കര്‍ണാടകയില്‍ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ കാണാതായ  മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടി കേരളം കണ്ണിമചിമ്മാതെ കാത്തിരുന്ന ദിവസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. അര്‍ജുന്റെ പിതാവിനെ 45 വര്‍ഷങ്ങളായി എനിക്കറിയാം. ജീവിക്കാന്‍ വേണ്ടി പല തൊഴിലും എടുത്ത ഒരു മനുഷ്യന്‍. മക്കളൊക്കെ ഒരു നിലയ്ക്കായി. സ്വന്തമായി വീടായി. സന്തോഷത്തോടെ കഴിഞ്ഞ ആ കുടുംബത്തിനെയാണ് വിധി മണ്ണിടിച്ചിലിന്റെ രൂപത്തില്‍ സങ്കടത്തിലാഴ്ത്തിയത്. അര്‍ജുന്‍ കേരളത്തിന്റെ ദുഃഖമായി തുടരുന്നതിനിടെയാണ് വയനാട് ചൂരല്‍മലയില്‍ നിന്നുള്ള ദുരന്തവാര്‍ത്തയെത്തിയത്. ഒരൊറ്റ രാത്രികൊണ്ട്, വിരലിലെണ്ണാവുന്ന സെക്കൻഡുകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍, രാവ് പുലരും മുന്‍പേ വീടോ കുടുംബമോ വിലാസമോ ഇല്ലാതെ അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടവര്‍. ജീവന്റെ ഒരു കണികയെങ്കിലും ബാക്കിയുണ്ടോയെന്ന് അന്വേഷിച്ച് ദുരന്തഭൂമിയിലെങ്ങും അരിച്ചുപെറുക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. സ്വര്‍ഗം പോലൊരു നാടിതാ നരകതുല്യമായിരിക്കുന്നു, കാണാമറയത്തേക്ക് പോയവരെ കാത്തിരിക്കുകയാണ് ഉറ്റവരും ഉടയവരും. വയനാടിന്റെ വിലാപം കേരളവും ഏറ്റെടുത്തിരിക്കുകയാണ്. ഇനി അവര്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുക നമുക്ക് ഓരോരുത്തര്‍ക്കുമാണ്. 

To advertise here,

ഷിരൂരും വയനാടും മനസ്സിനെ ഉലച്ചിരിക്കുമ്പോഴാണ് സര്‍വീസ് ജീവിതത്തില്‍ ഞാന്‍ നേരിട്ട ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും ഓര്‍മ്മയില്‍ വരുന്നത്. കോഴിക്കോട്ടെ പുല്ലൂരാംപാറയും കണ്ണപ്പന്‍ കുണ്ടും പെരിങ്ങാവും കാക്കൂരും പന്തീരാങ്കാവും പെരുമണ്ണയും നഗരത്തിലെ കല്ലായ് റോഡിലും രാവും പകലും പണിയെടുത്ത മണ്ണിടിച്ചല്‍ ദിവസങ്ങള്‍. ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ 2018ലെ പ്രളയകാലത്തെ ദുരിതത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോരാ. 

placeholder
അർജുൻ, കർണാടകത്തിലെ അങ്കോലയിലെ ഷിരൂരിൽ കുന്നിടിഞ്ഞു റോഡിലേക്കു വീണഭാഗത്ത് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു
ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍

2018, സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചുള്ള കോഴിക്കോട് ജില്ലാ ഫയര്‍ഫോഴ്‌സ് ടീമിനെ നയിക്കാനുള്ള ചുമതല എനിക്കായിരുന്നു. ഒരാഴ്ച മുമ്പേ പരിശീലനം തുടങ്ങിയിരുന്നു. പരിശീലനത്തിന് ശേഷം സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരിക്കും എങ്ങും കനത്ത മഴയാണ്, പരിപാടിയില്‍ പങ്കെടുക്കേണ്ടത് 24 പ്ലാറ്റൂണുകളാണ്. മഴ കാരണം 10 പ്ലാറ്റൂണുകളാക്കി കുറച്ചു. ചെറിയ മഴയുണ്ടായിരുന്നെങ്കിലും പരേഡ് ഭംഗിയായി നടന്നു. വിശ്രമമൊഴിവാക്കി ഞങ്ങളെല്ലാം സ്‌റ്റേഷനിലെത്തി. ഏതാണ്ട് പതിനൊന്ന് മണിയോടെയാണ് ഒരു കോള്‍ വന്നത്. രാമനാട്ടുകര ഭാഗത്തെ പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണ് കുറച്ചുപേര്‍ ഉള്ളിലകപ്പെട്ടുപോയിരിക്കുന്നു എന്നായിരുന്നു വിവരം. എമര്‍ജന്‍സി ടെണ്ടര്‍, ക്വിക്ക് റെസ്‌പോണ്‍സ് വെഹിക്കിള്‍, ആംബുലന്‍സ് എന്നിവയുമായി സംഭവസ്ഥലത്തേക്ക് കുതിച്ചു. ഒപ്പം രാമനാട്ടുകരയിലെ കമ്മ്യൂണിറ്റി റെസ്‌ക്യൂ വളണ്ടിയേഴ്‌സിനേയും വിവരം അറിയിച്ചു. വളണ്ടിയര്‍മാര്‍ ആ റോഡിലെ വാഹനങ്ങള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു അതിനാല്‍ തടസ്സങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല. വളരെ ഉയരത്തിലുള്ള മലയുടെ താഴെ മണ്ണെടുത്ത് നീക്കിയ സ്ഥലത്ത് നിര്‍മിച്ച ഇരുനില വീടാണ് മണ്ണിടിച്ചിലില്‍ പാടെ തകര്‍ന്നത്. ഒരു നില പൂര്‍ണമായും മണ്ണിനടിയിലായി. എതു നിമിഷവും തകര്‍ന്നു വീഴാവുന്ന കെട്ടിടത്തിനുള്ളിലേക്ക് ഫയര്‍മാന്‍ സജിത്ത് ഇഴഞ്ഞു കയറി ഉളളില്‍ അകപ്പെട്ടയാളെ വലിച്ചുകൊണ്ട് വന്ന് പുറത്തെത്തിച്ചു. മറ്റാരെങ്കിലും വീട്ടിനുള്ളില്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലായെന്നറിയിച്ചു, മറ്റൊരു ഭാഗത്തേയ്ക്ക് ചൂണ്ടി അവിടെ കുറച്ചാളുകള്‍ ഉണ്ടെന്നറിയിച്ചു. മൂന്ന് മീറ്ററോളം മണ്ണ് ആ ഭാഗത്തുണ്ടായിരുന്നു ഫയര്‍ഫോഴ്‌സ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, സി.ആര്‍ വി, സന്നദ്ധ പ്രവര്‍ത്തകര്‍ ചേര്‍ന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ചും കഠിനാധ്വാനം ചെയ്ത് മണ്ണ് നീക്കിയപ്പോള്‍ കണ്ട കാഴ്ച ഇന്നും മനസില്‍ മായാതെ നില്‍ക്കുകയാണ്. രണ്ട് കുടുംബം പൂര്‍ണമായും മണ്ണിനടിയിലായിരിക്കുന്നു. ഒമ്പത് പേരാണ് അതിനുള്ളിലകപ്പെട്ടത്. കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടിന്റെ സമീപത്തുണ്ടായിരുന്ന കോഴിക്കൂട് മാറ്റാന്‍ അദ്ദേഹത്തിന്റെ ചേട്ടനും അനിയനും കുടുംബവും വന്നതായിരുന്നു. ഒരൊറ്റ മണ്ണിടിച്ചിലില്‍ എല്ലാം അവസാനിച്ചു. അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒമ്പത് മൃതദേഹങ്ങളും പുറത്തെടുത്തത്. ഉരുള്‍പൊട്ടല്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ ഇതും നൊമ്പരപ്പെടുത്തുന്ന ഓര്‍മയായി മനസിലേക്ക് വരുന്നു.

വാഹന അപകടങ്ങളുമായി ബന്ധപ്പെട് ഒരുപാട് വാതകചോര്‍ച്ചകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. 2014ലാണെന്ന് തോന്നുന്നു, കോഴിക്കോട് വെസ്റ്റ്ഹില്‍ ഗസ്റ്റ് ഹൗസിന് താഴെയുള്ള കൊടുംവളവില്‍ എല്‍.പി.ജി യുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു. സമീപത്തെ കടയിലേക്ക് സാധനങ്ങളുമായി വന്ന ഓട്ടോ ഡ്രൈവര്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു. ഒപ്പം ടാങ്കര്‍ലോറിയില്‍ നിന്ന് വാതകച്ചോര്‍ച്ചയും ആരംഭിച്ചു. ഞങ്ങള്‍ സ്ഥലത്തെത്തി ഒരു വശത്ത് നിന്ന് വെള്ളം പമ്പ് ചെയ്ത് വാതകം നേര്‍പ്പിച്ചുകൊണ്ടിരുന്നു. അതോടൊപ്പം വാഹനത്തിന്റെ ഒരു ഭാഗം ഉയര്‍ത്തി ഡ്രൈവറെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാതകച്ചോര്‍ച്ചയുള്ള സ്ഥലത്ത് സംഭവിക്കാന്‍ സാധ്യതയുള്ള വന്‍ അപകടം മുന്നില്‍കണ്ട് ഗതാഗതം പൂര്‍ണമായും തടഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ എഞ്ചിന്‍, ഫയര്‍ഫോഴ്‌സ് ആംബുലന്‍സ്, ജീപ്പ് എന്നിവ സംഭവസ്ഥലത്തേക്ക് പോകുന്നു. ഫയര്‍ എഞ്ചിനുകള്‍ നിരവധി തവണ വെള്ളം നിറച്ചു വരുന്നു. തിരിച്ചു പോകുന്നു.

വാതകചോര്‍ച്ചയുള്ള സ്ഥലത്തേക്ക് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ പോകുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളെ പറ്റി ആരും ചോദിച്ചിട്ടില്ല. അത് ഞങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പാര്‍ക്ക് അറസ്റ്റര്‍ എന്ന സുരക്ഷാഉപകരണമാണ്. തീപ്പിടിത്തതിലേക്ക് നയിക്കുന്ന തീപ്പൊരികളെയും മറ്റും തടസ്സപ്പെടുത്തുകയും നിര്‍വീര്യമാക്കാനുള്ള സംവിധാനമാണിത്. അപകട സ്ഥലത്ത് വാഹനം ഓഫ് ചെയ്യാനോ സ്റ്റാര്‍ട്ട് ചെയ്യാനോ പാടില്ല എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയാല്‍ മാത്രമേ സ്പാര്‍ക്ക് അറസ്റ്ററിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. 2009ലെ കരുനാഗപ്പള്ളി ടാങ്കര്‍ ദുരന്തത്തിന് ശേഷമാണ് ഈ സംഭവം നടപ്പിലാക്കിയത്. 12 പേരായിരുന്നു അന്ന് അപകടത്തില്‍പെട്ട് വെന്തുമരിച്ചത്. 

placeholder
കരുനാഗപ്പള്ളി പുത്തന്‍തെരുവിലുണ്ടായ ടാങ്കര്‍ അപകടം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി
കരുനാഗപ്പള്ളി പുത്തന്‍തെരുവിലുണ്ടായ ടാങ്കര്‍ അപകടം (ഫയല്‍ ചിത്രം) | ഫോട്ടോ: മാതൃഭൂമി

മറ്റൊരു കാര്യം കൂടി ഈ അവസരത്തില്‍ ഓര്‍മ്മയില്‍ വരുന്നുണ്ട്. വാഹനം മറിഞ്ഞ സ്ഥലത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകളെ ഒഴിപ്പിച്ചിരുന്നു. വൈദ്യുതബന്ധം വിച്ഛേദിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചു മണി ആയിക്കാണും ഒരു അമ്മയും മകളും എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു, 'നാളെ മകളുടെ പത്താം ക്ലാസ് പരീക്ഷയാണ് വീട്ടില്‍ ചെന്ന് ഒരു പുസ്തകം എടുക്കാനുണ്ട്. അനുവാദം തരണമെന്നായിരുന്നു ആവശ്യം. ഹാള്‍ ടിക്കറ്റ് എടുത്തിട്ടുണ്ടോയെന്ന് ഞാന്‍ തിരിച്ചു ചോദിച്ചു, ഉണ്ടെന്ന് മറുപടിയും കിട്ടി. എന്നാല്‍ തിരിച്ചു പോയ്‌ക്കോളൂ എന്നാണ് ഞാന്‍ പറഞ്ഞത്. അനുമതി കിട്ടില്ലെന്നറിഞ്ഞപ്പോള്‍ അവര്‍ നിരാശരായി തിരിച്ചുപോയി. ആ കണക്ക് പുസ്തകത്തേക്കാള്‍ എത്രയോ വലുതല്ലേ ജീവന്റെ വില..

മലപ്പുറം ജില്ലയില്‍ നിന്നും കര്‍ണാടകയിലെ മംഗലാപുരത്തേക്ക് ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അയച്ചിരുന്നു. ഭര്‍ത്താവും മക്കളും പേരക്കുട്ടികളുമായി മംഗലാപുരത്താണെങ്കിലും ഇപ്പോഴും വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനായി മലപ്പുറത്തെത്തുമായിരുന്നു. അതുപോലെയൊരു സന്ദര്‍ശനമാണ് ആ കുടുംബത്തില്‍ ഒരിക്കലും മറക്കാനാവാത്തൊരു ദുരന്തം സമ്മാനിച്ചത്. മംഗലാപുരത്തു നിന്നും വിളിച്ച ഒരു ട്രാവലറില്‍ കൊച്ചുകുട്ടികളും പ്രായമുള്ളവരുമുള്‍പ്പെടെ പതിനാറ് പേരായിരുന്നു ഉണ്ടായിരുന്നത്. സമയം ഉച്ചകഴിഞ്ഞപ്പോള്‍ വണ്ടി കോഴിക്കോട്ടെ ഫറോക്കിലെത്തി. ടൗണില്‍ നിന്നും ഉച്ചഭക്ഷണത്തിനുള്ള സാധനങ്ങള്‍ വാങ്ങി ഫറോക്ക് പുതിയ പാലത്തിന് സമീപത്തെ പുഴയരികില്‍ വണ്ടി പാര്‍ക്ക് ചെയ്തു. വാഹനത്തില്‍ കരുതിയ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും എടുത്ത് സ്ത്രീകള്‍ പാചകത്തില്‍ മുഴുകിയപ്പോള്‍ കുട്ടികളും ബാക്കിയുള്ളവരും പന്ത് കളിക്കാനിറങ്ങി. അതിനിടെ ഫുട്‌ബോള്‍ പുഴയില്‍ വീണു. പന്തെടുക്കാന്‍ പുഴയിലിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു. അവനെ രക്ഷിക്കാനിങ്ങിയ മിലിട്ടറിക്കാരന്‍ ബന്ധുവും ഒഴുക്കില്‍പെട്ടു. ഇവരെ രണ്ടുപേരെയും രക്ഷിക്കാനിറങ്ങിയവനെയും കാണാതായി. സ്ത്രീകളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ പുഴയില്‍ ഇറങ്ങിയെങ്കിലും ശക്തമായ അടിയൊഴുക്കില്‍ ആരെയും രക്ഷിക്കാനായില്ല.

അതിനിടെ മീഞ്ചന്ത സ്റ്റേഷനില്‍ വിവരമെത്തി. ഉടനെ സ്‌കൂബാ ടീമിലെ വിദഗ്ധരായ ശിഹാബുദ്ദീനും അഹമ്മദ് റഹീഷിനെയും മറ്റ് സഹപ്രവര്‍ത്തകരേയും കൂട്ടി ഞാന്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. വന്‍ജനക്കൂട്ടമായിരുന്നു അവിടെയുണ്ടായിരുന്നത്. കരഞ്ഞ് തളര്‍ന്ന് തീരത്ത് കിടക്കുന്ന സ്ത്രീകളെ അവിടെ നിന്ന് മാറ്റാന്‍ നിര്‍ദേശം നല്‍കി. സ്‌കൂബ ടീം തിരച്ചില്‍ ആരംഭിച്ചു. കനത്ത മഴയും കുത്തൊഴുക്കും കലങ്ങിയ വെള്ളവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും നാലു മണിയോടു കൂടി ശിഹാബുദ്ദീന്‍ ഒരു ശരീരം പുറത്തെടുത്തു. കനത്ത മഴയില്‍ തണുത്ത് വിറയ്ക്കുന്ന ശരീരവുമായി രക്ഷാ പ്രവര്‍ത്തനം മണിക്കൂറുകളോളം നീണ്ടു. അസിസ്റ്റന്റ് കലക്ടറും തഹസില്‍ദാരും എല്ലാവരും സംഭവസ്ഥലത്തുണ്ടായിരുന്നു. രാത്രി ഒമ്പതു മണിയോടു കൂടി അഹമ്മദ് റഹീഷ് ജവാന്റെ ശരീരവും പുറത്തെടുത്തു. കനത്ത മഴയും കുത്തൊഴുക്കും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചെങ്കിലും പുലര്‍ച്ചെ മൂന്നാമന്റെ ശരീരവും പുറത്തെടുക്കാനായി. ബന്ധുക്കളെ കാണാന്‍, മലപ്പുറം കാണാന്‍ വളരെ സന്തോഷത്തോടെ ആരംഭിച്ച യാത്രയായിരുന്നു. മടക്കയാത്രയ്ക്കുള്ള വിധി മറ്റൊന്നായിരുന്നുവെന്ന് ആരറിഞ്ഞു.. 

placeholder
പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരൂരില്‍ ജോലി ചെയ്യുമ്പോഴുണ്ടായ ഒരു സംഭവമാണ്.24 വയസ്സുകാരനായൊരു ചെറുപ്പക്കാരന്‍. പ്ലംബിങ്ങ് ജോലി ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുന്നു. അന്നും പതിവുപോലെ ജോലിക്ക് എത്തിയതായിരുന്നു. പുതിയ വീടിന്റെ ജോലിയാണ്. ഉച്ചഭക്ഷണം കഴിക്കാനായി ജോലി നിര്‍ത്തിയപ്പോഴാണ് വീട്ടിലെ ചോറ്റുപാത്രത്തിനുള്ള മൂടി കിണറ്റില്‍ വീണുവെന്നും ഒന്നെടുത്ത് കൊടുക്കാമോ എന്നും അടുത്തവീട്ടിലെ താത്ത വന്ന് ചോദിച്ചത്. പൊട്ടക്കിണറാണ്, വെള്ളം തീരെയില്ല. കുറച്ച് വേസ്റ്റ് സാധനങ്ങളുടെ കൂട്ടത്തില്‍ സ്റ്റീല്‍ പാത്രത്തിന്റെ മൂടി കാണുന്നുണ്ട്. ഭക്ഷണം കഴിച്ചാല്‍ കിണറ്റിലിറങ്ങാന്‍ ബുദ്ധിമുട്ടാണ്. അതിനാല്‍ ഉച്ചഭക്ഷണത്തിന് മുന്‍പ് ഇറങ്ങിയെടുക്കാമെന്ന് തീരുമാനിച്ചു. സമീപത്തെ കിണറില്‍ കെട്ടിയ കയറെടുത്ത് പടവില്‍ ചവിട്ടി കിണറ്റിലിറങ്ങി. പക്ഷെ നിര്‍ഭാഗ്യവശാല്‍ കയര്‍പൊട്ടി യുവാവ് താഴെ വീണു. വിവരമറിഞ്ഞ് ഞങ്ങള്‍ അവിടെയെത്തുമ്പോള്‍ ഗുരുതരമായി പരിക്കേറ്റ് കിണറ്റിനുള്ളില്‍ കിടക്കുകയാണവന്‍. ഇടതുകാലിന്റെ തുടയെല്ല് പൊട്ടി മാംസം തുളച്ച് എല്ല് പുറത്ത് വന്നിരിക്കുന്നു, അതിഗുരുതരമായി ചോരയും ഒഴുകുന്നുണ്ട്. ഞങ്ങളില്‍ രണ്ട് പേര്‍ ഉടനെ കിണറ്റിനുള്ളിലേക്ക് ഇറങ്ങി സ്‌ട്രെച്ചറില്‍ കിടത്തി ശരീരം ഇളകാതെ അവനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. പത്തോ അമ്പതോ രൂപ വിലയുള്ള പാത്രത്തിന്റെ മൂടിക്ക് വേണ്ടി ആശുപത്രി കിടക്കയിലും പിന്നെ വീട്ടിലും അയാള്‍ക്ക് മാസങ്ങള്‍ കിടക്കേണ്ടി വന്നു..

ഏകോപനം: അശ്വതി അനില്‍