ടപേടിച്ച് പന്തളത്ത് ചെന്നപ്പോ അവിടെ പന്തംകൊളുത്തിപ്പട എന്നപോലെയാണ് ഇപ്പോൾ ആപ്പ് വഴി ഓഹരി ട്രേഡിംഗ് നടത്തുന്നവരുടെ സ്ഥിതി. എന്തൊക്കെയാണ് ഇത്തരം ട്രേഡിംഗ് ആപ്പുകളിൽ നടക്കുന്നതെന്ന് ആർക്കും ഒരെത്തും പിടിയും കിട്ടാത്ത സ്ഥിതി. തീപ്പിടിച്ച കെട്ടിടത്തിനുള്ളിലകപ്പെട്ടതുപോലുള്ള ഭീതിജനകമായ അവസ്ഥയിലാണ് പല ട്രേഡേഴ്‌സും. പുക നിറഞ്ഞിരിക്കുന്നു. അലാറങ്ങൾ മുഴങ്ങുന്നു. ചുവപ്പും പച്ചയും നിറമുള്ള അക്കങ്ങൾ മിന്നിമറയുന്നു. എല്ലാവരും ഓടിക്കൊണ്ടിരിക്കുന്നു. പക്ഷേ ഒരാൾക്കും വ്യക്തമായി അറിയില്ല - പുറത്തേക്കുള്ള വാതിൽ എവിടെയാണ്? അതിനേക്കാൾ ഭീകരം, ആ വാതിൽ നമ്മുക്ക് ഉള്ളിൽ നിന്ന് തുറക്കാൻ കഴിയില്ല എന്നതാണ്. പുറത്തിരിക്കുന്ന ആരോ ഒരാൾക്ക് മാത്രമാണ് അതിന്റെ നിയന്ത്രണം.

To advertise here,

ഇത് പെട്ടെന്ന് പണം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് ആപ്പുകളെക്കുറിച്ചുള്ള കഥയല്ല. അത്തരം കഥകൾക്ക് തുടക്കവും അവസാനവും ഇല്ല. ഇത് രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പ് സംരംഭകർ നടത്തുന്നു എന്ന് അഭിമാനത്തോടെ പറയുന്ന, 'വിശ്വാസയോഗ്യ'മെന്ന് മുദ്രകുത്തപ്പെട്ട, കോടിക്കണക്കിന് മധ്യവർഗക്കാർ ദിവസവും ഉപയോഗിക്കുന്ന അതിപ്രശസ്തമായ ഓഹരി വ്യാപാര ആപ്പുകളെക്കുറിച്ചാണ്.

ഒരു ബേക്കറിക്കാരന്റെ ബേക്ക് ചെയ്യാത്ത കഥ

എന്റെ ഒരു സുഹൃത്ത്. ഒരു ബേക്കറി നടത്തുന്നു. ചെറിയ വ്യവസായി. ചൂതാട്ടം അലർജിയുള്ള മനുഷ്യൻ. അയാൾ ഓഹരി വിപണിയിൽ കയറിയത് അത്യാശ കൊണ്ടല്ല, സൂക്ഷ്മത കൊണ്ടാണ്. ലളിതമായ നിയമങ്ങളെല്ലാ പാലിച്ചുമാത്രമുള്ള കളിക്കാരൻ.

ദിവസത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് ട്രേഡ് മാത്രം 1,000 മുതൽ 5,000 വരെ ലാഭം കിട്ടിയാൽ അന്നത്തെ കളി അവസാനിപ്പിക്കും. ചില ദിവസങ്ങളിൽ 10,000രൂപവരെ കിട്ടും. ഒരു രൂപ പോലും ആപ്പ് വാലറ്റിൽ കിടക്കാൻ അനുവദിക്കില്ല

വൈകുന്നേരം ലാഭവും മൂലധനവും നേരെ ബാങ്ക് അക്കൗണ്ടിലേക്ക്. (പക്ഷേ ഒരു ദിവസം ഇത്രയും തുക വാലറ്റിൽ ഇട്ടിട്ട് പിറ്റേന്നേ അവർ പലപ്പോഴും പണം പിൻവലിക്കാൻ അനുവദിക്കൂ. ഇനി ആപ്പിനെങ്ങാനും വല്ല തട്ടിപ്പും നടത്തണമെന്ന് തോന്നിയാലും രക്ഷയില്ല. പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ വാലറ്റിൽ ഒന്നും ഉണ്ടാകില്ല.

ഡിജിറ്റൽ ലോകത്തിലെ പഴയകാല ബുദ്ധി. പുള്ളിക്കാരനെ ഏതായാലും സമ്മതിക്കണം. പക്ഷേ ആപ്പുകാര് ആരാ മോൻ. ഒരു ദിവസം നിഫ്റ്റി കോൾ ഓപ്ഷനിൽ അയാൾ 22,000 രൂപ നിക്ഷേപിച്ചു. മാർക്കറ്റ് കുതിച്ചു. ലാഭം 20,000 രൂപ പിന്നെ 25,000 രൂപ. പിന്നെ 30,000 രൂപ. അങ്ങനെ  കണ്ണ് തള്ളിയിരിക്കുന്നതിനിടെ ബേക്കറിയിൽ നിന്ന് ഫോൺ. വിതരണക്കാരൻ. സ്റ്റാഫ്. തിരികെ നോക്കുമ്പോൾ ലാഭം 15,000 ആയി കുറഞ്ഞു. ഉടൻ ട്രേഡ് ക്ലോസ് ചെയ്തു. സോ ഫാർ സോ ഗുഡ്. യഥാർത്ഥ കഥ തുടങ്ങിയത് അതിന് ശേഷമാണ്.

വാലറ്റിൽ നിന്നു പണം ബാങ്കിലേക്ക് മാറ്റാൻ ശ്രമിച്ചു. സ്‌ക്രീനിൽ ഒരു സുന്ദര സന്ദേശം: ''3.30 PM കഴിഞ്ഞ് ശ്രമിക്കുക. Settlement time.' 3.30 കഴിഞ്ഞു. വാലറ്റിൽ ഒന്നും കാണുന്നില്ല. കടിച്ചതും പിടിച്ചതും ഇല്ലാത്ത അവസ്ഥ. മുടക്കിയതുമില്ല. ലാഭവുമില്ല. സെറ്റിൽ മെന്റ് സമയം കഴിഞ്ഞിട്ടും പിറ്റേന്നായിട്ടും രക്ഷയില്ല. കസ്റ്റമർ കെയറിൽ വിളിച്ചു. ഐവിആർ മെനുവിൽ പല നമ്പരുകൾ കുത്തി അവസാനം കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോട് സംസാരിക്കാനുള്ള ഓപ്ഷൻ കിട്ടി. കാത്തിരിക്കൂ കണക്ട് ചെയ്യാം എന്ന് പറഞ്ഞിട്ട് കണക്ഷൻ മാത്രം കിട്ടുന്നില്ല. പത്തും പതിനഞ്ചും പ്രാവശ്യം ശ്രമിച്ചിട്ടും കണക്ഷൻ മാത്രം കിട്ടുന്നില്ല. പിറ്റേദിവസം ശ്രമിച്ചിട്ടും നടക്കുന്നില്ല. ഈ രംഗത്തെ ഒരു വിദഗ്ധനോട് ചോദിച്ചപ്പോൾ ചിലപ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ചിലപ്പോൾ ശരിയാകും എന്ന് മറുപടി. കുറച്ചുദിവസത്തിനുള്ളിൽ ശരിയായില്ലെങ്കിലോ എന്ന് ചോദിച്ചപ്പോൾ എങ്കിലാ പണം ഉപേക്ഷിച്ചേക്കൂ എന്നായിരുന്നു മറുപടി. അങ്ങനെ അങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ. നമ്മുടെ ഹാർഡ് ഏൺ മണി. ഓഹരി വിപണിയിൽ വന്നത് ഭാഗ്യം പരീക്ഷിക്കാനല്ല എന്ന് സുഹൃത്ത്. പുള്ളി കസ്റ്റമർ കെയറിന്റെ ചാറ്റ് ബോട്ടിൽ പോയി പരാതി പറഞ്ഞു. മറ്റാർക്കോ കൊടുത്ത ഉത്തരം കോപ്പി പേസ്റ്റായി വന്നുകൊണ്ടിരുന്നു. ബുദ്ധിമുട്ട് നേരിട്ടതിൽ ഖേദിക്കുന്നു. എല്ലാം ശരിയാക്കാം എന്ന പല്ലവി തന്നെ റിംഗ്ടോൺ പോലെ കേട്ടുകൊണ്ടേയിരിക്കുന്നു.

സെറ്റിൽ മെന്റ് സമയം കഴിയട്ടെ എന്ന് മറുപടി. പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ ചോദിച്ചതുപോലെ ഏത് ദിവസത്തെ സെറ്റിൽ മെന്റ് സമയം എന്ന് ചാറ്റ് ബോട്ടിനോട് ചോദിക്കാൻ പറ്റില്ലല്ലോ. അതിന് കോപ്പി പേസ്റ്റാനല്ലേ അറിയൂ. എഴുതാനും വായിക്കാനും അറിയില്ലല്ലോ. സുഹൃത്തിന് കടുത്ത മാനസിക സമ്മർദ്ദം. താൻ കബളിപ്പക്കപ്പെട്ടപോലെ ഒരു തോന്നൽ. എല്ലാ ദിവസവും വാലറ്റി മാന്തിപ്പൊളിച്ച് നോക്കിക്കൊണ്ടേയിരുന്നു.

ഒരു ആഴ്ച കഴിഞ്ഞ് വെള്ളിയാഴ്ച പണം വാലറ്റിൽ പ്രത്യക്ഷപ്പെട്ടു. അത്രയും നാൾ നിക്ഷേപകന്റെ പൈസ ആപ്പുകാരുടെ കയ്യിൽ. അതാണ് അവസാനം അയാളുടെ വാലറ്റിലെത്തിയത്. പക്ഷ ആശ്വാസം നിമിഷനേരത്തേക്ക് മാത്രം. കാരണം അന്ന് വെള്ളിയാണ്. പിറ്റേന്ന് ശനി. ഞായറും കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കേ പണം പിൻവലിക്കാൻ കഴിയൂ. വീണ്ടും മൂന്നുദിവസം കൂടി നമ്മുടെ പണം അവരുടെ കയ്യിൽ, സ്വന്തം പണം പിൻവലിക്കാൻ ഡെഡ്ലൈനുള്ള ലോകം.

ഇങ്ങനെ ലക്ഷക്കണക്കിന് ആളുകളുടെ കോടിക്കണക്കിന് പണമാണ് അനധികൃതമായി ഇവർ കൈവശം വെയ്ക്കുന്നത്. ഈ പണം എന്തിനൊക്കെ ഉപയോഗിക്കുന്നു എന്ന് നമുക്ക് അറിയില്ല. പക്ഷേ നമുക്ക് ഒരു രൂപ പോലും പലിശ നൽകുന്നില്ല. ബ്രോക്കേറേജ് ഫ്രീ ആയും സൌജന്യം നിരക്കിലും വാഗ്ദാനം ചെയ്യുന്നത് ഇത്തരത്തിൽ ലാഭം മറ്റു മാർഗത്തിലൂടെ ഉണ്ടാക്കാനാണോ. പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

ഇതാണ് പുതിയ ചൂഷണം. നിയമം ലംഘിച്ചിട്ടില്ല. നിയമത്തിന്റെ ഇടവഴികളിലൂടെയുള്ള കബളിപ്പിക്കൽ. നമ്മളെ പറ്റിക്കുകയാണ് എന്ന് നമ്മൾ പോലും അറിയില്ല. കലാപരിപാടികൾ ഗംഭീരമാണ്. സെറ്റിൽ മെന്റ് വൈകിപ്പിക്കുക, പണം പിൻവലിക്കാൻ നിയന്ത്രണം കൊണ്ടുവരിക, താൽക്കാലികമായി വാലറ്റ് ഫ്രീസ് ചെയ്യുക, 'Technical error' എന്നു കാണിക്കുക തുടങ്ങിയവ സ്ഥിരം കാണാം.

ഓഹരി വിൽപ്പന പൂർത്തിയായാൽ പണം നമ്മുടേതായെന്ന് നമ്മൾ വിശ്വസിക്കുന്നത് എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. ആപ്പുകളുടെ ലോകത്ത് ട്രേഡ് ക്ലോസ് ആയാലും പണം ഉടനെ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരില്ല. സെറ്റിൽമെന്റ് എന്ന പേരിലുള്ള ഒരു അദൃശ്യ ഇടവേള അവിടെ തുടങ്ങും. ഇന്ന് 3.30 കഴിഞ്ഞ് ശ്രമിക്കൂ, നാളെ നോക്കാം, മറ്റന്നാൾ ശരിയാകും എന്നിങ്ങനെ തീയതികൾ മാറിമാറി വരും. ഈ സമയത്ത് പണം നിങ്ങളുടെതാണെന്ന് സ്‌ക്രീനിൽ കാണാം, പക്ഷേ അതിനെ തൊടാൻ കഴിയില്ല. ബാങ്കിൽ നിക്ഷേപിച്ച പണമല്ല ഇത്; ഹോസ്റ്റലിൽ വച്ചിരിക്കുന്ന സ്വന്തം സ്യൂട്ട്കേസുപോലെയാണ്-താക്കോൽ വാർഡന്റെ കൈയിൽ.

പിന്നെ മണി വിത്രോഡ്രവൽ എന്ന മഹോത്സവം. ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ സമയം നോക്കേണ്ടതില്ലെന്ന് നമ്മൾ പഠിച്ചത് ഇവിടെ മറക്കേണ്ടിവരും. ട്രേഡിംഗ് ആപ്പുകളിൽ സ്വന്തം പണം പിൻവലിക്കാൻ പ്രത്യേക മുഹൂർത്തങ്ങളുണ്ട്. ഇന്ന് അല്ല, നാളെ. ഇപ്പോൾ അല്ല, 4.15-ന്. ഏതാനും മിനിറ്റുകൾ നീളുന്ന ഈ 'withdrawal window' ഒരു റെയിൽവേ സ്റ്റേഷനിൽ അവസാന നിമിഷം തുറക്കുന്ന വാതിലുപോലെയാണ്. അതു നഷ്ടപ്പെട്ടാൽ വീണ്ടും അടുത്ത പ്രഖ്യാപനം കാത്തിരിക്കണം. എന്തിനാണ് ഈ നിയന്ത്രണമെന്ന് ചോദിച്ചാൽ, ഉത്തരം മൗനം. കാരണം എല്ലാം ''സിസ്റ്റം'' തീരുമാനിക്കുന്നു.

ചിലപ്പോൾ സിസ്റ്റം കൂടുതൽ വികാരപരമാകും. അപ്പോൾ വാലറ്റ് 'temporary freeze' ആകും. Temporary എന്ന വാക്ക് ആശ്വാസം നൽകാനാണെങ്കിലും, അതിന്റെ അർത്ഥം ആപ്പിന് മാത്രം അറിയാം. മണിക്കൂറുകൾ, ദിവസങ്ങൾ, ആഴ്ചകൾ-താൽക്കാലികം എത്ര നീളണം എന്നതിന് യാതൊരു മാനദണ്ഡവുമില്ല. വാലറ്റിൽ പണം കിടക്കുന്നതായി നിങ്ങൾക്ക് കാണാം. പക്ഷേ അത് ഉപയോഗിക്കാൻ പാടില്ല. സ്വന്തം വീട്ടിലെ അലമാര തുറക്കാൻ കഴിയാതെ, ഗ്ലാസ്സിലൂടെ നോക്കി നിൽക്കുന്ന അവസ്ഥ.

ഇതെല്ലാം ചോദ്യം ചെയ്യാൻ ശ്രമിക്കുമ്പോൾ, ആപ്പ് പുറത്തെടുക്കുന്ന ഏറ്റവും ശക്തമായ ആയുധമാണ് 'technical error'. അതൊരു മാന്ത്രിക വടിയാണ്. എന്താണ് പിശക്? എവിടെയാണ് പിശക്? എപ്പോൾ പരിഹരിക്കും? ഈ ചോദ്യങ്ങൾ ചോദിക്കുന്ന നിമിഷം തന്നെ നിങ്ങൾ പഴയ ലോകത്തിലേക്ക് തിരിച്ചയക്കപ്പെടും. Technical error എന്ന് പറഞ്ഞാൽ ചോദ്യങ്ങൾ നിർത്തണം എന്നതാണ് പുതിയ നിയമം. ഉത്തരവാദിത്വം അപ്രത്യക്ഷമാകും. വിശദീകരണം ആവശ്യമില്ല. എല്ലാ അസൗകര്യങ്ങളും ഈ ഒരൊറ്റ വാക്കിന്റെ കുടക്കീഴിൽ സുരക്ഷിതമായി ഒളിപ്പിക്കപ്പെടും.

അവസാനം, ഇതെല്ലാം നിയമപരമായി സാധുവാക്കുന്നത് Terms & Conditions ആണ്. വായിക്കാൻ മനുഷ്യന്റെ ക്ഷമയും കണ്ണും രണ്ടും പോരാത്തത്ര നീളം. ചെറിയ അക്ഷരങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന വ്യവസ്ഥകൾ വായിക്കാൻ ശ്രമിച്ചാൽ, നിക്ഷേപിക്കാനുള്ള താൽപര്യം തന്നെ മാറിപ്പോകും. പക്ഷേ നമ്മൾ വായിക്കില്ല. വിശ്വാസത്തിന്റെ പേരിൽ 'I Agree' അമർത്തും. അന്ന് മുതൽ പല പ്രശ്‌നങ്ങളും നമ്മുടെ ഉത്തരവാദിത്വമായി മാറും. ആപ്പിന്റെ ഉത്തരവാദിത്വങ്ങൾ നിയമത്തിന്റെ സുരക്ഷിത കവചത്തിനുള്ളിൽ അപ്രത്യക്ഷമാകും.

ഇങ്ങനെയാണ് ആധുനിക ഓഹരി വ്യാപാരത്തിലെ ഏറ്റവും വലിയ തമാശ നടക്കുന്നത്. പണം നമ്മുടേതാണ്, റിസ്‌ക് നമ്മുടേതാണ്, സമ്മർദ്ദം നമ്മുടേതാണ്. പക്ഷേ സമയം, നിയന്ത്രണം, തീരുമാനങ്ങൾ-അവയെല്ലാം ആപ്പിന്റെ കൈയിൽ. ഇത് തുറന്ന തട്ടിപ്പല്ല. അതുകൊണ്ടാണ് ഇത് കൂടുതൽ അപകടകരം. തീ ഡിജിറ്റൽ ആയിരിക്കാം. പക്ഷേ അതിനുള്ളിലെ ചൂട് അനുഭവിക്കുന്നത് മധ്യവർഗം തന്നെയാണ്.

ഓപ്ഷൻ ട്രേഡിംഗും ഇന്റ്രാഡേ സംവിധാനങ്ങളും ഈ പ്രശ്‌നം വർധിപ്പിക്കുന്നു. YouTube ക്ലാസ്സുകളും WhatsApp ഫോർവേഡുകളും പഠിപ്പിച്ച ആദ്യതലമുറ നിക്ഷേപകർ നിയന്ത്രണം തങ്ങളുടെ കൈയിലാണെന്ന് തെറ്റിദ്ധരിക്കുന്നു. പണം അടയ്ക്കുമ്പോൾ ആപ്പ് മാജിക് പോലെ പ്രവർത്തിക്കും. പണം പിൻവലിക്കുമ്പോൾ ഗ്രഹനില പരിശോധിക്കും. ഇത് യാദൃശ്ചികമല്ല. ലക്ഷക്കണക്കിന് നിക്ഷേപകരുടെ പണം മണിക്കൂറുകളെങ്കിലും കൈവശം വെക്കുന്നത് ആപ്പുകൾക്ക് വൻ സാമ്പത്തിക ആനുകൂല്യം നൽകുന്നു. ഇത് സാങ്കേതിക പ്രശ്‌നമല്ല. ഇത് മാനസിക പീഡനമാണ്.

പഴയകാലത്ത് ഒരു ബ്രോക്കർ നിങ്ങളെ വഞ്ചിച്ചാൽ, കുറഞ്ഞത് അയാളുടെ ഓഫീസ് എവിടെയെന്ന് അറിയാമായിരുന്നു. അവിടെ പോയി നിൽക്കാം, വിളിച്ചു പറയാം, ഭീഷണിപ്പെടുത്താം, അല്ലെങ്കിൽ അയാൾ പുറത്തുവരും വരെ അടുത്ത കടയിൽ നിന്ന് ചായ കുടിച്ചിരിക്കാം. ഇന്നോ? ബ്രോക്കർക്കൊരു മുഖമില്ല, സന്ദർശിക്കാവുന്ന ഓഫീസില്ല, മനുഷ്യൻ ഫോണെടുക്കുന്ന നമ്പറും ഇല്ല. നിങ്ങൾക്ക് വേണ്ടി ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന അയാൾ ഇപ്പോൾ ഒരു ആപ്പ് ഐക്കൺ മാത്രമാണ് - നിറമുള്ളത്, സുഹൃത്താണ് എന്ന് തോന്നുന്നത്, പക്ഷേ പൂർണ്ണമായും അനാസക്തം.

ഈ ആപ്പുകൾ സംസാരിക്കുന്നത് ഒരു പുതിയ ഭാഷയിലാണ്. 'Settlement', 'Cooling period', 'Withdrawal window', 'Technical maintenance' - കേൾക്കുമ്പോൾ നിഷ്പക്ഷവും ശാസ്ത്രീയവുമെന്ന തോന്നൽ നൽകുന്ന വാക്കുകൾ. എന്നാൽ പ്രായോഗികമായി അവ ബ്യൂറോക്രസിയുടെ ആയുധങ്ങളായി പ്രവർത്തിക്കുന്നു. പണം നിങ്ങളുടെതാണ്, സംഘർഷവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും നിങ്ങളുടെതാണ് - പക്ഷേ സമയക്രമം ആപ്പിന്റെ കൈയിലാണ്. സ്വന്തം പണം പിൻവലിക്കാൻ പോലും സിസ്റ്റം ''ആത്മീയമായി തയ്യാറാകുന്ന'' നിമിഷം വരെ നിങ്ങൾ കാത്തിരിക്കണം.

അതുകൊണ്ട് ആപ്പിൽ വിശ്വസിച്ച് ഓഹരി നിക്ഷേപത്തിനിറങ്ങും മുമ്പ് ഇതൊക്കെയൊന്ന് ഓർത്തുവയക്കുകന്നത് നന്നായിരിക്കും.

  • Withdrawal, settlement നിയമങ്ങൾ ആദ്യം വായിക്കുക.
  • ചെറിയ തുക പിൻവലിച്ച് സിസ്റ്റം പരീക്ഷിക്കുക.
  • Customer care ൽ യഥാർത്ഥത്തിൽ മനുഷ്യരുണ്ടോ എന്ന് പരിശോധിക്കുക.