അനാവശ്യ വിമര്ശനങ്ങളെയും മറ്റ് അഭിപ്രായങ്ങളെയും അവഗണിച്ച് സ്വന്തം കളിയില് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം മക്കള്ക്ക് നല്കുന്ന ഉപദേശം.

കുട്ടികളെ പണത്തിന്റെ മൂല്യത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ്. തന്റെ രണ്ട് ജെൻ സീ മക്കളായ ആര്യവീറിനും വേദാന്തിനും പണത്തിന്റെയും ജീവിതത്തിന്റെയും യഥാർത്ഥ മൂല്യം മനസ്സിലാക്കിക്കൊടുക്കാൻ താൻ നൽകിയ ഉപദേശങ്ങളും ജീവിതാനുഭവങ്ങളും പങ്കുവെക്കുകയാണ് ഈ മുൻ ഇന്ത്യൻ താരം. ഇരുവരും ക്രിക്കറ്റർമാരാണ്.
സെവാഗിന്റെ മക്കളായ ആര്യവീർ അണ്ടർ-19 ക്രിക്കറ്റിലും വേദാന്ത് അണ്ടർ-16 ക്രിക്കറ്റിലും നിലവിൽ സജീവമാണ്. അവർ സ്വന്തമായി 2-3 ലക്ഷം രൂപ വരെ സമ്പാദിച്ചു തുടങ്ങിയിട്ടുണ്ട്. ഒരിക്കൽ കാറിൽ 7,000 രൂപയ്ക്ക് പെട്രോൾ അടിക്കുകയും സ്വന്തം കയ്യിൽ നിന്ന് പണം നൽകേണ്ടി വരികയും ചെയ്തപ്പോഴാണ് പണത്തിന്റെ യഥാർത്ഥ മൂല്യം മകൻ തിരിച്ചറിഞ്ഞതെന്ന് സെവാഗ് വെളിപ്പെടുത്തി. അച്ഛൻ പണം നൽകിയപ്പോൾ തോന്നാത്ത ഉത്തരവാദിത്വം സ്വന്തം സമ്പാദ്യം ചെലവായപ്പോൾ അവന് മനസ്സിലായി.ഇന്നത്തെ തലമുറ ജീവിക്കുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണെന്ന് സെവാഗ് പറയുന്നു. ദിഖാവെ കി ലൈഫ് അതായത് ആഡംബരം നടിച്ചുള്ള ജീവിതം എന്നാണ് സെവാഗ് ഇതിനെ വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ ലൈക്കുകളും കമന്റുകളും നേടാനും കൂട്ടുകാരുടെ മുന്നിൽ തിളങ്ങിനിൽക്കാനും വേണ്ടി ആഡംബര വസ്ത്രങ്ങൾ, വിലകൂടിയ ഗാഡ്ജെറ്റുകൾ, ലക്ഷങ്ങൾ വിലയുള്ള വാഹനങ്ങൾ എന്നിവ വാങ്ങിക്കൂട്ടുന്ന പ്രവണത ഇന്നത്തെ ചെറുപ്പക്കാരിൽ കൂടുതലാണ്.
ബി.എം.ഡബ്ല്യു, റേഞ്ച് റോവർ, വിലപിടിപ്പുള്ള വാച്ചുകൾ തുടങ്ങിയ ആഡംബരങ്ങളോട് ഈ പ്രായത്തിൽ കുട്ടികൾക്ക് ആകർഷണം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രായവും പക്വതയും എത്തുമ്പോൾ ഇതൊന്നും ജീവിതത്തിൽ പ്രധാനമല്ലെന്ന് അവർ തിരിച്ചറിയും. 'ആഡംബരം കാണിക്കാനുള്ള ജീവിതമല്ല നയിക്കേണ്ടത്, മറിച്ച് ജനങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്ന രീതിയിലുള്ള ലക്ഷ്യബോധമുള്ള ജീവിതമാണ് നയിക്കേണ്ടത്,' സെവാഗ് പറയുന്നു.
