
എഴുത്തുകാരന്‍ കൂടിയായ വിനോദ് കൃഷ്ണയാണ് ഈലം എന്ന സിനിമയുടെ ആശയവുമായി ആദ്യമായി എന്നെ അമേരിക്കയിലേക്ക് വിളിച്ചത്. ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച വിനോദിന്റെതന്നെ ഈലം എന്ന ചെറുകഥയെ ആസ്പദമാക്കി ഒരു സിനിമയെടുക്കുന്നു എന്ന് സൂചിപ്പിക്കാനായിരുന്നു വിളിച്ചത്. സാധാരണ എന്നെ നാട്ടില്‍ നിന്ന് ആരെങ്കിലും വിളിക്കുന്നത് നിര്‍മാതാവിനെ അന്വേഷിച്ചാണ്, അതറിയാവുന്നതുകൊണ്ട് ഞാന്‍ ആദ്യമൊന്നും അത്ര താല്പര്യം കാണിച്ചില്ല. ഒരിക്കല്‍ ഒരു സംവിധായകന്‍ വിളിച്ചിരുന്നു. ഒരു പ്രോജക്റ്റിന്റെ കാര്യം സംസാരിക്കാനാണ്. അതില്‍ നല്ല ഒരു വേഷവുമുണ്ട് എന്നും പറഞ്ഞു. അതേ സംവിധായകന്‍ അതിനു മുന്‍പ് രണ്ടു സിനിമകള്‍ ചെയ്തു എന്നു പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. അന്നൊന്നും വിളിക്കാഞ്ഞതെന്തേ എന്നു ചോദിച്ചപ്പോള്‍ നമ്പര്‍ ഇല്ലായിരുന്നു എന്നും പറഞ്ഞു. നിര്‍മാണ പങ്കാളിയല്ലെങ്കില്‍ വേഷമുണ്ടോ എന്നു ചോദിച്ചപ്പോള്‍ തീര്‍ച്ചയായും ഉണ്ടാകും എന്നു പറഞ്ഞെങ്കിലും ഞാനത് വിശ്വസിച്ചില്ല. കാരണം മുന്‍കാല അനുഭവങ്ങള്‍ തന്നെ. ഞാന്‍ നിര്‍മാതാവായതുകൊണ്ടു മാത്രം ചിത്രം പൂര്‍ത്തിയാക്കിയ സംവിധായകര്‍ പോലും പുതിയ നിര്‍മാതാവിനെ കിട്ടുമ്പോള്‍ എന്നെ ഓര്‍ക്കാറില്ല. അങ്ങനെയുള്ള അനുഭവങ്ങളും ധാരാളമുണ്ട്. സിനിമയില്‍ നിന്ന് ആരെങ്കിലും വിളിക്കുമ്പോള്‍ ഞാനിപ്പോള്‍ തിളച്ച വെള്ളത്തില്‍ വീണ പൂച്ചയെപോലെയാണ്. ആദ്യമൊന്ന് അറച്ചുനില്‍ക്കും.

വിനോദ് കൃഷ്ണ വിളിച്ചപ്പോഴും ആദ്യം ഒന്നു സംശയിച്ചു. പക്ഷേ, വിനോദ് വിളിച്ചത് അതിനൊന്നുമല്ല, അഭിനയിക്കാനാണ് എന്നു പറഞ്ഞപ്പോള്‍ കഥയെപ്പറ്റിയും കഥാപാത്രത്തെപ്പറ്റിയും ചോദിച്ചു. വിനോദിന്റെ ഈലം എന്ന കഥ നേരത്തെ ഞാനും വായിച്ചതാണ്. കഥയിലെ വ്യത്യസ്തത, അതാണ് എന്നെ ആകര്‍ഷിച്ചത്. ഈലം എന്ന പേരുപോലെതന്നെ പുതുമയുള്ള കഥാസന്ദര്‍ഭങ്ങള്‍, കഥാപാത്രങ്ങള്‍ പുതുമയുള്ള ചിന്തകള്‍. തികച്ചും പ്രതിഭയുള്ള ഒരെഴുത്തുകാരനില്‍ മാത്രം ഉരുതിരിഞ്ഞു വരാവുന്ന കഥാപശ്ചാത്തലം. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വളരെയധികം കഥകള്‍ എഴുതിയിട്ടുള്ള വിനോദ് കൃഷ്ണയുടെ ആദ്യത്തെ നോവലാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 9 എംഎം ബെരേറ്റാ. വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഈ നോവലിന് ധാരാളം വായനക്കാരുണ്ട്.

ഈലം എന്ന സിനിമാപ്പേരിന് ഒരു ചരിത്രപരമായ പശ്ചാത്തലമുണ്ട്. ഇറാനിലുള്ള മനോഹരമായ ഒരു ഭൂമികയാണ് ഈലം. ഈ പൗരാണിക നഗരം ആദ്യകാലംതൊട്ട് മെസോപ്പൊട്ടോമിയ എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യത്തെ സംസ്‌കാരമായ മെസോപ്പൊട്ടാമിയന്‍ സംസ്‌കാരത്തിന്റെ ഉത്ഭവവും അവിടെത്തന്നെയാണ് എന്നാണ് ചരിത്രം. അവിടുത്തെ ആളുകള്‍ പൗരാണിക കാലംതൊട്ട് പലനാടുകളില്‍നിന്നും വന്നു താമസിച്ചവരാണ്. അങ്ങനെ എവിടെ നിന്നോ വന്നവര്‍, ഒന്നിച്ചൊരു സംസ്‌കാരം കെട്ടിപ്പെടുത്തവര്‍. അതുകൊണ്ടായിരിക്കണം ഈലം എന്ന സിനിമയിലെ കഥാപാത്രങ്ങളും അപരിചിതരാണ്. ആര്‍ക്കും പേരില്ല ഐഡന്റിറ്റി ഇല്ല, ഏതോ ഒരു മഹാനഗരത്തിലെ മദ്യശാലയില്‍വെച്ച് കണ്ടുമുട്ടുന്നവര്‍. അവിടെ സ്ഥിരമായി മദ്യപിക്കാന്‍ വരുന്ന ഒരു വയസന്‍ കഥാപാത്രമാണ് എന്റേത്. ആ അപരിചിതനെപ്പറ്റി അവിടെ വരുന്നവര്‍ പറഞ്ഞുണ്ടാക്കുന്ന സാങ്കല്‍പ്പിക കഥകളില്‍കൂടിയാണ് സിനിമ മുന്നോട്ടുപോകുന്നത്. വളരെ പുതുമയുള്ള കഥാസന്ദര്‍ഭവും കഥയും കഥാപാത്രങ്ങളും. എന്നിട്ടും എന്തുകൊണ്ടു എന്നെത്തന്നെ ആ കഥാപാത്രം ചെയ്യാന്‍ വിളിച്ചു എന്നതായിരുന്നു കഥ കേട്ടപ്പോള്‍ ഞാന്‍ വിനോദിനോടു ചോദിച്ചത്. നാല്‍പതു വയസുമുതല്‍ എഴുപത്തിയഞ്ച് വയസുവരെയുള്ള ഏഴു വേഷമാണ് എനിക്കുചെയ്യാനുള്ളത്. അതിനെല്ലാം ഇണങ്ങുന്ന ഒരു മുഖം അതാണ് എന്നിലേക്കെത്തിയതെന്നു പറഞ്ഞു. പ്രത്യേകിച്ചു ചെറുപ്പമാക്കാനും വയസ്സനാക്കാനും പറ്റിയ മുഖവും ശരീരഘടനയും.

നേരത്തെ ക്യാഷ് എന്ന ഹോളിവുഡ് സിനിമയില്‍ സര്‍ദാര്‍ജിയായി വേഷമിട്ടപ്പോള്‍ ആ സിനിമയുടെ സംവിധായകന്‍ സ്റ്റീഫന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞതാണ് അപ്പോള്‍ ഓര്‍ത്തത്.
'ഏയ് ആന്റണി യൂ നോ യു ഹാവ് എ മാജിക് ഫെയ്‌സ് '
എനിക്കാദ്യം മനസ്സിലായില്ല. ഞാന്‍ ചോദിച്ചു
' വാട്ട് യു മീന്‍ '
'യു ക്യാന്‍ റെപ്രസെന്റ് എനി കണ്‍ട്രി. ഇറ്റ് ഈസ് മച്ച് ഈസിയര്‍ റ്റു ചെയ്ഞ്ച് യുവര്‍ ഫെയ്സ് ഇന്‍ എനി വെ വി വാണ്ട് '
അതൊക്കെ ഒരു ഭാഗ്യമല്ലേ എന്നും ഞാന്‍ മറുപടിയായി പറഞ്ഞു. സത്യത്തില്‍ അതൊരു ഭാഗ്യംതന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. സ്റ്റീഫന്‍ പറഞ്ഞത് ഇപ്പോള്‍ വെറുതെ ഓര്‍ത്തുവെന്നേയുള്ളു. ഒരുപക്ഷേ, ആ പ്രത്യേകതകൊണ്ടായിരിക്കണം എന്നെകൊണ്ടുതന്നെ ആ വിവിധ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രം ചെയ്യിക്കണമെന്ന് വിനോദിനും തോന്നിയത്. എന്തായാലും ഞാന്‍ ആ വെല്ലുവിളി ഏറ്റെടുത്തു. ഒരു ഫ്‌ളാഷ്ബാക്കില്‍ സ്വവര്‍ഗ്ഗാനുരാഗിയായിട്ടാണ് വരുന്നത്. ആ സീനുകളുടെ ഒരു സ്റ്റില്‍പോലും പുറത്തുപോയിട്ടില്ലങ്കിലും സിനിമയില്‍ മിക്കവാറും സീനുകള്‍ ഉപയോഗിച്ചിട്ടുണ്ട്.
കൂടെ നായികയായി കവിത നായരായിരുന്നു. എന്റെ നായിക എന്നൊന്നും പറയാന്‍ പറ്റില്ല, ബാറില്‍ സ്ഥിരമായി വരുന്ന മറ്റൊരു കഥാപാത്രം. കവിതയെ നേരത്തെ അറിയാം. കവിതയ്ക്കൊപ്പം ഞാന്‍ ചെയ്ത മറ്റൊരു സിനിമയായിരുന്നു പത്തുകല്പനകള്‍. മീരാ ജാസ്മിന്‍ നായികയായി അഭിനയിച്ച ആ ചിത്രത്തില്‍ അനൂപ് മേനോനായിരുന്നു നായകന്‍. ജോജു ജോര്‍ജ്, കനിഹ എന്നിവരൊക്കെ താരനിരയില്‍ ഉണ്ടായിരുന്നു. പ്രശസ്ത എഡിറ്റര്‍ കൂടിയായ ഡോണ്‍ മാക്‌സ് ആദ്യം സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. കുട്ടിക്കാനത്തും പരിസരത്തും വെച്ചു ചിത്രീകരിച്ച ആ സിനിമയിൽ ഞാനും നിര്‍മാണ പങ്കാളിയായിരുന്നു. നല്ല താരനിര ഉണ്ടായിട്ടും ആ ചിത്രവും സാമ്പത്തികമായി വിജയം നേടിയില്ല എന്നുകൂടി ഓര്‍മ്മിക്കുന്നു.

ജോജു ഒരു മെയിന്‍സ്ട്രീം നടനായി മാറിയത് ആ സിനിമയ്ക്കു ശേഷമാണ്. അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്ന ജോസഫ് എന്ന സിനിമയില്‍ എന്നെ ഒരു നിര്‍മ്മാതാവായും അഭിനേതാവായും ക്ഷണിച്ചുവെങ്കിലും അന്നത് സ്വീകരിക്കാന്‍ പറ്റിയ സാഹചര്യമല്ലായിരുന്നു. അങ്ങനെ വേണ്ടന്നുവെച്ച സിനിമകള്‍ വേറെയുമുണ്ടെങ്കിലും അതില്‍ എനിക്ക് നഷ്ടബോധം തോന്നിയ ഒരേയൊരു സിനിമ സൂപ്പര്‍ഹിറ്റായ ജോസഫ് ആണ്. അതും ജോജു നേരിട്ടു വന്ന് എന്നോടു സംസാരിക്കുകയായിരുന്നു. ജോജു ഒരു വലിയ താരമായി പ്രശസ്തിയിലേക്കുയരുന്നതും ജോസഫിനു ശേഷമാണ്. അതാണ് സിനിമ, ആരാണ് എപ്പോഴാണ് ഉയരങ്ങളിലേക്കെത്തുക എന്നത് ആര്‍ക്കും പ്രവചിക്കാനാവില്ല. 2010 ഇല്‍ എന്റെ കൂടെ ക്യാഷ് എന്ന ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ച ക്രിസ്സ് ഹേംസ്വര്‍ത്ത് അന്ന് ആരും അറിയപ്പെടാത്ത നടനായിരുന്നു. ഇന്നദ്ദേഹം 12 മുതല്‍ 15 മില്ല്യണ്‍ ഡോളര്‍ മേടിക്കുന്ന ഹോളിവുഡിലെ സൂപ്പര്‍സ്റ്റാറാണ്. ഒരിക്കല്‍ ഷിക്കാഗോ ലൊക്കേഷനില്‍വെച്ച് ഞങ്ങള്‍ ഒന്നിച്ചൊരു ബാറില്‍ പോയപ്പോഴുണ്ടായ ഒരനുഭവം കൂടി ഇപ്പോള്‍ ഓര്‍ക്കുന്നു. കൂടെ മറ്റൊരു പ്രശസ്ത താരം ഷോണ്‍ ബീനുണ്ടായിരുന്നു. ഷോണിനെ കണ്ടപ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞു. അവര്‍ അടുത്തുകൂടിയപ്പോള്‍ ക്രിസ്സ് എല്ലാവരോടുമായി എന്റെ തോളില്‍ കയ്യിട്ടുകൊണ്ടു പറഞ്ഞു.
''അറ്റെന്‍ഷന്‍ ഹിയര്‍, ദിസ് ഈസ് ആന്റണി എ ബിഗ് സ്റ്റാര്‍ ഫ്രം ഇന്ത്യ'' അപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞു
''യെസ് ഐ ആം എ സ്റ്റാര്‍ ബട്ട് നോട്ട് എ ബിഗ് സ്റ്റാര്‍ ഫ്രം ഇന്ത്യ''

എന്നിട്ടും കുറേപേര്‍ അടുത്തുവന്ന് എന്റെകൂടെനിന്നു ഫോട്ടോയെടുത്തു. അതൊക്കെ അന്ന്, ഇന്നിപ്പോള്‍ ക്രിസ്സ് പിടിച്ചാല്‍ കിട്ടാത്ത അകലത്തിലും പ്രശസ്തിയിലുമാണ്. അഥവാ വിളിച്ചാല്‍ ഏജന്റ് ആണ് ഫോണ്‍ എടുക്കുന്നത്. ഞാന്‍ കൂട്ടുകാരനാണെന്ന് പറഞ്ഞാലൊന്നും അയാള്‍ വിശ്വസിക്കില്ല. അതുകൊണ്ടാണ് ഞാന്‍ ആദ്യമേ പറഞ്ഞത് സിനിമയിലെ വളര്‍ച്ചയും തളര്‍ച്ചയും പ്രവചനാതീതമാണ്. ഇനിയൊരിക്കല്‍ ക്രിസ്സിനെ സിഡ്നിയില്‍ ഉള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണണമെന്നുണ്ട്. എങ്ങാനും ഒരു ബിരിയാണി കിട്ടിയെങ്കിലോ. അദ്ദേഹത്തിന്റെ അടുത്ത പടത്തില്‍ ഒന്നെത്തിനോക്കിയാലും മതി എന്നേ ഇപ്പോള്‍ ആഗ്രഹിക്കുന്നുള്ളൂ.
ഈലത്തിന്റെ കാര്യമാണല്ലോ പറഞ്ഞുവന്നത്. ഈ സിനിമയിലെ മറ്റുള്ള താരങ്ങള്‍ എന്‍.ജി റോഷന്‍, ജോസുകുട്ടി മഠത്തില്‍, അനിരുദ്ധ് പവിത്രന്‍, വിനയന്‍ ജി എസ്, മോഡല്‍ ഏയ്ഞ്ചല്‍ തോമസ് എന്നിവരായിരുന്നു. ഛായാഗ്രഹണം തരുണ്‍ ഭാസ്‌ക്കരന്‍. ബാറില്‍വെച്ച് ചിത്രീകരിച്ച ഒരേയൊരു പാട്ടാണ് ഉള്ളത്. അതു പാടിയിരിക്കുന്നത് പ്രശസ്ത ഗസല്‍ പാട്ടുകാരന്‍ ഷഹബാസ് അമന്‍ ആണ്. രമേശ് നാരായണന്‍, ബിജിബാൽ കൂട്ടുകെട്ടായിരുന്നു സംഗീതവിഭാഗം കൈകാര്യം ചെയ്തത്. നിര്‍മാതാക്കള്‍ മൂന്നുപേരുണ്ടായിരുന്നു. ഡല്‍ഹിയില്‍നിന്നും ജയാ മേനോന്‍ ശ്രീരാഗം, അമേരിക്കയില്‍ നിന്ന് ഷിജി ചെറുകര, വിനയന്‍ ജിഎസ്.
കഥ തുടങ്ങുന്നത് കാലിഫോര്‍ണിയയിലെ ഒരു ഗ്രാമത്തിലൂടെ കാറില്‍ വരുന്ന ഒരു വൃദ്ധന്റെ യാത്രയിലൂടെയാണ്. കാര്‍ പതുക്കെ വാഹനത്തിരക്കുകളിലൂടെ ഓടിച്ച് ഒരു മഹാനഗരത്തില്‍ എത്തുന്നു. നഗരത്തിലെ പ്രശസ്തമായ ഹോട്ടലിന്റെ മുന്നില്‍ കാര്‍ നില്‍ക്കുന്നു. അവിടുന്ന് എന്റെ വയസന്‍ കഥാപാത്രം വേഗത്തില്‍ കാറില്‍ നിന്നിറങ്ങി ഹോട്ടലിന്റെ ലോബിയിലേക്ക് കയറിപ്പോകുന്നു. പിന്നീട് മുഴുവന്‍ കഥയും നടക്കുന്നത് ആ ഹോട്ടലിന്റെ അന്‍പത്തി ഏഴാം നിലയിലെ ബാറില്‍വെച്ചാണ്. അവിടെവച്ച് എന്നെ കാണുന്നവര്‍ എന്നെപ്പറ്റി പറയുന്ന കഥകള്‍ മാത്രം ഫ്‌ളാഷ്ബാക്ക് ആയി കാണിക്കുന്നു. ബാര്‍ സീനുകള്‍ മുഴുവനും തൃപ്പൂണിത്തുറയിലുള്ള ഒരു ബാറില്‍വെച്ചാണ് ചിത്രീകരിച്ചതെങ്കിലും, പടം കാണുന്ന പ്രേക്ഷകര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോ പോലെയുള്ള ഒരു മഹാനഗരത്തില്‍ നടക്കുന്ന കഥ പോലെയേ തോന്നുകയുള്ളൂ.

എല്ലാംകൊണ്ടും വളരെ വ്യത്യസ്തതയുള്ള ഒരു സിനിമയായതുകൊണ്ടായിരിക്കണം, സാധാരണ പ്രേക്ഷകന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കിലും, കുറേ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ ഈലത്തെ തേടിയെത്തി. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട അംഗീകാരം ഹോളിവുഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍നിന്ന് കിട്ടിയ ബെസ്റ്റ് ഫീച്ചര്‍ഫിലിം അവാര്‍ഡായിരുന്നു. അന്ന് വിനോദ് കൃഷ്ണയും ഫിലിം ഫെസ്റ്റിവലിന് പങ്കെടുത്തിരുന്നു. ഫെസ്റ്റിവല്‍ കഴിഞ്ഞ് ഞങ്ങള്‍ ഒന്നിച്ചു സാന്‍ഫ്രാന്‍സിസ്‌കോയ്ക്ക് ഡ്രൈവ് ചെയ്യുകയായിരുന്നു. വരുന്ന വഴി ഹോളിവുഡ് സ്റ്റുഡിയോയും സന്ദര്‍ശിച്ചിരുന്നു. എന്തായാലും ഈലം എന്ന ഒറ്റ സിനിമയോടുകൂടി വിനോദ് കൃഷണക്ക് അമേരിക്കയില്‍ എത്താനും ഹോളിവുഡും യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുമൊക്കെ കാണാനുള്ള ഭാഗ്യവുമുണ്ടായി. ഇപ്പോള്‍ വിനോദ് പുതിയ ഒരു സിനിമക്കുള്ള തിരക്കഥ എഴുതുന്ന തിരക്കിലാണ്. അതിലും ഞാനുണ്ടാകും എന്ന പ്രതീക്ഷയോടെ......
Content Highlights: Thampy Antony hollywood and malayalam film journey
Published: 12 Sept 2025, 05:15 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented