സ്ത്രീ അമ്മയായാൽ ശരീരത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ, കരിയറിൽ മുന്നേറിയാൽ സ്വഭാവത്തെപ്പറ്റിയുള്ള ചോദ്യങ്ങൾ അത്തരത്തിൽ സ്ത്രീകളെ എപ്പോഴും സമൂഹം നിരന്തരം അളന്നുകൊണ്ടിരിക്കുകയാണ്. പ്രസവശേഷമുള്ള ശാരീരികമാറ്റങ്ങളുടെ പേരിൽ ബോളിവുഡ് നടി കത്രീന കൈഫ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതിക്രൂരമായ സൈബർ ബുള്ളിയിങ്ങും ബോഡി ഷെയിമിങ്ങുമാണ്. അവളുടെ പ്രൈം ടൈം അവസാനിച്ചു, അവൾ തീർന്നു എന്ന തരത്തിലാണ് അധിക്ഷേപങ്ങൾ ശക്തിപ്രാപിക്കുന്നത്. കത്രീന കൈഫ് എന്ന സ്ത്രീയിൽ മാത്രമൊതുങ്ങുന്നതല്ല ഈ പ്രശ്‌നം. ഒരു സ്ത്രീ അമ്മയായാതിനുശേഷം സമൂഹം ഉണ്ടാക്കിവെച്ചിരിക്കുന്ന സൗന്ദര്യനിർവ്വചനത്തിൽ ഫിറ്റ് ആകേണ്ടത് ആവശ്യമാണോ? ഇനി അവൾ ആ നിർവ്വചനത്തിൽ ഫിറ്റ് ആയില്ലെങ്കിൽ, അവളുടെ മുഴുവൻ കരിയറും പ്രതിഭയും ഇല്ലാതാകുമോ? കത്രീന കൈഫ് ഏകദേശം രണ്ട് പതിറ്റാണ്ടായി ബോളിവുഡിന്റെ ഭാഗമാണ്. അവർ നിരവധി സിനിമകളുടെ ഭാഗമായി. സ്വന്തമായി ഒരു കരിയർ കെട്ടിപ്പടുത്തു, ബ്യൂട്ടി ബ്രാൻഡ് സ്ഥാപിച്ചു. എന്നാൽ ഇപ്പോഴത്തെ ചർച്ച അവരുടെ കരിയറിനെക്കുറിച്ച് മാത്രം ഉള്ളതല്ല. അവർ അടുത്ത കാലത്താണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്. പ്രഗ്‌നൻസിക്കും ഡെലിവറിക്കും ശേഷം ശരീരത്തിൽ മാറ്റങ്ങൾ വരുന്നത് തികച്ചും സ്വാഭാവികമാണ്. ഭാരത്തിനും രൂപത്തിനും മാറ്റങ്ങളുണ്ടാകും. വടിവൊത്ത പഴയശരീരം വീണ്ടെടുക്കപ്പെടാൻ സമയമെടുക്കാം. എന്നാൽ ഒരു നടിയോട് അമ്മയായ ശേഷവും ഉടനടി പൂർണ്ണമായും പഴയതുപോലെ കാണപ്പെടണം എന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ്. മാതൃത്വത്തിന് ശേഷം ശരീരം മാറുന്നത് ഒരു പരാജയമായിട്ടാണോ സമൂഹം കാണുന്നതെന്നതാണ് ചോദ്യം. മാതൃത്വമെന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ നിർണ്ണായകമായതും ജീവശാസ്ത്രപരവും വൈകാരികവുമായ മാറ്റത്തിന്റെ ഘട്ടമാണ്. എന്നാൽ സെലിബ്രിറ്റികളുടെ കാര്യത്തിൽ, പ്രസവാനന്തര ശരീരമാറ്റങ്ങൾ പലപ്പോഴും കടുത്ത സെബർ വിചാരണയ്ക്കും അധിക്ഷേപങ്ങൾക്കും വിധേയമാകുന്നു. സെലിബ്രിറ്റി ജീവിതത്തെ സോഷ്യൽ മീഡിയയിലുടെനീളം സെബർ അധിക്ഷേപങ്ങളായും 'ട്രോളുകളായും' മാറ്റുന്ന കാഴ്ചകളും കാണാം. പ്രസവാനന്തര ശരീരഭാരത്തെ ചൊല്ലിയുള്ള സൈബർ വിചാരണ ഇന്നോ ഇന്നലേയോ തുടങ്ങിയതല്ല.
ഐശ്വര്യ റായ് ബച്ചനും 2012-ലെ കാൻ ചർച്ചകളും
2011-ൽ മകൾ ആരാധ്യക്ക് ജന്മം നൽകിയ ശേഷം മുൻ ലോകസുന്ദരിയും നടിയുമായ ഐശ്വര്യ റായ് ബച്ചൻ 2012-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോഴാണ് പ്രസവാനന്തര ശരീരഭാരത്തെക്കുറിച്ചുള്ള വിചാരണ ഇന്ത്യയിലും അന്താരാഷ്ട്ര തലത്തിലും വലിയ വാർത്തയായത്. പ്രസവത്തിനു മുൻപുള്ള ശരീരവടിവ് ഉടനടി വീണ്ടെടുത്തില്ല എന്ന കാരണത്താൽ പ്രധാന മാധ്യമങ്ങളും സോഷ്യൽ മീഡിയയും നടിക്കെതിരെ തിരിഞ്ഞു. ആനയുടെ ശബ്ദരേഖകൾ കൂട്ടിച്ചേർത്ത പരിഹാസ വീഡിയോകൾ യൂട്യൂബിൽ ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും ചെയ്തു. പ്രശസ്ത മാധ്യമങ്ങൾ പോലും നടിയുടെ സൗന്ദര്യം കുറഞ്ഞുപോയി എന്ന തരത്തിൽ പരസ്യ നിലപാടുകൾ എടുത്തു. ഒരു അഭിനേത്രി എന്ന നിലയിൽ താൻ എപ്പോഴും കാണികളുടെ മുന്നിലുണ്ടെന്നും, എന്നാൽ ഒരു കുഞ്ഞിന്റെ അമ്മയെന്ന നിലയിൽ ജീവിതം സ്വാഭാവികമായി ആസ്വദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് ഐശ്വര്യ ഈ വിമർശനങ്ങളെ സധൈര്യം നേരിട്ടു.
കരീന കപുർ ഖാനും സമാന അനുഭവം
പ്രസവാനന്തര വിചാരണ കരീന കപുർ ഖാനെയും ബാധിച്ചിട്ടുണ്ട്. 2016-ൽ തൈമൂറിന്റെ ജനനശേഷം 18 കിലോയോളം ശരീരഭാരം വർധിച്ച കരീന, അധിക്ഷേപകരമായ പല കമന്റുകളും നേരിടേണ്ടി വന്നു. 2021-ൽ രണ്ടാമത്തെ മകൻ ജെഹിന്റെ ജനനശേഷം മാസങ്ങൾക്കുള്ളിൽ ഫാഷൻ ഷോകളിൽ പങ്കെടുക്കുമ്പോഴും താരം കടുത്ത സൈബർ വിചാരണകൾക്ക് വിധേയയായി. സമാനമായി, നടി സമീറ റെഡ്ഡി 2015-ലെ പ്രസവത്തിന് ശേഷം തന്റെ ശരീരഭാരം 72 കിലോയിൽ നിന്ന് 105 കിലോ ആയി ഉയർന്നതും, അത് തന്നിലുണ്ടാക്കിയ കടുത്ത മാനസിക പിരിമുറുക്കങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിട്ടുണ്ട്. സമീറയ്ക്കും സോഷ്യൽ മീഡിയ അറ്റാക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. പിന്നീട് നടികളായ സ്വരാ ഭാസ്‌കർ, പത്രലേഖ എന്നിവരും പ്രസവത്തിനുശേഷമുള്ള ശരീരമാറ്റങ്ങളുടെ പേരിൽ ഓൺലൈൻ ആക്രമണങ്ങൾക്ക് ഇരയായി.
ശരണ്യ മോഹനും ആക്രമണം
കേരളീയ സാമൂഹിക പശ്ചാത്തലത്തിൽ, 2016-ൽ പ്രസവത്തിന് ശേഷം നടി ശരണ്യ മോഹൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുടുംബ ചിത്രങ്ങൾക്ക് ലഭിച്ച ക്രൂരമായ ട്രോളുകൾ ഡിജിറ്റൽ ഇടങ്ങളിലെ സ്ത്രീവിരുദ്ധത വെളിവാക്കുന്നതായിരുന്നു. സി-സെക്ഷൻ പ്രസവത്തിന് ശേഷമുണ്ടായ സ്വാഭാവിക ശരീരമാറ്റങ്ങളുടെ പേരിൽ 'ഉയർന്ന സാക്ഷരത അവകാശപ്പെടുന്ന മലയാളി സമൂഹം' നടിയെ ക്രൂരമായി അധിക്ഷേപിച്ചു. മാതൃത്വത്തിൽ താൻ അഭിമാനിക്കുന്നുവെന്നും, പ്രസവിച്ച ഒരു സ്ത്രീയുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ പരിഹസിക്കുന്നത് വികൃത മനസ്സിന്റെ ലക്ഷണമാണെന്നും ശരണ്യയും ഭർത്താവ് ഡോ. അരവിന്ദ് കൃഷ്ണനും പരസ്യമായി പ്രതികരിച്ചതും വലിയ ചർച്ചയായിരുന്നു. ഈ പ്രവണത ഇന്നും ഒട്ടും കുറവില്ലാതെ തുടരുന്നു എന്നതിന്റെ തെളിവാണ് അടുത്തിടെ നടി കത്രീന കൈഫ് നേരിട്ട സൈബർ ആക്രമണങ്ങൾ.
സ്‌നാപ്പ്ബാക്ക് സംസ്‌കാരവും, ലിംഗാധിഷ്ഠിതമായ ഇരട്ടത്താപ്പുകളും
പ്രസവാനന്തര 'സ്‌നാപ്ബാക്ക്' സംസ്‌കാരം (Postpartum Snapback Culture) എന്നത് പ്രസവശേഷം സ്ത്രീകൾ എത്രയും പെട്ടെന്ന് തങ്ങളുടെ പഴയ ശരീരവടിവിലേക്ക് മടങ്ങിയെത്തണം എന്ന സമൂഹത്തിന്റെ സമ്മർദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. സോഷ്യൽ മീഡിയയും സൈബറിടവും നൽകുന്ന ഇത്തരം അമിത പ്രാധാന്യം പുതിയ അമ്മമാരിൽ കടുത്ത മാനസികവിഷമത്തിനും വിഷാദരോഗത്തിനും കാരണമാകുമെന്നും ആരോഗ്യവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു ഡിജിറ്റൽ ഇടത്തിലെ അജ്ഞാതത്വം നൽകുന്ന പെരുമാറ്റ സ്വാതന്ത്ര്യവും ഇത്തരം പ്രവണതകൾ സാധാരണവൽക്കരിക്കപ്പെടാനുള്ള പ്രധാന ഘടകമാണ്.
ഒരു വശത്ത് ആളുകൾ അവരുടെ ലുക്കിനെക്കുറിച്ച് കമന്റ് ചെയ്യുമ്പോൾ, മറുവശത്ത് ആളുകൾ ചോദിക്കുന്നു, ഏതൊരു സ്ത്രീയുടെയും ജീവിതവും അവളുടെ അധ്വാനവും അവളുടെ വ്യക്തിത്വവും വെറുമൊരു ഫോട്ടോ കൊണ്ട് അളക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ഒരു സ്ത്രീയുടെ വ്യക്തിത്വം അവളുടെ ജോലിയും അവളുടെ അധ്വാനവും കഴിവുമാണെന്ന് സമൂഹം മറന്നുപോകുന്നു.
എപ്പോഴാണ് ഭാരം കുറയുന്നത്? പഴയതുപോലെ എപ്പോൾ കാണപ്പെടും? എന്തുകൊണ്ടാണ് ഇത്രയും ഭാരം കൂടിയത്? എന്നാൽ ശ്രദ്ധിക്കൂ, ഈ സമ്മർദ്ദം നടിമാരിൽ മാത്രം ഉള്ളതല്ല. ഒരു സാധാരണ സ്ത്രീയും അമ്മയായ ശേഷം ഇങ്ങനെയുള്ള ചോദ്യങ്ങൾ കേൾക്കാറുണ്ട്. ഇപ്പോഴെങ്കിലും ഭാരം കുറയ്ക്കൂ, പഴയതുപോലെ എന്താണ് കാണപ്പെടാത്തത്? കുഞ്ഞുണ്ടായ ശേഷം സ്വന്തം കാര്യം ശ്രദ്ധിക്കുന്നില്ല എന്ന് തുടങ്ങി പലതും അവർക്ക് കേൾക്കേണ്ടി വരും. വ്യത്യാസമെന്നത് നടിയുടെ കമന്റുകൾ പബ്ലിക് ആയി മാറുന്നു, സാധാരണ സ്ത്രീയെക്കുറിച്ചുള്ള കമന്റുകൾ അവൾക്ക് ചുറ്റുമുള്ള ആളുകളിൽ ഒതുങ്ങുന്നു.
സ്ത്രീയ്ക്ക് ഭാരം കൂടിയാൽ പ്രശ്‌നം, ഫിറ്റായി കാണപ്പെട്ടാലും ചോദ്യം, അവളുടെ വസ്ത്രത്തെക്കുറിച്ച് സംസാരം, അവൾ അമ്മയായാൽ അവളുടെ ശരീരത്തെക്കുറിച്ച് സംസാരം. കാരണം ഒരുപക്ഷേ സമൂഹം ഇപ്പോഴും സ്ത്രീയെ ഒരു മനുഷ്യനായി കാണുന്നതിന് മുൻപ് അവളെ ഒരു റോളിൽ കാണാനാണ് ആഗ്രഹിക്കുന്നത്. നല്ല മകൾ, നല്ല ഭാര്യ, നല്ല അമ്മ, പെർഫെക്റ്റ് നടി, പെർഫെക്റ്റ് ശരീരം. എന്നാൽ ഇതിനെല്ലാം ഇടയിൽ അവൾ സ്വന്തമായി എവിടെയാണെന്ന് തീരുമാനിക്കാൻ സമൂഹം അനുവദിക്കുന്നില്ല. കത്രീനയോ ഐശ്വര്യ റായിയോ കരീനയോ സാധാരണസ്ത്രീയോ അമ്മയായതിനാൽ അവരുടെ വർഷങ്ങളുടെ അധ്വാനത്തെ ഇല്ലാതാകുന്നില്ല. അവരാരുംതന്നെ എല്ലാ സമയത്തും പെർഫെക്റ്റായി കാണപ്പെടേണ്ട ആവശ്യവുമില്ല. അവൾക്ക് സ്വന്തം ജീവിതം ജീവിക്കാൻ ആളുകളുടെ അനുവാദത്തിന്റെ ആവശ്യവുമില്ല.
കത്രീനയുടെ പഴയ ചിത്രങ്ങളും ഇപ്പോഴത്തെ ചിത്രങ്ങളും വെച്ച് 'ബിഫോർ ആൻഡ് ആഫ്റ്റർ' പോസ്റ്റുകൾ നിർമ്മിച്ച്, അവരെ അധിക്ഷേപിച്ചതിൽ നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഖുശ്ബു സുന്ദർ, സൊണാരിക ഭഡോറിയ, നടൻ സൽമാൻ ഖാൻ എന്നിവർ ഈ വിഷയം ഏറ്റെടുക്കുകയും, ഒരു സ്ത്രീ പ്രസവിച്ച ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ വിചാരണ ചെയ്യാൻ സമൂഹത്തിന് എന്താണ് അവകാശമെന്ന് ചോദിച്ച് ട്രോളുകൾക്കെതിരെ ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു.
Content Highlights: Following natural post-pregnancy weight changes, actor Katrina Kaif has become the latest target of severe postpartum body-shaming, echoing the public scrutiny previously faced by stars like Aishwarya Rai Bachchan, Kareena Kapoor Khan, and Sharanya Mohan. Driven by a toxic "snapback culture," society places unrealistic expectations on women to instantly regain their pre-pregnancy bodies. While celebrities endure public cyberbullying, everyday women face the exact same intrusive judgment in their private lives. This trend highlights deep gendered double standards, as male actors who become fathers are never subjected to physical audits. Condemning the backlash, figures like Salman Khan and Kushboo Sundar have asserted that no one has the right to police a woman's body after she brings a life into the world.
Published: 23 Sept 2026, 09:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented