
'ഭരതമുനിയൊരു കളം വരച്ചു
ഭാസകാളിദാസര്‍ കരുക്കള്‍ വച്ചു
കറുപ്പും വെളുപ്പും കരുക്കള്‍ നീക്കി
കാലം കളിക്കുന്നു
ആരോ കൈകൊട്ടിച്ചിരിക്കുന്നു...'
ഒഎന്‍വി കുറുപ്പ് രചിച്ച ഈ ഗാനം കേള്‍ക്കുമ്പോള്‍ 'യവനിക' എന്ന സിനിമയെയും അതിന്റെ സംവിധായകന്‍ കെജി ജോര്‍ജിനെയും ഓര്‍മിക്കാത്ത മലയാളികളുണ്ടാവില്ല. മലയാള ചലച്ചിത്ര മേഖലയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ ആ സംവിധായകനെ ഒരിക്കലേ കണ്ടിട്ടുള്ളൂ. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച്. ഒരു സിനിമയുടെ ചര്‍ച്ചയ്ക്കുവേണ്ടിയാണ് ചെന്നതെങ്കിലും അദ്ദേഹത്തിന്റെ ശാരീരികമായ അസ്വസ്ഥത മൂലം ആ പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.
ഞങ്ങളുടെ നാടായ പൊന്‍കുന്നത്തെ പുതിയ തീയേറ്ററായിരുന്ന ലീലാമഹലിലെ ഉദ്ഘാടനചിത്രം കെ ജിജോര്‍ജിന്റെ യവനികയായിരുന്നു. എന്റെ മൂത്ത സഹോദരി ലീലച്ചേച്ചിയുടേതായിരുന്നു ആ തീയേറ്റര്‍. അവിടെ യവനിക റിലീസായപ്പോള്‍ എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്കോര്‍മയില്ല! അത്രയ്ക്കിഷ്ടപ്പെട്ട അത് മലയാള സിനിമയുടെ നാഴികക്കല്ലായിരുന്നു. ആ ചിത്രത്തിലെ ഡയലോഗുകള്‍പോലും ഇപ്പോഴും ഓര്‍മയിലുണ്ട്. അവയില്‍ ചിലതെങ്കിലും എടുത്തെഴുതാതെ ഈ കുറിപ്പിനോടു നീതിപുലര്‍ത്താനാവില്ല!
പോലീസ് ഓഫീസറായ ജേക്കബ്-മമ്മൂട്ടി- നാടകക്കാരനായ വരുണനെ-ജഗതി ശ്രീകുമാര്‍- ചോദ്യം ചെയ്യുന്ന രംഗം. സ്ഥലം പോലീസ് സ്റ്റേഷന്‍. തബലിസ്റ്റ് അയ്യപ്പന്റെ ദുരൂഹസാഹചര്യത്തിലെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതനുസരിച്ച്, മമ്മൂട്ടിയുടെ ഓഫീസിലേക്കു ചിരിച്ചുകൊണ്ടു കയറിവരുന്ന ജഗതി. ഇരിക്കാന്‍ പറയാതെതന്നെ കസേരയിലിരുന്നശേഷം മുഖവുരയൊന്നുമില്ലാതെ ഒരു ചോദ്യം:
'എന്താ സാര്‍, സുഖമല്ലേ'
അതിഷ്ടപ്പെടാതെ, ദേഷ്യത്തോടെ പോലീസ് ഓഫീസര്‍:
'എഴുന്നേല്‍ക്കെടാ!'
അതു തന്നോടുതന്നെയോ എന്നുറപ്പില്ലാതെ പിന്നിലേക്കു തിരിഞ്ഞുനോക്കുന്നു.
'നിന്നോടുതന്നെയാ. എഴുന്നേല്‍ക്കെടാ!'
വരുണന്‍ ഉടന്‍ ചാടിയെഴുന്നേല്‍ക്കുന്നു.
'നിന്നോടിരിക്കാനാരു പറഞ്ഞു'
'കസേര കണ്ടതുകൊണ്ട്...' ചമ്മിയ വരുണന്‍ വിനയപൂര്‍വംപ റഞ്ഞു.
'കസേര കണ്ടാലുടന്‍ നീയിരിക്കുമല്ലേ'
'സാധാരണ അങ്ങനെയാ!'
വരുണന്റെ ചമ്മിയ മുഖം ക്ലോസപ്പില്‍.
ആ സിനിമയിലഭിനയിച്ച എല്ലാ നടീനടന്‍മാരും ശ്രദ്ധിക്കപ്പെട്ടു. വെറും രണ്ടു സീനില്‍ മാത്രം വന്ന, അയ്യപ്പന്റെ മകന്‍ വിഷ്ണുവിനോട്-അശോകന്‍- പോലീസ് ഓഫീസര്‍ ചോദിക്കുന്ന ഒരു കിടിലന്‍ ചോദ്യമുണ്ട്:
'നീയാണോടാ നിന്റെ തന്തയെ കൊന്നത്'
വിഷ്ണുവിന്റെ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു:
'കൊല്ലണമെന്നുണ്ടായിരുന്നു സാറേ, അവസരം കിട്ടിയില്ല.'
നാടകസംവിധായകന്‍ വക്കച്ചന്‍-തിലകന്‍- ആത്മഗതമെന്നോണം പറയുന്നു:
'അയ്യപ്പനും വിഷ്ണുവും! രണ്ടും ദൈവനാമങ്ങള്‍!'
മറ്റൊരിടത്ത്, പട്ടയടിച്ചുകൊണ്ടു തബല വായിക്കുന്ന അയ്യപ്പനോടു വക്കച്ചന്‍ പറയുന്നു:
'എടാ, ചങ്കു വാടും. രണ്ടു താറാമുട്ടയെങ്കിലും കഴിക്ക്!'
അയ്യപ്പന്‍ ചിരിച്ചുകൊണ്ട് അതിനു മറുപടി പറയുന്നു:
'അതു ഞായം!'
അതിനുശേഷം ഗ്ലാസ്സിലിരുന്ന ചാരായം ഒറ്റയടിക്ക് അകത്താക്കിയിട്ട് പൂര്‍വാധികം ആവേശത്തോടെ തബലവായിക്കുന്ന അയ്യപ്പന്‍!
താരതമ്യേന പുതുമുഖമായിരുന്ന തിലകനെ നാടകക്കാരനാക്കിയതും മമ്മൂട്ടിക്ക് ആദ്യമായി ഒരു പോലീസ് ഓഫീസറുടെ വേഷം കൊടുത്തതും തബലവായന പഠിക്കാത്ത ഗോപിയെക്കൊണ്ട് തബല വായിപ്പിച്ചതും ജോര്‍ജ്ജ് സാറായിരുന്നു. കെ.ജി.ജോര്‍ജും എസ്എല്‍പുരവും ചേര്‍ന്ന് തിരക്കഥ രചിച്ച യവനിക, വ്യത്യസ്തമായൊരു കുറ്റാന്വേഷണകഥയാണ് പറഞ്ഞത്. കച്ചവടവും കലയും ഇത്ര തന്‍മയത്വമായി കോര്‍ത്തിണക്കിയൊരു സിനിമ അന്നുവരെ മലയാളത്തിലുണ്ടായിട്ടില്ല. 1982 ലെ കേരളാ സ്റ്റേറ്റ് അവാര്‍ഡ് യവനികയ്ക്കായിരുന്നു.
പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയ കെ.ജി. ജോര്‍ജ്ജിന്റെ ആദ്യ സിനിമ, പുതുമുഖങ്ങളെ അഭിനയിപ്പിച്ചുകൊണ്ട് അംഗീകാരങ്ങള്‍ നേടിയെടുത്ത സ്വപ്നാടനമായിരുന്നു. ആക്ഷേപഹാസ്യവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തിയ പഞ്ചവടിപ്പാലം, സാമൂഹ്യപശ്ചാത്തലത്തിലുള്ള ഇരകള്‍, മേള, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, കോലങ്ങള്‍, മറ്റൊരാള്‍ തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങള്‍കൂടി അദ്ദേഹം മലയാള സിനിമയ്ക്കു നല്‍കി. ജോര്‍ജ് ഓണക്കൂറിന്റെ നോവലിനെ അധികരിച്ചെടുത്ത ഉള്‍ക്കടല്‍ എന്ന ചിത്രവും എടുത്തുപറയത്തക്കതാണ്.
കാലാതിവര്‍ത്തികളായ ചിത്രങ്ങളിലൂടെ സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ആ ഇതിഹാസ സംവിധയകാന്‍ 2023 ല്‍ അരങ്ങൊഴിഞ്ഞു. ഞാന്‍ യവനിക കണ്ടാസ്വദിച്ച ലീലാമഹല്‍ തിയേറ്ററും ഇന്നില്ല!
മലയാളികളുടെ മമ്മൂട്ടി
മമ്മൂട്ടിയെ കണ്ടത്തുകയും മികച്ച വേഷം കൊടുത്ത് സിനിമയിലേക്കു കൈപിടിച്ചുയര്‍ത്തുകയും ചെയ്തത് സാക്ഷാല്‍ എംടിയായിരുന്നു. എന്നാല്‍ ആ പ്രതിഭയെ തിരിച്ചറിഞ്ഞ് മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത് കെ.ജി.ജോര്‍ജാണ്. യവനിക മുതല്‍ കെ ജി ജോര്‍ജിന്റെ കുറെ മികച്ച ചിത്രങ്ങളില്‍ മമ്മൂട്ടി അഭിനയിച്ചു. യവനികയിലെ പോലീസ് ഓഫീസറുടെ പൗരുഷമുള്ള കഥാപാത്രം മമ്മൂട്ടിയുടെ തുടര്‍ന്നുള്ള സിനിമാജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. എംടിയുടെ തന്നെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത 'ഒരു വടക്കന്‍ വീരഗാഥ'യിലെ ചന്തു എന്ന കഥാപാത്രം മമ്മൂട്ടിയെ ഒരുപാടുയരങ്ങളിലെത്തിച്ചു. പിന്നീട് മമ്മൂട്ടിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ സിനിമയായ നന്‍പകല്‍നേരത്തു മയക്കത്തിലൂടെ, 2022 ല്‍ ആറാമത്തെ സ്റ്റേറ്റ് അവാര്‍ഡും കരസ്ഥമാക്കി ആ ജൈത്രയാത്രതുടരുകയാണ്. മമ്മൂട്ടിക്കൊപ്പം മലയാളസിനിമയുടെ അഭിമാനമായി ജ്വലിച്ചുനില്‍ക്കുന്നത് മോഹന്‍ലാലാണ്. ഇരുവരുടെയും രീതികള്‍ അനന്യങ്ങളാണ്.
ഭക്ഷണകാര്യങ്ങളില്‍ അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തുന്നയാളാണ് മമ്മൂക്ക എന്ന് എനിക്കു നേരിട്ടറിയാം. പളുങ്കില്‍ അഭിനയിക്കുമ്പോഴായിരുന്നു അത്.അമ്പിളിച്ചേട്ടനുമൊന്നിച്ചായിരുന്നു ഭക്ഷണം. മമ്മൂക്ക വന്നിട്ട് ഒന്നിച്ചേ കഴിക്കാവൂ എന്ന് അമ്പിളിച്ചേട്ടന്‍ എന്നോടു പറയും. സല്‍ക്കാരപ്രിയന്‍കൂടിയായ മമ്മൂക്ക ഞങ്ങള്‍ക്കും അദ്ദേഹത്തിന്റെ വിഭവങ്ങള്‍ പങ്കുവയ്ക്കും. വളരെ കുറച്ചു ചിത്രങ്ങളിലേ ഞങ്ങളൊന്നിച്ചഭിനയിച്ചിട്ടുള്ളൂവെങ്കിലും ഞാനെഴുതിയ പുസ്തകങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. യുഗപുരുഷന്‍ എന്നചിത്രത്തിലഭിനയിക്കാന്‍ വന്ന കഥ വിവരിച്ചു പറയേണ്ടതുണ്ട്. പോകെപ്പോകെ പറയാം. എനിക്ക് വീണ്ടുമൊരു ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Thampy Antony hollywood and malayalam film journey
Published: 17 Jul 2025, 02:30 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented