ആയോ ?
ഒരു മാസത്തെ കാത്തിരിപ്പും ആധിയും അവര്‍ക്കിടയില്‍ തുടങ്ങുന്നത് ഈ ഒരൊറ്റ ചോദ്യത്തില്‍ നിന്നാണ്. ഉത്തരത്തിലെ തണുപ്പ് ഇരച്ചു കയറുന്ന പേടിയുടേതു കൂടെയാണ്. ചിലപ്പോള്‍ ചോദ്യം വരും മുന്‍പേ, അല്ലെങ്കില്‍ അന്ന് രാത്രിക്കു മുന്‍പേ ആവും. അടിവയറ്റില്‍ കുത്തിപിടിച്ച് വേദന വരും. ചോരച്ചാലുകളും കണ്ണീര്‍ത്തുള്ളികളും വല്ലാതെ വിഷമിപ്പിക്കും.

To advertise here,

ഇത്തവണ നേരത്തെ പിരീഡ്സ് ആവുമെന്ന് നിമിഷ പറഞ്ഞിരുന്നു. സൗമ്യനെങ്കിലും രാജീവിന് ആശങ്കകള്‍ ഉള്ളിലുണ്ട്. അയാളെ ഓര്‍ക്കുമ്പോള്‍ നിമിഷക്ക് വല്ലാതെ വാത്സല്യം വരും. ചിലപ്പോള്‍ വല്ലാത്ത ദേഷ്യവും. ഈ വിവാഹത്തോടെയാണല്ലോ ഇങ്ങനെയെന്നൊരു തോന്നലില്‍ മുഖം കറുപ്പിക്കും, പക്ഷെ വര്‍ഷം ആറു കഴിഞ്ഞിട്ടും രാജീവെന്നും ചേര്‍ത്തു നിറത്തും. ചിന്തയെ മുറിച്ച്  ആ ചോരയൊഴുകി, ഈ മാസവും പതിവു പോലെ. ഒരു കുഞ്ഞു പിറക്കുമെന്ന പ്രതീക്ഷയില്‍, പ്രഗ്നന്‍സി ടെസ്റ്റ് സ്ട്രിപ്പില്‍ രണ്ട് വരകള്‍ തെളിയുന്നത് കാത്തിരിക്കുന്ന തങ്ങളുടെ മനസിലൂടെയാണ് ആ ചുവപ്പ് ഒഴുകുന്നതെന്ന് നിമിഷക്കു തോന്നി. ഇനി വീണ്ടും ഡോക്ടറെ കാണണം. ആ ആശുപത്രിയില്‍ തന്നെ നിരാശയുടെ നിശബ്ദതയാണ്. നിമിഷക്ക് വല്ലായ്മ തോന്നുന്നിടം. അവിടെ ചെന്നാല്‍ വരുന്നവര്‍ക്കൊക്കെ ഒരേ മുഖമാണ്. കുഞ്ഞുങ്ങള്‍ വരുമെന്ന പാതി പ്രതീക്ഷയും നമ്മളിങ്ങനെയായല്ലോ എന്ന പാതി നിരാശയും. അതിന്റെ വെളുപ്പും കറുപ്പുമിങ്ങനെ ഏറിയും കുറഞ്ഞുമിരിക്കും.ഈ പാതികളുടെ ഇടയില്‍ സ്വപ്നങ്ങളില്‍ പാതി ദൂരം പോയി വന്നവരുമുണ്ട്. പാതിയമ്മമാര്‍, പാതിയച്ഛന്മാര്‍. അവരാണ് ഏറ്റവും വലിയ സങ്കടക്കാര്‍. ഒന്നല്ല, രണ്ടു വട്ടമാണ് നിമിഷയും രാജീവും സ്നേഹത്തില്‍ കാത്ത കുഞ്ഞിചിരികള്‍ പാതിയില്‍ തീര്‍ന്നു പോയത്.

നിമിഷാ രാജീവ്., അടുത്തത് നിങ്ങളാണ്....ആദ്യം സ്‌കാനാണ്, പിന്നെ ഡോക്ടറെ കാണാം. എന്താ കുഴപ്പം ആര്‍ക്കാ കുഴപ്പം...ഇങ്ങനെ ചോദിക്കുന്നവരെയൊക്കെ ഒരുവട്ടം കൊണ്ടുവന്ന് ഈ സ്‌കാനൊന്ന് ചെയ്യിക്കണം. നിമിഷയ്ക്ക് അങ്ങനെ തോന്നി. ആര്‍ത്തവത്തിന്റെ രണ്ടാം ദിവസം മുതല്‍ തുടങ്ങും സ്‌കാനിങ്. സെര്‍വിക്സ്, എന്‍ഡോ മെട്രിയോസിസ്. കുറേ വാക്കുകള്‍ കേള്‍ക്കാം. ഡോക്ടര്‍ വരും. കാലുകള്‍ രണ്ടു വശത്തേക്ക് വിടര്‍ത്തണം. ആര്‍ത്തവമുള്ള യോനിയിലേക്ക് ഏറെ നാളത്തെ ആവേശം തീര്‍ക്കാന്‍ കയറിപോവുന്ന പുരുഷലിംഗം പോലെയാണ് ആ സ്‌കാനിങ്ങ് മെഷീന്‍. ഉള്ളിലേക്ക്... വീണ്ടും വീണ്ടും ഉള്ളിലേക്ക്....ഉള്ളാകെ ചുഴറ്റിയെറിയും പോലെ വേദനിപ്പിച്ച് പിന്‍വാങ്ങും.

ഡോക്ടര്‍ വരും വരെ കിടന്നോളൂ...സിസ്റ്റര്‍ പോയി. മഞ്ഞവെളിച്ചം ഇടിച്ചു നിന്നു, കണ്ണടച്ചു കിടന്നു. ഓര്‍മവന്നത് ആദ്യത്തെ ഓമനത്തിങ്കളിനെയാണ്. നോക്കൂ കുഞ്ഞിന് തകരാറുകളുണ്ട്. ഇത് വേണ്ടെന്ന് വയ്ക്കാം. മയക്കിയിട്ട് ചെയ്യാം. വല്യ വേദനയുണ്ടാവില്ല- ഡോക്ടര്‍ പറഞ്ഞു. അന്നു പക്ഷെ നിമിഷക്ക് വലിയ സങ്കടമില്ല. രാജീവ് വാടിപ്പോയി. വെറും മൂന്നാഴ്ച പ്രായം. രാവിലെ വന്നാല്‍ പിറ്റേന്ന് പോവാം. മടങ്ങുമ്പോള്‍ നിമിഷ കരഞ്ഞില്ല. പക്ഷെ ആരെയോ കളഞ്ഞുപോവും പോലെ മനസ് നീറി. വീണ്ടും മരുന്നുകള്‍, കയ്പുകള്‍, ആശ്വാസവാക്കുകള്‍, ഡോക്ടറുടെ പതിവു ചിരി...

കാറില്‍ കയറുമ്പോള്‍ പാര്‍ക്കിങ് ഏരിയയില്‍ അടക്കിപിടച്ച കരച്ചില്‍ കേട്ടു. വലിയൊരു വയറുണ്ട് അതിലിരിക്കുന്ന നീണ്ടമുടിക്കാരിക്ക്. അടുത്തു പോയി ചോദിച്ചു, എന്തേ?! മാസം ഏഴായി. കുഞ്ഞിന് വലത്തേ കയ്യും ചെവിയുമില്ല, നട്ടെല്ലിനും പ്രശ്നം, കളയാനാ പറയണേ...ഒന്‍പതു വര്‍ഷം കാത്തിരിന്ന് കിട്ടിയ സ്വത്താണ്, കൂടെ നിന്ന് കണ്ണീര്‍ നിറച്ചു. കൈ ചേര്‍ത്ത് പിടിച്ചു. രാജീവിന്റെ ഹോണടി കേട്ട് നല്ലതു വരുമെന്ന് വെറുതേ പറഞ്ഞ് കാറിലേക്ക് കയറി. എന്തു നല്ലതു വരാനാണ് ! ഒഴിഞ്ഞു പോയ കുപ്പി പോലെയാവും ഇനിയവളുടെ ജീവിതം...

'ഇനി നീ ആലോചിച്ച് ടെന്‍ഷന്‍ അടിക്കണ്ട, നമ്മക്ക് തന്നെ വേണ്ടത് ഉണ്ട്. ഇനി അവര്ടേം കൂടെ തലയില്‍ കേറ്റണ്ട', 
എന്നെ വീട്ടിലാക്കി രാജീവ് ഓഫീസിലേക്ക് മടങ്ങി. അമ്മയാവാത്തവരെ പോലെ തന്നെയാണ് അച്ഛനാവാന്‍ ആഗ്രഹിച്ചു നിരാശപ്പെടുന്നവരും. രാജീവിന്റെ കണ്ണിലെ നിര്‍വികാരത അവള്‍ കണ്ടു. വേഷം മാറ്റി കട്ടിലില്‍ ചെന്നു കിടന്നു. അപ്പോള്‍ രണ്ടാം നഷ്ടം മനസില്‍ വന്നു. കുഞ്ഞില്ലാ  കിളിക്കൂടാണ് ശരീരമെന്ന് അനുഭവിച്ച ദിവസങ്ങള്‍. വീണ്ടുമൊരു ജീവനുണ്ട് വയറ്റിലുണ്ടായെന്ന് അറിഞ്ഞപ്പോള്‍ സാധാരണ സിനിമയില്‍ കാണുന്ന പുളകമൊന്നും നിമിഷയ്ക്കു തോന്നിയില്ല. നടക്കരുത്, ഇരിക്കരുത്. അമ്മയുടെ ചിട്ടകളില്‍ എല്ലാ സ്വാതന്ത്രങ്ങളില്‍ നിന്നും മാറ്റി കെട്ടിയിട്ട ജയിലാണ് ആ വയറ്റിലെന്നും വളരുന്തോറും കെട്ടുമുറുകുമെന്നും നിമിഷക്കു തോന്നി.

പക്ഷെ പിന്നെ പിന്നെ ആ മിടിപ്പിനോട് കരുതലായി, ഞാനെപ്പോഴേ അമ്മയായി, വാവയൊന്ന് വേഗം വന്നേയെന്ന് ഒറ്റക്കുള്ളപ്പോള്‍ അവര്‍ രണ്ടാളും കളി പറഞ്ഞു. പാലു കുടിച്ചത് ഇഷ്ടായോ,അച്ചാറു വേണ്ടാല്ലേ, ഇന്നു നേരത്തേ ഉറങ്ങാം..അങ്ങനെ എല്ലാത്തിനും പുതിയൊരു കൂട്ടുകാരി വന്നപ്പോലെ. പെണ്‍കുഞ്ഞാവും എന്നുതന്നെ മനസ്സ് പറഞ്ഞു. മാസം അഞ്ചായി. ഇനി അവള്‍ വരാന്‍ 16 ആഴ്ച മാത്രം. പേര് വിളിക്കണ്ടേ...വായിച്ച നൂറു പുസ്തകങ്ങളിലെ നായികമാരെ ഓര്‍ത്തു, ജ്വലിക്കുന്ന അക്ഷരങ്ങള്‍ സ്വപ്നങ്ങളിലെത്തി എഴുതി കാണിച്ചു-തേജോമയി. പിറ്റേന്ന് വീട്ടില്‍ അമ്മയോട് രഹസ്യമായി പറഞ്ഞു. അമ്മയും മകളും വയറ്റിലെ കുഞ്ഞിപ്പെണ്ണും ഒരുമിച്ച് ചിരിച്ചു.

അഞ്ചാം മാസത്തെ സ്‌കാനാണ്, അമ്മ തന്ന പൊതിച്ചോറുമുണ്ട്, സ്‌കാനിനായി നിറയെ വെള്ളം കുടിച്ച്, വാവയോട് വര്‍ത്താനം പറഞ്ഞ് നടന്ന് ടേബിളില്‍ കിടന്നു. ഡോക്ടര്‍ ചിരിയോടെ തന്നെ സ്‌കാന്‍ ചെയ്തു. പുറത്ത് വന്ന് പറഞ്ഞ വാക്കുകള്‍ മുള്ളു പോലെ തറച്ചു. നെഞ്ചില്‍ പാറക്കെട്ട് വീണ കനം, കണ്ണില്‍ മഴ പെയ്തു. ലെറ്റ് അസ് അബോര്‍ട്ട്. ഹൃദയത്തകരാറുണ്ട്, പ്രസവിച്ചാലും ജീവിക്കില്ല. പിന്നെ ആദ്യത്തെ പോലെ മരുന്നുവച്ചല്ല.. ഇത് പ്രസവിച്ച് തന്നെ കളയേണ്ടതാണ്. ആ വാചകത്തില്‍ ഉള്ളാകെ കുലുങ്ങി.

അവളെ പറഞ്ഞയക്കണം, ഒരു പൗര്‍ണമിനാളാണ് തലേന്ന്. നാലുമാസം ഒരുമിച്ച് കണ്ട അമ്പിളിമാമനാണ്.മോളവിടെ പോയിരുന്ന് അടുത്ത മാസം മുതല്‍ അമ്മയെ നോക്കണം ട്ടോ. അന്ന് രാത്രി മുഴുവന്‍ രണ്ടു കൈയ്യും വയറില്‍ ചേര്‍ത്ത് കെട്ടിപിടിച്ചു. രാവ് പുലര്‍ന്നു. അവള്‍ക്കിഷ്ടമുള്ള പാല് കുടിച്ചു, പട്ടിണി കിടന്ന് മരിക്കണോര് ഗതി കിട്ടാതെ പോവുമെന്ന് അമ്മൂമ്മ പറഞ്ഞത് ഓര്‍ത്തൂ..വേണ്ടാഞ്ഞിട്ടും മൂന്ന് ദോശയും അഞ്ച് ബിസ്‌ക്കറ്റും തിന്നു.

ഡോക്ടര്‍വന്നു. മരുന്നു കുത്തി വച്ചു....ആദ്യം മിടിപ്പ് നില്‍ക്കട്ടെ...തനിയെ പുറത്ത് വരും നമ്മുക്ക് കാത്തിരിക്കാം. പതുക്കെ പതുക്കെ ശരീരം ഒരു മരണവീടായി. ചുറ്റും കൂടിയിരുന്ന് ഇഷ്ടമുള്ളവര്‍ നാമജപം തുടങ്ങി. ഉള്ളിലൊരാള്‍ക്ക് മരണവെപ്രാളം തുടങ്ങി. മരിക്കാന്‍ ഇഷ്ടമില്ലാത്ത ജീവന്‍ കെട്ടിപിടിക്കും പോലെ അടിവയറ്റില്‍ ചുഴലിക്കാറ്റടിച്ചു. പ്രാണന്‍ പറിച്ചെറിയും പോലെ കരഞ്ഞു. പോവാതെ അവള്‍ 18 മണിക്കൂര്‍ വരെ പൊരുതി. പിന്നെ ചുവന്ന തുള്ളികള്‍ വന്നു. പുറത്തേക്ക് തള്ളാന്‍ ഡോക്ടര്‍ പറഞ്ഞു. വേദനയില്‍ പുളഞ്ഞു. അത്രയും കരച്ചിലിനിടയിലും എന്റെ കുട്ടിക്ക് നല്ലത് വരട്ടെയെന്ന് അനുഗ്രഹിച്ചു. 

മിടുക്കിയൊരു നക്ഷത്രമായി അമ്പിളമാമന്റെ കൈപിടിച്ച് അമ്മയെ കാണാന്‍ വരണമെന്ന് ഓര്‍മിപ്പിച്ചു. കാലുകള്‍ക്കിടയില്‍ അവളിറങ്ങേണ്ട വാതില്‍ വലുതായി. ഇടത്തേ തുടയിലൊരു കുഞ്ഞിത്തല ഉരസിയതറിഞ്ഞു. പാതിയമ്മയായി ഞാന്‍ തളര്‍ന്നു.. പെണ്‍കുഞ്ഞാണ്, കാണണോയെന്ന ചോദ്യത്തിന് വേണ്ടെന്ന് തലയാട്ടി, എന്നിട്ടും ചെറുപ്പക്കാരി നഴ്സിനോട് ചോദിച്ചു...എന്റെ മുഖാണോ...നിറമുണ്ടോ....അവര്‍ ചിരിച്ചു. അമ്മ കാണാന്‍ വന്നു. ഞാന്‍ മകള്‍ മാത്രമായി. എന്നിട്ടും എന്നിലെ അമ്മത്തം ബാക്കിയായി. 

അവള്‍ പോയിട്ടും വയറിനു കരുതല്‍ കൊടുത്ത് എണീറ്റു. മരിച്ച വീട് വെള്ളമൊഴിച്ച് കഴുകും പോലെ, ചോരയൊലിച്ചു വന്നു. ദിവസങ്ങള്‍ കഴിഞ്ഞു. അകമെ മുറിഞ്ഞ് പുറമേ ചിരിച്ച് അമ്മക്കുപ്പായമഴിഞ്ഞ് ജീവിച്ചു. വര്‍ഷങ്ങള്‍ രണ്ടു കൊഴിഞ്ഞു വീണു. കുഞ്ഞ് എന്ന ആഗ്രഹത്തിലേക്ക് വീണ്ടും വീണ്ടും രാജീവും നിമിഷയും ശരീരങ്ങള്‍ ചേര്‍ത്തു. പക്ഷെ അവരെ വീണ്ടും വീണ്ടും മുറിപെടുത്തി, പ്രതീക്ഷകള്‍ മുഴുവന്‍ മുക്കിതുടച്ച് എല്ലാ മുപ്പതു ദിവസങ്ങള്‍ കൂടുമ്പോഴും ചോരയൊലിച്ചു. ആര്‍ത്തവമെന്ന ആധിയില്‍ അവര്‍ രണ്ടു പേര്‍ മാത്രം പൊള്ളിതീര്‍ന്നു. വീണ്ടും പ്രതീക്ഷ വച്ച് ഡോക്ടറെ കണ്ടു. മരുന്നുകള്‍ കഴിച്ചു. 

കോളിങ് ബെല്‍ അടിച്ചു...രാജീവാണ്. മരുന്നുകളുമായി വരവാണ്. ചിന്തകളുടെ കനത്തില്‍ ചിരി വരണ്ടു നിന്നു. ഇന്ന് മുതല്‍ പത്തു ദിവസം നമ്മള്‍ പൊളിക്കുമെന്ന് അവള്‍ പറഞ്ഞു ആസക്തികള്‍ അഭിനയിച്ച് അവര്‍ കട്ടിലില്‍ വീണ്ടുമൊന്നിച്ചു. അലിഞ്ഞുതീരേണ്ട അവസാനങ്ങളില്‍ മനസില്‍ ദൈവങ്ങള്‍ തെളിഞ്ഞു. അയാള്‍ തിരിഞ്ഞുറങ്ങി. അവള്‍ അമ്പിളിയുടെ തുണ്ടായവളെ കാണാന്‍ ജനാല തുറന്നുനിന്നു. പൗര്‍ണമിയില്‍ നിലാവ് കൊണ്ടു. പത്തു ദിവസങ്ങള്‍ തീര്‍ന്നു. പ്രഗ്നന്‍സി കിറ്റ് വാങ്ങിയത് കാണിച്ച് രാജീവ് അലമാരയില്‍ വച്ചു. ചോര തെളിയാത്തൊരു മുപ്പതാം നാള്‍ വരുമെന്നും പ്രഗ്നന്‍സി കിറ്റില്‍ രണ്ടു വരകാണാനുള്ള തലവരയുണ്ടാകുമെന്ന് വീണ്ടും പ്രതീക്ഷിച്ചു..വീണ്ടും ആ 30-ാംനാള്‍ എത്താറായി.. വീണ്ടും ആ ചോദ്യം വന്നു, ആയോ?
ആധിക്കുപ്പായത്തിന്റെ ഉഷ്ണത്തില്‍ വീണ്ടും അവര്‍ രണ്ടു പേര്‍ മാത്രമായി...