ഇന്നത്തെ ജെൻ സീ തലമുറ ജീവിക്കുന്നത് ഇൻസ്റ്റാഗ്രാമും ട്രെൻഡുകളും നയിക്കുന്ന ഒരു വിർച്വൽ ലോകത്താണ്. ബാഹ്യമായ പ്രഭാവം മാത്രം കണ്ട് ആളുകളെയും അവരുടെ ജീവിതരീതികളെയും വിലയിരുത്താൻ തുനിയുന്നതാണ് ഈ തലമുറയുടെ പ്രധാന വീഴ്ചയെന്ന് സെവാഗ് ചൂണ്ടിക്കാണിക്കുന്നു.'സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതെല്ലാം സത്യമല്ല. അവിടെ ആളുകൾ പ്രദർശിപ്പിക്കുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ചതും തിളക്കമുള്ളതുമായ നിമിഷങ്ങൾ മാത്രമാണ്. മറ്റുള്ളവരുടെ ആഡംബര ജീവിതം കണ്ട് നിങ്ങളുടെ യഥാർത്ഥ ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും ഉപേക്ഷിക്കരുത്. ആഡംബരത്തിന്റെ തിളക്കം കണ്ട് വഞ്ചിക്കപ്പെടരുത്.'യഥാർത്ഥ വ്യക്തിത്വവും സാമ്പത്തിക ഭദ്രതയും കൈവരിക്കണമെങ്കിൽ സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന വ്യാജ പ്രതിച്ഛായകൾക്ക് പിന്നാലെ പോകാതിരിക്കാൻ കുട്ടികൾക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ജീവിതത്തിൽ അത്യാവശ്യമായി വേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നും, ആഗ്രഹങ്ങൾ ഏതൊക്കെയാണെന്നും വേർതിരിച്ചറിയാൻ മക്കൾക്ക് സാധിക്കണം. ഒരു വസ്തു വാങ്ങുന്നതിന് മുമ്പ് അത് എനിക്ക് ശരിക്കും ആവശ്യമുണ്ടോ അതോ ഒരു ഭ്രമം കൊണ്ടാണോ വാങ്ങുന്നത് എന്ന് സ്വയം ചോദിക്കണം. ലഭിക്കുന്ന പണം മുഴുവൻ ചെലവഴിച്ചുതീർക്കാതെ, ഒരു നിശ്ചിത ഭാഗം ഭാവിയിലേക്ക് സമ്പാദിച്ചുവെക്കുക. നിക്ഷേപങ്ങളെക്കുറിച്ചും സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും ചെറിയ പ്രായത്തിൽ തന്നെ അറിവ് സമ്പാദിക്കണം.മറ്റുള്ളവരെ കാണിക്കാൻ വേണ്ടി വായ്പകളെയും ക്രെഡിറ്റ് കാർഡുകളെയും ആശ്രയിച്ച് സാമ്പത്തിക ബാധ്യതകൾ വരുത്തിവെക്കരുത്. കൈയിലുള്ള പണത്തിനനുസരിച്ച് മാത്രം ജീവിതച്ചെലവുകൾ ക്രമീകരിക്കുക. ഒരു വ്യക്തിക്ക് എത്രമാത്രം വരുമാനമുണ്ട് എന്നതിനേക്കാൾ പ്രധാനം ആ വരുമാനം എങ്ങനെ വിനിയോഗിക്കുന്നു, എങ്ങനെ സമ്പാദിക്കുന്നു എന്നതാണ്. ക്രിക്കറ്റ് കരിയറിലൂടെ കോടികൾ സമ്പാദിക്കാൻ കഴിഞ്ഞാലും സാമ്പത്തിക അച്ചടക്കമില്ലെങ്കിൽ ഏതൊരു വലിയ സാമ്രാജ്യവും തകർന്നുപോകുമെന്ന് സെവാഗ് ഓർമിപ്പിക്കുന്നു. തന്റെ ചെറുപ്പകാലത്ത് കുടുംബത്തിൽ നിന്നുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സെവാഗ് പറയുന്നു: 'ഞങ്ങൾ വളർന്നുവന്ന സാഹചര്യങ്ങളിൽ പണത്തിന്റെ വില എന്താണെന്ന് ഞങ്ങൾ കൃത്യമായി മനസ്സിലാക്കിയിരുന്നു. എന്നാൽ ഇന്നത്തെ കുട്ടികൾക്ക് എല്ലാം വളരെ എളുപ്പത്തിൽ ലഭ്യമാകുന്നുണ്ട്. അതുകൊണ്ടുതന്നെ, പണം അധ്വാനിച്ചുണ്ടാക്കുന്നതിന്റെയും അത് സൂക്ഷിച്ച് ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം അവരെ പഠിപ്പിക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണ്.'
മക്കൾ തങ്ങളുടെ കഴിവുകൊണ്ട് മാത്രം മുന്നേറണമെന്നും, വീരേന്ദർ സെവാഗിന്റെ മക്കൾ എന്ന മേൽവിലാസം ഉപയോഗിച്ച് എളുപ്പവഴികൾ തിരഞ്ഞെടുക്കരുതെന്നും അദ്ദേഹം പറയുന്നു. സെവാഗ് എന്ന വിലാസത്തിൽ വളരുമ്പോൾ അച്ഛനുമായി എപ്പോഴും താരതമ്യപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് മക്കളെ പഠിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രശംസകൾക്കൊപ്പം വിമർശനങ്ങളും ഉണ്ടാകും. എന്നാൽ അനാവശ്യ വിമർശനങ്ങളെയും മറ്റ് അഭിപ്രായങ്ങളെയും അവഗണിച്ച് സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അദ്ദേഹം മക്കൾക്ക് നൽകുന്ന ഉപദേശം.
Content Highlights: Former cricketer Virender Sehwag discusses the importance of understanding luxury and leading a meaningful life beyond social media influences.
Published: 21 Oct 2026, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented