി പുറത്തുവരും.

'എനിക്ക് ഈ നഗരത്തിൽ താമസിക്കാൻ താൽപര്യമില്ല.' 'എനിക്ക് ഇത്ര വലിയ വായ്പ എടുക്കാൻ താൽപര്യമില്ല.'

'എനിക്ക് ഈ ജീവിതരീതി ഇഷ്ടമല്ല.' ഇതൊക്കെ തുറന്നു പറയേണ്ട സമയത്ത് പറയാതെ പോകുമ്പോൾ പിന്നീട് അതിന്റെ പലിശ സഹിതമാണ് ബന്ധം അടയ്‌ക്കേണ്ടി വരുന്നത്. വിവാഹത്തിൽ സ്‌നേഹത്തേക്കാൾ പ്രധാനമാണ് വ്യക്തത.

'നോ' പറയാൻ ഏറ്റവും കൂടുതൽ ധൈര്യം വേണ്ടത് പണത്തിന്റെ കാര്യത്തിലാണ്. സുഹൃത്ത് വായ്പ ചോദിക്കുന്നു.

ബന്ധു ജാമ്യം നിൽക്കാൻ ആവശ്യപ്പെടുന്നു. പരിചയക്കാരൻ ഒരു ബിസിനസിൽ നിക്ഷേപിക്കാൻ നിർബന്ധിക്കുന്നു.

മനസിൽ സംശയമുണ്ട്. പക്ഷേ 'നോ' പറയാൻ മടിയാണ്. പിന്നീട് കടം തിരികെ കിട്ടാതിരിക്കും. ജാമ്യം ബാധ്യതയാകും. നിക്ഷേപം നഷ്ടമാകും. സാമ്പത്തിക ലോകത്ത് വൈകിയുള്ള 'നോ' പലപ്പോഴും വലിയ നഷ്ടമായി മാറും. അതിനാൽ വ്യക്തിഗത ധനകാര്യ വിദഗ്ധരുടെ ഒരു സുവർണ നിയമമുണ്ട്: പണം നഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങളിൽ ആദ്യം പറയേണ്ട വാക്ക് 'യെസ്' അല്ല, 'എന്തുകൊണ്ട്?' എന്നതാണ്.

പ്രണയത്തിൽ പറയാത്ത 'നോ' ഹൃദയം തകർക്കും.വിവാഹത്തിൽ പറയാത്ത 'നോ' ബന്ധം തകർക്കും. സാമ്പത്തിക കാര്യങ്ങളിൽ പറയാത്ത 'നോ' ബാങ്ക് അക്കൗണ്ട് തകർക്കും. അതിനാൽ ജീവിതത്തിൽ ചിലപ്പോൾ ഏറ്റവും സ്‌നേഹപൂർവമായ വാക്ക് 'ഐ ലവ് യൂ' അല്ല. 'ക്ഷമിക്കണം, എനിക്ക് അതിന് കഴിയില്ല' എന്നതാണ്. ഇതൊക്കെ വായിക്കുന്ന പലരും ചിരിക്കുന്നുണ്ടാകും. ഇയാളിത് എന്തറിഞ്ഞിട്ടാണ് ഇങ്ങനെ എഴുതിത്തള്ളുന്നത്. അവർ 'നോ' പറയാതിരുന്നതുകൊണ്ട് കിട്ടിയ ചില മഹാഭാഗ്യങ്ങളുടെ ഉടമസ്ഥാരാണ്. 'നോ പറയാൻ പഠിക്കണം' എന്ന് സ്വയം സഹായ പുസ്തകങ്ങളും മോട്ടിവേഷൻ ഗുരുക്കന്മാരും നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും, ചരിത്രത്തോട് ചോദിച്ചാൽ ചില നല്ല കാര്യങ്ങൾ സംഭവിച്ചതും ആളുകൾ 'നോ' പറയാതിരുന്നതുകൊണ്ടാണ്. അതുകൊണ്ട് കഥയുടെ മറുവശവും ഒന്ന് നോക്കാം.

വിവാഹം നടന്നത് തന്നെ 'നോ' പറയാതിരുന്നതുകൊണ്ട് !

കേരളത്തിലെ പകുതി വിവാഹങ്ങളും നടന്നത് വലിയ പ്രണയം കൊണ്ടല്ല, ശരിയായ സമയത്ത് ആരും 'നോ' പറയാതിരുന്നതുകൊണ്ടാണെന്ന് ഒരു സാമൂഹിക ഗവേഷണം നടത്തിയാൽ അത്ഭുതപ്പെടേണ്ടി വരില്ല.

'ചെക്കൻ എങ്ങനെയുണ്ട്?'

'കുഴപ്പമില്ല.'

'പെൺകുട്ടി എങ്ങനെയുണ്ട്?'

'കൊള്ളാം.'

'അപ്പോൾ മുന്നോട്ട് പോകട്ടെ?'

'നോക്കാം...'

ഈ 'നോക്കാം' എന്ന വാക്കിൽ നിന്നാണ് പിന്നീട് രണ്ട് കുട്ടികളും ഒരു ഹൗസിംഗ് ലോണും ഒരു കാറും ഒരു കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പും ജനിക്കുന്നത്!

ജോലിയിൽ പ്രമോഷൻ കിട്ടിയതും ചിലപ്പോൾ 'യെസ്' കൊണ്ടാണ്. ഓഫീസിൽ ഒരു ദിവസം ബോസ് ചോദിക്കും: 'ഈ അധിക ഉത്തരവാദിത്തം ഏറ്റെടുക്കാമോ?' ബുദ്ധിയുള്ളവൻ പറയും: 'നോ.'പക്ഷേ പ്രമോഷൻ കിട്ടുന്നവൻ സാധാരണ പറയുന്നത്:'ശ്രമിക്കാം സാർ.' അടുത്ത മൂന്ന് വർഷം അവൻ ശനിയും ഞായറും ഓഫീസിൽ ചെലവഴിക്കും. പക്ഷേ പിന്നീട് വിസിറ്റിംഗ് കാർഡിൽ ഒരു പദവി കൂടി വരും. അതുകൊണ്ട് എല്ലാ 'യെസ്' കളും ദുരന്തത്തിലേക്കല്ല നയിക്കുന്നത്. ചിലത് ഇൻക്രിമെന്റിലേക്കും നയിക്കും.

ജീവിതത്തിലെ പല മികച്ച അവസരങ്ങൾ വന്നതും 'നോ' പറയാതിരുന്നതുകൊണ്ട് ആകാം. ഒരു സുഹൃത്ത് വിളിക്കും.'ഒരു പരിപാടിക്ക് വരാമോ?' മനസ്സിൽ ആദ്യം വരുന്നത് 'വേണ്ട' എന്നായിരിക്കും.പക്ഷേ മര്യാദയ്ക്ക് പോകും. അവിടെ വെച്ച് ജീവിത പങ്കാളിയെ കണ്ടുമുട്ടിയവരുണ്ട്.

ജോലി അവസരം ലഭിച്ചവരുണ്ട്. ബിസിനസ് പാർട്ണറെ കണ്ടെത്തിയവരുണ്ട്. ചിലപ്പോൾ ജീവിതത്തിലെ വലിയ വഴിത്തിരിവുകൾ കലണ്ടറിൽ പ്ലാൻ ചെയ്തതല്ല. പോകാൻ മനസ്സില്ലാതിരുന്ന ഒരു പരിപാടിയിൽ നിന്നാണ്. മലയാളിയുടെ സാമൂഹിക ജീവിതം രക്ഷിച്ചത് 'നോ' പറയാതിരുന്നതാണ്. എല്ലാവരും എല്ലാ കാര്യത്തിനും തുറന്ന് 'നോ' പറയാൻ തുടങ്ങിയാൽ കേരളത്തിലെ സാമൂഹിക ജീവിതം പകുതിയായി ചുരുങ്ങും.

'വീട്ടിലേക്ക് വരണേ.'

'വേണ്ട.'

'ഒരു ചായ കുടിക്കാം.'

'താൽപര്യമില്ല.'

'പരിപാടിക്ക് വരുമല്ലോ?'

'ഒരിക്കലുമില്ല.'

ഇങ്ങനെ എല്ലാവരും പച്ചയ്ക്ക് സത്യം പറയാൻ തുടങ്ങിയാൽ സൗഹൃദങ്ങളെക്കാൾ വേഗത്തിൽ ഹൃദയാഘാതം കൂടും.

ചില ചെറിയ കള്ളങ്ങളും ചില മര്യാദയുള്ള 'നോക്കാം' കളും സമൂഹത്തെ സുഗമമായി ഓടിക്കുന്ന ലൂബ്രിക്കന്റ് പോലെയാണ്. അതിനാൽ ജീവിതത്തിൽ എല്ലാ 'യെസ്' കളും നല്ലതല്ല. എല്ലാ 'നോ' കളും മോശവുമല്ല. പക്ഷേ എല്ലാ കാര്യങ്ങൾക്കും 'നോക്കാം' എന്ന് പറയുന്നവർ ഒരു പ്രത്യേക വിഭാഗമാണ്. അവർക്ക് തീരുമാനമെടുക്കാനുള്ള സമയം വരുമ്പോൾ തീരുമാനമുണ്ടാകില്ല. തീരുമാനം വേണ്ടാത്ത സമയത്ത് ഉപദേശങ്ങൾ മാത്രം ധാരാളമുണ്ടാകും! അതുകൊണ്ട് ജീവിതത്തിലെ ഏറ്റവും വലിയ ജ്ഞാനം എപ്പോൾ 'യെസ്' പറയണം, എപ്പോൾ 'നോ' പറയണം, എപ്പോൾ വെറുതെ വായ അടച്ചിരിക്കുക എന്നത് മനസ്സിലാക്കുന്നതാണ്. കാരണം ചിലപ്പോൾ ഒരു 'നോ' ജീവിതം രക്ഷിക്കും. ചിലപ്പോൾ ഒരു 'യെസ്' ജീവിതം മാറ്റിമറിക്കും. പക്ഷേ ഒരു കാര്യം ഉറപ്പാണ്, മലയാളിയുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ വാക്ക് ഇപ്പോഴും 'നോക്കാം' തന്നെയാണ്!

ഇത്രയും വായിച്ചുകഴിഞ്ഞ് എഡിറ്റർ- അപ്പോ ഈ ആഴ്ചത്തേക്ക് ഇത്രയും മതി. അടുത്തയാഴ്ച കുറച്ചുകൂടി നല്ലൊരു വിഷയത്തെക്കുറിച്ച് എഴുതണം. അപ്പോൾ ഞാൻ; നോക്കാം...എന്താല്ലേ..!