"ഇംഗ്ലീഷ് ഞാന്‍ കുറച്ചുകൂടി നന്നായിട്ട് പഠിക്കണം. എനിക്ക് സൗന്ദര്യം ഉള്ളത് മാത്രമാണ് ഏക ആശ്വാസം. എന്റെ ഫാമിലി സെറ്റപ്പ് ഒന്നും മൊത്തത്തില്‍ ശരിയല്ല. അച്ഛന്‍ വല്ല കച്ചവടക്കാരനായിരുന്നെങ്കില്‍. ഗോള്‍ഡോ, റബറോ" ഇത്രയും പറഞ്ഞ് പുറത്തേക്കിറങ്ങിയ നായകന്‍ കാണുന്നത് മുറ്റത്ത് പത്രവും വായിച്ച ചാരുകസേരയില്‍ കിടക്കുന്ന വൃദ്ധനായ അച്ഛനെ. അപ്പോള്‍ നിവിന്‍, "കിടക്കുന്ന കിടപ്പ് കണ്ടില്ലേ. ആയകാലത്ത് സ്ഥലവും വാങ്ങിയിട്ടില്ല. ഒരു കുറീലും ചേര്‍ന്നിട്ടില്ല. രാവിലെ തൊട്ട് വൈകുന്നേരം വരെ മലര്‍ന്ന് കിടന്ന് പത്രവും വായിച്ചിരിക്കുകയാണ്. എന്തുന്നാണ് ഈ വായിച്ച് കൂട്ടുന്നത്. പിന്നെ ചേച്ചി. ഇങ്ങനെ ചാണകം മെഴുകി തീര്‍ക്കാനുള്ളതാണോ ഇവളുടെ ജീവിതം. പശുവിനെ വളര്‍ത്തുന്ന നേരത്ത് ഇവള്‍ക്ക് വല്ല പോമറേനിയന്‍ പട്ടികളേയും വളര്‍ത്തിക്കൂടാരുന്നോ. പട്ടി പാലു തരില്ല എന്നല്ലേയുള്ളൂ. പാല് മില്‍മേന്ന് വാങ്ങിയാല്‍ പോരേ. ഒരു അറ്റാച്ച്ഡ് ബാത്ത് റൂം പോലുമില്ല. ഐഷയോട് ഞാനെന്ത് പറയും".

To advertise here,

ഇതില്‍ എന്നെ ആകര്‍ഷിച്ചത് ഇതില്‍ പരാമര്‍ശിക്കുന്ന ആയകാലം എന്ന പരാമര്‍ശമാണ്. ആയകാലത്ത് സ്ഥലവും വാങ്ങിയിട്ടില്ല. ഒരു കുറീലും ചേര്‍ന്നിട്ടില്ല. രാവിലെ തൊട്ട് വൈകുന്നേരം വരെ മലര്‍ന്ന് കിടന്ന് പത്രവും വായിച്ചിരിക്കുകയാണ്. എന്താണ് ഈ ആയകാലം. എല്ലാവരും ഇത്തരത്തിലെ ആയ കാലത്തിലൂടെ കടന്നുപോകുന്നവരാണ്. ആയകാലത്ത് ചെയ്യേണ്ടത് ചെയ്തിട്ടുള്ളവര്‍ ചുരുക്കം. പില്‍ക്കാലത്ത് പിന്‍ഗാമികള്‍ മുന്‍ഗാമികളെക്കുറിച്ച് പുച്ഛത്തോടെ പറയുന്നതാണ് ഈ ആയകാലം.

ആയ കാലത്ത് ഇങ്ങനെ ഒന്നും ചെയ്യാത്തതിന് മാതാപിതാക്കളെ പുച്ഛിക്കുന്ന മക്കളും തങ്ങളുടെ ആയകാലത്ത് ഒന്നും ചെയ്യാതെ ജീവിച്ചുതീര്‍ക്കുന്നു എന്നതാണ് ഏറ്റവും ഖേദകരം. അതുകൊണ്ട് ആയകാലം കഴിഞ്ഞവരും ആയകാലത്ത് ജീവിക്കുന്നവരും ആയകാലം വരുന്നവരും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ജീവിതത്തില്‍ അത് എന്നും പ്രകാശം പരത്തും.

നമുക്ക് എല്ലാവര്‍ക്കും പല തരത്തിലുള്ള ജീവിതാഭിലാഷങ്ങള്‍ കാണും. അത് ഫലപ്രദമാക്കാന്‍ അത്യാവശ്യം വേണ്ടത് എന്താണ് എന്ന് ചോദിച്ചാല്‍ മനസിലേക്ക് പെട്ടെന്ന് ഉത്തരം ഓടിയെത്തും. അത് പണമാണ് എന്നതായിരിക്കും എല്ലാവരുടെയും ഉത്തരം. പണം എങ്ങനെ ഉണ്ടാകുന്നു എന്നു ചോദിക്കുമ്പോഴോ? നമുക്ക് ലഭിക്കുന്ന വരുമാനം, സമ്പത്ത്, സ്വത്ത് എന്നൊക്കെയായിരിക്കും ഉത്തരം. എന്നാല്‍ വരുമാനമല്ല നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമ്പത്ത് നമുക്ക് ഉണ്ടാക്കിത്തരുക. അത് നമ്മുടെ സമ്പാദ്യമാണ്. എന്താണ് വരുമാനവും സമ്പാദ്യവും തമ്മിലുള്ള വ്യത്യാസം. വരുമാനം എത്രവേണേലും ഉണ്ടാകും. അതേപോലെ ചിലവുകളും.

നല്ല വരുമാനമുണ്ട്. പക്ഷേ ലഭിക്കുന്ന വരുമാനമെല്ലാം ചെലവായിപ്പോയാലോ. ജീവിത ലക്ഷ്യങ്ങള്‍ ഒരിടത്തും എത്തില്ല. ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് ചെലവെല്ലാം കഴിഞ്ഞ് നാം മിച്ചം പിടിക്കുന്നതാണ് നമ്മുടെ സമ്പാദ്യം. സമ്പത്തുണ്ടാക്കാന്‍ നമ്മെ സഹായിക്കുന്നത് ഈ സമ്പാദ്യമാണ്, അതായത് നാം വരുമാനത്തില്‍ നിന്ന് മിച്ചം പിടിക്കുന്ന തുക. ബോധപൂര്‍വമായ പരിശ്രമവും സാമ്പത്തിക അച്ചടക്കവും ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള ദിശാബോധവും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് സമ്പാദിക്കാന്‍ കഴിയൂ.

സമ്പാദിക്കലെന്നാല്‍ പിശുക്കല്ല. ഭാവിയിലെ വലിയ സന്തോഷങ്ങള്‍ക്കായി ഇന്നത്തെ ചില ചെറിയ സന്തോഷങ്ങള്‍ മാറ്റിവയ്ക്കലാണ് സമ്പാദിക്കല്‍. ജീവിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിച്ചും ആസ്വദിച്ചുകൊണ്ട് പണം മിച്ചം പിടിക്കുന്നതാണ് സമ്പാദ്യം. ജീവിതത്തിലെ സന്തോഷങ്ങളെയെല്ലാം തല്ലിക്കെടുത്തി ഇറുക്കി ജീവിച്ച് പണം മിച്ചം പിടിക്കുന്നതാണ് പിശുക്ക്. പിശുക്ക് നമ്മെ ഒരിടത്തും എത്തിക്കില്ല. പക്ഷേ, സമ്പാദ്യം നമ്മെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകും. സമ്പത്തുണ്ടാക്കാന്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും മിച്ചം പിടിച്ച് സമ്പാദിക്കണം എന്നൊന്നുമില്ല.

വളരെ ചെറിയ ഒരു ശതമാനം മാറ്റിവെച്ചാല്‍ മതി. അത് പക്ഷേ സ്ഥിരമായി ചിട്ടയായി ചെയ്യണം. പ്രതിമാസം നമുക്ക് മിച്ചം പിടിക്കാന്‍ കഴിയുന്നത് എത്ര വളരെ ചെറിയ തുകയുമായിക്കോട്ടെ. ആ തുക എല്ലാമാസവും മിച്ചം പിടിക്കാനും മാറ്റിവയ്ക്കാനും കഴിയണം. വരുമാനത്തില്‍ വര്‍ധന ഉണ്ടാകുമ്പോള്‍ അതിനു ആനുപാതികമായി മിച്ചം പിടിക്കുന്ന തുകയിലും വര്‍ധന വരുത്താന്‍ കഴിയണം. ഇത് ജോലിചെയ്തോ ബിസിനസ് ചെയ്തോ വരുമാനം ഉണ്ടാക്കുന്നത്രയും കാലം തുടരാന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വരില്ല. ചെറിയ ചെറിയ തുകകള്‍ മിച്ചം പിടിച്ചിട്ടെന്തിനാ എന്നാണ് നമ്മില്‍ ഭുരിഭാഗം പേരുടെയും ചിന്ത. എന്നാല്‍ ഏതുവലിയ കെട്ടിടവും പണിയുന്നത് ആദ്യം വളരെ ചെറിയ കല്ലുകൊണ്ടാണ് എന്നതുപോലതന്നെയാണ് ഏതുവലിയ ജീവിത ലക്ഷ്യത്തിനുമുള്ള പണം സ്വരുക്കൂട്ടുന്നത് വളരെ ചിറിയ തുക കൊണ്ടുതുന്നെയാണ്. അത് സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ പെരുകി വലിയ തുകയായിമാറും.

ഈ കോളം വായിക്കുന്നവരില്‍ പല പ്രായക്കാര്‍ ഉണ്ടായിരിക്കും. അവരുടെ ജീവിത ലക്ഷ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. അവരുടെ വരുമാനത്തിന്റെ വലിപ്പവും ആവശ്യങ്ങളും ഒന്നിനൊന്നു വ്യത്യാസമുള്ളതുമായിരിക്കും. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ 20-35 വയസുവരെ പ്രായമുള്ളവര്‍, 36- 55 വയസുവരെ പ്രായമുള്ളവര്‍, 56-65 വയസുവരെ പ്രായമുള്ളവര്‍ എന്നിങ്ങനെ മൂന്നു പ്രായഗ്രൂപ്പുകളായി ആളുകളെ തരംതിരിക്കാം.

ഈ മൂന്നുഘട്ടങ്ങളിലും ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ നിരവധി കാര്യങ്ങളുണ്ട്. ആദ്യഘട്ടത്തില്‍ ചെയ്യേണ്ടതെല്ലാം ചെയ്താല്‍ രണ്ടാം ഘട്ടത്തിലെ ജീവിതം സന്തോഷപ്രദമായിരിക്കും. രണ്ടാം ഘട്ടില്‍ ചെയ്യേണ്ടവ ചെയ്താല്‍ മൂന്നാം ഘട്ടത്തിലെ ജീവിതവും സുഗമമായി പോകും. ഓരോ ഘട്ടത്തിലും പാളിച്ച പറ്റിയാല്‍ അത് തൊട്ടടുത്ത ഘട്ടത്തെ ദുര്‍ഘടമാക്കും എന്നത് മറക്കാതിരിക്കുക.

ജോലിയില്‍ പ്രവേശിക്കുന്ന സമയമാണ് ഒന്നാം ഘട്ടം-20-35 വയസുവരെ പ്രായമുള്ളവര്‍. പഠനത്തിന്റെയും അതിനുശേഷം നല്ല ഒരു ജോലിക്കായുള്ള കാത്തിരിപ്പിന്റെയും കഷ്ടപ്പാട് മാറി ഭാവിയെക്കുറിച്ച് ശോഭനമായ സ്വപ്നങ്ങള്‍ കാണുന്നസമയം. കാര്യമായ ബാധ്യതകളൊന്നുമുണ്ടാകില്ല. മാതാപിതാക്കളോടൊപ്പമായിരിക്കും താമസം. ജോലി ദൂരെയുള്ള സ്ഥലത്താണെങ്കില്‍ സുഹൃത്തുക്കളോടൊപ്പം വാടകവീട്ടിലോ ഹോസ്റ്റലിലോ താമസം. കാര്യമായ ബാധ്യകളും ഇല്ലായിരിക്കും.

വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരാണെങ്കില്‍ അതിന്റെ തിരിച്ചടവ് ഉണ്ടായിരിക്കും.എങ്കിലും കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും കയ്യില്‍ മിച്ചമായി ഉണ്ടായിരിക്കും. സ്മാര്‍ട്ഫോണ്‍, ലാപ്ടോപ്, ടാബ്ലറ്റ്, പുതുപുത്തന്‍ ബൈക്ക് തുടങ്ങിയവ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ മറ്റു ചിലര്‍ക്കാകട്ടെ കുടുംബത്തിന്റെ ചില ബാധ്യതകള്‍ ഏറ്റെടുക്കേണ്ടിവന്നേക്കാം. സഹോദരങ്ങളുടെ വിദ്യാഭ്യാസം, സഹോദരിയുടെ വിവാഹം, മാതാപിതാക്കളുടെ ചികില്‍സ തുടങ്ങിയവയ്ക്ക് സാമ്പത്തിക സഹായം ചെയ്യേണ്ടിവന്നേക്കാം.

ഇതെല്ലാം മനസില്‍ വെച്ച് മിതവ്യയം ശീലിക്കേണ്ട സമയമാണിത്. ജീവിതം തുടങ്ങുന്നേയുള്ളൂ. അതിന്റെ സുഖം ആസ്വദിച്ചുകൊണ്ടുതന്നെ ഭാവിയിലേക്കുള്ള കരുതലിന് തുടക്കമിടേണ്ട സമയമാണിത്. ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് ഒരു കണ്ണ് പതിയേണ്ടതുണ്ട് എന്ന് ചുരുക്കം. കുടുംബജീവിതം ആഗ്രഹിക്കുന്നവരാണെങ്കില്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങണം.

ജോലിയില്‍ ഒന്നുറച്ചശേഷം, വരുമാനം അല്‍പ്പം കൂടിയശേഷം മതി വിവാഹം എന്ന് ചിന്തിച്ച് അത് നീട്ടിക്കൊണ്ടുപോകരുത്. ആണ്‍കുട്ടികളാണെങ്കില്‍ ജോലിയുള്ള അല്ലെങ്കില്‍ ജോലിചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന ഭാര്യയേയാണോ ആഗ്രഹിക്കുന്നത് അതോ വീട്ടമ്മയായി മാത്രം കഴിയുന്ന ഭാര്യയേയാണോ തേടുന്നത് എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം ഈ സമയത്ത് എടുത്തിരിക്കണം.

ഇന്നത്തെ ജീവിതച്ചെലവ് നോക്കുമ്പോള്‍ ജോലിയും വരുമാനവുമുള്ള പങ്കാളിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതാണ് നല്ലത്. മാത്രമല്ല പങ്കാളികളുടെ വ്യക്തിത്വത്തെ മാനിക്കുവാനും അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരാക്കാനും ജോലിയുള്ള പങ്കാളിയെ തന്നെ വിവാഹം കഴിക്കുന്നതാണ് നല്ലത്.

പെണ്‍കുട്ടികളാണെങ്കില്‍ അവര്‍ ഭര്‍ത്താവിലും ഭര്‍ത്താവിന്റെ വീട്ടുകാരിലും പ്രതീക്ഷിക്കുന്നതെന്ത് എന്ന കാര്യത്തിലും തീരുമാനം ഈ പ്രായത്തില്‍ എടുത്തുകഴിഞ്ഞിരിക്കണം. വിവാഹത്തിനുമുമ്പ് തന്നെ ജോലിയിലോ ബിസിനസിലോ വ്യാപാരത്തിലോ ഒക്കെ ഏര്‍പ്പെട്ട് സാമ്പത്തിക സ്വാതന്ത്ര്യം നേടിയിരിക്കണം.

വരുമാനത്തിന്റെ 25 ശതമാനം എങ്കിലും മിച്ചംപിടിച്ച് സമ്പാദിക്കാന്‍ തുടങ്ങിയിരിക്കണം. ഇത് ബാങ്ക് നിക്ഷേപം, കടപ്പത്രം, ഓഹരി, മ്യൂച്വല്‍ ഫണ്ട് എന്നിവയില്‍ നിക്ഷേപിച്ചു തുടങ്ങാം. പ്രായം 35 വയസിനോട് അടുക്കുന്നതോടെ കുട്ടികളും കുടുംബവുമൊക്കെയായി ചെലവുകള്‍ കൂടുന്ന സമയമാണ്. എന്നാല്‍ അതേസമയം തന്നെ ജോലിയില്‍ പ്രമോഷനും മറ്റുമായി വരുമാനവും കൂടിയിരിക്കും. എന്നാലും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സമയമായിരിക്കും ഇത്.

25-26 വയസ് പ്രായമുള്ളപ്പോഴേ ഈ സ്ഥിതിവിശേഷം മുന്നില്‍ കണ്ട് കരുതല്‍ ആരംഭിക്കണം. രണ്ടാമത്തെ കുട്ടി കൂടി പിറക്കുന്നതോടെ ചെലവ് പിന്നെയും കൂടും എന്ന കാര്യവും മറക്കരുത്. അതായത് ജോലി കിട്ടി ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേ വിവാഹാനന്തരവും കുട്ടികളുണ്ടായശേഷവും വേണ്ടിവന്നേക്കാവുന്ന ചെലവുകളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

കടം വാങ്ങി അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാമെന്ന ചിന്ത ഈ സമയത്ത് ഉണ്ടാകും. പക്ഷേ വരുമാനത്തിന്റെ 20-25 ശതമാനത്തില്‍ കൂടുതല്‍ കടബാധ്യത ഈ സമയത്ത് ഉണ്ടാകുന്നത് ആശാസ്യമല്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ വീട് വാങ്ങാനോ വയ്ക്കാനോ ശ്രമിക്കാവൂ ഈ ഘട്ടത്തില്‍. മതിയായ സമ്പാദ്യം കയ്യിലുണ്ടാകുകയും ജോലിയില്‍ നിന്ന് ഗണ്യമായ രീതിയില്‍ വരുമാനം ഉറപ്പാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ വീട് നിര്‍മിക്കാനോ വാങ്ങാനോ ഉള്ള ഉദ്യമത്തില്‍ ഏര്‍പ്പെടാവൂ.

പ്രമോഷനും ശമ്പളവര്‍ധനവുമൊക്കെ നേടി ഏറെക്കുറെ സുരക്ഷിതമായ അവസ്ഥയിലായിരിക്കും രണ്ടാം ഘട്ടമായ 36- 55 വയസുവരെ പ്രായമുള്ളവര്‍. ജോലിസ്ഥലത്ത് അരക്ഷിതത്വം നേരിടുന്നവര്‍ പുതിയ മികച്ച ജോലി തേടുന്നതും ഏറെക്കുറെ ഈ സമയത്ത് ആയിരിക്കും. ഇത്തരക്കാര്‍ ആദ്യഘട്ടത്തില്‍ മതിയായ കരുതലെടുത്ത് ഭേദപ്പെട്ട സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ ജോലി രാജിവെച്ച് പുതിയ ജോലിക്ക് ശ്രമിക്കുന്നതില്‍ തെറ്റില്ല. അല്ലാത്തപക്ഷം ചുരുങ്ങിയത് മൂന്നു മാസത്തെ ജീവിതച്ചെലവിനുള്ള പണം കണ്ടെത്തിയശേഷമേ ജോലി രാജിവയ്ക്കാവൂ. അതെന്തായാലും ഈ പ്രായത്തില്‍ ജീവിതച്ചിലവും ഏറെ ഉയര്‍ന്നുനില്‍ക്കുന്ന സമയമാണ്. കുട്ടികള്‍ ഏറെക്കുറെ വളര്‍ന്നിട്ടുണ്ടാകും. ജീവിതം ഏറ്റവും കൂടുതല്‍ ആസ്വാദ്യകരമാക്കണം എന്നുതോന്നുന്നതും ഈ പ്രായത്തിലാണ്. കുട്ടികളും ഓരോന്നും ആവശ്യപ്പെടാന്‍ തുടങ്ങുന്നതും ഈ സമയത്താണ്.

വായ്പയെടുത്ത് കടക്കെണിയിലാകുന്നതും ഈ പ്രായത്തിലുള്ളവരാണ്. വായ്പകളുടെ പ്രതിമാസ തിരിച്ചടവ് തന്നെ ശമ്പളത്തിന്റെ നല്ലൊരു ഭാഗം വരും.

വരുമാനം കൂടി നല്‍കുന്ന സമയം ആയതുകൊണ്ടാണ് ഭാവിയിലെ വലിയ ലക്ഷ്യങ്ങള്‍ക്കുള്ള കരുതല്‍ ഗണ്യമായി ആരംഭിക്കേണ്ടതും സമ്പത്തുണ്ടാക്കാന്‍ വലിയ ചുവടുവയ്പുകള്‍ നടത്തേണ്ടതും ഈ സമയത്താണ്. എന്നാല്‍ അപ്പോഴേക്ക് വരവും ചെലവും തമ്മിലുള്ള അന്തരം കുറഞ്ഞു വന്ന് അവസാനം രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അവസ്ഥ ഉണ്ടാകും.

ജീവിതചക്രത്തിലെ ആദ്യഘട്ടമായ 20-35 പ്രായത്തില്‍ ശരിയായ രീതിയില്‍ സമ്പാദ്യത്തിന് തുടക്കമിട്ടവര്‍ക്കാണ് ഈ രണ്ടാം ഘട്ടത്തില്‍ സമ്പത്തിന്റെ പാതയില്‍ ബഹുദൂരം മുന്നേറാന്‍ കഴിയുക. വരവും ചെലവും തമ്മില്‍ കൂട്ടിമുട്ടിക്കാന്‍ പറ്റാതാകുകയും കടക്കെണി രൂക്ഷമാകുകയും ചെയ്താല്‍ വിദഗ്ധ ഉപദേശം തേടി കടങ്ങള്‍ പുനഃസംഘടിപ്പിച്ച് പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കണം.

ജീവിതത്തില്‍ സന്തോഷവും സമാധാനവും കളിയാടേണ്ട പ്രായക്കാരാണ് മൂന്നാം ഘട്ടത്തിലെത്തിയ 55-65 വയസുകാര്‍. കുട്ടികള്‍ വളര്‍ന്ന് സ്വന്തം കാലില്‍ നില്‍ക്കാറായിട്ടുണ്ടാകും. ബാധ്യതകളെല്ലാം നിറവേറ്റിക്കഴിഞ്ഞിട്ടുണ്ടാകും. സംതൃപ്തിയോടെ പിന്നീടുള്ള ജീവിതത്തെ നോക്കിക്കാണാനുമാകും. വിശ്രമ ജീവിതത്തിനുള്ള ചുവടുവയ്പ് നടത്തേണ്ടതും ഈ പ്രായത്തിലാണ്. എന്നാല്‍, കേരളത്തില്‍ ഇപ്പോള്‍ ഈ പ്രായത്തിലുള്ള ബഹുഭൂരിപക്ഷവും അങ്ങേയറ്റം ആശങ്കാകുലമായ  അവസ്ഥയിലായിരിക്കും. കാരണം, ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യേണ്ട സമയമായിട്ടും കുട്ടികള്‍ പഠനം കഴിഞ്ഞിട്ടുണ്ടാകില്ല. അഥവാ  കഴിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ ജോലി കിട്ടിക്കാണില്ല.

പെണ്‍കുട്ടികളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകില്ല. ഭാവനവായ്പയുടെ തിരിച്ചടവും തീര്‍ന്നിട്ടുണ്ടാകില്ല. ഇത്തരം സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ആശങ്ക വിട്ടൊഴിയുക. ജീവിത ചക്രത്തിലെ ഒന്നും രണ്ടും ഘട്ടങ്ങളില്‍ ചെയ്യേണ്ട പലതും ചെയ്യാതെ വന്നതുകൊണ്ടാണ് ഇത്തരം ഒരവസ്ഥയില്‍ പലരും എത്തിച്ചേരുന്നത്. റിട്ടയര്‍മെന്റ് കുറച്ചുവര്‍ഷങ്ങള്‍കൂടി കൂട്ടുക. അതിനു കഴിഞ്ഞില്ലെങ്കില്‍ റിട്ടയര്‍മെന്റിനുശേഷം മറ്റൊരു ജോലി കണ്ടെത്തി കടബാധ്യതകള്‍ തീരുന്നതുവരെയെങ്കിലും ജോലി ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളാണ് ഇവര്‍ക്കുമുന്നിലുള്ളത്.