
2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, അതേസമയത്തു തന്നെ പൂര്‍ത്തിയാക്കിയ സിനിമയാണ് പുഴയമ്മ. പൂര്‍ണമായും പുഴയുടെ പശ്ചാത്തലത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുക എന്നത് സംവിധായകന്‍ വിജീഷിന്റെ സ്വപ്നമായിരുന്നു. വിജീഷ് മണിയുടെ കഥയ്ക്ക് പ്രകാശ് വാടിക്കല്‍ ആയിരുന്നു തിരക്കഥ. എല്ലാ ഷോട്ടിലും പുഴ കാണിക്കുന്ന ഏക ചിത്രം എന്ന നിലയില്‍ പിന്നീട് ഏഷ്യ ബുക്‌സിന്റെ വേള്‍ഡ് റെക്കാര്‍ഡില്‍ ഇടം നേടിയിരുന്നു. റിവര്‍ മാ എന്ന പേരില്‍ ഹിന്ദിയിലും മലയാളത്തിലുമായാണ് ചിത്രീകരിച്ചത്.
പ്രധാന കഥാപാത്രമായ മഴ എന്ന പെണ്‍കുട്ടിയുടെ അച്ഛന്‍ ശിവനേശന്‍ എന്ന കഥാപാത്രമാണ് ഞാന്‍ അവതരിപ്പിച്ചത്. ഒപ്പം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച മീനാക്ഷി അനൂപാണ് മഴയായി അഭിനയിച്ചത്. മഴയില്ലെങ്കില്‍ പുഴയില്ലല്ലോ അതുകൊണ്ട് മാനത്തുനിന്ന് പെയ്യുന്ന മഴയെ മകളായി കാണുന്ന പുഴ എന്ന അമ്മ, ആ സങ്കല്‍പ്പത്തിലാണ് ചിത്രത്തിന് പുഴയമ്മ എന്ന പേരിട്ടത് എന്നാണ് സംവിധായകന്‍ സൂചിപ്പിച്ചത്.

പൂര്‍ണമായും പുഴയില്‍വെച്ച് ചിത്രീകരിച്ച ഈ ചിത്രത്തിന്റെ കഥാതന്തു പുഴയുടെ മകളായ മഴയും ഒരു അമേരിക്കാന്‍ ടൂറിസ്റ്റുമായുള്ള ബന്ധമാണ്. ഇന്ത്യയിലെ പുഴകളെപ്പറ്റി പഠിക്കാന്‍ അമേരിക്കയില്‍ നിന്ന് വന്ന ടൂറിസ്റ്റായി ലിന്‍ഡ ആര്‍സനിയയാണ് അഭിനയിച്ചത്. ലിന്‍ഡ നേരത്തെ എന്റെ കൂടെ സോഹന്‍ റോയിയുടെ ഡാം 999 എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഹൈദരാബാദിലെ റാംജി റാവു സ്റ്റുഡിയോയിലെ ഫ്‌ളോറില്‍ ഞങ്ങള്‍ പതിനഞ്ച് ദിവസം ഒന്നിച്ചുണ്ടായിരുന്നു. ടെക്‌സാസുകാരിയായ ലിന്‍ഡയുമായി അന്നുതൊട്ടുള്ള പരിചയമാണ് പുഴയമ്മയില്‍ എത്തിച്ചത്.
പുഴകളെപറ്റി പഠിക്കാന്‍ ഗംഗയുടെ ഉത്ഭവമായ ഹിമാലയസാനുക്കളില്‍ നിന്നും യാത്ര തുടങ്ങിയ ആ സഞ്ചാരി കേരളത്തില്‍ എത്തുമ്പോള്‍ പരിചയപ്പെടുന്ന മഴ എന്ന പെണ്‍കുട്ടിയും അച്ഛന്‍ ശിവനേശനുമായുള്ള ബന്ധത്തിലൂടെയാണ് കഥയുടെ ചുരുള്‍ അഴിയുന്നത്. മനുഷ്യര്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുന്ന പുഴയുടെ സംരക്ഷണത്തിനായി രാപകലില്ലാതെ കഷ്ടപ്പെടുന്ന അച്ഛനും കൂട്ടുകാരും. ആ അച്ഛന്റെയും അച്ഛനെ സ്‌നേഹിക്കുന്ന മകളുടെയും ജീവിതത്തെപ്പറ്റിയുള്ള ഒരു പഠനംകൂടിയാണ് ഈ ചിത്രം.
ആലുവായ്ക്കടുത്ത് പെരിയാറിന്റെ തീരത്തുള്ള ചേരാനെല്ലൂരും പരിസരത്തുമായിരുന്നു ചിത്രീകരണത്തിന്റെ കൂടുതല്‍ ഭാഗങ്ങളും. ബാക്കി ഏതാനും ദിവസങ്ങള്‍ ഗംഗയുടെ ഉത്ഭവകേന്ദ്രമായ ഹിമാലയസാനുക്കളിലും ചിത്രീകരിച്ചു. ചേരാനെല്ലൂര്‍ പുഴയില്‍ ഒരു ചീനവലത്തട്ടില്‍ ജീവിക്കുന്ന അച്ഛന്റെയും മകളുടെയും പച്ചയായ ജീവിതം. ചീനവലത്തട്ടിലെ ചെറിയ കുടില്‍, അവിടുത്തെ ജീവിതം ഇതൊക്കെ എനിക്കും ഒരു പുതിയ അനുഭവമായിരുന്നു. ചീനവലത്തട്ടിലേക്ക് എന്നും വള്ളത്തേലുള്ള യാത്രയൊക്കെ രസകരമായിരുന്നു.
അമ്മയെ നഷ്ടപ്പെട്ട മീനാക്ഷിയുടെ അമ്മ പുഴതന്നെയാണെന്നുള്ള വിശ്വാസം, അതാണ് കുട്ടിയെ മുന്നോട്ടുനയിക്കുന്നത്. എന്നും ഒരു കൊച്ചുവള്ളം തുഴഞ്ഞു സ്‌കൂളില്‍ പോകുന്ന മഴകുട്ടിയും മീന്‍ പിടിച്ചും വിറ്റും ജീവിക്കുന്ന അച്ഛനുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി ചീനവലത്തട്ടിലെ ചെറിയ കുടിലില്‍ത്തന്നെയാണ് ജീവിക്കുന്നത്. അവിടേക്ക് അതിഥിയായി എത്തുന്ന സഞ്ചാരിയും പ്രകൃതിസ്‌നേഹിയുമായ ലിന്‍ഡ. കൂടാതെ പുഴയും പരിസരത്തും താമസിക്കുന്ന കുറേ പുഴസംരക്ഷകരും, മീന്‍പിടിത്തക്കാരും കച്ചവടക്കാരും. അവരുടെ ജീവിതങ്ങളാണ് പുഴയമ്മയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫാക്ടറിയില്‍ നിന്നും മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കുന്നതിനെതിരായി ശബ്ദമുയര്‍ത്തിയ ശിവനേശനെയും കൂട്ടുകാരെയും പോലീസ് അറസ്റ്റ്‌ചെയ്തത് കൊണ്ടുപോകുമ്പോള്‍ അനാഥയാകുന്ന പുഴയുടെ മകള്‍ മഴ പുഴയിലേക്കുതന്നെ തിരിച്ചുപോകുന്നിടത്താണ് കഥ അവസാനിക്കുന്നത്.
കൊറോണ കാരണം തീയേറ്ററുകള്‍ അടച്ചിട്ട സമയത്താണ് സിനിമ പൂര്‍ത്തിയായതെങ്കിലും ജിയോ സിനിമയിലൂടെ ഓണ്‍ലെനില്‍ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അതിനുമുന്‍പ് ആദ്യപ്രദര്‍ശനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ വന്‍ വിജയമായിരുന്നു. നാട്ടില്‍നിന്ന് ഡയറക്ടര്‍ വിജീഷ് മണിയും ഡാലസില്‍ നിന്നും നടി ലിന്‍ഡയും കാനഡയില്‍ സ്റ്റുഡന്റായിരുന്ന മറ്റൊരു നടി ആഷ്ലിയും പങ്കെടുത്തിരുന്നു.

ലൊക്കേഷനില്‍ ഞാനും ലിന്‍ഡയും താമസിച്ചത് പുഴയരികില്‍ ഉള്ള ഒരു ഹോംസ്റ്റേയിലായിരുന്നു. ലിന്‍ഡ താഴത്തെ നിലയിലും ഞാന്‍ മുകളിലത്തെ മുറിയിലുമായിരുന്നു. പ്രൊഡക്ഷന്‍ മീറ്റിംഗിനും പ്രോപ്പര്‍ട്ടീസിനും മറ്റുമായി ഒരു വീടും പുഴയോരത്തുതന്നെ വാടകയ്ക്കെടുത്തിരുന്നു. മഴ തകൃതിയായി പെയ്യുന്ന സമയം. വെള്ളപ്പൊക്കത്തിന്റെ അപകടസൂചനകള്‍ വാര്‍ത്തകളായി പ്രചരിച്ചിരുന്ന സമയമായിരുന്നെങ്കിലും ഞങ്ങള്‍ ധൈര്യപൂര്‍വ്വം ഷൂട്ടിങ് തുടര്‍ന്നു. പക്ഷേ, ഒരുദിവസം പോലീസ് വണ്ടിയും കുറെ പോലീസുകാരും കൂടി വന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കണമെന്ന് സംവിധായകനോട് ആവശപ്പെട്ടു. അപ്പോഴേക്കും ഡാമെല്ലാം തുറന്നുവിടാന്‍ പോകുന്നു എന്നൊരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നു. പക്ഷേ, ഞങ്ങളും അവിടെ താമസിക്കുന്നവരും അതൊന്നും അതത്ര കാര്യമാക്കിയില്ല. അതുകൊണ്ട് കൂടുതല്‍ പോലീസുകാര്‍ വന്ന് വളരെ ശക്തമായ താക്കീതുതന്നു. അപ്പോള്‍പിന്നെ ഷൂട്ടിങ് നിര്‍ത്താതെ നിവര്‍ത്തിയില്ലല്ലോ. ഉടന്‍തന്നെ ഞാനും ലിന്‍ഡയും ഹോംസ്റ്റേയിലേക്കു പോയി. വെള്ളപ്പൊക്ക ഭീഷിണി ഉള്ളതുകൊണ്ട് ഹോംസ്റ്റെയുടെ താഴത്തെ നിലയില്‍നിന്നും ലിന്‍ഡ പെട്ടിയും കിടക്കയുമായി മുകളിലത്തെ മുറിയിലേക്കു മാറിയിരുന്നു. നാട്ടില്‍ ഷൂട്ട് നടക്കാത്ത സാഹചര്യത്തില്‍, സമയം ഒട്ടും പാഴാക്കാതെ അടുത്ത ദിവസം രാവിലെതന്നെ ലിന്‍ഡയുമായി, വിജീഷ് മണിയും സംഘവും ഗംഗയുടെ ഉത്ഭവസ്ഥാനത്തേക്കും പോയിരുന്നു. എനിക്ക് അവിടെ ഷൂട്ട് ഇല്ലാതിരുന്നതുകൊണ്ട് ഞാന്‍ എന്റെ പൊന്‍കുന്നത്തുള്ള ലീലച്ചേച്ചിയുടെ വീട്ടിലേക്കുമാണ് പോയത്.

ചേരാനെല്ലൂര്‍ പുഴയരികിലുള്ള എല്ലാ വീടുകളും ആളൊഴിയണമെന്നുള്ള ഉത്തരവും വന്നിരുന്നു. അപ്പോഴേക്കും വാര്‍ത്തകളില്‍ പറഞ്ഞതുപോലെതന്നെ സംഭവിച്ചു. ഡാമെല്ലാം ഒന്നിച്ചു തുറന്നുവിട്ടു. അതിന്റെ ഭവിഷ്യത്തുകളെപ്പറ്റി ആലോചിക്കാതെ സര്‍ക്കാര്‍ ചെയ്ത ഒരു മണ്ടത്തരമായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. ഇതിനു മുന്‍പുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമായ 99ലെ വെള്ളപ്പൊക്കത്തെപ്പറ്റിയുള്ള ഒരുപാടു കഥകള്‍ കേട്ടിരുന്നു. അതിലും കൂടുതല്‍ നാശം വിതച്ച വെള്ളപൊക്കമായിരുന്നു 2018. അതേ പേരില്‍ ഒരു സിനിമ പോലും പിന്നീടിറങ്ങി. എന്തായാലും അതോടുകൂടി കേരളത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു സാഷ്യം വഹിച്ച നാളുകളായി അത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലിന്‍ഡയും വിജീഷും സംഘവും തിരിച്ചെത്തി. വെള്ളമിറങ്ങി അടുത്ത ദിവസം ഷൂട്ടിങ് തുടങ്ങുമെന്ന് പ്രൊഡക്ഷനില്‍നിന്നു വിളിച്ചുപറഞ്ഞു. അതനുസരിച്ചു ഞങ്ങള്‍ തിരിച്ചു ചെന്നപ്പോള്‍ കണ്ട കാഴ്ച്ച അവിശ്വസനീയമായിരുന്നു. ചീനവലത്തട്ട് മുഴുവനും ഒഴുകിപ്പോയി. പ്രൊഡക്ഷനായി എടുത്തിട്ട വീട്ടില്‍നിന്നും ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും ഡാം തുറന്നുവിട്ടപ്പോഴുള്ള വെള്ളപ്പാച്ചിലില്‍ എങ്ങോട്ടോ ഒഴുകിപ്പോയി. ഹോംസ്റ്റെയില്‍ ചെന്നപ്പോഴാണ് അതിലും പരിതാപകരം. താഴത്തെ നിലയില്‍ മുഴുവനും മണ്ണും ചേറുംകൊണ്ടു നിറഞ്ഞിരുന്നു. ഞങ്ങളുടെ പെട്ടിയും കിടക്കയുമൊക്കെ മുകളിലത്തെ എന്റെ റൂമില്‍ ആയിരുന്നതുകൊണ്ട് കിടക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നു. ഹോംസ്റ്റേയുടെ ഉടമസ്ഥര്‍ കുറേ ബംഗാളികളെ വിളിച്ചു വൃത്തിയാക്കല്‍ തുടങ്ങിയിരുന്നെങ്കിലും ഒരാഴ്ചയെടുത്തു വീടിന്റെ ഉള്‍വശം വൃത്തിയാക്കാന്‍. ഫ്രിഡ്ജും സോഫായും ടി.വിയുള്‍പ്പെടെ എല്ലാം നശിച്ചുപോയിരുന്നു. തൊട്ടപ്പുറത്തെ വീട്ടിലെ ഒരാള്‍ ചേറും ചെളിയും കാരണം സ്വന്തം വീടിന്റെ ഗേറ്റ് പോലും തുറക്കാന്‍ പറ്റാതെ എന്തുചെയ്യണമെന്നറിയാതെ കുറേനേരം അവിടൊക്കെ കറങ്ങി നടന്നു. അയാള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത അടുത്ത ദിവസം പത്രത്തില്‍ നിന്നാണ് അറിഞ്ഞത്.

ചീനവലത്തട്ടിലേക്കുള്ള ബോട്ട് യാത്ര
മധു അമ്പാട്ട് എന്ന പ്രശസ്ത ക്യാമറാമാനായിരുന്നു തുടക്കത്തില്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നതെങ്കിലും മഴയുടെ ശല്യവും ചീനവലത്തട്ടിലെ ഷൂട്ടിങ്ങുമൊക്കെ അദ്ദേഹത്തിന് താങ്ങാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ട് അദ്ദേഹം സംവിധായകനോടു പറഞ്ഞിട്ട് നേരത്തെതന്നെ ആ ജോലി ഉപേക്ഷിച്ചു പോയിരുന്നു. പിന്നീട് ചെന്നൈയില്‍ നിന്ന് വന്ന ലോകനാഥ് ശ്രീനിവാസനാണ് ഛായാഗ്രഹണം നിര്‍വഹിച്ചത്. മധു അമ്പാട്ടിന് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടായിരുന്നു എന്ന് അന്നാണ് എനിക്കും മനസ്സിലായത്. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ആദ്യമായി സഹകരിച്ചത് ആദാമിന്റെ മകന്‍ അബു എന്നൊരു സിനിമയിലാണ്. അന്നദ്ദേഹത്തിനു നടക്കാനൊന്നും പറയത്തക്ക ബുദ്ധിമുട്ടുകള്‍ ഇല്ലായിരുന്നു.
ഏറ്റവും നല്ല സിനിമക്കുള്ള ദേശീയ പുരസ്‌കാരവും ഇന്ത്യയില്‍നിന്നും ആ വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രിയും ആദാമിന്റെ മകന്‍ അബുവിനായിരുന്നു. അങ്ങനെ ആദ്യമായി ഒരു ഓസ്‌കര്‍ എന്‍ട്രി കിട്ടിയ ചിത്രത്തില്‍ ഇടംനേടി എന്നത് അഭിമാനകാരമായി തോന്നിയിരുന്നു. എന്റെ കഥാപാത്രം സലിംകുമാറിന്റെ ഗുരുവായ ഉസ്താദ് എന്ന സൂഫിയായിട്ടായിരുന്നു. സൂരാജ് വെഞ്ഞാറമൂടിനൊപ്പം ആദ്യമായി അഭിനയിച്ച ചിത്രവും ഈ ആദാമിന്റെ മകന്‍ അബു ആയിരുന്നു. സംവിധാനം ചെയ്തത് സലീം അഹമ്മദ്. അദ്ദേഹത്തിന്റെ ഈ ആദ്യ ചിത്രത്തില്‍ ഹിന്ദിയിലെ പ്രശസ്ത നടി സറീന വാഹബ് ആയിരുന്നു നായിക. യുഗപുരുഷന്‍ എന്ന സിനിമയ്ക്കുശേഷം കലാഭവന്‍ മണിയുടെ കൂടെ ഞാന്‍ അവസാനം ചെയ്ത ചിത്രവും ആദാമിന്റെ മകന്‍ അബു ആയിരുന്നു. പ്രകാശ് ചങ്ങള്‍, മാറിമായത്തിലെ ഉണ്ണി രാജ, കെപിസി ലീലാകൃഷ്ണന്‍ ആഷ്ലി ബോബന്‍ സൗദിയില്‍ നിന്നുള്ള നടി ഫാത്തിമ അല്‍ മന്‍സൂരി എന്നിവരായിരുന്നു മറ്റു താരങ്ങള്‍. ഗോകുലം മൂവീസ് നിര്‍മ്മിച്ച ഈ ചിത്രം ജിയോ സിനിമ ആണ് ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്.
Content Highlights: Thampy Antony hollywood and malayalam film journey
Published: 04 Sept 2025, 10:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented