'ഫ്രണ്ട്സ്' എന്ന സിനിമയിൽ നടൻ ശ്രീനിവാസന്റെ നിർത്താതെയുള്ള ചിരി ഓർമയില്ലേ? ഒരാളിൽ നിന്ന് തുടങ്ങി ഘട്ടം ഘട്ടമായി മറ്റുള്ളവരിലേക്കും പടർന്ന് ശ്രീനിവാസനിൽ അവസാനിച്ച ചിരി. സിനിമയിൽ അതൊരു തമാശരംഗത്തിനു വേണ്ടിയുള്ള ചിരിയായിരുന്നു. എന്നാൽ ഒരു ഗ്രാമത്തിലെ ഭൂരിപക്ഷം ജനങ്ങളും മാസങ്ങളോളം ചിരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയൊന്ന് ആലോചിച്ചു നോക്കൂ. മറ്റൊരു ഗ്രാമത്തിലെ ജനം മുഴുവൻ നിർത്താതെ നൃത്തം ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലോ...?

To advertise here,

കേൾക്കുമ്പോൾ മുത്തശ്ശിക്കഥപോലെ തോന്നും. എന്നാൽ രണ്ടും കഥകളല്ല, സത്യമാണ്. ചിരിസംഭവം നടന്നത് 1962ൽ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ തങ്കൻയികയിലെ ബുകോബ ജില്ലയിലാണ്. ജനുവരി 30 ന് കഷാഷ വില്ലേജിലെ ഒരു ഗേൾസ് ബോർഡിങ് സ്‌കൂളിലെ മൂന്നു പെൺകുട്ടികളിലാണ് ആദ്യമായി ഈ പ്രശ്നം കണ്ടത്. മൂവരും ചിരിക്കാൻ തുടങ്ങിയാൽ മണിക്കൂറുകളോളം നിർത്താതെ ചിരിക്കുന്നു. വൈകാതെ ഈ 'ചിരിരോഗം' മറ്റു കുട്ടികളിലേക്കും പടർന്നു. 160 ഓളം കുട്ടികളുണ്ടായിരുന്ന സ്‌കൂളിൽ 95 പേർ ചിരിരോഗികളായി. ക്ലാസ് മുറികളിൽ കുട്ടികളിലധികവും ഇങ്ങനെ ചിരിച്ചുകൊണ്ടിരുന്നാൽ എങ്ങനെ ക്ലാസെടുക്കും. അനിയന്ത്രിതമായ ചിരിമാത്രമല്ല, ഒപ്പം കരച്ചിൽ, ക്ഷീണം, തലവേദന, ശ്വാസം മുട്ടൽ, ബോധക്ഷയം ഒക്കെ ഉണ്ടാവാൻ തുടങ്ങി. അവസാനം നിവൃത്തിയില്ലാതെ തൽക്കാലത്തേക്ക് സ്‌കൂൾ അടച്ചു.

ചിരി നാട്ടുകാരിലേക്കും..

