
ബേപ്പൂര്‍ ഹാര്‍ബറില്‍ നല്ല തിരക്കായിരുന്നു. സമയം പകല്‍ പന്ത്രണ്ടിനോടടുക്കുന്നു.മത്സ്യം കേടാകാതിരിക്കുന്നതിനുള്ള ഐസുമായെത്തിയ ഒരു മിനിലോറി ഹാര്‍ബറിലേക്ക് വരികയാണ്, വാഹനം ഐസ് ക്രഷറിനടുത്തേക്ക് നിര്‍ത്തി. ഇരുപത്തിനാല് വയസുള്ള ഒരു ചെറുപ്പക്കാരന്‍ ലോറിയില്‍ കയറി വലിയ ഐസ് കട്ടകള്‍ പൊടിക്കുന്നതിനായി ക്രഷറിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. പൊടിഞ്ഞ ഐസ് ഒരു ഭാഗത്തുനിന്നും മറ്റൊരാള്‍ മത്സ്യത്തില്‍ വിതറിക്കൊണ്ടിരിക്കുന്നു. പകുതിയോളം ഐസ്‌കട്ടകള്‍ നീക്കം ചെയ്ത സമയത്താണ് അത് സംഭവിച്ചത്. ഐസ് കട്ട നീക്കുന്നതിനിടയില്‍ കാല്‍ തെന്നി യുവാവ് താഴേക്ക് വീണു. ഒപ്പം വലതുകൈ ക്രഷറിന്റെ മൂര്‍ച്ചയുള്ള ഭാഗത്തിനുള്ളില്‍ കുടുങ്ങിപ്പോയി. കൈമുട്ടുവരെയാണ് കുടുങ്ങിയത്. പെട്ടന്നുതന്നെ ആരോ യന്ത്രം ഓഫാക്കിയിരുന്നു. അപ്പോഴേക്കും യുവാവ് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു.
ഞങ്ങള്‍ സ്ഥലത്തെത്തുമ്പോള്‍ ഹാര്‍ബറില്‍ വന്‍ ജനക്കൂട്ടം. യുവാവ് ഐസിനു മേലെ കമിഴ്ന്നു കിടക്കുകയാണ്. വലതുകൈയുടെ എല്ലുകള്‍ പൊട്ടി പുറത്തുവന്ന രക്തം പൊടിഞ്ഞ ഐസിന് മുകളില്‍ ചുവന്ന നിറത്തിൽ പരന്നുകിടക്കുന്നു. കൂടുതല്‍ വേദനിപ്പിക്കാതെ പുറത്തെത്തിക്കുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. കൂടാതെ പലവിധത്തില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് വലിയ ജനക്കൂട്ടവുമുണ്ട് ചുറ്റും. ഫയര്‍മാന്‍ ഡ്രൈവറായ എം.മനോജ് കുമാര്‍ ഹൈഡ്രോളിക് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് ക്രഷറിന്റെ ഇരുമ്പു ഭാഗങ്ങള്‍ ഒന്നൊന്നായി മുറിച്ചുമാറ്റി യുവാവിന്റെ കൈ യന്ത്രത്തില്‍ നിന്നും പുറത്തെടുത്തു. ഉടന്‍ തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഹര്‍ബറില്‍ എന്നും ചെയ്യുന്ന ജോലിയാണ്, പക്ഷേ, ചെറിയൊരു അശ്രദ്ധ എത്ര വലിയ അപകടത്തിലേക്കാണ് കൊണ്ടെത്തിക്കുന്നത് എന്നാണ് ആലോചിച്ചുപോവുന്നത്.

കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷൻ. സമീപത്തെ മറ്റ് സ്റ്റേഷനുകളായ പയ്യന്നൂരിന്റയും കാഞ്ഞങ്ങാടിന്റെയും ഇടയിലാണ് തൃക്കരിപ്പൂര്‍ സ്റ്റേഷന്‍. അതിനാല്‍ തന്നെ പൊതുവേ തൃക്കരിപ്പൂരിലേക്കെത്തുന്ന കേസുകളുടെ എണ്ണവും കുറവാണ്. അന്ന് രാത്രി ഒരു മണിയോടെയാണ് ഞങ്ങള്‍ക്കൊരു സന്ദേശം ലഭിച്ചത്. കരിവെള്ളൂര്‍ ഹെല്‍ത്ത് സെന്ററിന് മുന്‍വശത്തായി ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു.. ഉടന്‍ തന്നെ ഞങ്ങള്‍ ഫയര്‍ എഞ്ചിനിലും ആംബുലന്‍സിലുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. സംഭവസ്ഥലത്ത് അതാ തകര്‍ന്ന കാറിനുള്ളില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ഡ്രൈവര്‍ അകത്ത് കുടുങ്ങിക്കിടക്കുകയാണ്. ഡ്രൈവറുടെ ഇടതുകാലിന്റെ തുടയെല്ല് പൊട്ടി എല്ല് പുറത്തു വന്നിരിക്കുന്നു, മുറിവിലൂടെ രക്തം പ്രവഹിക്കുകയാണ്. അപ്പോഴേക്കും ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഒരു ഡോക്ടറും നെഴ്‌സും സമീപത്തുണ്ട്. ഡ്രൈവര്‍ക്ക് ഡോക്ടര്‍ ഗ്ലൂക്കോസ് നല്‍കിക്കൊണ്ടിരിക്കുകയാണ്. ഗ്ലൂക്കോസ് തൂക്കിയിടാന്‍ സ്ഥലമില്ലാത്തതിനാല്‍ നേഴ്‌സ് അത് കയ്യില്‍ തൂക്കിപ്പിടിച്ച് നില്‍ക്കുകയാണ്.
ഡ്രൈവറെ പുറത്തെത്തിക്കലാണ് ഞങ്ങളുടെ പ്രധാന വെല്ലുവിളി. ഹോം ഗാര്‍ഡ് പി. വി. സദാനന്ദന്‍ നെഴ്സില്‍ നിന്നും ഗ്ലൂക്കോസ് ബോട്ടില്‍ വാങ്ങി യുവാവിനെ താങ്ങിപ്പിടിച്ചു. ഞങ്ങളുടെ കൈയിലോ സ്‌റ്റേഷനിലോ ഹൈഡ്രോളിക്ക് എഞ്ചിനില്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്പ്രെഡറോ കട്ടറോ ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും കയ്യിലുണ്ടായിരുന്ന ഇരുമ്പുപാരകളും റോപ്പും ഉപയോഗിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ കാറിന്റെ മുന്‍വശം തകര്‍ത്ത് യുവാവിനെ കാറില്‍ നിന്ന് പുറത്തെടുത്തു. ആംബുലന്‍സില്‍ കയറ്റുമ്പോള്‍ അമിതമായ രക്തസ്രാവം മൂലം കണ്ണുകള്‍ പാതിയടഞ്ഞ രീതിയില്‍ അബോധാവസ്ഥയിലായിരുന്നു ഡ്രൈവര്‍. ഫയര്‍മാന്‍ ഡ്രൈവര്‍ ഗംഗാധരന്റെ ആശുപത്രിയിലേക്കുള്ള ശരവേഗത്തിലുള്ള പോക്ക് ഇന്നും ഉള്‍ക്കിടലത്തോടെയേ ഓര്‍ക്കാനാവുന്നുള്ളൂ. പരിയാരം മെഡിക്കല്‍ കോളജിലെ എമര്‍ജന്‍സി വാര്‍ഡിലെത്തുമ്പോള്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയണേയെന്ന ഒറ്റ പ്രാര്‍ഥനയേ മനസ്സിലുണ്ടായിരുന്നുള്ളൂ. കാലിലെ പൊട്ടിയ എല്ല നേരെയാക്കാന്‍ ഡോക്ടര്‍ ശ്രമിക്കുകയാണ്, കൈകാലുകള്‍ പിടിച്ചുവെച്ചത് ഞാനും പിവി സദാനന്ദനും ഗംഗാധരനും കൂടിയായിരുന്നു. ഇടയില്‍ യുവാവിനെ തട്ടിവിളിച്ച് പേര് ചോദിച്ചു, വേദന കടിച്ചമര്‍ത്തിയ ശബ്ദത്തിലെങ്കിലും ഡ്രൈവര്‍ പേര് പറഞ്ഞപ്പോഴാണ് എനിക്ക് ആശ്വാസമായത്. എന്റേയും ശ്വാസം നേരെ വീണത് പോലെ.. ഡോക്ടറോട് യാത്ര പറഞ്ഞിറങ്ങി, രക്ഷിക്കപ്പെട്ട ജീവനുകളിലേക്ക് ഒരു പേര് കൂടി എഴുതിച്ചേര്‍ത്തു.
...........................
ക്വാര്‍ട്ടേഴ്‌സ് വരാന്തയിലെ ഫയര്‍ ബെല്‍ കേട്ടാണ് അന്ന് ഞെട്ടിയുണര്‍ന്നത്. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം രാത്രി ഒന്നര മണി. യൂണിഫോം ധരിച്ച് സ്റ്റേഷനിലേക്ക് ഓടിയെത്തുമ്പോള്‍ 'എമര്‍ജന്‍സി ടെണ്ടര്‍' സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. ഞങ്ങളുടെ ജീപ്പും പോകാന്‍ റെഡിയായി നില്‍ക്കുന്നു. രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഞാന്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. കോഴിക്കോട്ടെ പ്രശസ്തമായ ഒരു മാളിലാണ് അപകടമുണ്ടായിരിക്കുന്നത്. ലിഫ്റ്റില്‍ സ്ത്രീയടക്കം ഒമ്പത് പേര്‍ കുടുങ്ങിക്കിടക്കുകയാണ്. യന്ത്രത്തകരാറാണ് കാരണം. രണ്ട് മണിക്കൂറിലേറെയായി ഇവര്‍ കുടുങ്ങിയിരിക്കുകയാണ്. മാള്‍ അധികൃതര്‍ ഏറെനേരം ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല. സമീപത്തെ പ്രശസ്തമായ ആശുപത്രിയിലെ ലിഫ്റ്റ് ടെക്നീഷ്യനും സ്ഥലത്തെത്തിയിരുന്നെങ്കിലും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഏറ്റവും ഒടുവിലായാണ് 101 ലേക്ക് വിളിയെത്തിയത്.
ഞാനും സുരേഷും ശിവദാസനും കെ.കെ.നന്ദകുമാറും മെഷീന്‍ റൂമില്‍ ചെന്ന് നോക്കുമ്പോള്‍ പല്‍ച്ചക്രം പൊട്ടിയതായി കണ്ടു. ബ്രേക്ക് റിലീസ് ചെയ്ത് ലിഫ്റ്റ് കുറച്ച് താഴ്ത്താന്‍ പറ്റി ലിഫ്റ്റ് തുറന്നു നോക്കുമ്പോള്‍ തറനിരപ്പില്‍ നിന്നും പകുതി താഴെയായി തുറന്നു കിട്ടി. ഫയര്‍മാന്‍ മുഹമ്മദ് സാനിജ് ലിഫ്റ്റില്‍ ഇറങ്ങി ഓരോരുത്തരെയായി പുറത്തെത്തിച്ചു. ചെറിയൊരു ലിഫ്റ്റിനുള്ളില്‍ ഒരു തുള്ളി വെള്ളം പോലുമില്ലാതെ അല്‍പശ്വാസത്തില്‍ അതിജീവിച്ചവര്‍. വിയര്‍ത്തുകുളിച്ചാണ് ഓരോരുത്തരും ഇറങ്ങിവന്നത്. പുറത്തിറങ്ങിയവര്‍ക്ക് ഉടനെ വെള്ളം കൊടുത്ത് ആശ്വസിപ്പിച്ചു. വാക്കുകള്‍ തികയില്ലെന്ന പോലെ അത്രയും നന്ദി പറഞ്ഞാണ് ഓരോരുത്തരും അവിടെ നിന്ന് പോയത്.
........................
കോഴിക്കോട് കൊളത്തറയ്ക്ക് സമീപം ഒരു പുതിയ വീടിന്റെ പണി നടക്കുകയാണ്. പണിക്കിടെ നോക്കിയപ്പോഴാണ് സമീപത്തെ കിണറ്റില്‍ ഒരാളുടെ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. കിണര്‍ തറനിരപ്പില്‍ നിന്ന് മൂന്നുവരി കല്ലുവെച്ച് കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. ഇരുമ്പ് നെറ്റ് ഇട്ട് കിണര്‍ മൂടിയിട്ടുണ്ട്. വെള്ളം കോരാന്‍ തുറക്കുന്ന ഭാഗം മാത്രം മഞ്ഞ പ്ലാസ്റ്റിക് കയര്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നു. കണ്ടപ്പോഴേ എന്തോ ഒരു പ്രശ്‌നം തോന്നി. മൃതദേഹം കണ്ടപ്പോള്‍ തന്നെ പണിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. കിണറ്റില്‍ നിന്നുള്ള മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പോലീസ് പകര്‍ത്തി. പരിശോധനകള്‍ക്കായി പ്ലാസ്റ്റിക് കാനില്‍ വെള്ളവുമെടുത്തു. ഞങ്ങള്‍ കിണറ്റിലിറങ്ങി മൃതദേഹം പുറത്തെടുത്തു, ദേഹപരിശോധന നടത്തി. അസ്വഭാവികമായിട്ടൊന്നും പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാലും സംശയങ്ങേറെ ബാക്കിയായിരുന്നു.
യുവാവിനെ അറിയാമെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് സംഭവസ്ഥലത്ത് നിന്ന് മൂന്നോ നാലോ വീടുകള്‍ക്കപ്പുറത്താണ് മരണപ്പെട്ടയാളുടെ വീടെന്നറിഞ്ഞു. പറയത്തക്ക പ്രശ്‌നങ്ങളൊന്നും അയാള്‍ക്കില്ല, തലേന്നോ അതിനുമുന്‍പോയുള്ള ദിവസം അടുത്തുള്ള കല്ല്യാണവീട്ടില്‍ യുവാവിനെ കണ്ടവരുണ്ട്. പിന്നീട് വീട്ടുകാരും സുഹൃത്തുക്കളുമൊന്നും ആളെ കണ്ടിട്ടില്ല. അങ്ങനെയെങ്കില്‍ കല്ല്യാണവീട്ടില്‍ പോയി മടങ്ങിവരുന്ന വഴിക്ക് കല്ലിലോ മറ്റോ തട്ടി അബദ്ധവശാല്‍ വീണതാവാനാണ് സാധ്യതയെന്ന് പോലീസ് അനുമാനിച്ചു. അങ്ങനെയെങ്കില്‍ എന്തിനാണ് പൊതുവഴിയല്ലാത്ത ഈ വഴി തന്നെ യുവാവ് തിരഞ്ഞെടുത്തിട്ടുണ്ടാവുക? വീട്ടിലേക്കുള്ള എളുപ്പവഴിയായതിനാല്‍ പലരും ഈ വഴിയെ വരാറുണ്ടെന്നും അയല്‍ക്കാര്‍ പറഞ്ഞു. അധികം പരിചയമില്ലാത്ത വഴിയാണ്, പുതിയ വീടിന്റെ നിര്‍മാണത്തിനായി കല്ലുകള്‍ അങ്ങിങ്ങായി ചിതറിയിട്ടുണ്ട്. അത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടാവില്ല. പാവം, ചുറ്റുമതിലില്ലാത്ത കിണറ്റിലേക്ക് വീണുപോയി. തൊട്ടടുത്ത ദിവസം പണിക്കാരെത്തി ആള്‍മറ കെട്ടുമ്പോഴൊക്കെ ആഴമുള്ള കിണറ്റിലെ വെള്ളത്തിനടിയില്‍ അയാള്‍ ഉണ്ടായിരിക്കണം. ആള്‍മറയും കെട്ടി മുകളില്‍ ഇരുമ്പ് നെറ്റും വെച്ച് കയര്‍കൊണ്ട് നെറ്റ് ബന്ധിച്ച് പണിക്കാര്‍ പോയി. നേരത്തോട് നേരമെത്തിയപ്പോള്‍ ശരീരം വെള്ളത്തിന് മുകളില്‍ പൊങ്ങിവന്നതാവാമെന്ന് പോലീസ് പറഞ്ഞു. സത്യമെന്താണെന്നറിയില്ല, ഇനി എങ്ങനെയറിയാനാണ്..! ചിലത് അങ്ങനെയാണ്, സംശയങ്ങള്‍ മാത്രമാവും ബാക്കിയാവുക.
നേരം പുലര്‍ന്ന് വരുന്നതേയുള്ളൂ. ക്വാര്‍ട്ടേഴ്‌സ് വരാന്തയിലെ ഫയര്‍ ബെല്‍ കേട്ടാണ് ഞെട്ടിയുണര്‍ന്നത്. യൂണിഫോം ധരിച്ച് സ്റ്റേഷനിലെത്തി. കോഴിക്കോട് പന്തീരാങ്കാവില്‍ അപകടത്തില്‍പെട്ട വൈക്കോല്‍ ലോറിക്കുള്ളില്‍ അകപ്പെട്ട ഡ്രൈവറെ രക്ഷപ്പെടുത്താന്‍ എമര്‍ജന്‍സി ടെണ്ടര്‍ ആവശ്യപ്പെട്ട് മീഞ്ചന്ത സ്റ്റേഷനില്‍ നിന്നുള്ള ജീവനക്കാര്‍ സംഭവസ്ഥലത്ത് നിന്ന് വിളിച്ചതാണ്. വിവരം കിട്ടിയ ഉടനെ ഞങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചു. പക്ഷേ, വണ്ടി പുറപ്പെട്ട് ബീച്ച് റോഡിലെത്തിയപ്പോഴേക്കും ഡ്രൈവറെ പുറത്തെടുത്തുവെന്ന വിവരം കിട്ടിയതോടെ ഞങ്ങള്‍ തിരിച്ച് സ്‌റ്റേഷനിലെത്തി. കുളി കഴിഞ്ഞ് ചായ കുടിക്കാന്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോഴാണ് അടുത്ത ബെല്‍ വന്നത്.
പാളയത്തെ ഭാരത് ഹോട്ടലിന്റെ പിന്നിലെ ചെരുപ്പ് കടയില്‍ നിന്നും വലിയ തോതില്‍ പുക ഉയരുന്നുവെന്നാണ് വിവരം. ഫയര്‍മാന്‍ ഡ്രൈവര്‍ സജിത് ലാലും ക്രൂവും പാളയത്തേക്ക് പുറപ്പെട്ടു. പിന്നാലെ ഫയര്‍ എഞ്ചിനില്‍ ഞാനും യുകെ രാജീവനും ഇറങ്ങി. സംഭവസ്ഥലത്തെത്ത് അഞ്ചാറ് ആളുകള്‍ കൂടി നില്‍പ്പുണ്ട്. പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. തീപടരാതിരിക്കാന്‍ പരിസരം മുഴുവന്‍ നനച്ചിട്ടിരിക്കുകയാണ്. പെട്ടന്നാണ് അത് സംഭവിച്ചത്, ഓടിട്ട മേല്‍ക്കൂര തകര്‍ന്ന് തീ മുകളിലേക്ക് ഉയര്‍ന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് കണ്ടതോടെ ഫയര്‍ എഞ്ചിന്‍ വെള്ളം പമ്പ് ചെയ്യാന്‍ തുടങ്ങി.
ചെരുപ്പ് കടക്കുള്ളില്‍ നല്ല തോതില്‍ തീയുണ്ടായിരുന്നു. മേല്‍ക്കൂര തകര്‍ന്നുവീണപ്പോഴുള്ള ഓക്‌സിജന്‍ സാന്നിധ്യം മൂലം തീയിന്റെ ശക്തി കൂടിയതാണ്. തീ ഇനിയും വ്യാപിക്കുമെന്ന് തോന്നി, ആകെ രണ്ട് ഫയര്‍ എഞ്ചിനുകളുള്ളത്. ഒന്നിലെ വെള്ളം അതിനോടകം പകുതിയായിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് തോന്നുന്നു. തൊട്ടുമുന്നില്‍ പെട്രോള്‍ പമ്പാണ്. രണ്ടിനും ഇടയ്ക്ക് റോഡുണ്ടായതിനാല്‍ കൂടുതല്‍ പേടിക്കാനില്ല, ആശ്വാസം. എങ്കിലും പമ്പിലെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ തൊട്ടുപിന്നില്‍ ഒയാസിസ് ഷോപ്പിങ് കോപ്ലക്‌സാണ്. അതിന്റെ ഒരു ഭാഗം നില്‍ക്കുന്നത് കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ 'പേ വാര്‍ഡിന് ' അരികിലും. ഒയാസിസിന് പിന്നില്‍ നീണ്ടുകിടക്കുന്ന മിഠായിത്തെരുവും. ഒയാസിസ് കോംപൗണ്ടിലേക്ക് തീ പടര്‍ന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന സ്ഥലങ്ങളിലൊന്ന് കോട്ടപ്പറമ്പ് ആശുപത്രിയെ ആവും. ഇവിടെ നിന്നും ഉണ്ടാകുന്ന കനത്ത പുക നിരവധി കുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാവും.ഒയാസിസ് കോംപൗണ്ടിലേക്ക് ഫയര്‍ എഞ്ചിന്‍ കയറില്ല, അണയ്ക്കാന്‍ സാധിക്കാതെ തീ പടര്‍ന്നാല്‍ പിന്നെ മിഠായിതെരുവ് ഓര്‍മ മാത്രമാവും, ഉണ്ടാവാന്‍ പോവുന്ന നഷ്ടം കണക്കുകൂട്ടാന്‍ കഴിയുന്നതിലുമപ്പുറമാവും, ഓര്‍ക്കുമ്പോല്‍ പേടിയാവുന്നു..!വന്‍ ദുരന്തം ഒഴിവാക്കാന്‍ ഒരു വഴിയേ മുന്നിലുള്ളൂ, ഭാരത് ഹോട്ടലിന്റെ പിറകുവശത്ത് പടരുന്ന തീയണയ്ക്കണം. ഞങ്ങളും കടക്കാരും ചുമട്ടുതൊഴിലാളികളും എല്ലാവരും ചേര്‍ന്ന് ഭാരത് ഹോട്ടലിന്റെ പിറകുവശത്തുള്ള കടകളുടെ താഴുകള്‍ മുറിച്ചുമാറ്റി സാധനങ്ങള്‍ പുറത്തിട്ടു. സമീപത്തെ സ്റ്റേഷനുകളില്‍ നിന്നും ഫയര്‍എഞ്ചിനുകള്‍ വരുത്തി തീ പൂര്‍ണമായും അണച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമം, ഒഴിവായത് വന്‍ ദുരന്തമായിരുന്നു.

അന്ന് ഉച്ചയ്ക്ക് ശേഷം കോഴിക്കോട് കളക്ടറേറ്റില്‍ ഒരു മീറ്റിങ് നടന്നു. അഗ്നിബാധ തന്നെയായിരുന്നു വിഷയം. എം.കെ മുനീറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മിഠായിത്തെരുവിന്റെ സുരക്ഷയ്ക്കായി നിര്‍ണായകമായ തീരുമാനങ്ങളാണ് കൈക്കൊണ്ടത്. തീപ്പിടിത്തമുണ്ടായാല്‍ മാനാഞ്ചിറയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനുള്ള പമ്പ് ഹൗസും മറ്റ് സംവിധാനങ്ങളും സ്ഥാപിക്കാനായിരുന്നു തീരുമാനം. വൈകാതെ തന്നെ എം.പി.യുടെ വികസന ഫണ്ടില്‍ നിന്നും അഞ്ചര ലക്ഷം രൂപ ചെലവഴിച്ച് പമ്പ് ഹൗസും ഒരു ഇലക്ട്രിക്ക് പമ്പും ഡീസല്‍ പമ്പും സ്ഥാപിച്ചു. മികച്ച കാര്യം. എന്നാല്‍ മാനാഞ്ചിറയ്ക്ക് ചുറ്റും ദീപങ്ങള്‍ സ്ഥാപിച്ച് അലങ്കരിച്ചെങ്കിലും ഈ ഇലക്ട്രിക് പമ്പിലേക്ക് ഇന്നും വൈദ്യുതി ലഭിച്ചിട്ടില്ല. സി.എ. ലത ജില്ലാ കലക്ടര്‍ ആയിരുന്നപ്പോള്‍ ഡീസല്‍ പമ്പ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചിരുന്നു. നഗരത്തില്‍ അഗ്നിബാധ ഉണ്ടാകുമ്പോള്‍ ഈ പമ്പാണ് ഉപയോഗിച്ചുവരുന്നത്.
അഗ്നി പ്രതിരോധ വീക്ഷണത്തില്‍ കോഴിക്കോട് നഗരത്തിന്റെ 'ബ്ലാക്ക് സ്പോട്ടാണ് മിഠായിത്തെരുവ്. നിര്‍ഭാഗ്യവശാല്‍ മിഠായിത്തെരുവിലോ ഓയാസിസ് കോംപ്ലക്‌സിലോ വന്‍ അഗ്നിബാധ ഉണ്ടായാല്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ പുകയാവും പുറത്തേക്ക് വരിക. പൊതുജനങ്ങളെയെന്നോണം അത് പ്രതികൂലമായി ബാധിക്കുന്നത് കോട്ടപ്പറമ്പ് ആശുപത്രിയിലെ പിഞ്ചുകുഞ്ഞുങ്ങളേയും ഗര്‍ഭിണികളേയും സ്ത്രീകളേയുമായിരിക്കും. അഗ്നിബാധ ഉണ്ടാകുമ്പോള്‍ ആശുപത്രിയിലുള്ളവരെ അടിയന്തിരമായി ഒഴിപ്പിക്കുകയാണ് ഏറ്റവും പ്രായോഗികമായി മാര്‍ഗം. ഇതിനാവശ്യമായ ആംബലന്‍സുകള്‍, എമര്‍ജന്‍സി റൂട്ടുകള്‍, ആശുപത്രികള്‍ എന്നിവ സംബന്ധിച്ച മുന്‍കരുതലുകള്‍ എടുക്കുന്നതിന് ഒരു മീറ്റിങ്ങ് വിളിക്കണമെന്ന് കാണിച്ച് കത്തെഴുതിയിട്ടുണ്ടെങ്കിലും 2020 വരെ അങ്ങനെ ഒന്ന് നടന്നിട്ടില്ല.. വലിയ ദുരന്തങ്ങളുടെ ചരിത്രങ്ങള്‍ നമുക്ക് മുന്നിലുണ്ട്, ഒരു ദുരന്തത്തിനായി ഇനിയും കാത്തിരിക്കണോ..?
ഏകോപനം: അശ്വതി അനിൽ
Content Highlights: Service story of a firemen life and life column by p ajith kumar
Published: 31 Oct 2024, 08:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented