ഡോക്ടര്‍ക്ക് അപ്പോത്തിക്കിരി എന്നാണ് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഈ സംബോധന ഗ്രീക്കില്‍ നിന്നു ഫ്രഞ്ചിലേക്കും മറ്റു പല ഭാഷകളിലും കറങ്ങിത്തിരിഞ്ഞ് മലയാളത്തില്‍ വന്നപ്പോള്‍ ഡോക്ടര്‍ ആയതായിരിക്കണം. ഉച്ചാരണത്തിലുള്ള വ്യത്യാസത്തില്‍ സ്റ്റോര്‍ കീപ്പര്‍, മരുന്നുകടക്കാരന്‍ എന്നൊക്കെയുള്ള അര്‍ത്ഥങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതൊക്കെ ഇവിടെ പറയാന്‍ കാരണം അപ്പോത്തിക്കിരി എന്ന പേരില്‍ മലയാളത്തില്‍ നിര്‍മ്മിച്ച ഒരു സിനിമയെപ്പറ്റി പറയാനാണ്.

To advertise here,

സുരേഷ് ഗോപിക്കൊപ്പം ഞാനഭിനയിച്ച ഒരേയൊരു സിനിമയാണ് അപ്പോത്തിക്കിരി. 2014-ല്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് മാധവ രാംദാസാണ്. കോതമംഗലത്തെ അറമ്പന്‍കുടി തറവാട്ടുകാരായ ജോര്‍ജ് മാത്യുവും ബേബി മാത്യുവുമാണ് നിര്‍മാതാക്കള്‍. അവര്‍ ഡോക്ടേഴ്‌സ് ആയിരുന്നതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു സിനിമയെടുക്കാന്‍ മുതിര്‍ന്നത്. വര്‍ഷങ്ങള്‍ക്കുശേഷം, ഞാനൊരിക്കല്‍ കോതമംഗലത്ത് ഒരു സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവരുടെ കണക്കുകള്‍ നോക്കി നടത്തിയിരുന്ന റെനിലിനെ വീണ്ടും കാണുകയും അവരുടെ വീട്ടില്‍ അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. അന്ന് പരിചയം പുതുക്കിയെങ്കിലും പിന്നീട് കാണാനുള്ള അവസരങ്ങള്‍ ഒന്നുംതന്നെ ഒത്തുവന്നില്ല. അവര്‍ പിന്നീട് സിനിമയൊന്നും എടുത്തതായി അറിയില്ല. അതാണ് സിനിമാലോകം. വീണ്ടും വീണ്ടും സിനിമ എടുക്കുകയോ പുതിയ സിനിമകളുമായി സഹകരിക്കുകയോ ചെയ്തില്ലെങ്കില്‍ ആരും ഓര്‍ക്കുകപോലുമില്ല, എന്നതല്ലേ സത്യം.

പാലക്കാടിനടുത്തുള്ള പ്രദേശങ്ങളായിരുന്നു ലൊക്കേഷന്‍. ഒരു മാസത്തോളം ഞാനും താരങ്ങളോടൊപ്പം അവിടെ താമസിച്ചിരുന്നു. എന്റെ ഇഷ്ടനഗരമായ പാലക്കാട് ഇതിനുമുന്‍പും ആദാമിന്റെ മകന്‍ അബു, പപ്പീലിയോ ബുദ്ധ. എന്നീ സിനിമകളുടെ ഷൂട്ടിങ്ങിനായി പോയിട്ടുണ്ട്. അപ്പോത്തിക്കിരിക്കായി ശ്രീകൃഷ്ണപുരം എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു താമസം. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമാണ് ശ്രീകൃഷ്ണപുരം. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ തമിഴ്‌നാട് അതിര്‍ത്തിയിലേക്കായിരുന്നു അന്നത്തെ ഈവനിംഗ് വാക്ക്. ഞങ്ങള്‍ താമസിച്ച ലോഡ്ജില്‍നിന്നും വെറും നൂറു മീറ്റര്‍ മാത്രമായിരുന്നു തമിഴ് നാട്ടിലേക്കുള്ള ദൂരം.

ഒരിക്കല്‍ അമേരിക്കയിലെ ടെക്‌സാസിലെ അതിര്‍ത്തി കൗണ്ടിയിലുള്ള മെക്കാലന്‍ എന്ന ചെറുപട്ടണത്തില്‍ നിന്ന് ഒരു പാലം കടന്ന് മെക്‌സിക്കോയിലെക്കു നടന്നുപോയതാണ് അപ്പോള്‍ ഓര്‍ത്തത്. ഒരു രാജ്യാന്തരയാത്ര, അതിര്‍ത്തി കടന്നാല്‍ വേറൊരു വിചിത്ര ലോകമാണ്. വഴിക്കച്ചവടക്കാരും പാട്ടും ബഹളവും ആള്‍ത്തിരക്കും. എല്ലാംകൊണ്ടും നോര്‍ത്ത് ഇന്ത്യയിലെ ഏതോ ഒരു പട്ടണത്തില്‍ എത്തിയ പ്രതീതിയായിരുന്നു. അതുവച്ചുനോക്കുബോള്‍ ഇതെന്ത്! കുതിരവട്ടം പപ്പുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് ചെറുത്. എന്നാലും ഭാഷകളും ആളുകളും സംസ്‌കാരവും പെട്ടെന്ന് മാറുന്നതൊക്കെ, രസകരമായ അനുഭവങ്ങളായിരുന്നു.

മേല്‍വിലാസം എന്ന ഒറ്റ ചിത്രത്തോടുകൂടി മലയാളത്തില്‍ ഒരു മേല്‍വിലാസം ഉണ്ടാക്കിയ സംവിധായകനാണ് മാധവ് രാംദാസ്. സുരേഷ് ഗോപിയെക്കൂടാതെ ജയസൂര്യ, ആസിഫ് അലി, നീരജ് മാധവ്, ജയരാജ് വാരിയര്‍, ഇന്ദ്രന്‍സ്, രാഘവന്‍, അരുണ്‍ചെറുകാവില്‍, ലിഷോയി, മീരാ നന്ദന്‍, സീമ ജി നായര്‍, അഭിരാമി, അനുമോള്‍ തുടങ്ങി വമ്പിച്ച താരനിരതന്നെ ഉണ്ടായിരുന്നു.

placeholder
സുരേഷ് ഗോപിയോടൊപ്പം തമ്പി ആന്റണി അപ്പോത്തിക്കിരിയില്‍

കേരളത്തിലെ ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലുകളിലെ അഴിമതികളെ തുറന്നുകാണിക്കുന്ന ആദ്യത്തെ സിനിമയായിരുന്നു അപ്പോത്തിക്കിരി. ഈ സിനിമയില്‍ നന്മയുള്ള ഡോ.മുഹമ്മദ് അലി, അതായിരുന്നു എന്റെ കഥാപാത്രം. പല പ്രമുഖ താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സീനിയര്‍ താരം രാഘവേട്ടനോടൊപ്പം അഭിനയിക്കാന്‍ സാധിച്ചു എന്നത് ഒരു മഹാഭാഗ്യമായി കരുതുന്നു. അദ്ദേഹവും ഒരു സീനിയര്‍ ഡോക്ടറായിട്ടാണ് വേഷമിട്ടത്. ഒരുകാലത്ത് മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായിരുന്ന രാഘവന്‍. സ്‌കൂളില്‍ പഠിക്കുമ്പോഴാണ് പി എന്‍ മേനോന്റെ ചെമ്പരത്തി എന്ന സിനിമ കണ്ടത്. മണ്‍മറഞ്ഞുപോയ ശോഭയും സുധീറും ഒന്നിച്ചഭിനയിച്ച ചിത്രവുമായിരുന്നുഅത്. ആ ചിത്രത്തിലെ രാഘവേട്ടന്റെ കഥാപാത്രമാണ് ഇപ്പോഴും ഓര്‍മയില്‍. 'ചക്രവര്‍ത്തിനീ നിനക്കു ഞാന്‍' എന്ന യേശുദാസ് പാടിയ കവിത തുളുമ്പുന്ന പാട്ടുപാടി അഭിനയിച്ച ആ രംഗങ്ങള്‍ ഇപ്പോഴും മനസില്‍നിന്നു മായാതെ നില്‍ക്കുന്നു.

അപ്പോത്തിക്കിരി ലൊക്കേഷനില്‍ അദ്ദേഹം തീര്‍ത്തും അസ്വസ്ഥനായി കാണപ്പെട്ടു. എല്ലാദിവസവും ഷൂട്ട് കഴിയുമ്പോഴേ ട്രെയിനില്‍ കയറി ആരോടും പറയാതെ എങ്ങോട്ടേക്കോ പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. രാവിലെതന്നെ കൃത്യസമയത്ത് തിരിച്ചെത്തുകയും ചെയ്യുമായിരുന്നു. എങ്ങോട്ടു പോകുന്നു എന്നറിയാനുള്ള ആകാംഷയുള്ളതുകൊണ്ട്, ഒരു ദിവസം ഞാന്‍ ചോദിച്ചു.
'രാഘവേട്ടന്‍ എന്തിനാണ് ഇങ്ങനെ എന്നും കഷ്ടപ്പെട്ട് യാത്ര ചെയ്യുന്നത്. ഞങ്ങളുടെകൂടെ ശ്രീകൃഷ്ണപുരത്ത് കൂടാമല്ലോ'
'അതു പറ്റില്ല തമ്പി, എനിക്കു പോകണം, മോന് അസുഖം കൂടുതലാണ് 
അപ്പോഴാണ് ഞാനും ജിഷ്ണുവിന്റെ അസുഖത്തിന്റെ കാര്യം ഓര്‍ത്തത്. കാന്‍സറിന്റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്നു. ഏതോ ഹോസ്പിറ്റലില്‍ കീമോതെറാപ്പി നടന്നുകൊണ്ടിരിക്കുന്ന സമയമായിരുന്നു. 'അവന്റെ അടുത്തേക്കാണ് ഞാന്‍ പോകുന്നത്. അവന്‍ ഇനി എത്രനാള്‍ ..'
അതിനുശേഷം അദ്ദേഹത്തിന് പറയാന്‍ വാക്കുകളില്ലായിരുന്നു. പിന്നീട് ഞാന്‍ ഒന്നും ചോദിച്ചില്ല. മകനെ നഷ്ടപ്പെടാന്‍ പോകുന്ന പിതാവിന്റെ ദുഃഖം ആ കണ്ണുകളില്‍ നിഴലിച്ചിരുന്നു. ജിഷ്ണുവിന്റെ ആദ്യചിത്രം നമ്മള്‍ മുതല്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. വിടരുംമുമ്പേ കൊഴിഞ്ഞുപോയ പൂവുപോലെ അകാലത്തില്‍ അകന്നുപോയ താരം.

placeholder
അനുമോളോടൊപ്പം തമ്പി ആന്റണി
placeholder
ഡയറക്ടര്‍ മാധവ് രാംദാസ്

ശ്രീകൃഷ്ണപുരത്ത് കൃഷ്ണ ലോഡ്ജില്‍ എന്നോടൊപ്പം, സുരേഷ് ഗോപിയും അരുണും അഭിരാമിയും അനുമോളും സംവിധായകന്‍ മാധവ് രാംദാസും പ്രൊഡക്ഷന്‍ മാനേജര്‍ സജിത്ത് കൃഷ്ണനും ഉണ്ടായിരുന്നു. അഭിരാമിയും എന്നെപോലെ അമേരിക്കയില്‍ നിന്ന് അഭിനയിക്കാനെത്തിയതാണ്. ഡ്രൈവിങ് ഇഷ്ടമായിരുന്ന അഭിരാമി. പലപ്പോഴും ലൊക്കേഷനിലേക്ക് ജീപ്പ് ഓടിക്കുമായിരുന്നു. വൈകുന്നേരങ്ങളില്‍ അരുണും അഭിരാമിയുമൊക്കെ റൂമില്‍ വന്ന് ഒരുപാടുനേരം നാട്ടുവിശേഷങ്ങള്‍ സംസാരിച്ചിരിക്കുമായിരുന്നു.

മോട്ടോര്‍ സൈക്കിള്‍ ഓടിക്കുക ഓഫ്‌റോഡില്‍ ജീപ്പോടിക്കുക എന്നതൊക്കെ അഭിരാമിക്ക് ഹരമായിരുന്നു എന്ന് അന്നാണ് എനിക്കും മനസിലായത്. അഭിരാമിയുമായി സീനുകള്‍ കുറവായിരുന്നു. സുരേഷ് ഗോപിയും ഞാനും ഒന്നിച്ചുള്ള സീനുകള്‍ എല്ലാം തന്നെ ഹോസ്പിറ്റലില്‍വെച്ചാണ് ഷൂട്ട് ചെയ്തത്. സുരേഷ് ഗോപിയെ ഞാന്‍ ആദ്യം കാണുന്നത് തമിഴ്‌നാട്ടിലെ ഹൊഗെനക്കലില്‍, ദൗത്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു. അമേരിക്കയില്‍ നിന്ന് അവധിക്കു പോയപ്പോള്‍ ബാബുവിനൊപ്പം ഷൂട്ടിങ് കാണാനാണ് അന്നവിടെ പോയത്. സഹോദരന്‍ സുഭാഷ് ഗോപിയും സുരേഷിനൊപ്പം ഉണ്ടായിരുന്നു. അന്നാണ് നടന്‍ സോമനെയും, മോഹന്‍ലാലിനെയും ലാലു അലക്‌സിനെയും പ്രതാപചന്ദ്രനെയും വിജയരാഘവനെയുമൊക്കെ നേരില്‍ കാണുകയും കൂടുതല്‍ അടുത്തറിയുകയും ചെയ്തത്. അതില്‍ സോമനും പ്രതാപ ചന്ദ്രനും ഇന്നു നമ്മോടൊപ്പം ഇല്ല.

placeholder
ദൗത്യത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനോടൊപ്പം തമ്പി ആന്റണി

ഷൂട്ടിങ് തുടങ്ങുമ്പോള്‍ സുരേഷ് ഗോപി ഡല്‍ഹിയിലായിരുന്നു. എന്തോ കാര്യത്തിന് മോദിജിയെ കാണാന്‍ പോയിട്ട് നേരേ പാലക്കാട് ലൊക്കേഷനിലേക്കാണ് വന്നത്. മോദിജി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പുള്ള ഇലക്ഷന്‍ പ്രചാരണത്തിന്റെ സമയമായിരുന്നു. ഷൂട്ടിങ് സമയത്ത് മിക്കവാറും സുരേഷ് ഗോപിക്ക് അദ്ദേഹം ഇരിക്കുന്ന റൂമില്‍ ഭക്ഷണം കൊടുക്കുകയായിരുന്നു പതിവ്. പക്ഷേ, ഒരുദിവസം ഉച്ചഭക്ഷണത്തിന് എന്നോടൊപ്പം ഇരിക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടു എന്ന് പ്രൊഡക്ഷനില്‍നിന്നും സജിത്ത് കൃഷ്ണനാണ് പറഞ്ഞത്. അങ്ങനെ ഒരുദിവസം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഡല്‍ഹി യാത്രയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. മോദിയുടെ ഊഷ്മളമായ സ്വീകരണത്തെക്കുറിച്ചും ഇലക്ഷന്‍ പ്രചാരണത്തെക്കുറിച്ചുമൊക്കെയാണ് കൂടുതലും സംസാരിച്ചത്. മോദിയുമായി ഏതു ഭാഷയിലാണ് സംസാരിക്കുക എന്ന് ഞാന്‍ സുരേഷിനോട് ഒരു സംശയം ചോദിച്ചു. മോദിജി ഇംഗ്ലീഷ് നന്നായി സംസാരിക്കുമെന്നാണ് സുരേഷ് പറഞ്ഞത്. അതെനിക്കൊരു പുതിയ അറിവായിരുന്നു. മാത്രമല്ല ഇലക്ഷനുമുന്‍പ് വിവിധ സംസ്‌കാരങ്ങളെയും ആചാരങ്ങളെയും പറ്റി മനസ്സിലാക്കാന്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ മുഴുവനും കാറിലും കാല്‍നടയായും സഞ്ചരിച്ചുകഴിഞ്ഞു എന്നും പറഞ്ഞു. പിന്നീട് കുറേ സിനിമയെക്കുറിച്ച് സംസാരിച്ചുവെങ്കിലും മോദിജിയെപ്പറ്റി വളരെ അഭിമാനത്തോടെയാണ് സുരേഷ് സംസാരിച്ചത്.

എന്തായാലും നല്ല ഒരു തയ്യാറെടുപ്പോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. ആ തിരഞ്ഞെടുപ്പോടെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തില്‍ എത്തിയത് എന്നതോര്‍ക്കണം. ഗുജറാത്ത് കലാപത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് അന്നൊന്നും ആരും പ്രതീക്ഷിച്ചു കാണാനിടയില്ല.

പരിശ്രമം ചെയ്യുകില്‍ എന്തിനെയും വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം, ദീര്‍ഘങ്ങളാം കൈകള്‍ നല്‍കിയത്രെ മനുഷ്യനെ പാരിലയച്ചതീശന്‍... എന്ന കെ സി കേശവപിള്ളയുടെ പ്രശസ്തമായ വരികളാണ് മോദിജിയുടെ ജീവിതവിജയം കാണുമ്പോള്‍ ഓര്‍മ്മവരുന്നത്. അശ്രാന്ത പരിശ്രമവും അര്‍പ്പണമനോഭാവസവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടെയും എത്താമെന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, അപ്രതീഷിതമായി മോദിയുടെ നേതൃത്വനിരയിലേക്കുള്ള വരവ് എന്നതില്‍ സംശയമില്ല. 'Nothing comes easy that do well'എന്നല്ലേ പറയപ്പെടുന്നത്. അന്ന് സുരേഷ്‌ഗോപി പറഞ്ഞതൊക്കെ ശരിയായിരുന്നുവെന്ന് കാലം പിന്നീടു തെളിയിക്കുകയും ചെയ്തു.

അപ്പോത്തിക്കിരി ലൊക്കേഷന്‍ വിശേഷങ്ങളാണല്ലോ പറഞ്ഞുവന്നത്. ഷൂട്ടിങ് ഏതാണ്ട് ഒന്നര മാസത്തോളം നീണ്ടുനിന്നു. ഞാന്‍ ഒരു മാസത്തോളം ഉണ്ടായിരുന്നു. ഇടക്കുള്ള വിശ്രമവേളകളില്‍ നടക്കാന്‍ പോയപ്പോള്‍ കുറേ ചെറുപ്പക്കാരോടൊപ്പം വോളിബോള്‍ കളിക്കാനുള്ള അവസരവും ലഭിച്ചു. അതൊക്കെ ഷൂട്ടിങ്ങിന്റെ ഇടവേളകളിലെ പുത്തന്‍ അനുഭവമായിരുന്നു.

റിലീസായ ദിവസംതന്നെ നല്ല പ്രതികരണങ്ങള്‍ കിട്ടിയ ചിത്രമായിരുന്നു അപ്പോത്തിക്കിരി. സാമ്പത്തികമായും വിജയിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യയെ നാഷണല്‍ അവാര്‍ഡിന് നോമിനേറ്റ് ചെയിതിരുന്നു. ഇന്ദ്രന്‍സിനും, സിനിമക്കും കേരളാ സ്റ്റേറ്റ് അവാര്‍ഡില്‍ സെപ്ഷ്യല്‍ ജൂറി മെന്‍ഷന്‍ ഉണ്ടായിരുന്നു എന്നതും അഭിമാനിക്കാവുന്ന അംഗീകാരമായിരുന്നു.