അവിടെ പ്രശ്നം അവസാനിക്കുകയായിരുന്നില്ല, തുടരുകയായിരുന്നു. വീട്ടിലെത്തിയ കുട്ടികളിൽ നിന്ന് ഈ 'പകർച്ചവ്യാധി' നാട്ടുകാരിലേക്കും വ്യാപിച്ചു. 14 ഓളം സ്‌കൂളുകൾ അടച്ചു. ആയിരത്തോളം പേരെ ഇത് ബാധിച്ചുവെന്നാണ് കണക്ക്. ഇതിൽ ബഹുഭൂരിപക്ഷവും കൗമാരക്കാരായിരുന്നു. ഒടുവിൽ ഡോക്ടർമാരും മനശാസ്ത്രജ്ഞരും രംഗത്തെത്തി, വിശദമായ പഠനം തുടങ്ങി. എ.എം. രൻകിൻ, പി.ജെ.ഫിലിപ്പ് എന്നീ ഡോക്ടർമാരും ക്രിസ്റ്റ്യൻ എഫ് ഹെംപെൽമാൻ, റോബർട്ട് ഇ ബാർത്തലോമ്യൂ, സിംസൺ വെസ്സലി തുടങ്ങിയ ഗവേഷകരുമാണ് ഈ പ്രശ്നംപഠിച്ച് റിപ്പോർട്ട് നൽകിയത്. 'സെൻട്രൽ ആഫ്രിക്കൻ ജേർണൽഓഫ് മെഡിസിൻ' ൽ 1963 ൽ ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. 'മാസ് സൈക്കോജനിക് ഇൽനസ്' എന്ന വിഭാഗത്തിലാണ് അവർ ഈ പ്രശ്നത്തെ ഉൾപ്പെടുത്തിയത്. ഒരു 'മാസ് ഹിസ്റ്റീരിയ' തന്നെ. മാനസികവും സാമൂഹികവുമായ മൂന്നു കാരണമാണ് അവർ കണ്ടെത്തിയത്. ഒന്ന്, തങ്കൻയിക ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായത് 1961 ലായിരുന്നു. അതിനു ശേഷം അവർ അനുവർത്തിച്ച പുതിയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും നാട്ടിൽ വന്ന സാമൂഹിക മാറ്റങ്ങളും വിദ്യാർഥികളിൽ വലിയ സമ്മർദ്ദമുണ്ടാക്കിയിരിക്കണം. മറ്റൊന്ന് ബോർഡിങ് സ്‌കൂളിലെ കർശനമായ നിയമങ്ങളാണ്. ഇതെല്ലാം കൂടി കുട്ടികളിലുണ്ടാക്കിയ അതിസമ്മർദ്ദം ചിരിരോഗമായി മാറുകയായിരുന്നു. അടുത്ത ഘട്ടം ഈ വികാരങ്ങളുടെ പകർച്ചയാണ് (Emotional Contagion). സാമൂഹിക മനശ്ശാസ്ത്രം പഠിക്കുമ്പോൾ ഇതൊരു പ്രധാനവിഷമാണ്. ഒരാൾക്ക് ചിരിവരുമ്പോഴും പേടിവരുമ്പോഴും ഛർദ്ദിവരുമ്പോഴുമെല്ലാം മറ്റുള്ളവർക്കും അതിനുള്ള പ്രേരണയുണ്ടാവുന്ന അവസ്ഥയാണ് വികാരപ്പകർച്ച. ഒരാൾ മൂത്രമൊഴിക്കുന്നത് കാണുമ്പോൾ ബാക്കിയുള്ളവരും അതേ പ്രവണത കാണിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ഇതിന് കാരണം നമ്മിലുള്ള ദർപ്പണനാഢീ കോശങ്ങളാണ്(Mirror Neurons). മറ്റൊരാൾ ചെയ്യുന്നത് അതേപോലെ അനുകരിക്കാനും അവരുടെ വൈകാരികഭാവങ്ങൾ സ്വാംശീകരിക്കാനും ശ്രമിക്കുന്ന രീതിയാണത്. എന്തായാലും രണ്ടാഴ്ചയിലേറേ ഈ രോഗം പലരിലും തുടർന്നുവെന്നാണ് പറയുന്നത്.

എന്തെല്ലാം അത്ഭുതാവസ്ഥകളെയാണ് നമ്മുടെ തലച്ചോർ പേറുന്നതെന്ന് നോക്കൂ ! എത്രപഠിച്ചാലാണ് അതിലെ നാഡീബന്ധങ്ങൾ സൃഷ്ടിക്കുന്ന സങ്കീർണതകളെ അൽപമെങ്കിലും നമുക്ക് അറിയാനാവുക. മാനസിക-സാമൂഹിക സമ്മർദ്ദങ്ങൾ നമ്മുടെ സമൂഹത്തെ എത്രത്തോളം ഗുരുതരമായി ബാധിക്കുമെന്നതിന് ഈ 'ചിരിവ്യാധി' നല്ല ഉദാഹരണമാണ്. എന്തൊക്കെയായാലും ഈ പ്രശ്നം പരിഹരിക്കാൻ മന്ത്രവാദികളെ തേടി പോവാതെ ശാസ്ത്രീയപഠനം നടത്താൻ ടാൻസാനിയക്കാർ തയ്യാറായി എന്നതാണ് വലിയ കാര്യം.

നൃത്തം ചെയ്യുന്ന ഗ്രാമം

വ്യക്തിപരമെന്നതുപോലെ സാമൂഹികമായ സമ്മർദ്ദം സമൂഹത്തിന്റെ ആരോഗ്യത്തെ എത്രകണ്ട് ബാധിക്കുമെന്നതിന് മറ്റൊരു ഉദാഹരണമാണ് 'Dancing Plague' എന്നറിയപ്പെടുന്ന 'നൃത്തരോഗം'. ഇതും 'മാസ് സൈക്കോജനിക് ഇൽനസ്' എന്ന വിഭാഗത്തിൽ പെടുന്ന ഒരു സമൂഹമാനസികപ്രശ്നമാണ്. 1518 ൽ പഴയ റോമൻ സാമ്രാജ്യത്തിലെ ഒരു നഗരത്തിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫ്രോ ട്രോഫിയ എന്ന് പേരുള്ള ഒരു സ്ത്രീ പെട്ടെന്നൊരു ദിവസം തെരുവിൽ നൃത്തം ചെയ്യാൻ തുടങ്ങി. വൈകാതെ മകൾ ഫ്രോലിൻ എമ്മ ഗോട്ട്സും അതിൽ പങ്കുചേർന്നു. ആ നൃത്തം ദിവസങ്ങളോളം നീണ്ടു. വൈകാതെ അവളോടൊപ്പം കൂടുതൽ പേർ നൃത്തത്തിൽ പങ്കുചേർന്നു. അവരുടെ എണ്ണം കൂടിക്കൂടി വന്നു. ആർക്കും സ്വന്തം ഇച്ഛപ്രകാരം നൃത്തം അവസാനിപ്പിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ പലരും ക്ഷീണംകൊണ്ട് തളർന്നുവീണു. ചിലർ മോഹാലസ്യപ്പെട്ടു. ചിലർക്ക് ഹൃദയാഘാതമുണ്ടായി. ഒരുപാടുപേർ മരിക്കുകയും ചെയ്തു. ഒരുമാസം കൊണ്ട് നൂറുകണക്കിന് പേർ മരിച്ചെന്നാണ് കണക്ക്.

പ്രശ്നം ഗുരുതരമായപ്പോൾ ആദ്യം അധികാരികൾ ചെയ്തത് നൃത്തരോഗം നൃത്തം ചെയ്തുതന്നെ മാറ്റാനുള്ള സംവിധാനമൊരുക്കുകയായിരുന്നു. ഒരുതരം 'കഥാർസിസ്'(വികാര വിരേചനം) തന്നെ. അതിനായി നൃത്തമണ്ഡപങ്ങൾ നിർമിച്ച് വാദ്യഘോഷമെല്ലാം ഒരുക്കിക്കൊടുത്തു. എന്നാൽ അത് പ്രശ്നം ഗുരുതരമാക്കാനേ ഉപകരിച്ചുള്ളൂ. പിന്നെ കുറച്ചുപേരെ മതചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ഇതും പഠിച്ച ഗവേഷകർ കണ്ടെത്തിയത് റോമൻ നഗരത്തിലെ ക്ഷാമം, രോഗങ്ങൾ, മതംമാറ്റഭീതി, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയെല്ലാം സൃഷ്ടിച്ച മാനസിക സമ്മർദ്ദമാണ് ഈ ഡാൻസിങ് പ്ലേഗിന് കാരണമെന്നാണ്. സെയിന്റ് വിറ്റസ് എന്ന ഒരു വിശുദ്ധന്റെ ശാപമുണ്ടായാൽ ആളുകൾ ഇങ്ങനെ നൃത്തംചെയ്യും എന്നൊരു അന്ധവിശ്വാസം അക്കാലത്തുണ്ടായിരുന്നു. ഈ വിശ്വാസവും ഈ മാനസികപ്രശ്നത്തിന് ആക്കംകൂട്ടിയിട്ടുണ്ടാവാം എന്ന് കരുതുന്നു. മധ്യകാല ചരിത്രകാരന്മാരുടേയും ചികിത്സിച്ച ഡോക്ടർമാരുടേയും നഗരഭരണകൂടത്തിന്റേയും രേഖകളിൽ ഈ രോഗത്തെക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. ഈ സംഭവത്തെക്കുറിച്ചു പിൽക്കാലത്ത് പഠിച്ച ജോൺ വാലർ എന്ന ഗവേഷകൻ 'എ ടൈം ടു ഡാൻസ്, ടൈം ടു ഡൈ' എന്ന പുസ്തകമെഴുതി. ഇതിലും ഈ മാനസികപ്രശ്നത്തിന്റെ സാമൂഹികപശ്ചാത്തലങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.