
ഒരാൾ മറ്റൊരാളെ ആന്റി എന്ന് വിളിച്ചതിന് ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു എന്ന വാർത്ത കണ്ടപ്പോഴാണ് സത്യത്തിൽ നമ്മളൊക്കെ ആരെയൊക്കെ എന്തൊക്കെ വിളിക്കുന്നു എന്ന് സത്യത്തിൽ ആലോചിച്ചുപോയത്. ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പണ്ട് ഒരു മഹാൻ ചോദിച്ചതുപോലെ ഒരു വിളിയിൽ എന്തിരിക്കുന്നു എന്ന് ചോദിക്കാനൊന്നും ഇപ്പോൾ പറ്റുകേല. ആരെങ്കിലും കേസുകൊടുത്താൽ പിന്നെ വള്ളിക്കെട്ടാകും. ആന്റിവിളി ഇവിടെയല്ല അങ്ങ് ബ്രിട്ടനിലാണ് പുകിലായത് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. വിളി എവിടെയായാലും വിളി തന്നെയല്ലേ. നമ്മൾ മറ്റുള്ളവരെ എങ്ങനെയൊക്കെയാണല്ലേ വിളിക്കാറ്.
ഹിസ് എക്‌സലൻസി, യുവർ ഓണർ, മൈ ലോഡ്, ഓണറബിൾ തുടങ്ങിയതരം പ്രത്യേക പ്രിവിലേജ്ഡ് വിളികൾ, സർ, മാഡം തുടങ്ങിയവ വേറെ. എടാ, എടീ, എടോ എന്നതരത്തിൽ വേറെ. ചേട്ടാ, ചേച്ചി, എന്ന മട്ടിൽ മറ്റൊരു തരം. കേരളത്തിൽ അതിഥി തൊഴിലാളികൾ സമൃദ്ധമായി കാണപ്പെട്ടതോടെ സേട്ടാ, സേച്ചി, വിളികളും വ്യാപകം, അച്ഛൻ, അമ്മ, ഉമ്മ, ഉപ്പ, ഡാഡി, മമ്മി, പപ്പ, ചിറ്റപ്പൻ,ചിറ്റമ്മ, വല്യച്ഛൻ, വല്യമ്മ, അമ്മാവൻ, അമ്മായി, അങ്കിൾ, ആന്റി....പേരങ്ങനെ പലതാണ്. ഇതിൽ ആരെ എപ്പോ, എങ്ങനെ എന്തു വിളിക്കണം എന്ന് ആലോചിച്ച് വിളിച്ചില്ലെങ്കിൽ കേസാകുന്ന കാലമാണ്. നമ്മുടെ നാട്ടിൽ ''ആന്റി'' എന്ന് വിളിക്കുന്നത് കേട്ടാൽ സാധാരണയായി ആളുകൾ ചിരിക്കും. ചിലർ സ്‌നേഹത്തോടെ മറുപടി പറയും. ചിലർക്ക് അതൊരു ചെറിയ ''അയ്യോ ഞാൻ ഇത്ര വലുതായോ?''എന്ന ഉള്ളിലൊരു നൊമ്പരം. പക്ഷേ ബ്രിട്ടനിൽ കാര്യം അത്ര ലളിതമല്ല. അവിടെ ''ആന്റി'' എന്ന് വിളിച്ചാൽ കോടതി വരെ പോകും! ഒരു ഘാന വംശജനായ സഹപ്രവർത്തകൻ തമാശയായി ''ആന്റി'' എന്ന് വിളിച്ചപ്പോൾ, ഇന്ത്യൻ വംശജയായ ഒരു നഴ്‌സ് കേസ് കൊടുത്തു. കോടതിയും പറഞ്ഞു; 'തമാശയ്ക്കും ഒരു ലിമിറ്റ് ഉണ്ടേ!' അവസാനം നഷ്ടപരിഹാരം !
നമ്മുടെ ജീവിതത്തിൽ വിളികൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഒരു മനുഷ്യനെ പേരിന്റെ പേരിൽ വിളിക്കുന്നത് ഒരു കാര്യം. ഒരു ബന്ധത്തിന്റെ പേരിൽ വിളിക്കുന്നത് മറ്റൊന്ന്. ഒരു പദവിയുടെ പേരിൽ വിളിക്കുന്നത് വേറൊന്ന്. ''സർ'' എന്ന് വിളിച്ചാൽ അത് ഒരു ഓഫീസ് ആയേക്കാം. ''ചേച്ചി'' എന്ന് വിളിച്ചാൽ ഒരു നാട്ടുവഴി. 'എടാ'' എന്ന് വിളിച്ചാൽ ഒരു ബാല്യകാല സൗഹൃദം. ഇങ്ങനെ ഓരോ വിളിയിലും ഓരോ ഇമോഷണൽ വാല്യു അറ്റാച്ച് ചെയ്തിരിക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിളിച്ചില്ലെങ്കിൽ വിവരമറിയും. ഇനി മറ്റൊരു തരം വിളികളുണ്ട്. അത് ഹൈ പ്രൊഫൈൽ വിളികളാണ്. തെറ്റിക്കാനാർക്കും അവകാശമില്ലാത്തത്. ''Your Excellency', 'My Lord', 'Honourable', 'Sir', 'Madam' -ഇവയെല്ലാം കേൾക്കുമ്പോൾ തന്നെ ആളിന്റെ കസേരയുടെ ഉയരം മനസ്സിലാകും. ഒരു സാധാരണക്കാരൻ ''സർ'' എന്ന് വിളിക്കുമ്പോൾ അതിൽ ഒരു ചെറിയ ബഹുമാനവും ഒരു ചെറിയ ഭയവും അടങ്ങിയിരിക്കും.
ഇനി നമ്മുടെ നാട്ടിലേക്ക് വരാം. എടാ, എടീ, എടോ ഇവ ഉപയോഗിച്ചുവിളിക്കാൻ ലൈസൻസ് വേണം. ലൈസൻസ് ഇല്ലാതെ ഉപയോഗിച്ചാൽ ''സൗഹൃദം'' തകരും. ചേട്ടാ, ചേച്ചി -ഇവ സേഫ് സോണാണ്. പക്ഷേ ചിലപ്പോൾ ഈ വിളികൾ ''വയസ്സ് കൂട്ടുന്ന യന്ത്രം'' ആയി മാറും. ഒരു 28 വയസ്സുകാരിയെ ''ചേച്ചി'' എന്ന് വിളിച്ചാൽ അവളുടെ ഉള്ളിൽ ഒരു 38 വയസ്സുകാരി ഉണരും.
കേരളത്തിൽ അതിഥി തൊഴിലാളികൾ എത്തിയതോടെ പുതിയ വിളികൾക്കും പ്രവേശനം കിട്ടി; സേട്ടാ, സേച്ചി. ഇത് കേൾക്കുമ്പോൾ ഒരു പുതിയ ''സാംസ്‌കാരിക ഫ്യൂഷൻ'' അനുഭവം. വിളി അങ്ങ് ആഗോളമാകുന്നുതുപോലെ തോന്നും.
കുടുംബ വിളികൾ സുരക്ഷിതമാണ്. പ്രിവിലേജ്ഡും അല്ലേ. അച്ഛൻ, അമ്മ, ഉമ്മ, ഉപ്പ, ഡാഡി, മമ്മി, പപ്പ ഇവയെല്ലാം കേൾക്കുമ്പോൾ മനസ്സിന് ഒരു ചൂടും കുളിർമയും കിട്ടും. പക്ഷേ പുറത്തുള്ളവരെ ആരെയെങ്കിലും ഇതിലേതെങ്കിലും വിളിച്ചാൽ - 'എന്താ ബന്ധം?'' എന്ന ചോദ്യം ഉടൻ വരും. പിന്നെ അതിന്റെ പുകില് പറയണോ.
അങ്കിൾ, ആന്റി വിളികൾ ഇപ്പോൾ അപകടകരമായ വാക്കുകളുടെ പട്ടികയിലാണ്. അതുകൊണ്ട് സൂക്ഷിക്കുന്നത് നല്ലതാണ്.
'ആന്റി' അല്ലേലും ഒരു സ്ലിപ്പറി സ്ലോപ്പ് ആണല്ലോ. കാരണം ''ആന്റി'' എന്ന വാക്ക് വളരെ സങ്കീർണ്ണമാണ്. ചിലർക്കിത് സ്‌നേഹപൂർവ്വമായ ബഹുമാന സൂചകമായി തോന്നുമെങ്കിലും മറ്റു ചിലർക്കിത് വയസ്സിന്റെ പ്രഖ്യാപനമായി മാറാം. മറ്റു ചിലർക്കിത് ഒരു ഇൻസൾട്ട് ആയി പോലും തോന്നാം. അതിനാലാണ് ബ്രിട്ടനിലെ കോടതി പറഞ്ഞത്:
''വിളിക്കുന്നതിന് മുമ്പ് ചിന്തിക്കുക!''
ഒരു ബസ് സ്റ്റോപ്പിൽ ''ചേച്ചി, ബസ് പോയോ?'' എന്ന് ചോദിച്ചാൽ അവൾ തിരിഞ്ഞ് നോക്കും: ' ആരെടാ നിന്റെ ചേച്ചി.?'' വിളിച്ചയാൾക്ക് പെൺകുട്ടിയേക്കാൾ പ്രായക്കൂടുതുൽ തോന്നിക്കുന്നതാണ് കുഴപ്പം. ഒരു ഷോപ്പിൽ ചെന്നിട്ട് 'ആന്റി, ഈ പാക്കറ്റിന് എത്രയാ വില എന്ന് ചോദിച്ചു നോക്കൂ.?''അവളുടെ കണ്ണിൽ ഒരു ചെറിയ മിന്നൽ വിരിയുന്നത് കാണാം. ''ആരെടാ നിന്റെ ആന്റി!'' എന്ന് മനസിൽ പറയുന്നത് കേൾക്കാം.
വിളിയുടെ മാനസിക ശാസ്ത്രം- ഒരു ആളെ എന്ത് വിളിക്കുന്നു എന്നത് അവരെനാം എങ്ങനെ കാണുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാണ്
''സർ'' ? അധികാരം
''ചേച്ചി'' ? അടുപ്പം
''ആന്റി'' ? (അപകടം!)
വിളി ഒരു വാക്ക് മാത്രമല്ല.
അത് ഒരു ''ഫീലിംഗ് ട്രാൻസ്ഫർ'' കൂടി ആണ്
ഡിജിറ്റൽ കാലത്തെ വിളികൾ- ഇപ്പോൾ കാര്യങ്ങൾ അല്പം കോംപ്ലിക്കേറ്റഡ് ആണ്. മുൻപ് മുഖം കണ്ടാണ് ആളെ വിലയിരുത്തിയത്. ഇപ്പോൾ ''ടെക്സ്റ്റ് കണ്ടാണ്'' വിധി. ഡിജിറ്റൽ കാലത്ത് മുഖാമഖം കണ്ടില്ലെങ്കിലും പരസ്പരം കാണുന്നു എന്നതുപോലെ തന്നെയാണ് കാര്യങ്ങൾ
WhatsApp-ൽ:
'Hi' ? നോർമൽ
'Hello Sir' ? ഔദ്യോഗികം
(ഇതിന്റെ പിന്നിൽ സാധാരണയായി ഒരു റിക്വസ്റ്റ് ഉണ്ടാകും)
''Sir, ചെറിയൊരു സഹായം വേണമായിരുന്നു...' എന്ന ക്ലൈമാക്‌സിലേക്ക് പതിയെ ബിൽഡ് അപ് ആയേക്കാം. )
'Heyyy' ? സംശയം
(''y'യുടെ എണ്ണം കൂടുന്തോറും ഉദ്ദേശം ഗൗരവം പ്രാപിക്കും!)
LinkedIn - പ്രൊഫെഷണൽ വിളികളുടെ കൂടാരമാണ് അവിടെ
''Respected Sir'
'Warm Greetings'
'Hope you are doing well'
ഈ മൂന്ന് വാക്യങ്ങൾ വന്നാൽ തന്നെഅടുത്തത് ഒരു ജോബ് റിക്വസ്റ്റ് അല്ലെങ്കിൽ ബിസിനസ് പ്രപ്പോസൽ ആയിരിക്കും.
ഇമോജി ഭാഷ - പുതിയ വിളി
ഇപ്പോൾ വാക്കുകൾ മാത്രം പോരാ. ഇമോജി ഇല്ലെങ്കിൽ മെസ്സേജ് ഇൻകംപ്ലീറ്റ് ആണെന്നതാണ് അവസ്ഥ. ഒരു തെറ്റായ ഇമോജി പോലും ഒരു തെറ്റായ ''വിളി'' പോലെ തന്നെ പ്രശ്‌നമാകും. എങ്ങനെ വിളിക്കണം? - കൺഫ്യൂഷൻ ഉള്ളവർക്ക് ഒരു ''സേഫ്റ്റി മാനുവൽ'' ഇതാ, ഇപ്പോൾ ആളെ എങ്ങനെ വിളിക്കുന്നതെന്നത് ഒരു സാധാരണ പ്രവൃത്തിയല്ല..'റിസ്‌ക് മാനേജ്‌മെന്റ്'' ആണ്! അതുകൊണ്ട്, തെറ്റായ ഒരു വിളിയുടെ പേരിൽ ജീവിതം തന്നെ ''കേസ് സ്റ്റഡി'' ആക്കാതിരിക്കാൻ ഇവിടെ ചില പ്രായോഗിക ടിപ്പുകൾ:
1. പേര് അറിയാമെങ്കിൽ - പേരിൽ വിളിക്കുക
ഏറ്റവും സുരക്ഷിത മാർഗം. പേര് എന്നത് ഒരു ''ന്യൂട്രൽ സോൺ'' ആണ്. അതിൽ ആരും വേദനിക്കില്ല... സാധാരണയായി!
'രമേഷ്' എന്ന് വിളിച്ചാൽ അവൻ തിരിഞ്ഞ് നോക്കും.''സർ'' എന്ന് വിളിച്ചാൽ അവൻ സംശയത്തോടെ നോക്കും!
2. പേര് അറിയില്ലെങ്കിൽ - 'എക്‌സ്‌ക്യൂസ് മീ'' ഉപയോഗിക്കുക
കേസ് ഒഴിവാക്കാം. 'ചേച്ചി...', ''ആന്റി...' എന്നൊക്കെ പറഞ്ഞ് അവരുടെ മാനസികാവസ്ഥ പരിശോധിക്കുന്നതിനു പകരം
ഒരു സിംപിൾ 'Excuse me' മതി. ഇത് ഒരു യൂണിവേഴ്‌സൽ റിമോട്ട് പോലെ -എവിടെയും വർക്ക് ചെയ്യും.
3. അവൾ/അവൻ എങ്ങനെ വിളിക്കണമെന്ന് പറഞ്ഞാൽ - അതുപോലെ തന്നെ ചെയ്യുക
ഇത് ''ലൈഫ് ഇൻഷുറൻസ്'' പോളിസി പോലെ ഉപകാരപ്പെടും. ''എന്നെ മാഡം എന്ന് വിളിക്കണ്ട, പേര് വിളിച്ചാൽ മതി''
എന്ന് ഒരാൾ പറഞ്ഞാൽ അതൊരു ഡയറക്ട് ഇൻസ്ട്രക്ഷൻ ആണ്. അണുവിട മാറ്റേണ്ട. മാറ്റിയാൽ ചിലപ്പോൾ പോളിസി ലാപ്‌സാകും.
4. എന്ത് വിളിക്കണം എന്ന് സംശയം ഉണ്ടെങ്കിൽ - വിളിക്കാതെ സംസാരിക്കുക!
''ഈ പാക്കറ്റിന് വില എത്ര?''എന്ന് ചോദിച്ചാൽ മതി. അതിന് മുമ്പ് മാഡം, ആന്റി, ചേച്ചി, സർ വിളികൾ ഒന്നും വേണ്ട.
ഇത് ആണ് അൾട്ടിമേറ്റ് ട്രിക്ക്.
5. പ്രായം കണ്ടു ഗസ് ചെയ്യരുത്!
ഇതാണ് ഏറ്റവും വലിയ ട്രാപ്പ്. 25 വയസ്സുകാരിയെ ''ചേച്ചി'' എന്ന് വിളിച്ചാൽ അവൾക്ക് 35 തോന്നും. 35 വയസ്സുകാരിയെ 'ആന്റി' എന്ന് വിളിച്ചാൽ നിങ്ങളെ അവൾ ബ്ലോക്ക് ചെയ്യും! ഒരു ശരിയായ വിളി ഒരു നല്ലബന്ധം ഉണ്ടാക്കും. ഒരു തെറ്റായ വിളി അതില്ലാതാക്കുമെന്ന് മാത്രമല്ല ചിലപ്പോൾ കോടതി കയറ്റുകതന്നെ ചെയ്യില്ലെന്ന് ആരു കണ്ടു.
Content Highlights: Understanding the emotional and legal weight behind common titles like Aunty, Sir, and Chechi., The risk of misjudging age and status in social interactions., How digital communication (WhatsApp/LinkedIn) has changed the way we address others., Practical tips to avoid legal or social conflicts, such as using 'Excuse me' as a neutral alternative., The importance of names as the safest way to address individuals.
Published: 12 Apr 2026, 10:56 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented