
'അപ്രതീക്ഷിതമായാണ് അപരിചിതമായൊരു നമ്പറില്‍നിന്ന് അമേരിക്കയിലേക്ക് കോള്‍ വന്നത്. ഇന്ത്യയില്‍ നിന്നുള്ള നമ്പറായതിനാല്‍ വേഗമെടുത്ത് 'ഹലോ' പറഞ്ഞു.
'തമ്പി ആന്റണിസ്സാറല്ലേ'
'അതേ... ആരാണ്'
'ഞാന്‍ തിരുവനന്തപുരത്തുനിന്നു സുകുമാരന്‍ സാര്‍ പറഞ്ഞിട്ട് വിളിച്ചതാണ്. യുഗപുരുഷന്റെ പ്രൊഡക്ഷന്‍ മാനേജരാണ്. യുഗപുരുഷന്റെ കാസ്റ്റിംഗ് നടക്കുകയാണ്. സാറിന് നാട്ടിലേക്ക് ഉടനെ ഒന്നു വരാന്‍ പറ്റുമോ? സാറിനെക്കൂടി ഒന്നു ട്രൈ ചെയ്യാമെന്നാണ് സുകുമാരന്‍ സാര്‍ പറഞ്ഞത്.'
ആര്‍ സുകുമാരന്‍, ശ്രീനാരായണഗുരുവിന്റെ ജീവിതം പശ്ചാത്തലമാക്കി ഒരു പടം ചെയ്യാന്‍ പോകുന്നതായി എവിടെയോ വായിച്ചതോര്‍ത്തു. എങ്കിലും ഒരുറപ്പിനുവേണ്ടി ഞാന്‍ വീണ്ടും ചോദിച്ചു:
'ആര്‍ സുകുമാരനാണോ'
'അതേ.'
ആദ്യം എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. യുഗപുരുഷനായ നാരായണ ഗുരുവിന്റെ വേഷമഭിനയിക്കാന്‍ കഴിയുന്നത് മഹാഭാഗ്യമാണല്ലോ! എന്തു വന്നാലും നാട്ടിലേക്കുപോകാന്‍ തീരുമാനിച്ചു. മൂന്നു പേരെയാണ് വേഷത്തിനായി ക്ഷണിച്ചിരിക്കുന്നതെന്നും അതിലൊന്നു മമ്മൂട്ടിയാണെന്നും വിളിച്ചയാള്‍ പറഞ്ഞു. മൂന്നാമനാരെന്ന് ഒരറിവുമില്ല. ഏതായാലും പോകണം. എങ്ങാനും ഗുരുവായാല്‍ അതു ചരിത്രമാകും! പക്ഷേ, പ്രശസ്തനടന്‍ മമ്മൂട്ടിയാണ് എതിരാളി! അപ്പോള്‍ സാധ്യത തീരെക്കുറവാണെന്നറിയാം. അഥവാ മമ്മൂട്ടി പിന്‍മാറിയാല്‍ കുറി എനിക്കു വീണാലോ!
അങ്ങനെ, ചെറിയ പ്രതീക്ഷയോടെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. തിരുവനന്തപുരത്തിറങ്ങിയപ്പോള്‍ നേരംവെളുത്തുവരുന്നതേയുള്ളായിരുന്നു. കാര്‍ കാത്തുനിന്നിരുന്നു. ഡ്രൈവറുടെ കൂടെ വന്നത് എന്റെ നാട്ടുകാരനും കൂട്ടുകാരനുമായ ഷാഹുല്‍ ഹമീദായിരുന്നു എന്നത് അപ്രതീക്ഷിതമായിരുന്നു. പൊന്‍കുന്നത്തുവച്ച് വളരെ ചെറുപ്പത്തിലേ എനിക്കറിയാവുന്ന ആളായിരുന്നു ഷാഹുല്‍. അനന്തപുരിയില്‍ വന്നു സ്ഥിരതാമസമാക്കിയതുകൊണ്ട് വര്‍ഷങ്ങളായി കണ്ടിരുന്നില്ല. അതുകൊണ്ടുതന്നെ ആ കണ്ടുമുട്ടലിന്റെ സന്തോഷം വിവരണാതീതമായിരുന്നു. ഷാഹുല്‍ ഹമീദ്, ആര്‍ സുകുമാരനൊപ്പം ഒരു സഹായിയായി കൂടിയിരിക്കുകയായിരുന്നത്രേ! ഞങ്ങള്‍ പഴയ പൊന്‍കുന്നം വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നതിനിടെ വണ്ടി ലൊക്കേഷനിലെത്തി. അവിടെ എന്നെ ഗുരുവായി അണിയിച്ചൊരുക്കാന്‍ പട്ടണം റഷീദും കോസ്റ്റ്യൂമര്‍ സതീഷ് എസ്ബിയും കാത്തുനില്‍പ്പുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍. സംവിധായകന്‍ മുറിയില്‍ നിന്നിറങ്ങിവന്ന്, കഥാപാത്രത്തെപ്പറ്റിയും കഥാസന്ദര്‍ഭത്തെപ്പറ്റിയും വിശദമായി സംസാരിച്ചു. ദൂരയാത്ര കഴിഞ്ഞുള്ള ക്ഷീണംപോലും വകവയ്ക്കാതെ ആ ദിവസംതന്നെ ഗുരുവായി വേഷമിടാന്‍ റിഹേഴ്സല്‍ ചെയ്തു.

മമ്മൂട്ടി സ്വയം മാറിയതുകൊണ്ടാണ് എന്നെ പരീക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പിന്നീടറിഞ്ഞു. റിഹേഴ്സലില്‍ അഭിനയം ഇഷ്ടപ്പെട്ടെങ്കിലും മേയ്ക്കപ്പില്‍ ഗുരുവിന്റെ രൂപത്തിലാവാനന്‍ എനിക്കു കഴിഞ്ഞില്ലെന്ന് സംവിധായകന്‍ പറഞ്ഞു. ഒടുവില്‍ തലൈവാസല്‍ വിജയ് എന്ന നടനാണ് ശ്രീനാരായണ ഗുരുവാകാന്‍ ഭാഗ്യം ലഭിച്ചത്! പട്ടണം റഷീദിന്റെ ചമയംകൂടിയായപ്പോള്‍ അദ്ദേഹം കാഴ്ചയില്‍ അസ്സല്‍ ഗുരുവായി. ഗുരുവുമായുള്ള മുഖസാദൃശ്യമാണ് അദ്ദേഹത്തിന് ആ വേഷം അഭിനയിക്കാനുള്ള അവസരം നല്‍കിയത്.
എന്നെ നമ്പൂതിരിയായും അച്ഛനായും പ്രൊഫസറായും സൈക്യാട്രിസ്റ്റായുമൊക്കെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. ആദ്യകാല ചിത്രമായ 'ബിയോണ്ട് ദ സോ'ളില്‍ ഗുരുവായിരുന്നെങ്കിലും അത് ഇംഗ്ലീഷായതിനാല്‍ അധികമാരും കണ്ടിട്ടില്ല. നാടകങ്ങളില്‍ ഞാനഭിനയിച്ചത് കൂടുതലും ഹാസ്യവേഷങ്ങളിലാണെന്നു പറഞ്ഞാല്‍ ഇപ്പോഴാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.
പട്ടണം റഷീദിനൊപ്പം 'ഡാം 999' എന്ന ഹോളിവുഡ് ചിത്രമുള്‍പ്പെടെ അഞ്ചോളം ചിത്രങ്ങളില്‍ ഒന്നിച്ചുണ്ടായിരുന്നു. എനിക്ക് അഭിനയത്തിന് രാജ്യാന്തര പുരസ്‌കാരം കിട്ടിയ 'ബിയോണ്ട് ദ സോ'ളില്‍ എന്നെ അണിയിച്ചൊരുക്കിയത് പട്ടണം റഷീദും പട്ടണം ഷായുമായിരുന്നു എന്നത് നന്ദിപൂര്‍വം സ്മരിക്കുന്നു.
ആര്‍ സുകുമാരന്‍ തന്നെ തിരക്കഥയെഴുതിയ യുഗപുരുഷന്റെ നിര്‍മാതാവ് എ.വി അനൂപും ക്യാമറാമാന്‍ പ്രശസ്തനായ രാമചന്ദ്രബാബുവുമായിരുന്നു. അകാലത്തില്‍ അന്തരിച്ച ബാബുവേട്ടനോടൊപ്പം ഒന്നിലധികം ചിത്രങ്ങളില്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുഗപുരുഷനില്‍ എനിക്ക് ഗുരുവിന്റെ വേഷം ചെയ്യാന്‍ ഭാഗ്യമുണ്ടായില്ലെങ്കിലും സുകുമാരന്‍ സാര്‍ എന്നെ ഉപേക്ഷിച്ചില്ല. നവ്യാനായരുടെ അച്ഛനായ നമ്പൂതിരിയുടെ വേഷം ചെയ്യാന്‍ എന്നെയാണ് വിളിച്ചത്. വരിക്കാശ്ശേരി മനയിലായിരുന്നു ഷൂട്ടിംഗ്. അതിന് തൊട്ടുമുമ്പു ചെയ്ത, പ്രിയനന്ദന്റെ സൂഫി പറഞ്ഞ കഥയിലും വരിക്കാശ്ശേരി മനയായിരുന്നു എന്റെ വീട്. ആദ്യം ശങ്കുമേനോനായും പിന്നെ നമ്പൂതിരിയായും മനയുടെ വരാന്തയില്‍ ദിവസങ്ങളോളമിരുന്നപ്പോള്‍ ഞാന്‍ മന വാങ്ങിച്ചു എന്നൊരു ശ്രുതി ആ നാട്ടുകാര്‍ക്കിടയില്‍ പരന്നു! എനിക്കതു രസകരമായൊരനുഭവമായിരുന്നു.

മമ്മൂട്ടി മറ്റൊരു കഥാപാത്രമായ കെ.സി കുട്ടനായിട്ടാണ് വേഷമിട്ടത്. എനിക്ക് മമ്മൂട്ടിയുമായി കോമ്പിനേഷന്‍ സീനൊന്നുമില്ലായിരുന്നു. എങ്കിലും കലാഭവന്‍ മണിയുമായി ഒരു സീനില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. അതിനുശേഷം സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'വിലും ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചു. സലിംകുമാറിന് അഭിനയത്തിന് ലഭിച്ച ദേശീയ അവാര്‍ഡുള്‍പ്പെടെ ആ സിനിമ അനേകം പുരസ്‌കാരങ്ങള്‍ നേടി. പട്ടണം റഷീദിനു ചമയത്തിനുള്ള ദേശീയ പുരസ്‌കാരവും ആ സിനിമയിലൂടെ കിട്ടി. മധു അമ്പാട്ടായിരുന്നു അതിന്റെ ഛായാഗ്രാഹകന്‍.
യുഗപുരുഷനില്‍, എന്റെ അനുജന്‍ ബാബു ആന്റണിയാണ് ചരിത്രപുരുഷനായ അയ്യങ്കാളിയെ അവതരിപ്പിച്ചത്. പക്ഷേ ഞങ്ങള്‍ക്കും കോമ്പിനേഷന്‍ സീനില്ലായിരുന്നു. അക്ഷരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ജന്‍മിമാരുടെ വയല്‍ കൊയ്യാതെ കിടക്കുമെന്നു പ്രഖ്യാപിച്ച, പഞ്ചമി എന്ന കുട്ടിയെ അക്ഷരവെളിച്ചത്തിലേക്കു നയിച്ച അയ്യങ്കാളിയാകാന്‍ അവസരം ലഭിച്ചത് ബാബുവിന്റെ ഭാഗ്യമാണെന്ന് ഞാന്‍ കരുതുന്നു. വൈശാലിയിലെ ലോമപാദനുശേഷം ലഭിച്ച അര്‍ത്ഥപൂര്‍ണമായ വേഷം.
യുഗപുരുഷന്‍ സാമ്പത്തികവിജയം നേടിയില്ലെങ്കിലും ആര്‍.സുകുമാരന്റെ മികച്ച സൃഷ്ടിതന്നെയാണത്. ചിലര്‍ മനഃപൂര്‍വം മറക്കാന്‍ ശ്രമിക്കുന്ന ഗുരുവിനെ പുനഃസൃഷ്ടിക്കാന്‍ നടത്തിയ ശ്രമമായിവേണം അതിനെക്കാണാന്‍. ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസ്ലീമെന്നും വേറിട്ടു കാണുന്ന മനുഷ്യരോട് ഗുരു പണ്ടേ ഉപദേശിച്ചു:
'അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിന്നാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം!'
Content Highlights: Thampy Antony hollywood and malayalam film journey
Published: 01 Aug 2025, 09:35 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented