മെഡിക്കല്‍ കോളേജിലെ മരുന്നുമണമുള്ള പഴയൊരു വാര്‍ഡിലേയ്ക്ക് സ്‌ക്കൂള്‍ യൂണിഫോമിട്ട നാലാം ക്ലാസ്സുകാരി നടന്നു ചെന്നു. പച്ച കര്‍ട്ടന്‍ സ്റ്റാന്‍ഡുകളാല്‍ അത്യാസന്നരോഗികളെ ചെറുതായി മറച്ചിട്ടുണ്ട്. ചുറ്റും കൂടി നിന്ന ആള്‍ക്കാര്‍ക്കിടയിലൂടെ കണ്ടു,അച്ഛന്‍ കട്ടിലില്‍ എഴുന്നേറ്റിരിക്കുന്നു പിന്നെ കിടക്കുന്നു. ആകെ പരവശപ്പെടുന്നു. സ്ഥൂലശരീരത്തിനുള്ളില്‍ നിന്ന് പുറംവാതില്‍ തേടി ഒരാത്മാവ് ചിറകു തല്ലുന്നു. അവസാന നിമിഷങ്ങളുടെ ശ്രമകരമായ അവതാളമിടിപ്പുകള്‍ ഇടിവെട്ടു പോലെ ആ ശരീരത്തെ പിടിച്ചു കുലുക്കുന്നു. മരണം ആസന്നമാവുമ്പോള്‍ പ്രത്യക്ഷമാവുന്ന 'രിഷ്ട ലക്ഷണങ്ങളില്‍' പ്രധാനമാണ് ഈയവസ്ഥയെന്ന് പില്‍ക്കാലത്തു വായിക്കാനിടയായി. അതിന് സംസ്‌കൃതത്തില്‍ 'അരതി' എന്നാണു പേര്. അച്ഛന്‍ ദീര്‍ഘകാലരോഗത്തെ തീര്‍ത്തും അശ്രദ്ധമായാണ് കണ്ടിരുന്നത്.

To advertise here,

പലവട്ടം രക്ഷപ്പെട്ടു. പക്ഷേ, ഇത്തവണ വേണ്ടപ്പെട്ടവരെയെല്ലാം അറിയിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു. എല്ലാവരും വന്ന് കണ്ടു കൊള്ളട്ടെ. കുട്ടികളെ മുന്നിലേയ്ക്കു നീക്കി നിര്‍ത്തി. വിരണ്ട കണ്ണുകളോടെ ഞാന്‍ അച്ഛനെ നോക്കി.

'ഗിരിജേ, മക്കള്‍ വന്നു, ചായ കൊടുക്ക് ' അച്ഛന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഇപ്പൊഴും വീട്ടിലാണെന്നാണ് അച്ഛന്‍ കരുതുന്നത്. ഞങ്ങള്‍ മൂന്നു പേരും സ്തംഭിച്ചു നിന്നു. അധികം സ്‌നേഹവാത്സല്യങ്ങളനുഭവിച്ച കുഞ്ഞുങ്ങളല്ലഞങ്ങള്‍. ഉറക്കെക്കരയാനല്ല തോന്നിയത്. ഒരുതരം മരവിപ്പു മാത്രം.

അച്ഛന്‍ വലിയ ശബ്ദത്തില്‍ ശ്വാസമെടുത്തു. പ്രതീക്ഷിക്കാതെ മൂക്കിലൂടെ ധാരയായി രക്തം പ്രവഹിച്ചു. ചുറ്റുമുള്ളവരുടെ നിലവിളി കേട്ട് നഴ്‌സുമാര്‍ ഓടി വന്നു. ആ കാഴ്ച കാണാന്‍ അടുത്ത ബെഡ്ഡുകളിലെ കൂട്ടിരിപ്പുകാര്‍ മത്സരിച്ചോടി വരുന്നത് ഞാന്‍ കണ്ടു നിന്നു. ഒരു മനുഷ്യന്റെ അന്ത്യരംഗം കാണാന്‍ എന്തൊരാകാംക്ഷയാണ്, അന്യമനുഷ്യര്‍ക്കെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ഒരു പരിചയവുമില്ലാത്തവര്‍ ഓടി വന്നെത്തി നോക്കുന്നത് പരിഗണന കൊണ്ടോ സങ്കടം കൊണ്ടോ ആണെന്ന് ഞാന്‍ കരുതി. പക്ഷേ അവരുടെ കണ്ണുകളിലെ കൗതുകം എന്നെ അലോസരപ്പെടുത്തി. ചുരുങ്ങിയ പക്ഷം മരണമെങ്കിലും ശാന്തമായ സ്വകാര്യതയര്‍ഹിക്കുന്നുണ്ട്.

പിന്നീടുള്ള ജീവിതത്തില്‍ ഇത്തരം പല രംഗങ്ങള്‍ കണ്ടു. റെയില്‍പ്പാളത്തിലും ഉരുള്‍ പൊട്ടിയ നദിക്കരയിലുമെല്ലാം ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങള്‍ കാണാനും,പകര്‍ത്തി വാട്ട്‌സാപ്പില്‍ പങ്കുവെക്കാനും ധൃതിപ്പെടുന്ന മനുഷ്യര്‍. ഭയമോ, സഹതാപമോ, വേദനയോ അല്ല, കൗതുകമാണ്, കരുണയില്ലാത്ത കൗതുകമാണ് കണ്ണുകളില്‍ തിളങ്ങുന്നത്.

ഞങ്ങളെ സ്‌കൂളില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്നതാണ്. നാലാം ക്ലാസ്സിലെ ഒരു സാധാരണ സ്‌കൂള്‍ ദിവസമായിരുന്നു അതുവരെ. ഇന്റര്‍വെല്‍ കഴിഞ്ഞുള്ള മലയാളം പിരീഡായിരുന്നു. ഏറ്റവും ഇഷ്ടപ്പെട്ട ക്ലാസ്. കടലിലെ മഷിക്കുപ്പിയായ കണവയെപ്പറ്റിയുള്ള പാഠമായിരുന്നു. അതൊരു മീനൊന്നുമല്ല. ശംഖുകളുടെയും മുത്തുച്ചിപ്പികളുടെയും കുടുംബക്കാരനായ ആ കടല്‍ജീവി ഇളകിമറിയുന്ന കടലില്‍ ഒരു ചെറുനീരാളിയെപ്പോലെ നീന്തിമറിഞ്ഞു.

അപ്രതീക്ഷിതമായാണ് പ്രിന്‍സിപ്പലിന്റെ ഒരു നോട്ടീസുമായി പ്യൂണ്‍ വാതില്‍ക്കല്‍ വന്നു നിന്നതും അദ്ദേഹത്തിന്റെ മുറിയിലേയ്ക്ക് വിളിപ്പിക്കപ്പെട്ടതും. അവസാനത്തെ അത്താഴത്തിന്റെ ചില്ലുചിത്രത്തിനു താഴെ റിവോള്‍വിങ്ങ് ചെയറില്‍ പ്രിന്‍സിപ്പല്‍ ഇരുന്നു. റിബ്ബണ്‍ കെട്ടിയ വലിയ ട്രോഫികളും പൂക്കളും കൊണ്ടലങ്കരിച്ച ആ മുറിയില്‍ തീരെ പ്രതീക്ഷിക്കാത്ത രണ്ടു ബന്ധുക്കള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ബാഗെടുത്ത് വിളിക്കാന്‍ വന്ന ബന്ധുക്കള്‍ക്കൊപ്പം ചെല്ലാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കണ്ണീരോടെ ഇവിടെയെത്തിച്ചേര്‍ന്നു.

നേരം ഉച്ചയായിരുന്നു. വാര്‍ഡിനു പുറത്ത് വരാന്തയിലുള്ള ഒരു ബഞ്ചില്‍ കൊണ്ടിരുത്തിയ ശേഷം, മാമി ഞങ്ങളോട് ഭക്ഷണം കഴിക്കാന്‍ പറഞ്ഞു. ലഞ്ച്‌ബോക്‌സ് ബാഗിലുണ്ട്. അതു തുറന്നു വെച്ച്, ചോറുവറ്റ് പറ്റിപ്പിടിച്ച മുട്ടയും ചമ്മന്തിയും അതിന്റെ അടപ്പിലേയ്‌ക്കെടുത്തു വെച്ചു. ചെറിയ ഡപ്പിയില്‍ നിന്ന് തൈര് ചോറിലേക്കൊഴിച്ചു തന്നു. ഉച്ച ബെല്ലടിക്കും മുമ്പ് പോന്നതാണ്. പക്ഷേ അതു കഴിക്കാന്‍ എനിക്കു കഴിഞ്ഞില്ല.

'കഴിച്ചോ, വിശക്കും. ഉടനെയാവും എന്നാണ് പറഞ്ഞത്. എന്നാലും ചിലപ്പോള്‍ വൈകിയാലോ. '

ഉടനെ സംഭവിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞത് എന്റെ അച്ഛന്റെ മരണമാണ്. അപ്പോള്‍

അതിനായാണ് ഈ അനിശ്ചിതമായ കാത്തിരിപ്പ്. അത് കഴിഞ്ഞേ ഇനി വീട്ടില്‍പ്പോവൂ. മനസ്സിന് ഒരു കരിങ്കല്ലിന്റെ ഭാരം അനുഭവപ്പെട്ടു.

ചില മണിക്കൂറുകള്‍ കഴിഞ്ഞു പോയി. ഞങ്ങള്‍ ബഞ്ചിലിരുന്ന് ഉറക്കം തൂങ്ങി. തൊട്ടപ്പുറത്ത് അക്ഷമനായ യമധര്‍മ്മനും അദൃശ്യനായി ഉണ്ടായിരുന്നിരിക്കാം. അച്ഛന്‍ മരിക്കുന്നില്ല. മരണവെപ്രാളം തുടരുന്നു. കുട്ടികള്‍ ടൈയും ഷൂസുമായി യൂണിഫോമില്‍ വിങ്ങിയിരിക്കുന്നു.അവരെ ഇവിടെയിരുത്തണ്ട. വീട്ടിലേയ്ക്കു പോട്ടെ. മുതിര്‍ന്നവരാരോ പറഞ്ഞു. നമ്മള്‍ അവിടെയെത്തുമ്പോള്‍ തറവാട്ടിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നാല്‍ മതി. ഏതോ ബന്ധുക്കള്‍ക്കൊപ്പം ഞങ്ങളെ വീട്ടിലേയ്ക്കയച്ചു.

അവിടെ സഹായത്തിനു നില്‍ക്കുന്ന ചേച്ചിയുണ്ട്. മേല്‍ കഴുകി യൂണിഫോം മാറ്റി, ചേച്ചി തന്ന ഭക്ഷണം കഴിച്ചു. സമയം പോവുന്നില്ല. ആറു മണി കഴിഞ്ഞപ്പോള്‍ മരണവിവരവുമായി ആളു വന്നു. നീണ്ട മണിക്കൂറുകളുടെ യാതനയ്ക്കുശേഷം ഒരു ജീവന്‍ അതിന്റെ ഉടല്‍ത്തുടലഴിച്ച് വിടുതല്‍ നേടിയിരിക്കുന്നു.

പിന്നെ ഞങ്ങളെ അച്ഛന്റെ തറവാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി. പണ്ടത്തെ സ്‌റ്റൈല്‍ ആട്ടിന്‍കുട്ടിക്കോളറുള്ള ഷര്‍ട്ടും, ബെല്‍ബോട്ടം പാന്റുമിട്ട് നടന്നിറങ്ങി വരുമായിരുന്ന ആ വഴിയിലൂടെ ആംബുലന്‍സില്‍ നിന്നിറക്കി അച്ഛനെക്കൊണ്ടു വന്നു കഴിഞ്ഞിരുന്നു. നിലവിളികളുടെ അകമ്പടിയോടെ നടുത്തളത്തില്‍, അദ്ദേഹം കിടക്കുകയാണ്. അരി കൊണ്ടു വരച്ച ലക്ഷ്മണരേഖയില്‍ വന്നു മുട്ടി എറുമ്പുകള്‍ സംശയിച്ചു നില്‍ക്കുന്നു. തലയ്ക്കല്‍ ഞങ്ങളിരുന്നു. ഞാന്‍ കരഞ്ഞതേയില്ല.

മൂക്കില്‍ വെച്ച പഞ്ഞി നിമിഷങ്ങള്‍ക്കുള്ളില്‍ ചോരയില്‍ കുതിര്‍ന്നുപോയി. അത് ആരെല്ലാമോ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. ഒരുപാട് ചോര കയറ്റിയതു കൊണ്ടാവും മരണശേഷം മൂക്കിലൂടെ കുത്തിയൊലിക്കുന്നതെന്ന് സ്ത്രീകള്‍ പിറുപിറുത്തു. കരയോഗത്തിന്റെ, സ്‌ക്കൂളിന്റെ, ഏതോ സംഘടനയുടെ എല്ലാം പേരില്‍ റീത്തുകള്‍ സമര്‍പ്പിക്കപ്പെട്ടു. വാടിത്തുടങ്ങിയ പൂക്കളുടെ ഗന്ധം !

ചില മണിക്കൂറുകള്‍ക്കു ശേഷം, പണ്ട് ഞങ്ങള്‍ കിടന്നുറങ്ങിയിരുന്ന, വട്ടപ്പൂക്കളുള്ള കണ്ണാടിയലമാരയുള്ള മുറിയ്ക്കപ്പുറത്ത് അച്ഛന്റെ ചിതയ്ക്ക് അണ്ണന്‍ തീ കൊളുത്തി. എനിക്ക് അപരിചിതനായി എന്റെ സ്രഷ്ടാവ് ഈ ഭൂമിയില്‍ ഇല്ലാതായി. അനാഥപ്പെട്ട എന്റെ ജീവന്റെ, അഗതിയായ ശരീരത്തിന്റെ, ബുദ്ധിയുടെ, ഭാവനയുടെ ഒരു പകുതി അദ്ദേഹത്തിന്റെയാണ്.

തീരെച്ചെറുതിലേ ഒരിക്കല്‍ അച്ഛന്‍ സ്വന്തം സ്‌ക്കൂളില്‍ക്കൊണ്ടുപോയ മങ്ങിയൊരോര്‍മ്മയുണ്ട്. കോപ്പറേറ്റീവ് സ്റ്റോറില്‍ തൂങ്ങിക്കിടന്ന ബാലമംഗളം വാങ്ങിക്കാന്‍ വാശി പിടിച്ചത്. അതു വാങ്ങിത്തന്നപ്പോള്‍ അമ്പിളി അമ്മാവന്‍ കൂടി വേണമെന്ന് നിലവിളിച്ചത്. അച്ഛന്‍ മലയാളം അധ്യാപകനായിരുന്നു. അന്ന് പത്താം ക്ലാസ്സിലെ ചേട്ടന്‍മാര്‍ക്കും ചേച്ചിമാര്‍ക്കും ക്ലാസ്സെടുക്കുമ്പോള്‍ ആദ്യബഞ്ചില്‍ ഞങ്ങളെ കൊണ്ടിരുത്തി. ആരുടെ കവിതയായിരുന്നിരിക്കണം അദ്ദേഹം പഠിപ്പിച്ചത്! അറിയില്ല. അന്ന് അക്ഷരം പഠിച്ചു തുടങ്ങിയിട്ടേയുള്ളു. കുമാരനാശാനാവുമോ, അതോ വള്ളത്തോളോ? അച്ഛന്‍ എങ്ങനെയാവും ആ കവിതയെ പരിചയപ്പെടുത്തിയിരിക്കുക.

ഒരു ടെക്സ്റ്റ് ബുക്ക് കയ്യിലുണ്ടായിരുന്നു. എന്തൊക്കെയോ കയ്യും കലാശവും കാട്ടി ഉച്ചത്തില്‍ പറയുന്നത് ഓര്‍ക്കുന്നു. അന്ന് വിടര്‍ന്ന കണ്ണുകളോടെ അച്ഛനെ നോക്കിയിരുന്നു. ക്ലാസ്സ് കഴിഞ്ഞപ്പോള്‍ കുട്ടികള്‍ സാറിന്റെ മക്കളെക്കാണാന്‍ മുന്‍ബഞ്ചിലെത്തി വട്ടം കൂടി .ചേട്ടന്‍മാര്‍ മിട്ടായി വാങ്ങിത്തന്നു. ചേച്ചിമാര്‍ ലാളിച്ചു.

ബാലരമയിലെ കുട്ടിപ്പാട്ടുകള്‍ മാത്രമറിയുന്ന ശിശുവായിരുന്നു അന്ന് ഞാന്‍. ന്തിന്റെ ചെടിയാവുമെന്നറിയാത്ത ഒരു വെറും വിത്ത്. തോടിനുള്ളില്‍ ചുരുങ്ങിയിരുന്ന എന്റെ കാവ്യശിഖരങ്ങള്‍ക്ക് അവയുടെ ഉള്ളടക്കത്തെപ്പറ്റി ഒരു ധാരണയുമുണ്ടായിരുന്നില്ല. എന്റെ അച്ഛനും. വേദനകളുടെ ചതുപ്പുനിലത്ത് , കലങ്ങിയ കണ്ണീരിന്റെ നനവു തട്ടി പിന്നെപ്പോഴോ അതിന് ജീവന്റെ തളിരു പൊട്ടി.

ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ നിന്നു കിട്ടുന്ന കുഞ്ഞിപ്പൂക്കളുള്ള ഒരു കര്‍ച്ചീഫ് വലിയ താത്പര്യത്തോടെ അന്നു കയ്യില്‍പ്പിടിച്ചിരുന്നു. തിരിച്ചു വരുമ്പോള്‍ അതെവിടെയോ കളഞ്ഞു പോയി. നിധി നഷ്ടപ്പെട്ട പോലെ എന്റെ മനസ്സിരുണ്ടുപോയി. ആ ചെറിയ പൂക്കളും അതിനിടയിലെ പച്ചവള്ളികളും ഓര്‍ത്തപ്പോള്‍ സങ്കടം അധികരിച്ചു. ഇന്നുമതെ കര്‍ച്ചീഫുകളും പേനകളും, പേഴ്‌സുകളുമെല്ലാം സ്ഥിരമായി നഷ്ടപ്പെടുന്നു. ഒന്നും സൂക്ഷിച്ചു വെക്കാനറിയാതെ ഞാന്‍ യാത്ര തുടരുന്നു.

മൂന്നാലു വയസ്സുള്ളപ്പൊഴേ അടക്കിയിരുത്താനാവാത്ത വികൃതിയായിരുന്നു. ഒരിക്കല്‍ ഒരു ന്യൂസ് പേപ്പര്‍ ചുരുട്ടിച്ചുരുട്ടി മൂക്കില്‍ക്കയറ്റിനോക്കി. അതുള്ളിലേയ്ക്കു കയറിപ്പോയി. തിരികെയെടുക്കാന്‍ എങ്ങനെയും സാധിക്കുന്നില്ല.

സംഭവം അച്ഛന്റെയടുത്തെത്തി. മടിയിലിരുത്തി എങ്ങനെയൊക്കെയോ അതു പുറത്തെടുത്തു. പിന്നെ കനത്ത വിരലുകള്‍ പതിയുമാറ് ഒരടി കിട്ടി. വിങ്ങിക്കരഞ്ഞു കൊണ്ട് ഞാനിറങ്ങിയോടി.

പിന്നൊരിക്കല്‍ ബന്ധുക്കളെല്ലാരും കൂടി ഗുരുവായൂര്‍ദര്‍ശനത്തിനു പോയി. കുട്ടികളെ കൊണ്ടുപോയില്ല. ഒരു മോതിരം വേണമെന്നായിരുന്നു ഞാന്‍ അമ്മയോടു പറഞ്ഞയച്ചത്. വരുമ്പോള്‍ ഗുരുവായൂരപ്പന്റെ മോതിരം കൊണ്ടുത്തന്നു. വലിയ സന്തോഷത്തോടെ അത് വിരലിലണിയാന്‍ നോക്കി. മുഖം വാടി. അതു തീരെ ചെറുതായിരുന്നു. കുഞ്ഞുവിരലില്‍ ഇടാം. പക്ഷേ ഒരാഗ്രഹത്തിന്‍മേല്‍ അത് മോതിരവിരലില്‍ത്തന്നെ കുത്തിക്കയറ്റി. എങ്ങനെയൊക്കെയോ കേറിപ്പോയി. പക്ഷേ തിരിച്ചൂരിയെടുക്കാനായില്ല. വേദനയെക്കാളധികമായിരുന്നു ഭയം. പണ്ടത്തെപ്പോലെ അടി കിട്ടുമോ? മിണ്ടാതെ ഒരു ദിവസമിരുന്നു. വിരലിനിരുവശവും നീരു വന്നു മൂടി. മോതിരം നടുക്കെവിടെയോ പുതഞ്ഞു പോയി. പിന്നെ മറ്റാരുമറിയാതെ വല്യളയച്ഛന്‍ എങ്ങനെയൊക്കെയോ അത് പൊട്ടിച്ചെടുത്തു..

പണ്ട് SSLC ഉത്തരക്കടലാസുകെട്ടുകള്‍ നോക്കാനിരിക്കുമ്പോള്‍ മാര്‍ക്കു കൂട്ടിയിടാന്‍ സഹായത്തിന്, അച്ഛന്‍ ഒപ്പം കൂട്ടുമായിരുന്നെന്ന് വല്യച്ഛന്റെ മകള്‍ ബീനച്ചേച്ചി ഈയിടെ പറഞ്ഞു. ചേച്ചിയ്ക്ക് ചിറ്റപ്പനെ വലിയ സ്‌നേഹബഹുമാനങ്ങളാണ്. പേപ്പറുകള്‍ സൂക്ഷിച്ചിരുന്ന അലമാരയ്ക്കുള്ളില്‍ നിന്ന് അച്ഛനെഴുതിയ കുറിപ്പുകള്‍ ചേച്ചി വായിച്ചിട്ടുണ്ട്. നന്നായി പ്രസംഗിക്കുമായിരുന്നെന്ന് അടുത്തിടെ ഒരു കുടുംബസുഹൃത്ത് എന്നോട് പറഞ്ഞു. ഞാന്‍ മുതിരും മുമ്പ്, അറിയാനാവും മുമ്പ് എന്റെ ചുറ്റുമുള്ളവരെല്ലാം അപ്രത്യക്ഷരായി. അവരെപ്പറ്റിയുള്ള അവ്യക്തമായ ഓര്‍മ്മകളും മറ്റുള്ളവര്‍ പറഞ്ഞുള്ള അറിവുകളും മാത്രമാണ് എന്റെ സമ്പാദ്യങ്ങള്‍.

എന്റെ ജീവിതത്തില്‍ ഒരച്ഛന്റെ മുഴുവന്‍ സ്ഥാനവും വഹിച്ചത് എന്റെ വല്യച്ഛനാണ്. അമ്മ മരിച്ചു കഴിഞ്ഞ്

സഞ്ചയനത്തിന്റെയന്ന് ഒരു ചര്‍ച്ച നടന്നു. അച്ഛനമ്മമാരില്ലാത്ത കുട്ടികളെയിനിയെന്തു ചെയ്യും? മരിക്കുകയാണെന്നുറപ്പായ നേരം അമ്മയും സ്വന്തം ചേച്ചിയോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. 'ഞാന്‍ പോയാല്‍ ഈ പിള്ളേരെ ആരു നോക്കും ?'

പിന്നെ 'നീയുണ്ടല്ലോ ചേച്ചീ' എന്നു സമാശ്വസിച്ചു.

ജീവിച്ചു പോകാന്‍ സാമ്പത്തികസ്ഥിതിയുണ്ടായിരുന്നു. ഏതെങ്കിലും ബോര്‍ഡിങ്ങ് സ്‌കൂളില്‍ നിന്നു പഠിക്കുകയും ചെയ്‌തേനെ. പക്ഷേ മറ്റുള്ളവരെപ്പോലെ വളരാന്‍ ബന്ധങ്ങളുടെ ചൂടു വേണമായിരുന്നു. ഒരു വീടിന്റെ വിലാസം വേണമായിരുന്നു. ആ വിലാസമാണ് വല്യച്ഛന്‍ ഞങ്ങള്‍ക്കു തന്നത്. എന്റെ സ്‌കൂള്‍കോളേജ് രേഖകളിലെല്ലാമുള്ള വെളിയില്‍ വീട് , വക്കം PO എന്ന മേല്‍വിലാസം. ഷീജ വക്കം എന്ന കാവ്യമേല്‍വിലാസം. ഞാനിന്നും ആ പേരിലാണറിയപ്പെടുന്നത്. പേരില്‍ നിന്നായിടം മുറിച്ചുകളയാന്‍ ഒരുപാടവസരമുണ്ടായിരുന്നു. പക്ഷേ ലേസറിന്റെ കിരണമൂര്‍ച്ചയ്ക്കുപോലും പിളര്‍ത്താന്‍ സാധിക്കാത്തവിധം എന്റെ ജീവന്‍ അതിനോടു ബന്ധിതമായിരിക്കുന്നു.

ഒരു മനുഷ്യന്‍ ശരിക്കും അയാളുടെ ബാല്യത്തിന്റെ വലിച്ചുനീട്ടല്‍ മാത്രമാണ്. വ്യാകുലമായ ഒരു ബാല്യത്തിന്റെ ബാക്കിഭാഗം ഞാന്‍ ജീവിച്ചു തീര്‍ത്തത് വക്കത്താണ്. എന്റെ കവിത അതിന്റെ ആദ്യവിഹ്വലതകളറിഞ്ഞതും, അംഗീകരിക്കപ്പെട്ടതും, അവിടെവെച്ചാണ്. എന്നെ രൂപപ്പെടുത്തിയതും ,പാകപ്പെടുത്തിയതും വളര്‍ത്തിയെടുത്തതും ആ നാടും കൂടിച്ചേര്‍ന്നാണ്.

ജീവിതത്തിലൊരിക്കലും വേര്‍തിരിവനുഭവിച്ചില്ലെന്നോ, ആന്തരികമായ ഇല്ലായ്മയറിഞ്ഞില്ലെന്നോ ഒന്നുമല്ല. എല്ലാമറിഞ്ഞിട്ടുണ്ട്. അത് ഒഴിവാക്കാനാവാത്ത വിധിയായിരുന്നു. അവിചാരിതമായി തകര്‍ന്നടിഞ്ഞു പോയ ജീവിതത്തിന്റെ സുനിശ്ചിതമായ മറുപുറം. നിര്‍ബ്ബന്ധമായും കടന്നു പോവേണ്ടുന്ന കണ്ണീരിന്റെ തുരങ്കമാര്‍ഗ്ഗം. പിന്നെ കിട്ടുന്നതെല്ലാം ഒരു ബോണസ് എന്നു കരുതാനേ ആവുള്ളു.

'തൊട്ടു പോയാലോ മുറിഞ്ഞപ്പൊഴേ

കണ്ണീര്‍ പെയ്യും

വര്‍ഷമേഘത്തിന്‍ സിരാജാലമാണുള്ളെങ്കിലും...' എന്ന് എഴുതിയത് ഉള്ളില്‍ത്തൊട്ടാണ്. ചിലര്‍ക്ക് ജീവിതം ആദ്യം മുതലേ സഹനങ്ങളുടേതാണ്. എന്തിനും മുറിവേല്‍ക്കുന്ന മനസ്സുള്ളവര്‍ക്ക് നിരന്തരം അവസരങ്ങള്‍ വെച്ചു നീട്ടുന്ന മുള്‍മുരിക്കിന്‍കാടാണ് അനാഥത്വം.

അന്ന് വക്കത്തേയ്ക്കു താമസം മാറുമ്പോള്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു. പഠിച്ചിരുന്ന നഗരത്തിലെ സ്‌കൂളിലേയ്ക്ക് അവിടെനിന്ന് ഒരുപാട് ദൂരമുണ്ട്. നേരിട്ട് സ്‌കൂള്‍ ബസ്സില്ല. പ്രൈവറ്റ്ബസ്സില്‍ക്കേറി സ്‌കൂള്‍ വാന്‍ നിര്‍ത്തുന്ന സ്റ്റോപ്പിലിറങ്ങണം. പിന്നെ അവിടുന്ന് വീണ്ടും ദീര്‍ഘയാത്ര. അടുത്ത് എത്രയോ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്. ഇത്ര ദൂരത്തേക്ക് എന്തിനു പോണം. വെക്കേഷന്‍ ആകാറായിരുന്നു. ഇനിയത്തെ കൊല്ലം മാറ്റിച്ചേര്‍ക്കാം എന്നഭിപ്രായമുണ്ടായി.

ആകെ തകര്‍ന്നിരുന്ന മാനസികാവസ്ഥയില്‍ അതു കൂടി കേട്ടപ്പോള്‍ വലിയ സങ്കടം വന്നു. ഇനിയും പുതിയൊരു സ്‌കൂളില്‍ പൊരുത്തപ്പെടുന്നതോര്‍ക്കുമ്പോള്‍... ആ മുറ്റത്ത് വല്യച്ഛനെ കെട്ടിപ്പിടിച്ച് ഉറക്കെക്കരഞ്ഞതിന്നും ഓര്‍ക്കുന്നു. അറിവില്ലാതെ വാശി പിടിക്കുന്ന കുട്ടികള്‍ക്ക് പ്രായോഗികബുദ്ധിമുട്ടുകളെപ്പറ്റി സ്‌നേഹപൂര്‍വ്വം പറഞ്ഞുതന്ന് നിര്‍ബ്ബന്ധപൂര്‍വ്വം സ്‌കൂള്‍ മാറ്റിച്ചേര്‍ക്കാവുന്നതേയുള്ളു. പൊട്ടിക്കരഞ്ഞ കുട്ടികളെ ചേര്‍ത്തുപിടിച്ച് കൊണ്ട് വല്യച്ഛന്‍ പ്രഖ്യാപിച്ചു,' സ്‌കൂള്‍ മാറ്റുകയില്ല. കരയണ്ട .'അന്നനുഭവിച്ച ആശ്വാസം എങ്ങനെ മറക്കും. ഒരുപാട് യാത്രയും പണവും ചെലവായെങ്കിലും ആ സ്‌കൂളില്‍ത്തന്നെയാണ് പഠനം പൂര്‍ത്തീകരിച്ചത് .

മക്കളേയെന്ന വിളിയില്‍ ഒരായുസ്സിന്റെ വാത്സല്യവും തണലും ഞാനനുഭവിച്ചിട്ടുണ്ട്. എത്രയോ കവിതാമത്സരങ്ങള്‍ക്ക് ഒപ്പം വന്നിട്ടുണ്ട്. തളര്‍ന്നു പോയ ജീവിതസാഹചര്യങ്ങളില്‍ ഒറ്റയ്ക്കാക്കാതെ കൂടെ നിന്നിട്ടുണ്ട്. കുടുംബം മുഴുവനെതിര്‍ത്ത വിവാഹത്തില്‍ വല്യച്ഛന്‍ മാത്രം എന്റെ കൂടെ നിന്നു. ആരുമെന്നോട് സംസാരിക്കാതിരുന്ന കാലത്ത് നിരന്തരം എന്നെ വിളിച്ചു. ഒരിക്കലും ഒരുതരത്തിലും മാറ്റി നിര്‍ത്തിയിട്ടില്ലാത്ത ഒരേയൊരാള്‍ വല്യച്ഛനായിരുന്നു. എത്ര വഴക്കിട്ടപ്പോഴും കുത്തുവാക്കുകളാല്‍ മുറിവേല്‍പ്പിച്ചിട്ടില്ലാത്തയാള്‍. ആ ജീവിതം കൊണ്ട് ആ കടം വീടുകയില്ല.

ഈയടുത്താണ് വല്യച്ഛന്‍ മരിച്ചത്. ബാംഗ്ലൂരില്‍ അണ്ണന്റെ ഒപ്പമായിരുന്നു. കസേരയിലിരുന്ന് പത്രം വായിക്കുമ്പൊഴാണ് സ്‌ട്രോക്കുണ്ടായത്. ഒരുവശം തളര്‍ന്നുപോയി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ബോധമുണ്ടായിരുന്നു. പക്ഷേ തലച്ചോറിനു മറുവശത്തും രക്തസ്രാവമുണ്ടായി. ഒരു കൈയ്ക്കു മാത്രമേ ചലനശേഷി ബാക്കിയുള്ളു.

ഞാന്‍ കാണാന്‍ ചെല്ലുമ്പോള്‍, അര്‍ദ്ധബോധാവസ്ഥയില്‍, വിവിധയന്ത്രങ്ങളുടെ നിഷ്ഠുരമായ കൈപ്പിടിയിലമര്‍ന്നു കഴിഞ്ഞിരുന്നു അദ്ദേഹം. കണ്ണുകള്‍ നിശ്ചലമായി അകലെ ഏതോ ഒരു ബിന്ദുവില്‍ തറഞ്ഞു നിന്നു. കഴുത്തു തുളച്ചിട്ട ഒരു കുഴല്‍ അദ്ദേഹത്തിനായി ശ്വാസമെടുക്കുന്നത് കണ്ട് എന്റെ ഹൃദയം തകര്‍ന്നു.

'എന്താണു മക്കളേ?' എന്ന ഉല്ലാസം നിറഞ്ഞ ചോദ്യം ഞാന്‍ എവിടന്നാണ് കേട്ടത്. അത് ഓര്‍മ്മകളുടെ ശബ്ദമാണ്. ഇനിയൊരിക്കലും ഉയര്‍ന്നു കേള്‍ക്കാനിടയില്ലാത്ത പ്രിയതരമായ ശബ്ദം.ഏതെല്ലാമോ യന്ത്രങ്ങളേറ്റെടുത്ത തളര്‍ന്ന ശരീരത്തിനുള്ളില്‍ ,ഭൂകമ്പത്തില്‍ത്തകര്‍ന്ന വീടിനുള്ളിലെന്ന പോലെ കുടുങ്ങിക്കിടക്കുകയായിരുന്നു അദ്ദേഹം. ഒന്നു തുറന്നു വിടൂ എന്നപേക്ഷിക്കുമ്പോലെ.

വിളിക്കൂ, ഉറക്കെ വിളിക്കൂ, കേള്‍ക്കുന്നുണ്ട് , മനസ്സിലാവും, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞാന്‍ നടുങ്ങി. പുറമേ പ്രതികരിക്കാനാവുന്നില്ലെന്നേയുള്ളു, ഉള്ളില്‍ അറിയുന്നുണ്ടാവുമെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഉള്ളില്‍ എന്താണറിയുന്നത് ? സ്വന്തം ശബ്ദം എന്നേയ്ക്കും തൊണ്ടയിലുറഞ്ഞു പോയെന്നോ? ഇനിയൊരനക്കം കൊണ്ടുപോലും ലോകത്തോടു യാതൊന്നും പങ്കു വെക്കാനാവുകയില്ലെന്നോ? എന്തുമാതിരി ഘോരമായ ഭീതിയും, യാതനയുമാവുമത് ഒരാളിലുണ്ടാക്കുക.!

എന്തിനാണ് മരണോന്‍മുഖരായ വയോധികരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത്? ഒന്നോ രണ്ടോ മാസം കൂടി നീട്ടിക്കിട്ടുന്ന യാതനാഭരമായ ദുരിതജീവിതം വെച്ചുനീട്ടുന്നത്. ഹൊ! ശാസ്ത്രപുരോഗതി ചിലപ്പോഴെങ്കിലും ദുരിതം കൂടിയാണ്,വകതിരിവില്ലാത്ത നിയമങ്ങള്‍ക്കധീനപ്പെടുമ്പോള്‍! പിരിഞ്ഞു പറന്നു തുടങ്ങിയ പ്രാണന്റെ കുതിപ്പില്‍,കൃത്രിമശ്വാസത്തിന്റെ കല്ലുകള്‍ കെട്ടിത്തൂക്കിയിടുമ്പോള്‍..

താണ മരക്കൊമ്പില്‍ കെട്ടിയ കയറില്‍ വധശിക്ഷയനുഭവിച്ച കോഴികളെ കുട്ടിക്കാലത്തു കണ്ടിട്ടുണ്ട്. തൂക്കുകയറില്‍ പിടയുമ്പോള്‍ പറക്കാനെന്ന പോലെ ചിറകിട്ടടിയ്ക്കും. തലയിലെപ്പൂവും, പുള്ളിത്തൂവലുകളും ഇളകിത്തെറിക്കുമെന്നു തോന്നും. ഞങ്ങള്‍ കുട്ടികളെ അവിടെ നിന്നോടിക്കും.

ഒരു തൂണിനു പിന്നില്‍ ഒളിച്ചു നിന്ന് വിറയലോടെ ഈ രംഗം ഞാന്‍ കണ്ടിട്ടുണ്ട്. ജീവകോശങ്ങള്‍ക്ക് ശ്വാസം നിഷേധിച്ച് അവയിലോരോന്നില്‍ നിന്നും പ്രാണനെ പുറത്തുചാടിക്കുന്ന പ്രാകൃത കൊലപാതകശൈലി. കരയ്ക്കു പിടിച്ചിട്ട മീനും, തൂക്കിലേറ്റപ്പെട്ട മനുഷ്യനും ഇതുപോലെ തന്നെ ,പിടച്ചു നിശ്ചലമാവുന്നു.ചത്ത കോഴിയുടെ കണ്ണുകള്‍ക്കും പടുവൃദ്ധരുടേതു പോലെ വെള്ളിവളയമുള്ള പോലെ തോന്നും.വയസ്സായി മരിച്ച എത്ര കോഴികളുണ്ടാവുമോ എന്തോ?

അവിടെ ശ്വാസം മുട്ടിച്ച് കൊല്ലുകയാണെങ്കില്‍ ഇവിടെ ശ്വാസം കൊടുത്തു കൊല്ലാക്കൊല ചെയ്യുകയാണ്. ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പുണ്ടെങ്കിലും,വാര്‍ദ്ധക്യത്തില്‍ നിന്നു സ്വാഭാവികമരണത്തിലേയ്ക്കു കടക്കാന്‍ ഇപ്പോള്‍ വെന്റിലേറ്ററുകള്‍ പടുവൃദ്ധരെക്കൂടി അനുവദിക്കുകയില്ല. നീട്ടിക്കിട്ടുന്ന നരകപീഡയുടെ ഈ ഇടക്കാലം അവരുടെ തൊലിപ്പുറങ്ങളെ ശയ്യാവ്രണങ്ങളാല്‍ നിറയ്ക്കും. കുഴലുകളാല്‍ കഴുത്തും നെഞ്ചും തുളയ്ക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിട്ടുണ്ടെങ്കില്‍ പീഡനകാലം നീളാനാണു സാധ്യത.

കട്ടിലിന്റെ അരികില്‍ ചെന്നു നിന്ന്, വിറയ്ക്കുന്ന വലംകൈയാല്‍ നെറ്റിയില്‍ തലോടിക്കൊണ്ട് വല്യച്ഛനെ ഞാന്‍ വിളിച്ചു. ഞാന്‍ സീനയാണ് എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു. കണ്ണുകളില്‍ ഒരു ചലനവുമുണ്ടായില്ല. മുഖത്തു ഒരു ഭാവഭേദവുമില്ല.പക്ഷേ നിരന്തരം വിളിച്ചുകൊണ്ടിരുന്നപ്പോള്‍ നിയന്ത്രണത്തിലുണ്ടായിരുന്ന,ഒരേയൊരു ഭാഗം ആ ഇടതുകൈ അനങ്ങി. പിന്നെയതു നിര്‍ത്താതെ ചലിച്ചു കൊണ്ടിരുന്നു. മനസ്സിലായെന്നു പറയുമ്പോലെ, മാടി വിളിക്കുമ്പോലെ ആ കൈ മാത്രം ചലിച്ചു കൊണ്ടിരുന്നു.

നോട്ടം മുകളിലെ ബിന്ദുവില്‍ത്തന്നെ. മറ്റെവിടെയും ഒരനക്കവുമില്ല.

'വിളിക്കൂ അറിയുന്നുണ്ട്,'

ഡോക്ടര്‍ അടുത്തേയ്ക്കു വന്നു.

രാവിലെ ഏഴരയുടെ ബസ്സിനാണ് പണ്ട് സ്‌കൂള്‍യാത്രയാരംഭിച്ചിരുന്നത്. തിരക്കിനിടെ ചിലപ്പോള്‍ മറന്നുവെച്ചുപോവുന്ന ചോറുപാത്രമോ,ടെക്സ്റ്റ് ബുക്കോ ഒക്കെയായി പിന്നാലെ ഓടി വന്നിട്ടുണ്ട് , പലവട്ടം. കൈ കൊട്ടി ബസ്സ് നിര്‍ത്തിച്ച്, ബസ്സിനുള്ളിലേയ്ക്ക് അതേന്തിത്തന്ന ശേഷം കൈ വീശി യാത്ര പറയുമ്പോലെ ആ കൈ മാത്രം നിര്‍ത്താതെ ചലിച്ചു കൊണ്ടിരുന്നു. ആ കൈയില്‍ വിരലുകള്‍ കോര്‍ത്ത് തകര്‍ന്ന മനസ്സോടെ ഞാന്‍ നിന്നു. അച്ഛന്റെ ജഡത്തിനരികില്‍ കല്ലു പോലെയിരുന്ന ഒരു നാലാം ക്ലാസ്സുകാരി എന്റെ നെഞ്ചു തകര്‍ത്തു പുറത്തു വന്നു. അടക്കിവെച്ചതെല്ലാം ഞാനാ സന്നിധിയില്‍ കരഞ്ഞു തീര്‍ത്തു. കന്നഡയില്‍ എന്തോ പറഞ്ഞ് ആ ഡോക്ടര്‍ എന്റെ പുറത്തു തട്ടി.

സന്ദര്‍ശന സമയം കഴിഞ്ഞു. പുറത്തേയ്ക്കു പോവാനായെന്ന് നഴ്‌സ് കണ്ണു കാണിച്ചു. പരശ്ശതം യന്ത്രങ്ങള്‍ നിരന്തരപ്രയത്നം ചെയ്ത് പിടിച്ചു വെച്ചിരിക്കുന്ന,പിരിയാന്‍ കുതറുന്ന ആ പ്രിയപ്പെട്ട പ്രാണന്റെ കൈ വിടുവിച്ച് നിസ്സഹായമായി കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ ജീവിതത്തിലേയ്ക്കു തിരിഞ്ഞു നടന്നു.

നാളും ഗ്രഹനിലയും രാഹുവും രാശിയും എനിക്കു ബോധമില്ല. ചിത്തിരനാളില്‍ പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ട് ആ ഫോണ്‍കോള്‍ ഇനിയൊരിക്കലും വരില്ല. ഇനിയാരെന്റെ ജന്‍മനാളോര്‍മ്മിക്കാന്‍ ! പതിയെപ്പതിയെ ഓരോ ഇതളുകളായി ചുറ്റിലും പ്രിയപ്പെട്ടവര്‍ കൊഴിഞ്ഞു വീഴുന്നു. നഗ്നമായ നടുവിലെയല്ലി മാത്രമായി ഒടുവില്‍ ഓരോ മനുഷ്യനും തനിച്ചു നില്‍ക്കുന്നു. മരണത്തെ നേരിടുന്നു. ജീവിതചക്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. കാളിദാസന്‍ പറഞ്ഞ ജഗത്ഭക്ഷകനായ കാലത്തിന് കൊറിക്കാന്‍ ഒരു കടല പോലുമാവുന്നില്ല മുഴുവന്‍ മനുഷ്യരാശിയും. ഒന്നും ഒന്നും കാലാതിവര്‍ത്തിയല്ല. ക്ഷണികത അഥവാ അസ്ഥിരതയാണ് എന്തിന്റെയും മനോഹാരിത !

അവസാനിച്ചു…. 

പ്രിയപ്പെട്ടവരേ,

ഇതുവരെ മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന 'കള്ളിമുള്ളിന്‍ കാതലിപ്പൂവ്' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ ഇവിടെ അവസാനിക്കുകയാണ്. ചുരുങ്ങിയ കാലം കൊണ്ട് നേരിലൊരിക്കലും കാണാത്ത പുതിയ വായനാസൗഹൃദങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്. ഒരു കവിയുടെ ഗദ്യരചനയിലെ വിഹ്വലതയെ,മടിയെ, അലസതയെ,അതിജീവിക്കാന്‍ കരുത്തുനല്‍കിയ നല്ല വാക്കുകള്‍ ഇവിടെ നിന്നു കിട്ടിയിട്ടുണ്ട്.

നന്ദി.

'കള്ളിമുള്ളിന്‍ കാതലിപ്പൂവ്' പുസ്തകമായി ജനുവരിയില്‍ മാതൃഭൂമി ബുക്‌സിലൂടെ പുറത്തിറങ്ങുന്നു.

എല്ലാരും ഒപ്പമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

ഹൃദയം നിറഞ്ഞ സ്‌നേഹം.

ഷീജ വക്കം