
കായല്‍ ഫിലിംസിന്റെ പേരില്‍ അമേരിക്കയിലെ ന്യൂ ഓര്‍ലിയെന്‍സില്‍ ചിത്രീകരിച്ച മലയാള ചലച്ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. അമേരിക്കയില്‍ ഇന്ത്യയോട് അല്പമെങ്കിലും ചേര്‍ന്നുനില്‍ക്കുന്ന ഒരു സംസ്‌കാരം ഉണ്ടെങ്കില്‍ അത് ന്യൂ ഓര്‍ലിയന്‍സിനാണ് എന്നാണ് പറയപ്പെടുന്നത്. തെരുവുകള്‍ നമ്മുടെ പല നഗരങ്ങളിലുള്ളതു പോലെ തിരക്കുകളും കടകളും വീതികുറഞ്ഞ വഴികളും അങ്ങിനെ എന്തൊക്കെയോ സമാനതകള്‍. അമേരിക്കയിലെ പല പ്രശസ്ത സംഗീത വിദഗ്ധരുടെ ട്രൂപ്പുകളുടെ ഉറവിടം ഈ ചെറുപട്ടണമാണ്. അമേരിക്കയിലുള്ള സാങ്കേതിക വിദഗ്ധരും കേരളത്തില്‍നിന്നുള്ള പ്രൊഡക്ഷന്‍ ക്രൂവും ഒന്നിച്ചുള്ള ഒരു സംരംഭമായിരുന്നു ഈ ചലച്ചിത്രം.
ഛായാഗ്രഹണം ഹോളിവുഡില്‍നിന്നുള്ള ലൂക്കാസ് പ്രഞ്ചിങ്ക് ആയിരുന്നു. ഇപ്പോഴും ജനഹൃദയങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്ന അമേരിക്കയില്‍നിന്നുള്ള 'അക്കരക്കാഴ്ചകള്‍' എന്ന യൂട്യൂബ് സിറ്റ്‌കോമിന്റെ സംവിധായകന്‍ അബി വര്‍ഗീസും നവീന്‍ ഭാസ്‌ക്കറുമാണ് കഥയും തിരക്കഥയും. അബിയുമായി അക്കരക്കാഴ്ചകളിലൂടെയാണ് ആദ്യമായി ഒന്നിക്കുന്നത്. അന്നുതൊട്ടുള്ള പരിചയമാണ് ഇങ്ങനെ ഒരു പ്രൊജക്ടിലേക്ക് എത്തിപ്പെടാനുള്ള കാരണവും. അസോസിയേറ്റായി നവീന്‍ ചാത്തപുറവും ലിനു ആന്റണിയും സംവിധായകന്‍ ജോഷി തോമസ് പള്ളിക്കലും ഉണ്ടായിരുന്നു.

കഥയുടെ വണ്‍ലൈന്‍ കേട്ടപ്പോള്‍ രസകരമായി തോന്നിയിരുന്നു. അതുകൊണ്ട് ഞാന്‍ തന്നെയാണ് ഫഹദ് ഫാസിലിനോട് സംസാരിച്ചത്. ഫഹദ് സന്തോഷപൂര്‍വ്വം അഭിനയിക്കാമെന്നേറ്റു. കാരണം വളരെ കാലമായി ഫാസില്‍ കുടുംബവുമായുള്ള ഞങ്ങളുടെ അടുപ്പംതന്നെയാണ്. സഹോദരന്‍ ബാബു ആന്റണി അഭിനയം തുടങ്ങിയ കാലത്തുതന്നെ ഫാസില്‍ അദ്ദേഹത്തിന്റെ മമ്മൂട്ടിചിത്രമായ 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന ചിത്രത്തിലേക്ക് ഒരു വില്ലന്‍ വേഷം ചെയ്യാന്‍ ക്ഷണിച്ചിരുന്നു. അന്ന് പുതുമുഖങ്ങളായിരുന്ന ബാബുവും സുരേഷ് ഗോപിയും നദിയാ മൊയ്ദുമൊക്കെ അഭിനയിച്ച ആ ചിത്രം പിന്നീട് ആറു ഭാഷകളില്‍ നിര്‍മ്മിച്ചപ്പോഴും ബാബുതന്നെയാണ് വില്ലന്‍ വേഷം ചെയ്തത്. അങ്ങനെ ബാബുവിന് നല്ല ഒരു ബ്രേക്ക് കൊടുത്ത ഫാസിലിനെ ഞാന്‍ ആ കാലങ്ങളിലാണ് പരിചയപ്പെടുന്നത്. അതേ പടം 'പൂവിഴിവാസ്സില്‍' എന്ന പേരില്‍ തമിഴില്‍ ഫാസില്‍ തന്നെ സംവിധാനം നിര്‍വഹിച്ചു. സിനിമ വന്‍ഹിറ്റായിരുന്നു. ചെന്നൈയില്‍ റീലീസിന് ബാബുവിനും ഫാസിലിനുമൊപ്പം ആദ്യ പ്രദര്‍ശന ദിവസം ഞാനും ചിത്രം കാണാനുണ്ടായിരുന്നു. അന്നാണ് സംവിധായകന്‍ പ്രിയദര്‍ശനെ ആദ്യമായി കാണുന്നത്. അന്നത്തെ വൈകുന്നേരത്തെ കൂട്ടായ്മകള്‍ സന്തോഷകരമായിരുന്നു. കിടക്കാന്‍ നേരം എന്നും ഒരു ഗ്ലാസ്സ് പാലു കുടിക്കുന്നത് സുഖനിദ്രക്ക് നല്ലതാണെന്ന് ഫാസില്‍ അന്നു പറഞ്ഞത് ഇപ്പോഴും ഓര്‍മയിലുണ്ട്. പ്രിയദര്‍ശന്‍ തന്റെ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായ താളവട്ടത്തെ പറ്റിയൊക്കെ സംസാരിച്ചിരുന്നതും ഓര്‍ക്കുന്നു.
മമ്മൂട്ടി നായകനായ പൂവിനു പുതിയ പൂന്തെന്നല്‍ എന്ന സിനിമ ഇറങ്ങിയ സമയത്ത് അമേരിക്കയില്‍നിന്ന് നാട്ടില്‍ വന്നപ്പോള്‍ ഞാനും പ്രേമയും ഇളയ സഹോദരി മിനിയും ബാബുവിനൊപ്പം ഫാസിലിന്റെ വീട്ടില്‍ പോയിട്ടുണ്ട്. മിനി അന്ന് ചങ്ങനാശ്ശേരി അസംഷന്‍ കോളേജിലാണ് പഠിക്കുന്നത്. പള്ളാത്തുരുത്തിയിലും നെടുമുടിയിലും കാര്‍ ചങ്ങാടത്തില്‍ കയറ്റിയാണ് അന്നൊക്കെ പൊന്‍കുന്നത്തുനിന്നും ആലപ്പുഴയ്ക്ക് പോയ്ക്കൊണ്ടിരുന്നത്. രസകരമായ ആ യാത്ര ഏറ്റവും ആസ്വദിച്ചത് ഞങ്ങളുടെ രണ്ടു വയസുള്ള നദിമോളായിരുന്നു. ഫഹദ് അന്ന് കൊച്ചു പയ്യനായി ഓടി നടക്കുന്ന സമയം. ഫാസിലിന്റെ ഭാര്യ റൊസീനാ ഒരുക്കിയ വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണത്തിന്റെയും അച്ചാറിന്റെയും രുചി ഇപ്പോഴും നാവിലൂറുന്നു.
മണ്‍സൂണ്‍ മാംഗോസ് പൂര്‍ണമായും അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ വെച്ചാണ് ചിത്രീകരിച്ചതെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഹിന്ദിയില്‍ നിന്നും മണ്‍സൂണ്‍ വെഡിങ് ഫെയിം വിജയ രാസും, മലയാളത്തില്‍ നിന്നും ടോവിനോ തോമസ്, വിനയ് ഫോര്‍ട്ട്, അലന്‍സിയര്‍ എന്നിവരും അഭിനയിച്ചു. അവരൊക്കെ ഇന്ന് മുന്‍നിര താരങ്ങളായതില്‍ അഭിമാനമുണ്ട്. അതുപോലെ തുടക്കകാലത്ത്തന്നെ പ്രശസ്ത സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയിക്ക് അവസരം ഒരുക്കിയ സിനിമയായിരുന്നു 'മണ്‍സൂണ്‍ മാംഗോസ്. നസ്രിയയും ഫഹദിനൊപ്പം ഷൂട്ട് അവസാനിക്കുന്നവരെ ന്യൂ ഓര്‍ലിയന്‍സില്‍ ഉണ്ടായിരുന്നു. ജേക്‌സ് ബിജോയ് കാലിഫോര്‍ണിയയിലെ ലോകപ്രസശസ്തമായ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് സംഗീതത്തില്‍ ബിരുദം നേടിയതെന്നത് അഭിമാനാര്‍ഹമാണ്.

അഭിനയം തുടങ്ങിയ കാലത്ത് വിനയ് ഫോര്‍ട്ടിന് എം.ജി ശശിയുടെ ജാനകി എന്ന ചിത്രത്തിലും അവസരം കൊടുത്തിരുന്നു. മണ്‍സൂണ്‍ മാംഗോസിൽ സിനിമയ്ക്കുള്ളിലെ സിനിമയിലെ ക്രിസ്തുവിന്റെ വേഷമായിരുന്നു എന്റേത്. അങ്ങനെ ഞാന്‍ ആദ്യമായി യേശു ക്രിസ്തുവിന്റെ വേഷം വെള്ളിത്തിരയില്‍ അവതരിപ്പിച്ചു.

നേരത്തെ പൂര്‍ണമായും അമേരിക്കയില്‍വെച്ചെടുത്ത രാജീവ് അഞ്ചലിന്റെ, മാധവനെ മുഖ്യ കഥാപാത്രമായി ചെയ്ത 'മെയ്ഡ് ഇന്‍ യൂഎസ്എ'' യെപോലെത്തന്നെ ഈ സിനിമയും സാമ്പത്തിക വിജയമായില്ല. എന്നതും ദുഃഖകരമായ അനുഭവമായിരുന്നു. ഹോളിവുഡ് ശൈലിയില്‍ എടുത്തതുകൊണ്ടും സാധാരണ അടിപിടി പടങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നതുകൊണ്ടുമാവാം കേരളത്തിലെ പ്രേക്ഷകര്‍ക്ക് മണ്‍സൂണ്‍ മാംഗോസ് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നത് എന്നാണ് എന്റെ തോന്നല്‍. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആയിരുന്നു രണ്ടു ചിത്രങ്ങളുടെയും വിതരണക്കാര്‍. മണ്‍സൂണ്‍ മാംഗോസിന്റെ ആദ്യ ദിവസം ഞാനും തീയറ്ററില്‍ പോയിരുന്നു. തുടക്കത്തില്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും ക്രമേണ പ്രേക്ഷകര്‍ കൈവിട്ടു. ഞാന്‍ ആദ്യമായി കൊമേഡിയനായി അഭിനയിച്ചതും ഈ ചിത്രത്തിലായിരുന്നു. സിനിമയ്ക്കുള്ളിലെ സിനിമയില്‍ ഞാന്‍ കഴുതപ്പുറത്തിരിക്കുന്ന രംഗം കണ്ട് പ്രേക്ഷകര്‍ ഒന്നടങ്കം ചിരിക്കുന്നുണ്ടായിരുന്നു. അതു മാത്രമായിരുന്നു ഒരാശ്വാസം. സിനിമയ്ക്കുള്ളിലെ സിനിമയിലെതന്നെ ശശാങ്കന്‍ എന്നൊരു കഥാപാത്രമായി ഒരു പാട്ട് പാടാനുള്ള അവസരവും ഉണ്ടായിരുന്നുവെന്നത് സന്തോഷകരമായ അനുഭവമായിരുന്നു. പഠിക്കുന്ന കാലത്ത് നാടകങ്ങളില്‍ ഹാസ്യാത്മകരമായ വേഷങ്ങള്‍ ചെയ്തിരുന്ന ഞാന്‍ സിനിമയില്‍ അധികവും സീരിയസ് വേഷങ്ങളാണ് ചെയ്തത്.
'In cinema, appearance often speaks louder than words, and true acting is the art of appearing not to act'
ഈ വ്യാഖ്യാനങ്ങള്‍ പ്രശസ്ത ഹോളിവുഡ് നടന്‍ പോള്‍ മുനിയുടെ പുസ്തകത്തില്‍ വായിച്ചതാണ്. ഇത് നൂറു ശതമാനം ശരിയുമാണ്. എനിക്കു കിട്ടിയ കഥാപാത്രങ്ങളില്‍ ബഹുഭൂരിപക്ഷവും എന്റെ രൂപത്തിനിണങ്ങിയതായിരുന്നു. യേശുക്രിസ്തു, പള്ളീലച്ചന്‍, ഗുരു, ഡോക്ടര്‍, സന്യാസി, ഇല്ലത്തെ നമ്പൂതിരി, മേനോന്‍ മുതലായവ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ശശാങ്കന്‍ എന്നതില്‍ സംശയമില്ല.
'ഈയെമ്മെസ്സും പെണ്‍കുട്ടിയും'
ബെന്യാമിന്റെ മികച്ച കഥകളിലൊന്നാണ് 'ഈയെമ്മെസ്സും പെണ്‍കുട്ടിയും.' വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് കഥ പ്രസിദ്ധീകരിച്ചത്. കഥ സിനിമയാക്കുന്നു എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. അതിലൊരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് അതിന്റെ സംവിധായകനായ പുതുമുഖം കൊച്ചിയില്‍ നിന്ന് വിളിച്ചപ്പോഴാണ് വിവരമറിഞ്ഞത്. സിനിമയ്ക്ക് ഒരു പ്രൊഡ്യൂസറുണ്ടായിരുന്നെങ്കിലും മറ്റൊരു പ്രൊഡ്യൂസറെക്കൂടി വേണമായിരുന്നു.

പുതുസംവിധായകന്റെ ആവശ്യം അമേരിക്കയിലെ ലാസ് വേഗസിലുള്ള എന്റെ സുഹൃത്ത് ഗണേഷ്‌കുമാറിനെ ഞാന്‍ അറിയിച്ചു. മകള്‍ സാഷയെ നായികയാക്കി ഒരു സിനിമയെടുക്കണമെന്ന ആഗ്രഹം മുമ്പൊരിക്കല്‍ കുമാര്‍ എന്നോടു പറഞ്ഞിരുന്നതിനാലാണ് വിവരം അദ്ദേഹത്തോടു പറഞ്ഞത്. മാത്രമല്ല, ലാസ് വേഗസിലെ പ്രശസ്ത ഗാംബ്ലിംഗ് കാസിനോയായ ബല്ലാജിയ ഹോട്ടലിന്റെ അസിസ്റ്റന്റ് മാനേജരായിരുന്ന ഗണേഷ് പീറ്റര്‍ കുമാര്‍ എന്ന ഗണേഷ്‌കുമാറിന് ഒരു പൂര്‍വകാല സിനിമാചരിത്രവുമുണ്ടായിരുന്നു. യുവാവായിരിക്കുമ്പോള്‍ അദ്ദേഹം 'ടാര്‍സന്‍' എന്നൊരു ഇറ്റാലിയന്‍ ചിത്രത്തില്‍ ടാര്‍സനായിത്തന്നെ വേഷമിട്ടിട്ടുണ്ട്. സാഷയുടെ പടം കണ്ടപ്പോള്‍ നമ്മുടെ പുതുസംവിധായകന് എതിര്‍പ്പുമുണ്ടായില്ല. അതോടെ കുമാര്‍ ചിത്രത്തിനു പണം മുടക്കാന്‍ തയ്യാറായി.

ലണ്ടനിലും ശ്രീലങ്കയിലുമാണ് ലൊക്കേഷന്‍. ആദ്യ ഷെഡ്യൂള്‍, ലണ്ടനില്‍ ഇന്ത്യക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന സൗത്ത് ഹാം എന്ന സ്ഥലത്തായിരുന്നു. ഞാനും 'അക്കരക്കാഴ്ചകള്‍' ഫെയിം ജോസ്‌കുട്ടിയും കുമാറും സാഷയും അമേരിക്കയില്‍നിന്ന് അവിടെയെത്തി. പല സാങ്കേതിക കാരണങ്ങളാല്‍ പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ഷൂട്ട് നിന്നുപോയി. എല്ലവരും നിരാശരായി മടങ്ങി.
രണ്ടാമത്തെ ആഴ്ച എനിക്കു നാലു ദിവസം ഷൂട്ടുണ്ടായിരുന്നു. ഒരു ദിവസം ഏതോ ഒരു വീട്ടിലും പിന്നെ ഔട്ട്ഡോറിലുമായിരുന്നു. അടുത്ത ദിവസം ഒരു ഹാളില്‍, അവിടത്തെ മലയാളികളുടെ ഓണാഘോഷമാണ് ചിത്രീകരിച്ചത്. അന്ന് ആശാ ശരത്തിന്റെ കൂടെ, ലണ്ടനില്‍ താമസിക്കുന്ന മലയാളികളും ഡാന്‍സ് ചെയ്തിരുന്നു.

ഒരു ദിവസം ഞാന്‍ സൗത്ത്ഹാമിലെ തെരുവിലൂടെ ഒറ്റയ്ക്കു നടക്കുമ്പോള്‍ ഉണ്ടായ ഒരനുഭവം ഇപ്പോഴും മറന്നിട്ടില്ല.
നടന്നുപോയ എന്നെ ഒരു മലയാളി തിരിച്ചറിഞ്ഞു.
'തമ്പിസ്സാറല്ലേ'
'അതെ. മനസ്സിലായില്ലല്ലോ...'
ആള്‍ പേരു പറഞ്ഞു.
'ഇവിടെയെന്താ ഇപ്പോള്‍'
'ഒരു ഷൂട്ടിനു വന്നതാ. പക്ഷേ തിരിച്ചുപോകാന്‍ പറ്റുന്നില്ല.'
ടിക്കറ്റ് കിട്ടാഞ്ഞിട്ടായിരിക്കുമെന്നാണു ഞാന്‍ കരുതിയത്.
'ടിക്കറ്റാണു പ്രശ്നമെങ്കില്‍ നാട്ടില്‍നിന്നു ട്രൈ ചെയ്യാമല്ലോ!'
'അതൊന്നുമല്ല. ഇതല്‍പ്പം ഗൗരവമുള്ള കാര്യമാണ്. ഫൂട്ടേജൊക്കെ ക്യാമറക്കാര്‍ പിടിച്ചുവച്ചിരിക്കുകയാണ്.'
'അതെന്താ, കാശു കൊടുക്കാനുണ്ടോ'
'ഉണ്ട് സര്‍.'
'ബാക്കിയുള്ളവരൊക്കെ'
'എല്ലാവരും പോയി...!'
പിന്നെ ഞാന്‍ ഒന്നും ചോദിച്ചില്ല. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ഞാനത്ഭുതപ്പെട്ടു. ആ വര്‍ഷം അവിടെ ഷൂട്ട് ചെയ്ത മറ്റൊരു മലയാളം പടത്തിന്റെ അസോസിയേറ്റാണ്. ഷൂട്ട് ചെയ്ത വകയില്‍ അവിടത്തെ ക്യാമറാക്രൂവിനു പണം കൊടുക്കാനുള്ളതുകൊണ്ട് ക്യാമറ പിടിച്ചുവച്ചിരിക്കുകയാണ്!
കഴിഞ്ഞ വര്‍ഷം കുമാര്‍ നാട്ടില്‍ ചെന്നപ്പോള്‍ സംവിധായകനുമായി വീണ്ടും സംസാരിച്ചിരുന്നു. അവര്‍ ഫൂട്ടേജെല്ലാം ഒന്നുകൂടി ഇട്ടുകണ്ടു. തീര്‍ക്കണമെങ്കില്‍ പൂര്‍ത്തിയാക്കാന്‍ പറ്റുമെന്നു സംവിധായകന്‍ പറഞ്ഞിരുന്നു.
ഇതൊക്കെ വയസ്സുകാലത്തും ആരോഗ്യമുണ്ടെങ്കിലല്ലേ സാധിക്കുകയുള്ളു. പണക്കാരനായ കുമാറിന്റെ ഇന്നത്തെ അവസ്ഥപരിതാപകരമാണ്. രണ്ടു കാലുകള്‍ക്കും ബലക്ഷയംവന്നു. ഇപ്പോള്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ല. പിന്നീടദ്ദേഹം ഒരു തമിഴ് പടം കൂടി എടുത്തിരുന്നെങ്കിലും അതും ഒരിടത്തുമെത്തിയില്ലെന്നറിഞ്ഞു. അതോടെ സിനിമാമോഹം അവസാനിച്ചു. ഇപ്പോള്‍ അയുര്‍വേദചികിത്സയുമായി കേരളത്തിലുണ്ട്.
'ആരോഗ്യമാണ് സമ്പത്തെ'ന്നാണല്ലോ ചൊല്ല്! പണം പോയാല്‍ ഉണ്ടാക്കാം. പക്ഷേ ആരോഗ്യം പോയാല്‍ എല്ലാം തീര്‍ന്നില്ലേ! കുമാറിപ്പോള്‍ ആ അവസ്ഥയിലാണ്. എനിക്കും പല സിനിമകളിലായി കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് മുമ്പേ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ കഥകളൊക്കെ ഞാന്‍ കുമാറിനോടു പറഞ്ഞു. ചെയ്ത സിനിമകളിലൂടെ എനിക്കുണ്ടായ ഭീമമായ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ നഷ്ടം തീരെ ചെറുതാണെന്നദ്ദേഹം എന്നോടു പറഞ്ഞു. എങ്ങുമെത്താതെപോയ 'ഈയെമ്മെസ്സും പെണ്‍കുട്ടിയും'എന്ന സിനിമ അങ്ങിനെ പെട്ടിക്കുള്ളിലായി. അങ്ങനെ പൂര്‍ത്തിയാകാത്ത എത്രയെത്ര സിനിമകളുണ്ടാകും മലയാളത്തില്‍.
Content Highlights: Thampy Antony hollywood and malayalam film journey
Published: 28 Aug 2025, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented