ഒരു പ്രശ്‌നം 24 മണിക്കൂറിനുള്ളില്‍ ഇല്ലാതാവണമെങ്കില്‍ എന്തുചെയ്യണം?
'ക്വീന്‍സ് ഓഫ് ഹെവന്‍' ഗ്രൂപ്പിലേക്ക് രാവിലെ ഏഴുമണിക്ക് വാട്‌സ്ആപ്പ് മെസേജിട്ട് ഗായത്രി ആ ദിവസം തുടങ്ങി. മക്കളെ ഒരുക്കല്‍, സ്‌കൂള്‍ ബസിലേക്ക് കയറ്റിവിടല്‍... തീരാതിരക്ക് തിക്കിത്തിരക്കി. ഭര്‍ത്താവിനുള്ള ഭക്ഷണം കൂടി മേശയിലെടുത്ത് വച്ച് രാവിലത്തെ റെസ്റ്റിന് കട്ടിലില്‍ കയറി കിടന്നു. ഗ്രൂപ്പ് തുറന്നപ്പോള്‍ മിഷേലും സംഗീതയും കണ്ണുമേല്‍പ്പോട്ടാക്കുന്ന സ്‌മൈലിയിട്ടിട്ടുണ്ട്. മൂന്നു മെസേജുകള്‍ കിടപ്പുണ്ട്.
താര: ഓ രാവിലെ തന്നെ ചളി... ഇതു നിര്‍ത്താന്‍ എന്ത് വേണം.
ഷെമീന: തള്ളവൈബിലേക്ക് പോവാണ് ഹേ നമ്മള്‍...ലേശം പക്വതയാവാം.
സന്ധ്യ: നമിച്ചു. അതിന്റെ ഉത്തരം കൂടി പറയൂ...90's കിഡിന് സമാധാനമാവട്ടെ.
ഒന്നും ചെയ്യണ്ട... ആ പ്രശ്‌നം വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കിയാല്‍ മതി 24 മണിക്കൂര്‍ കഴിയുമ്പോ അത് ഇല്ലാതാവും.... ഗായത്രി മറുപടി കൊടുത്ത് ജയിച്ചിരിക്കുമ്പോഴാണ് പൂര്‍ണിമയുടെ മെസേജ്... ആ പ്രശ്‌നം തീര്‍ത്തത് നന്നായി...ശരിക്കും ഒരു പ്രശ്‌നം വരുന്നുണ്ട്.
ഗ്രൂപ്പ് മുഴുവന്‍ ചോദ്യചിഹ്നങ്ങള്‍... രണ്ടുദിവസത്തേക്ക് രാധയും റാണിയും വരുന്നില്ല... അവരുടെ അമ്മാവന്‍ മരിച്ചൂന്ന്. കോയമ്പത്തൂരാണ്.ഇപ്പോ റാണി വിളിച്ചതേ ഉള്ളൂ. നേരത്തേ വരും. ഉച്ചയ്ക്ക് അങ്ങോട്ട് പോവാണത്രേ...
രാധയും റാണിയുമാണ് ഹെവന്‍ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ പത്താം നിലയിലെ ഫ്‌ളാറ്റുകളില്‍ വീട്ടുപണിക്കെത്തുന്നവര്‍. രാധ നാലിടത്തും റാണി മൂന്നിടത്തും. അവര്‍ ചേച്ചിയും അനിയത്തിയുമാണ്. പത്താം നിലയില്‍ ആകെയുള്ളത് എട്ടു ഫ്‌ളാറ്റുകളാണ്. 10-എച്ചില്‍ ബാങ്ക് മാനേജരാണ്. അര്‍ച്ചന-അവിടെ മാത്രം മുഴുവന്‍സമയം ഒരാളുണ്ട്. പാര്‍വ്വതി.
പത്താം നിലയിലെ രാജ്ഞിമാരുടെ കൂട്ടത്തില്‍ അര്‍ച്ചനയില്ല. ബാക്കി ഏഴുപേരുടെ അര്‍മാദമാണ് ഗ്രൂപ്പില്‍.
പൂര്‍ണിമയുടെ മെസേജോടെ ഗ്രൂപ്പില്‍ ദുഃഖാചരണം തുടങ്ങി.
ഗായത്രിക്കാണ് ഏറ്റവും വിഷമം. ഇരട്ടകുട്ടികളാണ്. വീട്ടുസഹായത്തിന് ആളില്ലെങ്കില്‍ വല്യ ബുദ്ധിമുട്ടാണ്.
ഇവര്‍ക്ക് ഇതിനും മാത്രം അമ്മാവന്‍മാര്‍ എവിടെയാണ്... വേറെ ആളെ കിട്ടാനില്ലാത്തതു കൊണ്ടാണ് ഞാന്‍ സഹിക്കുന്നത്.... ഗ്രൂപ്പില്‍ ആദ്യ പൊട്ടിത്തെറി.
കഴിഞ്ഞമാസം അമ്മായി, അതിനുമുന്‍പ് ചെറിയമ്മ... ഇതൊന്നും ഇല്ലെങ്കില്‍ ആശുപത്രിയില്‍ കിടക്കണ ബന്ധൂനേ കാണാന്‍ പോക്കുണ്ട്. ഹോസ്പിറ്റല്‍ കേസാവുമ്പോ ഒന്നും പറയാന്‍ പറ്റില്ലല്ലോ.. പിന്നെ ഉത്സവം, കെട്ടുനിറ, കല്യാണം, കാതുകുത്ത്... എന്തൊക്കെയാ ഇല്ലാത്തേ? വര്‍ക്ക് ഫ്രം ഹോം കൊണ്ട് ഇവിടെ ചാവാറായി. ഇതിനിടക്ക് മാസത്തില്‍ നാലും അഞ്ചും ദിവസം വരില്ല... 2800 രൂപയല്ലേ നമ്മളോരുരുത്തരും കൊടുക്കുന്നേ... താരയും അരിശം എഴുതിത്തീര്‍ത്തു...
വീട്ടില്‍ വിരുന്നുകാര്‍ വരുന്നുവെന്നതായിരുന്നു പൂര്‍ണിമയുടെ പ്രശ്‌നം. അവള്‍ അപ്പോള്‍ തന്നെ അമ്മയെ വിളിച്ചു.... അമ്മേ... അവരോട് ഇപ്പോള്‍ വരണ്ടാന്ന് വിളിച്ചുപറയൂ. എനിക്ക് വയ്യ. റാണിയില്ല ഇനി രണ്ടുദിവസം. അന്ന് പണിയെടുക്കാന്‍ വന്ന രാധയോടും റാണിയോടും എല്ലാവരും മുഖം കനപ്പിച്ചു. വൈകിട്ടത്തെ ബസ്സിന് പോവുംന്ന് പറഞ്ഞ് എല്ലാ ഫ്‌ളാറ്റില്‍നിന്നും അവര്‍ ഇറങ്ങി. നേരെ 10-എച്ചിലേക്ക്. പാര്‍വ്വതിയും അവരും നല്ല കൂട്ടാണ്. ശരിക്കും നിങ്ങടെ അമ്മാവന്‍ മരിച്ചോ? പാര്‍വ്വതി ചോദിച്ചു.
രാധയും റാണിയും ചിരിച്ചു. ആരെങ്കിലുമൊക്കെ ഇന്ന് മരിക്കൂലോ... നാളെ അടക്കൂലോ... ആ അമ്മാവനെ കാണാനാ പോണേ. വീട്ടില് ജോലിക്ക് വരണോര് മെഷീനാന്നാ വിചാരം. 365 ദിവസോം വരണം. വരില്ലാന്ന് പറഞ്ഞാ എല്ലാ മുഖങ്ങളും കറുക്കും. ഞങ്ങള് ടൂര്‍ പോവാന്ന് പറഞ്ഞാ ഇവര് പറയണതൊക്കെ കേള്‍ക്കണം. പിന്നെ പറഞ്ഞതില്‍ പകുതി സത്യമാണ്. കോയമ്പത്തൂരിലേക്ക് തന്നെയാ പോണേ... റാണി പറഞ്ഞു.
കഴിഞ്ഞമാസം ചെറിയമ്മ മരിച്ചതും നൊണയാ... കുടുംബശ്രീയിലെ ചേച്ചിമാര് സിനിമ കാണാന്‍ പോവായിരുന്നു. ടോവിനോന്റെ പുതിയ സിനിമ. കണ്ണടയൊക്കെ വച്ചാ കണ്ടേ...
വീട്ടില്‍ ജോലിക്ക് വരുന്നവര്‍ക്ക് സിനിമ കാണാനും യാത്ര പോവാനുമൊക്കെ ആഗ്രഹമുണ്ട്.
സന്തോഷം ഒന്നു തൊട്ടുപോലും നോക്കാന്‍ മടിക്കുന്ന കുറച്ചു ജീവിതങ്ങളുണ്ട്. അവരില്‍ ഈ രണ്ടു പെണ്ണുങ്ങളുമുണ്ടാകും... സന്തോഷത്തിന് നമ്മളെ വേണ്ടെങ്കിലും നമുക്ക് സന്തോഷം വേണം എന്നതാണ് ഇവരുടെ ഇപ്പോഴത്തെ ചിന്ത. മരിക്കാന്‍ കിടക്കുമ്പോ ഓര്‍ക്കാന്‍ എന്തെങ്കിലും വേണമെന്ന് തോന്നിയപ്പോഴാണ് ആദ്യമായി യാത്രപോയത്. കോയമ്പത്തൂരില്‍ ബസ് കയറിയപ്പോള്‍ തന്നെ റാണി കണ്ണടച്ച് കിടന്നു. രണ്ടു പെണ്‍മക്കളും അച്ഛനുമമ്മയും നടന്നുപോവുന്ന കണ്ടു. കൂടുമ്പോള്‍ സ്‌നേഹത്തിന്റെ ഇമ്പമുണ്ടായിരുന്ന കാലം രാധയുടെ മനസില്‍ തെളിഞ്ഞു.

കിണറുകുത്തണ ജോലിയായിരുന്നു അച്ഛനുമമ്മയ്ക്കും. റിങ്ങിറക്കുമ്പോള്‍ മണ്ണിടിഞ്ഞു. മണ്ണുതിന്നാണോ വെള്ളം നെഞ്ചില്‍ കേറിയാണോ അവര്‍ മരിച്ചതെന്ന് ഇടയ്ക്കിടെ രാധയാലോചിക്കാറുണ്ട്. രാധയ്ക്കപ്പോള്‍ 15 വയസ്. റാണിക്ക് 14. പത്തിലെ പരീക്ഷയെഴുതാന്‍ രാധയ്ക്കായില്ല. റാണിയും പിന്നെ സ്‌കൂളില്‍ പോയില്ല. അടുത്ത വീട്ടിലെ ചേച്ചിയാണ് വീട്ടുപണി എന്ന വരുമാനമാര്‍ഗം തുറന്നത്. മൂന്നു കൊല്ലം എങ്ങനെയൊക്കെയോ കടന്നുപോയി. മുരുകേശന്‍ അന്വേഷിച്ച് വരുന്നത് അപ്പോഴാണ്. അച്ഛന്റെ കൂടെയുള്ള കെട്ടുപണി സഹായി. അയല്‍പക്കകാര്‍ പറഞ്ഞു. ആണ്‍തുണ വേണമെന്ന്. രാധയ്ക്കും റാണിക്കും അതുശരിയെന്നുതോന്നി. അവന്‍ രാധയെ കല്യാണം കഴിച്ചു.
രാധയ്ക്ക് കുട്ടികളുണ്ടായില്ല, പിന്നെ പിന്നെ ചേട്ടനായി കണ്ടയാളുടെ കിടക്കയില്‍ റാണിയും ഭാര്യയായി. അവര്‍ക്ക് അത് ശീലമായി. അയാള്‍ പറയുമ്പോള്‍ രാത്രി അനുസരണയോടെ മുറിയില്‍ കേറാനും അയാള്‍ പറഞ്ഞാല്‍ മാറിനില്‍ക്കാനും അവര്‍ പഠിച്ചു. റാണിക്കും കുഞ്ഞുങ്ങളുണ്ടായില്ല. കുടിച്ചുവന്ന് ഇടിയും വഴക്കും ഇറക്കിവിടലും. ആണ്‍തുണ വേണമെന്ന് പറഞ്ഞവരൊക്കെ കാഴ്ചക്കാരായി. അല്ലെങ്കിലും സഹായം വേണ്ടിടത്ത് ഉപദേശികളുണ്ടാവില്ലല്ലോ.
അന്നൊക്കെ തല്ലുകൊണ്ടു വീങ്ങിയ മുഖവുമായി വീടുപണിക്കു ചെല്ലുമ്പോള്‍ അവിടത്തുകാര്‍ പറയും. ഈ കാലത്തും ഇങ്ങനെ ജീവിക്കണ്ട കാര്യമുണ്ടോ? പോലീസിലൊന്ന് പറഞ്ഞാല്‍ പോരേ? റാണിയുടെ തലയില്‍ ബക്കറ്റെടുത്ത് അടിച്ച ദിവസം അവര്‍ പോലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞു. കേസായാല്‍ മുരുകേശന്‍ ജയിലില്‍ പോകുമെന്നറിഞ്ഞതോടെ തിരിച്ചുവന്നു. പിന്നെ ഒരാഴ്ച അതിന്റെ പേരിലായിരുന്നു ഉപദ്രവം.
എത്രയടിച്ചാലും രാത്രിയുറങ്ങാന്‍ അവരിലൊരാള്‍ വേണമായിരുന്നു അയാള്‍ക്ക്. അയാള്‍ കെട്ടിപ്പിടിക്കുമ്പോള്‍, പാവാട മുകളിലേക്ക് ചുരുട്ടുമ്പോള്‍, പലയിടത്തും അമര്‍ത്തുമ്പോള്‍.... അതായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നരകം-രാധയോര്‍ത്തെടുക്കുമ്പോള്‍ ബസ് വാളയാര്‍ കഴിഞ്ഞു.
ചൂടുള്ള കാറ്റ് മുഖത്ത് കൊണ്ടപ്പോള്‍ അയാളുടെ കണ്ണീര് തോളില്‍ വീണത് രാധയോര്‍ത്തു. വായ്പ്പുണിന് ചികിത്സക്കുപോയതാണ്.... പരിശോധിച്ചപ്പോള്‍ കാന്‍സര്‍. തൊണ്ടയില്‍, തൊലിയില്‍... സമയം അധികമെടുത്തില്ല ആറാം മാസം അയാള്‍ മരിച്ചു. നാട്ടുകാരെല്ലാം പോയപ്പോള്‍ റാണിയും രാധയും നിവര്‍ന്നുകിടന്നു. അവര്‍ പരസ്പരം നോക്കി, അടക്കി ചിരിച്ചു, കെട്ടിപ്പിടിച്ചു.... കാലങ്ങള്‍ക്കുശേഷം ശരീരത്തോട് അറപ്പുതോന്നാതെ സുഖമായി ഉറങ്ങി. ചടങ്ങുകള്‍ കഴിഞ്ഞ് അവര്‍ ആദ്യം ചെയ്തത് അയാള്‍ക്കൊപ്പം നിന്ന വീടൊഴിയുകയായിരുന്നു. കുറേ ദൂരേ ഒരുമുറിയും അടുക്കളയും മാത്രമുള്ള വീട്ടിലേക്കാണ് മാറിയത്. അന്ന് അവര്‍ ഒരുമിച്ച് അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് ഗാനമേളക്കുപോയി. പിന്നെ പിന്നെ കുറേ സ്ഥലങ്ങള്‍ കണ്ടു, പൂരങ്ങള് കണ്ടു....
ചിന്തകളുടെ വഴി നീളുമ്പോള്‍ യാത്രയുടെ വഴി തീര്‍ന്നു.

കോയമ്പത്തൂരിലെ ബസിലെ കണ്ടക്ടര്‍ ഇറങ്ങാനായെന്ന് പറഞ്ഞു ശിവന്റെ. വലിയ പ്രതിമ കാണാനാണ് ആദ്യം പോയത്. മലകളും മേഘങ്ങളും ആദിയോഗിയുടെ പ്രതിമയും കണ്ടങ്ങനെ നില്‍ക്കുമ്പോള്‍ മനസിന് പഞ്ഞിക്കെട്ടിനോളം ഭാരം കുറയുന്നത് അവരറിഞ്ഞു. അപ്പുറത്ത് ഭാര്യയും ഭര്‍ത്താവും പറയുന്നത് കേട്ടു. പഴനിക്കുള്ള ബസ് ഉടനെ വരുമെന്ന്. എന്നാല്‍ പിന്നെ പഴനിക്കു പോകാമെന്നായി തീരുമാനം.
ബസ് പഴനിയിലെത്തിയെന്നറിയാന്‍ വല്യ പ്രയാസമൊന്നുമുണ്ടായില്ല. മലമുകളിലെ അമ്പലം ദൂരെനിന്നേകണ്ടു. ബസിറങ്ങി, ദര്‍ശനത്തിനായെത്തി... രാത്രി അമ്പലമടയ്ക്കും വരെ ഭസ്മത്തിന്റെ മണമുള്ള കാറ്റുവന്ന് അവരെ തൊട്ടു. രണ്ടുപേരും കൈപിടിച്ച് താഴെക്കുനോക്കിയപ്പോള്‍ വീട്ടകങ്ങളിലെ വിളക്കുകള്‍ കാണാദൂരം വരെ നീണ്ടു. അതും കണ്ട് അവരങ്ങനെ നിന്നു.
കുറേ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ വരുന്ന പെണ്ണുങ്ങള്‍ക്ക് രാജകുമാരിയാണെന്ന് സ്വയം തോന്നുന്ന നിമിഷങ്ങള്‍ സമാധാനത്തിന്‍േറത് മാത്രമാണ്. അല്ലെങ്കിലും കുറച്ച് സമാധാനം തോന്നുന്ന നേരത്ത് അതില്ലാതാക്കാന്‍ എന്തെങ്കിലുമൊക്കെ വരുമല്ലോ-ഫോണടിച്ചു, പൂര്‍ണിമയാണ്.
ആ ചേച്ചി... റാണി വിളികേട്ടു.
മറ്റന്നാള്‍ രാവിലെ തന്നെ വരണേ... വിരുന്നുകാര് ഉച്ചയ്ക്ക് എത്തും...
വരാം ചേച്ചി....
പൂര്‍ണിമ അപ്പോള്‍ തന്നെ ഗ്രൂപ്പില്‍ മെസേജിട്ടു. മറ്റന്നാള്‍ രാജകുമാരിമാര് വരും ഉറപ്പു പറഞ്ഞിട്ടുണ്ട്... അപ്പോള്‍ രാധയും റാണിയും പഴനിയുടെ വെളിച്ചത്തില്‍ നടക്കുകയായിരുന്നു. സമാധാനം അനുഭവിക്കുന്ന രാജകുമാരിമാരായി...
Key Points:
- Two housemaids, Radha and Rani, face numerous hardships in their lives.
- They find a unique way to cope with their daily struggles.
- The story highlights their resilience and search for happiness.
- It explores themes of friendship, family, and overcoming adversity.
Content Highlights: whatsapp group housemaids life challenges emotional story problem solving 24 hours solace strength
Published: 28 Nov 2024, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented