
സജീവ് പിള്ള കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തു തുടങ്ങിയ പടമായിരുന്നു പുതിയ 'മാമാങ്കം'. വർഷങ്ങൾക്കുമുമ്പ് അതേ പേരിൽ ഒരു സിനിമയിറങ്ങിയിരുന്നു. അതുകൊണ്ടാണ് പുതിയ മാമാങ്കം എന്നെഴുതിയത്.
മമ്മൂട്ടി പ്രധാന കഥാപാത്രമായി വരുന്ന 'മാമാങ്ക'ത്തിന്റെ വാർത്തകൾ 2019-ൽ വളരയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രശസ്ത നിർമാതാവും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയുടേതായിരുന്നു നിർമാണം. ആദ്യപദ്ധതി ഉപേക്ഷിച്ചെങ്കിലും പിന്നീട് സംവിധായകൻ പദ്മകുമാറിലൂടെ ആ ചിത്രം പ്രേക്ഷകരിലെത്തി. അതിനൊക്കെ പല കാരണങ്ങളുണ്ടാവാം. അതൊന്നുമല്ല ഇവിടെ പറയാൻ പോകുന്നത്. ആ സിനിമയുമായി എനിക്കെന്തു ബന്ധം എന്നതാണ് പരാമർശ വിഷയം.
എറണാകുളത്ത്, ഞാൻ കൊച്ചിൻ പാലസിൽ താമസിക്കുമ്പോഴാണ് ഒരു ദിവസം സംവിധായകൻ സജീവ് പിള്ള ഫോണിൽ വിളിക്കുന്നത്. തീർത്തും അപ്രതീക്ഷിതമായ വിളി. ഒന്നു കാണണം, പുതിയ സിനിമയെപ്പറ്റി സംസാരിക്കാനാണ് എന്നാണു പറഞ്ഞത്. സാധാരണയായി സംവിധായകർ എന്നെ വിളിക്കാറുള്ളത് നിർമാതാവെന്ന നിലയിലാണ്. അതുകൊണ്ട് അൽപ്പമൊന്നു മടിച്ചു. എന്നാൽ തുടർന്നുള്ള സംസാരത്തിൽനിന്ന്, അദ്ദേഹത്തിന്റെ പുതിയ സിനിമയായ മാമാങ്കത്തിൽ അഭിനയിക്കാനാണ് വിളിച്ചതെന്നു മനസ്സിലായി. 'നമുക്കൊരുമിച്ച് ഉച്ചഭക്ഷണമാകാം' എന്നു സ്നേഹപൂർവം ഞാൻ ക്ഷണിച്ചു. അദ്ദേഹം സമ്മതിക്കുകയും കൃത്യസമയത്ത് റൂമിലെത്തുകയും ചെയ്തു. കുശലാന്വേഷണങ്ങൾക്കുശേഷം അദ്ദേഹം പ്രോജക്ടിനെപ്പറ്റി സംസാരിച്ചുതുടങ്ങി:
'ഞാൻതന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മാമാങ്കം.'
'വളര സന്തോഷം. അഭിനന്ദനങ്ങൾ.'- ഞാൻ പറഞ്ഞു.
'അതിലൊരു വേഷം ചെയ്യണം. മമ്മൂട്ടിയുടെകൂടെയാണ്. മമ്മൂട്ടിക്കൊപ്പം സാമൂതിരിയെ കാണാൻ വരുന്ന രംഗമാണ് തുടക്കം.'
അപ്രതീക്ഷിതമായതുകൊണ്ട് ഞാൻ കുറച്ചുനേരം പ്രതികരിച്ചില്ല. ആദ്യഷോട്ടിൽത്തന്നെ മമ്മൂട്ടിക്കൊപ്പം! അതിൽ അതിയായ സന്തോഷം തോന്നി. തുടർന്ന് സജീവ് വേഷത്തെപ്പറ്റി വ്യക്തമായി പറഞ്ഞു. കേട്ടിട്ട് നല്ലൊരു അവസരമായിത്തോന്നിയതുകൊണ്ട്, എനിക്കിഷ്ടമായി എന്നു ഞാനും പറഞ്ഞു.
'ചേട്ടന്റെ രൂപത്തിനിണങ്ങുന്ന വേഷമാണ്' എന്നുകൂടി സജീവ് പറഞ്ഞു.

അതിനുമുമ്പ് ഞാൻ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് ബ്ലെസ്സിയുടെ 'പളുങ്ക്' എന്ന ചിത്രത്തിലാണ്. അതിനുശേഷം ഒരിക്കൽ അമേരിക്കയിൽവച്ച് ദുൽഖറിനൊപ്പം മമ്മൂക്കയെ കണ്ടിരുന്നു. സാൻ ഫ്രാൻസിസ്‌കോയിലെ ഒരു മുന്തിയ ഹോട്ടലിൽവച്ചായിരുന്നു അത്. എന്റെയൊപ്പം പ്രേമയുമുണ്ടായിരുന്നു. ആരോടോ എന്റെ നമ്പർ ചോദിച്ചുവാങ്ങി അദ്ദേഹം എന്നെ വിളിക്കുകയായിരുന്നു. വേണമെങ്കിൽ ആ മഹാനടന് എന്നെ കാണാതെ പോകാമായിരുന്നു. എന്നാൽ, മമ്മൂട്ടി അങ്ങനെയല്ല; തിരക്കിനിടയിലും ബന്ധങ്ങൾ മറക്കില്ല! സിനിമാജാഡകളൊന്നുമില്ലാതെ, വളരെ നിഷ്‌കളങ്കമായി ഒരുപാടു കാര്യങ്ങൾ അന്നദ്ദേഹം സംസാരിച്ചു.
അന്ന് ദുൽഖർ സിനിമയിലെത്തിയിരുന്നില്ല. 'നാണംകുണുങ്ങിയായ കൊച്ചുപയ്യൻ' എന്നാണ് അപ്പോൾ ഞങ്ങൾക്ക് തോന്നിയത്. ഞങ്ങളോടൊപ്പം ഒരു ഫോട്ടോയ്ക്കുപോലും പോസ് ചെയ്തില്ല. വർഷങ്ങൾക്കുശേഷം മാർട്ടിൻ പ്രക്കാട്ടിന്റെ 'എ ബി സി ഡി' എന്ന സിനിമയിൽ ദുൽഖറിനൊപ്പം ചെറിയൊരു വേഷത്തിൽ ഞാനഭിനയിച്ചിരുന്നു.
അതിനുശേഷം മമ്മൂട്ടിയെ കാണാനുള്ള അവസരങ്ങൾ ഒത്തുവന്നിരുന്നില്ല. പിന്നീട് പല സിനിമകളിലൂടെ മമ്മൂട്ടിയും ദുൽഖറും ഒരുപാട് ഉയരങ്ങളിലെത്തിയിരുന്നു. ആ മമ്മൂട്ടിയുടെ കൂടെ ഒരു വലിയ സിനിമയുടെ തുടക്കത്തിൽത്തന്നെ സ്‌ക്രീനിൽ വരിക എന്നത് ഒരു ഭാഗ്യമായിത്തന്നെ കരുതി. സമ്മതം മൂളിയെങ്കിലും ഒരു ചോദ്യം ഞാൻ ചോദിച്ചു:
'എന്നെ തിരഞ്ഞെടുക്കാൻ എന്തെങ്കിലും കാരണം...?'
'ചേട്ടന്റെ എല്ലാ പടങ്ങളും ഞാൻ കണ്ടിട്ടുണ്ട്. മറ്റാർക്കുമില്ലാത്തൊരു സ്‌ക്രീൻ പ്രസൻസ് നിങ്ങൾക്കുണ്ട്.'
ഒരു സംവിധായകൻ അങ്ങനെ മുഖത്തുനോക്കി പറയുന്നത് ആദ്യമായിരുന്നു.
'സൂഫി പറഞ്ഞ കഥ കണ്ടപ്പോഴാണ് ആദ്യം ശ്രദ്ധിച്ചത്. പിന്നീട് ചേട്ടന്റെ എല്ലാ പടങ്ങളും കണ്ടു.'
'എന്റെ പ്രിയപ്പെട്ട കഥാപാത്രം! രാമനുണ്ണിയുടെ ശങ്കുമേനോൻ! ദേശീയ അവാർഡ് കിട്ടിയ പ്രിയനന്ദനായിരുന്നു സംവിധായകൻ.'
അതൊക്കെ കേട്ടെങ്കിലും മാമാങ്കത്തിലെ കഥാപാത്രത്തെപ്പറ്റി മാത്രമാണ് അതിനുശേഷം സംസാരിച്ചത്. എനിക്കു പറ്റിയ വേഷംതന്നെയെന്ന് ഉറപ്പിച്ചു. യാത്ര പറഞ്ഞപ്പോൾ ലൊക്കേഷനിലേക്ക് വിളിക്കാമെന്നറിയിച്ചു. ഷൂട്ടിങ് കൊച്ചിയിലെ മരടിൽ തുടങ്ങിയെങ്കിലും എന്റെ ഷോട്ട് ഒരാഴ്ച കഴിഞ്ഞേയുള്ളു എന്നു പറഞ്ഞു.
അങ്ങനെ, ഒരുദിവസം സജീവ് വിളിച്ചതനുസരിച്ച് ഞാൻ ലൊക്കേഷനിൽ പോയി. കോടികൾ മുടക്കിയ ഗംഭീര സെറ്റ് കണ്ട് അമ്പരന്നുപോയി. നിർമാതാവ് വേണു കുന്നപ്പിള്ളിയെ അന്നാണ് ആദ്യമായി കാണുന്നത്. അദ്ദേഹം എന്നെ സെറ്റൊക്കെ കൊണ്ടുനടന്നു കാണിച്ചു. ഷൂട്ട് ദിവസം അറിയിക്കാമെന്നു പറഞ്ഞു. തിരികെപ്പോരാൻ ഒരുങ്ങുമ്പോൾ സജീവ് പറഞ്ഞു:
'മമ്മൂക്ക കാരവനിലുണ്ട്. ഒന്നു കണ്ടിട്ടുപോകൂ.'
മമ്മൂക്കയെ ലൊക്കേഷനിൽ കാണാഞ്ഞതുകൊണ്ട് അവിടെയില്ലായിരിക്കും എന്നാണു ഞാൻ കരുതിയത്. സംവിധായകൻ നിർദ്ദേശിച്ചപ്പോൾ സന്തോഷമായി. പളുങ്കിനു ശേഷം മമ്മൂക്കയുടെകൂടെ അഭിനയിക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഞാൻ വേണു കുന്നപ്പിള്ളിയോടു യാത്ര പറഞ്ഞ്, ദൂരെ മാറ്റിയിട്ടിരുന്ന കാരവൻ ലക്ഷ്യമാക്കി നടന്നു. അടുത്തു ചെന്നപ്പോൾ പുറത്തു നിന്ന അസിസ്റ്റന്റ് ചിരിച്ചു.
'തമ്പിയാന്റണിയാണ്. മമ്മൂക്ക അകത്തുണ്ടോ?'
'മനസ്സിലായി. ഞാൻ ചോദിക്കാം' എന്നുപറഞ്ഞ് അയാൾ കാരവന്റെ ഡോർ തുറന്ന് അകത്തേക്കു കയറി. ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ പുറത്തുവന്നു പറഞ്ഞു:
'അകത്തേക്കു ചെല്ലാൻ പറഞ്ഞു.'
ഞാൻ മെല്ലെ സ്റ്റെപ്പ് കയറി കാരവന്റെ അകത്തെത്തി. എന്നെ കണ്ടപ്പോഴേ മമ്മൂക്ക ചിരിച്ചുകൊണ്ട് ഇരിക്കാൻ പറഞ്ഞു. മേക്കപ്പ്മാൻ മാത്രമേ അകത്തുള്ളു. തീവ്രമായ അണിയിച്ചൊരുക്കലിലാണ്.
'മമ്മൂക്ക ഉണ്ടെന്നറിഞ്ഞു. ഒരു ഹായ് പറയാൻ വന്നതാ.'
അത്രയും പറഞ്ഞ് തിരിച്ചുപോരാൻ എഴുന്നേറ്റു.
'അങ്ങനെ പോകാതെ അവിടെയിരിക്കൂ' എന്നു പറഞ്ഞുകൊണ്ട് നാട്ടിലെയും അമേരിക്കയിലെയും വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു. സമയം പോയതറിഞ്ഞില്ല. വീണ്ടും പോരാനായി എഴുന്നേറ്റുകൊണ്ടു ഞാൻ പറഞ്ഞു:
'എന്റെ പുതിയ നോവൽ ഇറങ്ങിയിട്ടുണ്ട്.'
'കൊണ്ടുവന്നിട്ടുണ്ടോ?'
'ഇല്ല. വായിക്കാൻ സമയമുണ്ടെങ്കിൽ കൊടുത്തുവിടാം.'
'തന്നാൽ വായിക്കും' എന്നു പറഞ്ഞപ്പോൾ എനിക്കു സന്തോഷമായി. മമ്മൂക്ക ധാരാളമായി പുസ്തകങ്ങൾ വായിക്കുമെന്ന് ആരോ പറഞ്ഞറിയാം. സിനിമാത്തിരക്കുകൾക്കിടെ എങ്ങനെ വായിക്കുമെന്നു ഞാൻ അതിശയിച്ചു. എന്തായാലും ഡ്രൈവറുടെ കൈയിൽ കൊടുത്തുവിടാമെന്നു പറഞ്ഞ് ഞാനിറങ്ങി. ആ സംഗമം അവസാനിച്ചു.
പക്ഷേ, പിന്നീട് ആ പടത്തിൽ അഭിനയിക്കാനായി ഒരിടത്തേക്കും പോകേണ്ടിവന്നില്ല! സജീവ് പിള്ളയുമായുള്ള എന്തോ അഭിപ്രായവ്യത്യാസങ്ങൾ കാരണം ഷൂട്ട് ചെയ്ത രംഗങ്ങളെല്ലാം വേണ്ടെന്നു വച്ചത്രേ! സ്‌ക്രിപ്റ്റും മാറ്റിയെഴുതി. പദ്മകുമാർ എന്ന സംവിധായകനെ വിളിച്ചാണ് മാമാങ്കം ചിത്രീകരിച്ചത്. ആ വിവരം സങ്കടപൂർവം സജീവ് പിള്ള എന്നെ വിളിച്ചുപറഞ്ഞു. മമ്മൂട്ടിയൊഴിച്ച് എല്ലാവരും പുതിയ താരങ്ങളാണെന്നും പറഞ്ഞു. അപ്പോൾ കുറച്ചു വിഷമം തോന്നിയെങ്കിലും ഞാനതു മറച്ചുവച്ചു. നല്ലൊരു പ്രോജക്ട് നഷ്ടപ്പെട്ടതിൽ അദ്ദേഹത്തിനുണ്ടായ ദുഃഖത്തെക്കാൾ വലുതൊന്നുമല്ലല്ലോ എന്റെ വിഷമം!
പുതിയ സംവിധായകൻ പദ്മകുമാറിനോട് മെസ്സേജിലൂടെ വിവരങ്ങൾ തിരക്കിയപ്പോൾ എല്ലാം മാറ്റിയെഴുതിയെന്നും താരങ്ങളിലും മാറ്റങ്ങളുണ്ടെന്നും അദ്ദേഹവും അറിയിച്ചു. 'തമ്പിച്ചേട്ടനോടു പറഞ്ഞ വേഷംതന്നെ ഉണ്ടാകാനുള്ള സാധ്യതയില്ല' എന്നും പറഞ്ഞു. പിന്നെ അതിനെക്കുറിച്ച് ഞാനൊന്നും അന്വേഷിച്ചില്ല.
സജീവ് പിള്ളയുടെ പത്തു വർഷത്തെ അധ്വാനം! അതായിരുന്നു അദ്ദേഹത്തിനുണ്ടായ നഷ്ടം! അതൊക്കെ നിർമാതാവുമായി സംസാരിച്ചു പരിഹരിച്ചതായറിഞ്ഞു. പുതിയ മാമാങ്കത്തിന് എന്തുപറ്റിയെന്ന് ഇന്ന് എല്ലാവർക്കുമറിയാം. ഒരു കാര്യമുറപ്പാണ്: എത്ര വലിയ താരങ്ങളുണ്ടെങ്കിലും ഏതു സംവിധായകൻ ചെയ്താലും സിനിമ ഒരു കൂട്ടായ്മയുടെ ആകെത്തുകയാണ്. അതായത്, എല്ലാവരും നന്നായി കളിച്ചാൽ മാത്രം ജയിക്കുന്ന കളി! പരാജയപ്പെട്ടൊരു കളിയായിരുന്നുപുതിയ മാമാങ്കം!
Content Highlights: Thampy Antony hollywood and malayalam film journey
Published: 22 May 2025, 10:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented