
തിരഞ്ഞെടുപ്പ് അലയൊലികള്‍ അടങ്ങിവരുന്നതേയുള്ളൂ.. പഴയതും പുതിയതുമായ പലമുഖങ്ങള്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ വന്നുപോയി. തിരഞ്ഞെടുപ്പിനിറങ്ങിയ സ്ഥാനാര്‍ഥികളെ കണ്ടപ്പോഴാണ് ഓര്‍ത്തത് ഒരു സ്ഥാനാര്‍ഥിയുമായി ചേര്‍ന്നുനിന്നിരുന്ന ഒരു അനുഭവം എനിക്കുമുണ്ടല്ലോ എന്ന്. 1995 ഷൊര്‍ണ്ണൂരില്‍ ജോലി ചെയ്യുന്ന കാലത്തായിരുന്നു അത്. ഒരു ദിവസം ഫോണ്‍കോള്‍ വരുകയാണ്, ഇന്‍സിഡന്റ് കോളാണ്. ചേലക്കരയ്ക്ക് അടുത്തുള്ള തോന്നൂര്ക്കരയെന്ന സ്ഥലത്ത് ഒരാള്‍ കിണറ്റില്‍ വീണിരിക്കുന്നുവെന്നാണ് സന്ദേശം. ഏതാണ്ട് പത്ത് പതിമൂന്ന് കിലോമീറ്റര്‍ ദൂരമാണ് സംഭവസ്ഥലത്തേക്കുള്ളത്. രക്ഷപ്പെടുത്തിയെടുത്ത് ആശുപത്രിയിലെത്തിക്കാനുള്ള ആംബുലന്‍സ് അന്ന് സ്റ്റേഷനിലുണ്ടായിരുന്നില്ല. വേറെ വഴിയില്ലാത്തതിനാല്‍ തീപ്പിടിത്തമുണ്ടാവുമ്പോള്‍ തീകെടുത്താനായി ഉപയോഗിക്കുന്ന ഫയര്‍ എഞ്ചിനുമായാണ് ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചത്.
ഏതാണ്ട് അമ്പത് വയസ്സ് പ്രായമുള്ളയാളാണ് കിണറ്റിലേക്ക് വീണിരിക്കുന്നത്. വിവാഹ നിശ്ചയത്തിന് പോയി റോഡിലൂടെ നടന്നുവരികയായിരുന്നു. കഷ്ടിച്ച് ഒരു ബസ്സിന് മാത്രം പോകാന്‍ വീതിയുള്ള റോഡ്, എതിര്‍ദിശയില്‍ നിന്ന് ഒരു ബസ് വന്നപ്പോള്‍ അടുത്തുകണ്ട കിണറിന്റെ വേലിയില്‍ പിടിച്ച് മാറി നില്ക്കാന് നോക്കിയതാണ്, പക്ഷേ, കിണറിന്റെ ചുറ്റുവേലിയുടെ അലക് ഒടിഞ്ഞ് കിണറ്റിലേക്ക് വീണുപോയി പാവം. കിണറ്റിനുള്ളില്‍ മണ്ണിടിഞ്ഞുണ്ടായ വലിയ മാളമുണ്ടായിരുന്നു. ഇതിനുള്ളില്‍ കുടുങ്ങിപ്പോയതിനാല്‍ പൊങ്ങാന്‍ പറ്റിയില്ല. ആള് മരിച്ചുപോയി. ഫയര്‍മാനായ ഹരിദാസന് കിണറ്റില്‍ ഇറങ്ങി അയാളെ പുറത്തെടുത്തു. ഫയര്‍ എഞ്ചിനിലെ സീറ്റില്‍ കിടത്തി ചേലക്കര ആശുപത്രിയിലെത്തിച്ചു. അന്ന് ഞങ്ങളെ സഹായിക്കാനായി വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച ഊര്‍ജസ്വലനായ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായുള്ള സംവിധാനങ്ങളൊരുക്കാനും മൃതദേഹം വണ്ടിയില്‍ കയറ്റാനും ആശുപത്രിയിലെത്തിക്കാനും സദാസമയവും കൂടെ ഉണ്ടായിരുന്ന അദ്ദേഹം 'ഞാന്‍ വാര്‍ഡ് മെമ്പറാണ്, പേര് രാധാകൃഷ്ണന് എന്ന് സ്വയം പരിചയപ്പെടുത്തി. ആശുപത്രിയിലും എല്ലാകാര്യങ്ങള്‍ക്കും ഓടി നടന്നിരുന്ന ആ വാര്‍ഡ് മെമ്പറെ ഞാന്‍ പിന്നീട് കണ്ടത് തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ്. ചേലക്കരയില്‍ നിന്ന് സ്ഥാനാര്‍ഥിയായി മത്സരിച്ച ആ മെമ്പര്‍ രാധാകൃഷ്ണന് തൊട്ടടുത്ത വര്‍ഷവും അതിനുശേഷമുള്ള പല വര്‍ഷങ്ങളിലും ചേലക്കരയുടെ എംഎല്‍എ ആയി, നിയമസഭയുടെ സ്പീക്കറായി, മന്ത്രിയായി. ഇപ്പോഴിതാ ആലത്തൂരിന്റെ എംപിയുമായിരിക്കുന്നു.

പ്രീമിയം ആർട്ടിക്കിളുകൾ വായിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ - https://mbi.page.link/mbplus
അതേകാലത്ത് നടന്ന മറ്റൊരു കാര്യം കൂടി ഓര്‍മയില്‍ വരികയാണ്, ട്രെയിനിങ് കാലമെന്നാല്‍ ആവേശത്തിന്റെ കാലമാണ്. ഉള്ളിലെ രക്ഷാപ്രവര്‍ത്തകനെ പുറത്തെടുക്കാന്‍ വെമ്പിനില്ക്കുകയാണ് ഞങ്ങളോരോരുത്തരും. അതുകൊണ്ട് തന്നെ അപകടങ്ങളും തീപ്പിടിത്തവുമെല്ലാം ഉണ്ടാവുമ്പോള്‍ ദുരന്തത്തിന്റെ ഞെട്ടലും ആശങ്കയുമെല്ലാം ഉണ്ടെങ്കിലും ട്രെയിനികള്‍ക്ക് അത് ആവേശമായിരുന്നു. പഠിച്ചതെല്ലാം പുറത്തെടുക്കാന്‍ കിട്ടുന്ന അവസരമാണല്ലോ. അങ്ങനെയൊരിക്കല്‍ മാസപരീക്ഷയെഴുതി പരീക്ഷ പേപ്പറും കൈയില്‍ പിടിച്ചിരിക്കുമ്പോഴാണ് ഒരു ഫയര്മാന് ഓടിവന്നത്. 'ഇന്‍സിഡന്റ് കോള്‍ ഉണ്ട്, അറ്റന്റ് ചെയ്യാന്‍ കുറച്ച് ട്രെയിനീസിനെ വേണം' നേരത്തെ പറഞ്ഞ ആവേശത്തിന്റെ കാലമാണല്ലോ, കേട്ടപാതി ഞാനും കുറച്ച് കൂട്ടുകാരും ഓടി വണ്ടിയില്‍ കയറി. സൈറണ്‍ മുഴക്കിക്കൊണ്ട് വണ്ടി നേരെ കണ്ണൂർ ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലേക്ക് കുതിച്ചു. തീപ്പിടിത്തമോ അപകടമോ പ്രതീക്ഷിച്ചുപോയ ഞങ്ങള്‍ക്ക് മുന്നില്‍, ആശുപത്രി കെട്ടിടത്തിന്റെ നാലാമത്തെ നിലയിലതാ ആത്മഹത്യഭീഷണി മുഴക്കി ഒരു യുവാവ് നില്ക്കുന്നു. ആശുപത്രി പരിസരത്ത് ഒച്ചപ്പാടും ബഹളവുമായി വന്‍ ജനക്കൂട്ടം. താഴേയ്ക്ക് ചാടല്ലേ, വീഴല്ലേ... താഴെയിറങ്ങൂവെന്നൊക്കെ ആള്ക്കാര് ബഹളം വെയ്ക്കുന്നുണ്ട്. ഞാനിപ്പോള്‍ ചാടി മരിക്കുമെന്ന് ഒരേ ഭീഷണിയാണ്. ഞങ്ങള്‍ ആവുന്നതും പരമാവധി പറഞ്ഞുനോക്കി താഴെയിറങ്ങാന്‍. അയാള്‍ കൂട്ടാക്കിയില്ല. പിന്നീട് യുവാവുമായി സംസാരിച്ചുകൊണ്ട് ഫയര്‍ ഓഫീസര്‍ മുരളീധരന് സാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ടെറസ്സിന് മുകളിലേക്ക് കയറി. താഴെ ഞങ്ങള്‍ കുറേ പേര് യുവാവ് താഴേയ്ക്ക് ചാടിയാല്‍ പിടിക്കാനായി ടാര്‍പോളിന്റെ നാലുവശവും മുറുകെ പിടിച്ചുകൊണ്ട് നില്ക്കുന്നു. അനുനയപ്പിച്ച് അയാളെ താഴെയിറക്കാനായിരുന്നു ശ്രമം. പക്ഷേ പിടിക്കാന്‍ വരുന്ന രക്ഷാപ്രര്ത്തകരെ കണ്ട് അയാള്‍ കെട്ടിടത്തിന്റെ പാരപ്പറ്റില്‍ കൂടെ ഒരു വശത്തേയ്ക്ക് നിന്ന് മറുവശത്തേയ്ക്ക് ഓടി. താഴെ ടാര്‍പോളിന്‍ പിടിച്ച് ഞങ്ങളും ഓടി. പെട്ടന്ന് ഞങ്ങളെ വെട്ടിച്ച് അയാള്‍ താഴേക്ക് ചാടി. ഒരു മനുഷ്യന് നിലത്തേക്ക് വന്നുവീണതുകണ്ട് ആളുകള്‍ നിലവിളിച്ച് പരക്കംപാഞ്ഞു. പോയി നോക്കുമ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു അയാള്‍, ഗുരുതരമായി പരിക്കേറ്റ അയാളെ ഉടനടി കാഷ്വാലിറ്റിയിലെത്തിച്ചു. സര്‍വപ്രതീക്ഷയും നശിച്ചാവാം അയാള്‍ സ്വയം ഇല്ലാതാവുകയെന്ന വഴി തിരഞ്ഞെടുത്തത്, എങ്കിലും അയാളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പറ്റുമെന്ന പ്രതീക്ഷയോടെയായിരുന്നു ഞങ്ങള്‍.

ആത്മഹത്യാ ഭീഷണിയുടെ കേസുകള്‍ പിന്നേയും നിരവധിയുണ്ട്. അതില്‍ എല്ലാ സന്തോഷത്തോടുകൂടി തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയവയുണ്ട്, എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് കൈവിട്ടുപോയവയുണ്ട്. 2009'ല്‍ കോഴിക്കോട് വെള്ളിമാടുകുന്നില്‍ ജോലി ചെയ്യുന്ന കാലം, കോഴിക്കോട് മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ആത്മഹത്യ ചെയ്യാന്‍ കയറിയ വയനാട്ടിലെ നടവയലിലെ ശാരദയെ ഞാനൊരിക്കലും മറക്കില്ല. മകന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് 35 വയസ്സുകാരിയായ ശാരദ മെഡിക്കല്‍ കോളേജിലെത്തിയത്. രോഗമെന്താണെന്നോ അതിന്റെ തീവ്രതയെന്താണെന്നോ ഒന്നും ശരദയ്ക്കറിയില്ല, അതിനുള്ള അറിവോ ലോകവിവരമോ അവര്‍ക്കില്ല. ആശുപത്രിയില്‍ കഴിയുന്നതിനിടെ സഹവാസികളാരോ പറഞ്ഞുവത്രേ ചികിത്സിച്ചാല്‍ മാറുന്ന രോഗമല്ല മകന്റേതെന്നും ചികിത്സിച്ചിട്ട് കാര്യമില്ലെന്നും. ഏക മകന് ഉടന്‍ മരിച്ചുപോകുമെന്ന ചിന്ത ശാരദയുടെ അമ്മമനസ്സിന് അത് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. രോഗം മൂര്‍ച്ഛിച്ച് മകന് മരിക്കുന്നതിന് മുന്‍പ് മരിക്കാമെന്ന ചിന്തയിലാണ് ആശുപത്രി കെട്ടിടത്തിന്റെ എയര്ഹോളിലൂടേയും സണ്ഷേഡിലൂടെയുമെല്ലാം നൂണ്ടിറങ്ങി താഴേക്ക് ചാടി മരിക്കാനൊരുങ്ങിയത്.
താഴെ വന്‍ ജനക്കൂട്ടം, തിക്കി തിരക്കി ചിലര്‍ ഫോട്ടോയും വീഡിയോയുമെടുക്കുന്നു. വനിതാ പോലീസുകാര്‍ നെഞ്ചില്‍ കൈവെച്ച് അയ്യോ ചാടല്ലേ മോളെ എന്നൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അത്യാഹിതം എന്തെങ്കിലും സംഭവിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് ഇടപെടാനായി. ടെറസിന് മുകളില്‍ നിന്ന് ചെയര്‍ നോട്ടില്‍ സി.കെ.മുരളീധരനെന്ന ഉദ്യോഗസ്ഥനെ സണ്‍ഷേഡിന് സമീപത്ത് എത്തിച്ചു, ശാരദയെ കയറോടെ കൂട്ടിപ്പിടിച്ച് സണ്‍ഷേഡില്‍ നിന്നും നേരെ താഴേക്ക്. ആകാംക്ഷയോടെ നിന്നിരുന്ന ആബാലവൃദ്ധം ജനങ്ങള്‍ അന്ന് കരഘോഷങ്ങളോടെയായിരുന്നു താഴേക്കിറങ്ങിയ സാറിനേയും ശാരദയേയും സ്വീകരിച്ചത്. ജനങ്ങളാല്‍ പലരും ആവേശത്തിൽ വന്ന് കെട്ടിപ്പിടിക്കുക പോലും ചെയ്തു.. ഈ സ്നേഹങ്ങള്‍ക്കപ്പുറം എന്താണ് ഞങ്ങളിനി പ്രതീക്ഷിക്കേണ്ടത്.
2009ല്‍ കോഴിക്കോട് നഗരത്തിലുണ്ടായ മറ്റൊരു സംഭവം പിന്നീടോര്‍ക്കുമ്പോള്‍ ചിരി വരും. പാളയം ബസ് സ്റ്റാന്റിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നിന്നാണ് ഒരു വിരുതന് ആത്മഹത്യാഭീഷണി മുഴക്കിയത്. വീട്ടിലെ പ്രശ്നങ്ങളെന്തോ ആയിരുന്നു ഈ സാഹസത്തിലേക്ക് അവനെ എത്തിച്ചത്. വിവരമറിഞ്ഞ് ഞങ്ങള്‍ എത്തിയപ്പോള്‍ 'നിങ്ങള്‍ ഇങ്ങോട്ട് വരേണ്ട, ഞാനിപ്പോള്‍ താഴേക്ക് ചാടും' എന്ന് അവന് പറയുന്നുണ്ടായിരുന്നു. പാളയം ബസ് സ്റ്റാന്റാണ് സ്ഥലം, നൂറുകണക്കിനാള്‍ക്കാരുണ്ട് ചുറ്റും. വിവരമറിഞ്ഞ് മാര്‍ക്കറ്റില്‍ നിന്നും ജംങ്ഷനില്‍ നിന്നുമെല്ലാം ആളുകള്‍ അവിടേയ്ക്ക് വീണ്ടും എത്തിക്കൊണ്ടേയിരുന്നു. അനുനയപ്പിച്ച് താഴെയിറക്കാനുള്ള ഡ്യൂട്ടി എനിക്കായിരുന്നു. ഞാന്‍ പതുക്കെ അവന്റെ അടുത്തേക്ക് കയറിച്ചെന്നു. അടുത്തേക്ക് വന്ന് സംസാരിക്കാം, നീ ആത്മഹത്യ ചെയ്യുന്നത് എന്തിനാണ്, എന്നോട് അത് പറയൂ, നീ മരിക്കുന്നതിന്റെ കാരണം സമൂഹം അറിയട്ടെ, ആരോടെങ്കിലും ഒന്ന് തുറന്നുപറഞ്ഞിട്ട് നീ ആത്മഹത്യ ചെയ്തോളൂ എന്നൊക്കെ 'നമ്പര്‍' ഇറക്കിയാണ് അടുത്തേക്ക് ചെല്ലുന്നത്. അപ്പോള്‍ തന്നെ ചെറിയ തോതില്‍ വീണ്ടുവിചാരം അവനുണ്ടായിരുന്നിരിക്കണം. വെള്ളം വേണമെന്ന് പറഞ്ഞു, വെള്ളം കൊടുത്തു. കുട്ടിയെ കാണണമെന്ന് പറഞ്ഞു. അപ്പോഴേക്കും അവന്റെ വീട്ടില്‍ പോയി ഭാര്യയേയും കുട്ടിയേയും കൂട്ടിക്കൊണ്ടുവന്നു. കുഞ്ഞിനെ കണ്ടപ്പോഴേക്കും അവന്റെ മനസ്സാകെ മാറിയിരുന്നു. പിന്നെ പതുക്കെ സംസാരിച്ച് താഴെയിറക്കി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് അവനെ താഴെയിറക്കാനായതെന്നോര്ക്കണം, ജനങ്ങള്‍ വളരെ ക്ഷോഭത്തോടെയാണ് താഴേക്ക് ഇറങ്ങിവന്ന അവനെ സ്വീകരിച്ചത്. ഉന്തിയും തള്ളിയും ചീത്തവിളിച്ചും ശാസിച്ചുമെല്ലാം ആളുകള്‍ പ്രതികരിച്ചു. അന്നുണ്ടായ തള്ളിക്കയറ്റത്തില്‍ എന്റെ യൂണിഫോമിലെ നെയിംപ്ലേറ്റ് പോലും പൊട്ടിപ്പോയി. പിന്നീട് അവനെ ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധന നടത്തി പോലീസിന് കൈമാറി. സംഭവത്തിന് രണ്ട് വര്‍ഷത്തിന് ശേഷം കോഴിക്കോട് പുതിയാപ്പയിലെ ഒരു ഹോട്ടലില്‍വെച്ച് ഒരാള്‍ എന്റെ അടുത്തേക്കെത്തി ചെറുചിരിയോടെ ചോദിച്ചു 'സാറിന് എന്നെ ഓര്‍മയുണ്ടോ?' ഓര്‍ത്തെടുത്ത് എന്തെങ്കിലും പറയുന്നതിന് മുന്‍പ് അവന് തുടര്‍ന്നു, അന്ന് പാളയത്ത് വെച്ച് സാര്‍ എന്നെ രക്ഷിച്ചിരുന്നു. ഞാനാണ് അന്ന് ആത്മഹത്യ ചെയ്യാന്‍ ടാങ്കിന് മുകളില്‍ കയറിയ ആള്' ! 'ഓഹ് ഉഷാറായിരിക്ക്...' ഞാന്‍ മറുപടി പറഞ്ഞു. വേറെന്ത് പറയാന്‍ !!

സങ്കടവും സന്തോഷവും മാത്രമല്ല, ദേഷ്യവും അസ്വസ്ഥതയും വന്നുനിറയുന്ന ദിവസങ്ങളും വന്നുപോവാറുണ്ട് ജോലിക്കിടയില്‍. മനസ്സിന് സംതൃപ്തിയോടെ വീട്ടിലേക്ക് തിരിച്ചുപോവുന്ന ദിവസങ്ങളേക്കാള്‍ കൂടുതലും മാനസിക സമ്മര്‍ദം കൊണ്ട് തലപുകയുന്ന ദിവസങ്ങളാണുണ്ടായിട്ടുള്ളത്. അത്തരത്തില്‍ ഒന്നായിരുന്നു 2009ലെ ജോലിദിവസം. സമയം വൈകുന്നേരം നാലരയോടടുത്തിരുന്നു. വാച്ച്റൂമിലെ ഫോണ്‍ ബെല്ലടിച്ചു, നീട്ടിയിട്ട ഫയര്ബെല്. വാച്ച് റൂമിലേക്ക് ഓടിയെത്തിയപ്പോള്‍ ഇന്‍സിഡന്റ് കോളാണെന്നറിഞ്ഞു. കോഴിക്കോട്ട് കെ.എസ്.ആര്.ടി.സിക്ക് വേണ്ടി നിര്‍മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പില്ലര്‍ ചെരിഞ്ഞുവീണു, ഒരു തൊഴിലാളി പില്ലറിനടിയില്‍ അകപ്പെട്ടിരിക്കുകയാണ്. എമര്‍ജന്‍സി ടെണ്ടറും ആംബുലന്‍സുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. നിര്‍മാണം നടക്കുന്ന സ്ഥലമാണ്, മുട്ടോളം ചെളി നിറഞ്ഞിരിക്കുന്നു. ഒരുഭാഗത്ത് കൂറ്റന്‍ യന്ത്രങ്ങളും വാഹനങ്ങളും കൊണ്ട് പണി നടക്കുകയാണ്. മറ്റൊരു ഭാഗത്ത് കൂറ്റന്‍ പില്ലറിനടിയില്‍ തലതകര്‍ന്ന് മരിച്ചുകിടക്കുന്ന രാമസ്വാമി എന്ന് തമിഴ്നാട്ടുകാരനായ തൊഴിലാളി. രാമസ്വാമിയുടെ തലയില്‍ നിന്നൊലിച്ചിറങ്ങിയ ചോര ചെളിക്കൊപ്പം തളംകെട്ടി നില്‍ക്കുന്നുണ്ട്. കൂട്ടത്തിലൊരാള്‍ മരിച്ചുകിടക്കുമ്പോഴും ഒരുഭാഗത്ത് തകൃതിയായി പണി നടക്കുന്നുണ്ട്. ദേഷ്യമാണ് ആദ്യം വന്നത്. എന്തൊരു മനുഷന്മാരാണ്, ഒരു ജീവനാണ് അറ്റുപോയിരിക്കുന്നത്, ഒരു മൃതശരീരമാണ് പില്ലറിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതുകണ്ടയുടനെ ജോലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്കി. പണിക്കെത്തിച്ച ക്രെയ്ൻ ഉപയോഗിച്ചുകൊണ്ടുതന്നെ പില്ലറിന്റെ ഒരു വശം ഉയര്‍ത്തി മൃതദേഹം പുറത്തെടുത്തു. സ്ട്രെച്ചറില്‍ കിടത്തി മേലെ ഇരുമ്പ് ഷീറ്റ് വിരിച്ച് അവിടെനിന്ന് നീക്കി. എത്രവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍ എത്ര വികസിച്ചിരിക്കുന്നു, ദിനവും നൂറുകണക്കിന് ബസ്സുകള്‍ വന്നുപോവുന്നത് കാണുമ്പോള്‍ ഒരു ദീര്‍ഘനിശ്വാസം ചങ്കിലൂടെ ഊര്ന്നിറങ്ങിപ്പോവുന്നു, രാമസ്വാമിയുടെ ചോരയില്‍ കൂടിയാണല്ലോ ഈ കെട്ടിടം പണിതുയര്‍ത്തിയിരിക്കുന്നത്. !

പോലീസിനും രക്ഷാപ്രവര്ത്തകര്ക്കുമെല്ലാം എന്ത് തിരുവോണം, എന്ത് ക്രിസ്മസ് എന്ത് പെരുന്നാള്‍. അപകടവും ദുരന്തവുമെല്ലാം എപ്പോഴും ചുറ്റും പതുങ്ങിനില്ക്കുന്നുണ്ട്. എപ്പോള്‍ വേണമെങ്കിലും പുറത്തുവന്നേക്കാം. അങ്ങനെയൊരു വിശേഷപ്പെട്ട ദിവസത്തിലായിരുന്നു കേരളം. 2011ലെ തിരുവോണ ദിവസം ഉച്ചയോടടുത്തിരുന്നു, ഡ്യൂട്ടിയിലായിരിക്കെ ഒരു ഫയര്ബെല് കേട്ടി വാച്ച്റൂമിലെത്തി. കോഴിക്കോട് മീഞ്ചന്ത സ്റ്റേഷനില്‍ നിന്നാണ് സന്ദേശം വന്നിരിക്കുന്നത്. മാങ്കാവ് വെസ്റ്റിലെ മനാരിയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു, ഡ്രൈവറും ക്ലീനറും അകപ്പെട്ടിരിക്കുകയാണ്. സംഭവസ്ഥലത്തെത്തുമ്പോള്‍ മീഞ്ചന്തയില്‍ നിന്നെത്തിയ റിക്കവറി വാന്‍ ഡ്രൈവറെ പുറത്തെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ഹൈഡ്രോളിക്ക് കട്ടറും സ്പ്രെഡറും ഉപയോഗിച്ച് ഡ്രൈവറെ പുറത്തെടുത്തു. അടുത്തതായി ക്ലീനറെ രക്ഷപ്പെടുത്തണം. പക്ഷേ ചരിഞ്ഞു കിടക്കുന്ന ലോറിക്കുള്ളില്‍ ശരീരത്തിലെ മര്‍മ്മ ഭാഗം ഇരുമ്പ് കമ്പിക്കിടയില്‍ പെട്ട് ചെറുപ്പക്കാരനായ ലോറി ക്ലീനര്‍, ഏത് നിമിഷവും വീഴാവുന്ന തെങ്ങില്‍ ചാരി നില്ക്കുന്ന ലോറി. ഞാനും ആലപ്പുഴക്കാരന് മുഹമ്മദ് താഹയും, മുഹമ്മദ് സാനിജും, അഫ്സലും, എം.കെ. സുജിനും ജനാര്‍ദ്ദനനും ശിവദാസനും നന്ദകുമാറും സുരേഷുമാണ് സ്ഥലത്തുള്ളത്. സ്റ്റാര്‍ട്ട് ചെയ്ത ഹൈഡ്രോളിക്ക് എഞ്ചിനുമായി മുഹമ്മദ് സാനിജ് ക്ലീനറുടെ കാലിന്റെ ഉള്‍വശത്ത് സ്പ്രെഡര്‍ വെച്ച് കമ്പി മുറിക്കാന്‍ ശ്രമിച്ചു. ഭയംമൂലം കമ്പി മുറിക്കാന്‍ അനുവദിക്കാതെ ആ യുവാവ് സാനിജിന്റെ കൈയില്‍ കയറിപ്പിടിച്ചു. ഞാനും താഹയും സുജിനും യുവാവിന്റെ കൈ പിടിച്ചു കൊണ്ടും ആശ്വസിപ്പിച്ചും അടുത്തു നിന്നു. ഏറെ നേരത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ഞങ്ങള്‍ വിജയം കണ്ടു. കുടുങ്ങിക്കിടന്ന കമ്പിക്കിടയില്‍ നിന്നും യുവാവിനെ പതിയെ പുറത്തെടുത്തു. അന്ന് അവന്റെ മുഖത്തുണ്ടായിരുന്ന ആ ആശ്വാസപുഞ്ചിരി ഇന്നുംഞാന്‍ മറന്നിട്ടില്ല. ആ രക്ഷപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിനും കേരള ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസസിന്റെ സത്പേര് സമൂഹമധ്യത്തില്‍ ഉയര്ത്തിക്കാണിച്ചതിനും അന്ന് ഡിപ്പാര്‍ട്ടുമെന്റ് ഞങ്ങള്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും അനുവദിച്ചു..
(തുടരും..)
തയ്യാറാക്കിയത്: അശ്വതി അനില്‍
Content Highlights: service story of a fireman p ajith kumar retired station officer
Published: 22 Jun 2024, 03:30 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented