
'ജടായുപ്പാറ'. അങ്ങനെയൊരു സിനിമയുണ്ടോ എന്നായിരിക്കും സംശയം. അങ്ങനെയൊരു സിനിമ ഇതുവരെ സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല. ഒരിക്കലും നിര്‍മിച്ചിട്ടില്ലാത്ത ആ സിനിമയെപ്പറ്റിയാണ് ഇത്തവണ പറയുന്നത്.
ജടായുപ്പാറയില്‍ ഒരു ശില്പം നിര്‍മിക്കുക എന്ന ആശയം രാജീവ് അഞ്ചലിന്റെ മനസ്സില്‍ ആദ്യമായി രൂപപ്പെട്ടത് കാലിഫോര്‍ണിയയില്‍വച്ചാണ്. ഞങ്ങളൊന്നിച്ച് സാന്‍ഫ്രാന്‍സിസ്‌കോ ഉള്‍ക്കടലിന്റെ തീരങ്ങളിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ 'മൗണ്ട് ഡയാബ്ലോ'യിലേക്ക് ഒരിക്കല്‍ ഒരു യാത്ര പോയിരുന്നു. ആ പര്‍വതം വര്‍ഷങ്ങളായി എന്നെ ആകര്‍ഷിച്ചിരുന്നതിനാലാണ് രാജീവിനെ അങ്ങോട്ട് കൊണ്ടുപോയത്. 'ഡെവിള്‍ മൗണ്ടന്‍' അല്ലെങ്കില്‍ 'ചെകുത്താന്‍കുന്ന്' എന്നാണ് മൗണ്ട് ഡയാബ്ലോ എന്ന സ്പാനിഷ് പദത്തിന്റെ അര്‍ത്ഥമെന്ന് അറിയാമായിരുന്നു. 1800-ല്‍ സ്‌പെയിന്‍കാരാണ് ആദ്യമായി ഈ മലനിരകള്‍ കീഴടക്കിയത്. മുന്‍പേ പോയവരൊക്കെ വഴിതെറ്റി എങ്ങുമെത്താതെ തിരിച്ചുവന്നു. ഇരുട്ടില്‍ പല വിചിത്രരൂപങ്ങളും വഴിയില്‍ക്കണ്ടു എന്നവര്‍ കഥകള്‍ കെട്ടിച്ചമച്ചു. അതിനാല്‍ അവരിട്ട പേരാണ് ചെകുത്താന്‍കുന്ന് എന്നത്. എന്റെ ആദ്യത്തെ നോവലിന് 'ഭൂതത്താന്‍കുന്ന്' എന്നു പേരിടാനുള്ള കാരണവും ഈ മലനിരകള്‍ തന്നെയാണ്. എന്റെ വീടിന്റെ ജനാലയില്‍ക്കൂടി നോക്കിയാല്‍ വ്യക്തമായിക്കാണുന്ന ഈ ചെകുത്താന്‍കുന്നിലേക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകമെന്നു പറയാം. സാന്‍ ഫ്രാന്‍സിസ്‌കോ ഉള്‍ക്കടല്‍ത്തീരങ്ങളില്‍ മഞ്ഞു വീഴുന്ന ഒരേയൊരു കുന്നിന്‍പുറം ഇതാണ്.

ബിയോണ്ട് ദി സോളില്‍
ഏകദേശം നാലായിരം അടി ഉയരമുള്ള ഈ മലയുടെ മുകളില്‍ നിന്നാല്‍ ചുറ്റുപാടുമുള്ള ചെറുമലനിരകളും പട്ടണങ്ങളും താഴ്വരകളും വളരെ ദൂരെ, പസഫിക് സമുദ്രവും ഇടകലര്‍ന്നുള്ള വിസ്മയകരമായ കാഴ്ച കാണാം. ഇപ്പോള്‍ ഇവ വ്യക്തമായി കാണുന്നതിന് ഒരു ടവറും അതിനോടനുബന്ധിച്ച് ഇതിന്റെ ചരിത്രം ചിത്രങ്ങളിലും എഴുത്തുകളിലുമായി പ്രദര്‍ശിപ്പിച്ചിട്ടുള്ള ഒരു മ്യൂസിയവുമുണ്ട്. ഇന്ന് ഈ പ്രദേശത്തെ കാലിഫോര്‍ണിയ സ്റ്റേറ്റ് പാര്‍ക്കായി പ്രഖ്യാപിക്കുകയും വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭൂപ്രദേശം കാണാവുന്ന രണ്ടാമത്തെ പര്‍വതമാണ് മൗണ്ട് ഡയാബ്ലോ. ആദ്യത്തേത് ആഫ്രിക്കയിലുള്ള 'കിളിമന്‍ജാരോ'യാണ്.

'മൗണ്ട് ഡയാബ്ലോ'യില്‍ നിന്നപ്പോഴാണ് കേരളത്തിലെ മനോഹരമായ മലനിരകളെക്കുറിച്ച് രാജീവ് ചിന്തിച്ചത്. സ്വന്തം ജില്ലയിലുള്ള ജടായുപ്പാറയെപ്പറ്റി അദ്ദേഹം എന്നോട് വിശദീകരിച്ചു. അതോടെയാണ് ജടായുപ്പാറയെ ഒരു ടൂറിസ്റ്റ് പാര്‍ക്കായി വികസിപ്പിക്കാനുള്ള ആശയമുദിച്ചത്. ഒരേ സമയം ഒരു സിനിമാസംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍ ആദ്യം ഒരു സിനിമയെയും പിന്നീട് ഒരു ശില്പത്തെയുമാണ് ഭാവനയില്‍ കണ്ടത്. പേരില്‍ത്തന്നെ 'ജടായു' ഉള്ളതുകൊണ്ട് പുരാണ കഥാപാത്രമായ ആ പക്ഷിയുടെ ചിറകറ്റ രൂപം പാറപ്പുറത്തു നിര്‍മിക്കാന്‍ രാജീവ് തീരുമാനിച്ചു. എന്നെ ഒരു പ്രധാന കഥാപാത്രമാക്കി രാജീവ് സംവിധാനം ചെയ്ത 'ബിയോണ്ട് ദി സോള്‍', 'മെയ്ഡ് ഇന്‍ യുഎസ്എ' എന്നീ സിനിമകളുടെ ചിത്രീകരണകാലം മുതലാണ് ജടായു എന്ന ചിത്രത്തെക്കുറിച്ചും അദ്ദേഹം ചിന്തിച്ചത്. ആ പാറയ്ക്കു മുകളില്‍ ഭീമാകാരമായ ഒരു ജടായുവിന്റെ ശില്പം പണിയാന്‍ വരുന്ന ശില്പിയുടെ വേഷമാണ് എനിക്ക് നല്‍കിയിരുന്നത്. ആ പ്രോജക്ട് എന്നെ വളരെയധികം സന്തോഷിപ്പിച്ചു. സിനിമയിലൂടെയാണെങ്കിലും മികച്ചൊരു ആര്‍ക്കിടെക്റ്റായി വരാനുള്ള ഭാഗ്യം സിദ്ധിക്കുന്നത് എന്നെ സംബന്ധിച്ച് ചെറിയ കാര്യമല്ലായിരുന്നു.

ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ ഒരു ദിവസം രാജീവ് എന്നെ അനന്തപുരിയിലേക്ക് വിളിച്ചു. അവിടെയെത്തിയപ്പോഴാണ് അദ്ദേഹം പറഞ്ഞത്, അടുത്ത ദിവസം രാവിലെ ജടായുപ്പാറയിലേക്ക് പോകണമെന്ന്! അതനുസരിച്ച് വെളുപ്പിന് ആറുമണിക്കുതന്നെ ഫോട്ടോഗ്രാഫര്‍ ജയചന്ദ്രനെയും കോസ്റ്റ്യുമറെയും മേക്കപ്പ്മാനെയും കൂട്ടി രാജീവ് വന്നു. ഒരു ശില്പിയുടെ സിനിമയെടുക്കണമെന്ന് പറഞ്ഞെങ്കിലും ഇത്രയൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു മണിക്കൂറോളം ഒരുക്കം കഴിഞ്ഞപ്പോള്‍ ഞാനൊരു ശില്പിയായിക്കഴിഞ്ഞിരുന്നു! ഞങ്ങള്‍ ചടയമംഗലത്തേക്കു തിരിച്ചു. സൂര്യനുദിച്ചിരുന്നു. കാലിഫോര്‍ണിയയിലെ തണുത്ത കാലാവസ്ഥയില്‍നിന്നു വന്നതുകൊണ്ടായിരിക്കണം, അതികഠിനമായ ചൂടനുഭവപ്പെട്ടു. ഞങ്ങള്‍ നാലുപേരുംകൂടി ചടയമംഗലത്തിറങ്ങി ജടായുപ്പാറയിലേക്ക് മെല്ലെ നടന്നുകയറി. മുകളില്‍ ചെന്നപ്പോഴേക്കും എല്ലാവരും നന്നായി വിയര്‍ത്തു. അന്ന് മനോരമയുടെ ഫോട്ടോഗ്രാഫർ ജയചന്ദ്രന്‍ എന്നെ ഇരുത്തിയും നിര്‍ത്തിയും നടത്തിയും കുറേ മനോഹരമായ ചിത്രങ്ങളെടുത്തു. അവയില്‍ ഒന്നു മാത്രമേ ഇപ്പോള്‍ എന്റെ കൈയിലുള്ളൂ. എനിക്ക് ഇന്റര്‍നാഷണല്‍ അംഗീകാരം കിട്ടിയ 'ബിയോണ്ട് ദി സോ'ളിനു ശേഷം ഞാനും രാജീവ് അഞ്ചലും ഒന്നിക്കുന്ന ആ സിനിമ ഒരുപാട് പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ ശില്പം പ്രതീക്ഷിച്ചതിലും വലിയൊരു പ്രോജക്ട് ആയിരുന്നതുകൊണ്ട് സിനിമയ്ക്കു സ്‌ക്രിപ്റ്റ് എഴുതാനോ അതിനുവേണ്ടി ഇന്‍വെസ്റ്ററെ കണ്ടുപിടിക്കാനോ രാജീവിന് കഴിയാതെപോയി. അതുകൊണ്ട് 'ജടായു' എന്ന സ്വപ്നപദ്ധതി എവിടെയുമെത്താതെ ശൈശവത്തില്‍ത്തന്നെ ഇല്ലാതെയായി!
അങ്ങനെ വെളിച്ചം കാണാത്ത എത്രയെത്ര സിനിമകള്‍!
ജടായു എന്ന ചിത്രം സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കിലും ജടായുവിന്റെ ശില്പം വിസ്മയകരമാംവിധം പൂര്‍ത്തിയാക്കാന്‍ രാജീവിന് സാധിച്ചു. ഇന്നിപ്പോള്‍ സന്ദര്‍ശകര്‍ക്കായി പാറയ്ക്കു മുകളിലേക്ക് റോപ്പ്വെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചു നിര്‍മിച്ച ഈ ഭീമാകാരമായ ശില്പം ദിനംതോറും ആയിരത്തിലധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ചടയമംഗലം കേരളത്തിലെ സുപ്രധാനമായ ഒരു വിനോദസഞ്ചാരകേന്ദ്രമായിത്തീര്‍ന്നു. ശില്പിയായ രാജീവ് അഞ്ചലിന് എന്നെന്നും അഭിമാനിക്കാവുന്ന നിര്‍മിതിയായി അത് നിലനില്‍ക്കും.

'ജടായു എര്‍ത്ത് സെന്റര്‍' എന്നറിയപ്പെടുന്ന ജടായു നേച്ചര്‍ പാര്‍ക്ക് കേരളത്തിലെ കൊല്ലം ജില്ലയില്‍ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 350 മീറ്റര്‍ (1200 അടി) ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. മുകള്‍ത്തട്ടിലെത്താന്‍ ഒരു കേബിള്‍ കാര്‍ സംവിധാനം ലഭ്യമാണ്. കേരളത്തിലെ ഏക കേബിള്‍ കാര്‍ ഇതാണ്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.
അഞ്ചു നിലകളുള്ള വലിയ ശില്പത്തിനുള്ളില്‍ ഒരു മ്യൂസിയം, ജടായുവും രാവണനും തമ്മിലുള്ള പോരാട്ടം ആനിമേറ്റഡ് ഫിലിം ആയി പ്രദര്‍ശിപ്പിക്കാനുള്ള മള്‍ട്ടി ഡയമെന്‍ഷണല്‍ തീയേറ്റര്‍ എന്നിവയുമുണ്ട്. കൂടാതെ പരമ്പരാഗത കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ക്കും ജനകീയ കലാപ്രകടനങ്ങള്‍ക്കുമുള്ള ഒരു സാംസ്‌കാരികകേന്ദ്രവും ഇവിടെയുണ്ട്. കൂടാതെ അഡ്വെഞ്ചര്‍ പാര്‍ക്ക്, കേവ് റിസോര്‍ട്ട് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്നു. ശില്പത്തിന്റെ പൂര്‍ത്തീകരണത്തിനുശേഷം ഞാന്‍ അവിടം സന്ദര്‍ശിച്ചത് കഴിഞ്ഞ തവണ കേരളത്തില്‍ വന്നപ്പോഴാണ്. രാജീവ് തന്നെ എന്നെ അങ്ങോട്ടു കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്നപ്പോള്‍ മൗണ്ട് ഡയാബ്ലോയില്‍ വച്ച് ഈ ശില്പത്തിന്റെയും സിനിമയുടെയും ആശയങ്ങളുദിച്ച അപൂര്‍വ നിമിഷങ്ങള്‍ ഞാനോര്‍ത്തു. സാക്ഷാത്കരിക്കപ്പെടാതെ പോയ ആ ചലച്ചിത്രം എന്നിലെന്നതുപോലെ രാജീവിലും ഒരു നൊമ്പരമായി അവശേഷിക്കുമെന്നെനിക്കുറപ്പുണ്ട്.
Content Highlights: Thampy Antony hollywood and malayalam film journey
Published: 14 Aug 2025, 09:30 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented