രാവിലെ ഉറക്കം വിട്ടെഴുന്നേല്‍ക്കുമ്പോള്‍ ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ അലട്ടുന്നത് ജപ്പാന്‍ പ്രധാനമന്ത്രി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതാവില്ലെന്നും മറിച്ച് ഹുനാനിലെയോ സെച്ചുവാനിലെയോ പാര്‍ട്ടി സെക്രട്ടറി എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതായിരിക്കുമെന്നും ഓക്സഫോര്‍ഡ് സര്‍വകലാശാലയില്‍ ചൈനിസ് ചരിത്രം പഠിപ്പിക്കുന്ന പ്രൊഫസര്‍ റാണ മിത്തെര്‍ ഒരിക്കല്‍ എഴുതിയിരുന്നു. ഒരു പത്ത് കൊല്ലം മുമ്പ് പിണറായി വിജയനും വി.എസ്.അച്ച്യുതാനന്ദനും ഉറങ്ങിയെണീറ്റിരുന്നത് സമാന ചിന്തകളോടെയായിരുന്നിരിക്കാം. ഉമ്മന്‍ചാണ്ടിയോ ആന്റണിയോ എന്ത് ചെയ്യുന്നുവെന്നായിരിക്കില്ല മറിച്ച് പിണറായി എന്താണ് ചെയ്യുന്നതെന്നായിരിക്കും വി.എസും, വിഎസിന്റെ പരിപാടി എന്തായിരിക്കുമെന്നായിരിക്കും പിണറായിയും ആലോചിച്ചാലോചിച്ച് വിഷമിച്ചിരിക്കുക. 2015-ല്‍ ആലപ്പുഴ സമ്മേളനത്തില്‍നിന്ന് വി.എസ്. ഇറങ്ങിപ്പോയതോടെയായിരിക്കണം പിണറായിയുടെ ആധി ഒന്ന് കുറഞ്ഞത്. പിന്നീടങ്ങോട്ട് സി.പി.എമ്മിനുള്ളില്‍ വി.എസ്സിന്റെ സ്വാധീനം നാള്‍ക്കുനാള്‍ കുറഞ്ഞുവന്നു. മൂന്ന് കൊല്ലത്തിനപ്പുറം തൃശൂര്‍ സമ്മേളനമായപ്പോഴേക്കും കേരളത്തില്‍ സി.പി.എമ്മിന് ഒരു മുഖവും ഒരു സ്വരവും ആയിക്കഴിഞ്ഞിരുന്നു. വിഭാഗീയത ഇപ്പോള്‍ മ്യൂസിയം പീസായിരിക്കുന്നു എന്നാണ് അന്ന് രണ്ടാംവട്ടം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഈ ലേഖകനുള്‍പ്പെടെയുള്ള കുറച്ച് പത്രപ്രവര്‍ത്തകരോട് ഒരു സൗഹൃദ സംഭാഷണത്തില്‍ പറഞ്ഞത്.

To advertise here,

കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരമേറ്റിട്ട് അപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞിരുന്നു. പാര്‍ട്ടിയും ഭരണകൂടവും ഒരാളുടെ പിടിയിലേക്കമരുന്ന കാഴ്ചയുടെ ആദ്യനാളുകള്‍. പിണറായിയെപ്പോലെ രണ്ടിനെയും ഒരുപോലെ ചൊല്‍പടിയില്‍ നിര്‍ത്താന്‍ ഇതിന് മുമ്പ് മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവിനും കേരളത്തില്‍ കഴിഞ്ഞിട്ടില്ല. ഇ.എം.എസ്സും അച്ച്യുതമേനോനും പി.കെ.വിയും നായനാരും വി.എസ്സും പിണറായിക്കു മുമ്പേ കേരളത്തില്‍ മുഖ്യമന്ത്രിമാരായ കമ്മ്യൂണിസ്റ്റുകാരാണ്. ഇവരാരും തന്നെ പാര്‍ട്ടിക്ക് മുകളിലേക്ക് വളര്‍ന്നില്ല. കാരണം പാര്‍ട്ടിയായിരുന്നു അന്ന് മുഖ്യമന്ത്രിക്കും മുകളില്‍. ഈ അവസ്ഥയാണ് പിണറായി അട്ടിമറിച്ചത്. 2006 മുതല്‍ 2011 വരെ കേരളം ഭരിക്കുമ്പോള്‍ വി.എസ്. അച്ച്യുതാനന്ദന്‍ നേരിട്ട മുഖ്യ പ്രതിയോഗി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനായിരുന്നു. വി.എസ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്നില്ലെന്നാണ് പിണറായി ആദ്യം ഉറപ്പ് വരുത്തിയത്. കോടിയേരിക്കായിരുന്നു ആഭ്യന്തര വകുപ്പിന്റെ ചുമതല. കോടിയേരി ആഭ്യന്തര മന്ത്രിയാവുക എന്ന് പറഞ്ഞാല്‍ അതിന്റെയര്‍ത്ഥം പോലിസ് സ്റ്റേഷനുകളില്‍ അവസാന വാക്ക് പിണറായിയുടേതായിരിക്കും എന്ന് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പല ഘട്ടങ്ങളിലും കേരളത്തിന്റെ പ്രതിപക്ഷ നേതാവ് എന്ന തലത്തിലായിരുന്നു വി.എസ്സിന്റെ പ്രവര്‍ത്തനവും പ്രതികരണവും.

വി.എസ്സിന്റെ കാര്യത്തില്‍ സി.പി.എം. എടുത്ത കരുതല്‍ പിണറായിയുടെ കാര്യത്തിലുണ്ടായില്ല. കാരണം പിണറായി മുഖ്യമന്ത്രിയാവുമ്പോള്‍ പാര്‍ട്ടിയില്‍ രണ്ടാമെതാരു അധികാര കേന്ദ്രം ഉണ്ടായിരുന്നില്ല. വി.എസ് അപ്പോഴേക്കും സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അപ്രസക്തനാവാന്‍ തുടങ്ങിയിരുന്നു. വി.എസ്. കേരളത്തിന്റെ ഫിഡല്‍ കാസ്ട്രൊയാണെന്ന് പറഞ്ഞുകൊണ്ടാണ് 2016-ല്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചത്.

placeholder
കെ.കരുണാകരന്‍

കരുണാകരന്റെ നിഴല്‍

ബംഗാളില്‍ ജ്യോതി ബസുവിന് പോലും പിണറായിയുടെ ഇന്നത്തെ തലത്തിലേക്കെത്താനായിരുന്നില്ല. ബസു മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രമോദ് ദാസ് ഗുപ്തയും സരോജ് മുഖര്‍ജിയും സൈലന്‍ ദാസ് ഗുപ്തയും അനില്‍ ബിശ്വാസുമായിരുന്നു സി.പി.എം. ബംഗാള്‍ ഘടകം സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. വിഭാര്യനായിരുന്ന പ്രമോദ് ദാസ് ഗുപ്ത പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സഖാവായിരുന്നു. സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.വര്‍ക്കിയുടെയൊക്കെ ആദിരൂപം എന്ന് വിശേഷിപ്പിക്കാവുന്ന പ്രമോദ് ദാസ് ഗുപ്തയ്ക്ക് മുന്നില്‍ ബസു ഒരു സാധുവായിരുന്നുവെന്നാണ് ആനന്ദ് ബസാര്‍ പത്രികയില്‍ പത്രപ്രവര്‍ത്തകനായിരുന്ന വിക്രമന്‍ നായര്‍ പറഞ്ഞിട്ടുള്ളത്. സരോജ് മുഖര്‍ജിയും സൈലന്‍ ദാസ് ഗുപ്തയും ഒട്ടും മോശക്കാരായിരുന്നില്ല. അനില്‍ ബിശ്വാസിന്റെ കാലമായപ്പോഴേക്കും ബസുവിന്റെ യുഗത്തിന് തിരശ്ശീല വീഴാന്‍ തുടങ്ങിയിരുന്നു. ജ്യോതി ബസുവിനെപ്പോലെയാവണം എന്ന് പിണറായി എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ എന്നറിയില്ല. പിണറായിയെ മോഹിപ്പിച്ചിട്ടുള്ള ഒരു മുഖ്യമന്ത്രി കെ.കരുണാകരനായിരുന്നിരിക്കണം. അധികാരത്തിന്റെ ഫലങ്ങള്‍ ഇത്രമാത്രം രൂചിയോടെ കേരളത്തില്‍ ആസ്വദിച്ചിട്ടുള്ള രണ്ട് മുഖ്യമന്ത്രിമാരുണ്ടെങ്കില്‍ അത് കരുണാകരനും പിണറായിയുമായിരിക്കും.

അടിയന്തരാവസ്ഥ ഓര്‍മ്മയില്ലേ! കെ കരുണാകരനായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. സി.അച്ച്യുതമേനോന്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കിലും അധികാരം കരുണാകരന്റെ കൈയ്യിലായിരുന്നു. അധികാരത്തിന്റെ ചിഹ്നവും പ്രതീകവും എക്കാലത്തും പോലീസാണ്. യൂണിഫോമിട്ട പോലിസ് കോണ്‍സ്റ്റബിളും സംസ്ഥാനത്തെ ചീഫ്സെക്രട്ടറിയും തെരുവിലൂടെ നടന്നാല്‍ ഇവരെ രണ്ട്പേരെയും അറിയാത്തവര്‍ ബഹുമാനിക്കുക പോലീസുകാരനെയായിരിക്കും. കരുണാകരന് ഇതറിയാമായിരുന്നു. ആഭ്യന്തരവകുപ്പിനെയും പോലീസിനെയും ഉപയോഗിച്ചാണ് കരുണാകരന്‍ കേരള രാഷ്ട്രീയത്തില്‍ കരുക്കള്‍ നീക്കിയത്. അടിയന്തരാവസ്ഥക്കാലത്ത് കൂത്ത്പറമ്പ് എം.എല്‍.എയായിരുന്നു പിണറായി. അന്ന് കരുണാകരന്റെ പോലിസ് ഭീകരമായി മര്‍ദിച്ചവരില്‍ ഒരാള്‍ പിണറായിയായിരുന്നു. മര്‍ദനത്തിന്റെ അടയാളമുള്ള ചോരപുരണ്ട ഷര്‍ട്ടുമായി പിണറായി നിയമസഭയിലെത്തിയതും പ്രസംഗിച്ചതും ചരിത്രമാണ്. പക്ഷേ, ഇതേ പിണറായി 2016-ല്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം എടുത്ത നടപടികളില്‍ ഒന്ന് കരുണാകരന്റെ വിശ്വസ്തനെന്ന് പേരുകേട്ട പോലിസ് ഓഫീസര്‍ രമണ്‍ ശ്രീവാസ്തവയെ ആഭ്യന്തരവകുപ്പിന്റെ ഉപദേശകനാക്കുകയായിരുന്നു. എന്തുകൊണ്ടായിരിക്കാം പ്രത്യക്ഷത്തില്‍ വൈരുദ്ധ്യാത്മകമെന്ന് തോന്നിപ്പിക്കുന്ന ഇത്തരമൊരു പരിപാടിക്ക് പിണറായി തുനിഞ്ഞത്? കരുണാകരന്‍ എന്ന അധികാര കേന്ദ്രത്തോട് ഉള്ളിന്റെയുള്ളിലുള്ള അഭിനിവേശമാകാം ഒരു കാരണം. അതല്ലെങ്കില്‍ അടിയന്തരാവസ്ഥയിലെ ഇരുണ്ട നാളുകളോട് തന്റേതായ രീതിയിലുള്ള പിണറായിയുടെ പ്രതികാരവുമാകാം. എന്തായാലും അധികാരവുമായുള്ള പിണറായിയുടെ സമവാക്യത്തില്‍ കരുണാകരന്‍ എവിടെയോ മറഞ്ഞിരിപ്പുണ്ട്. അടിയന്തരാവസ്ഥയിലെ ജനാധിപത്യ ധ്വംസനത്തെക്കുറിച്ച് നാഴികയ്ക്ക് നാല്‍പതുവട്ടം രോഷാകുലനാവുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉള്‍ത്തലങ്ങളിലെവിടെയോ ഇന്ദിരാ ഗാന്ധി എന്ന അധികാര സ്വരൂപത്തിന്റെ നിഴല്‍ പതിഞ്ഞുകിടക്കുന്നുണ്ടെന്ന് പറയുന്നത്പോലെയാണത്.

ബക്കറ്റിലെ വെള്ളം

കാരണഭൂതനും ചെങ്കനലുമൊക്കെയായുള്ള പിണറായിയുടെ പരിണാമം ഒരുദിനം കൊണ്ടുണ്ടായതല്ല. സി.പി.ഐ-എം അഥവാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ എന്നാണ് പാര്‍ട്ടിയുടെ പേരെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കേരള എന്നല്ലെന്നും 2018 ലെ തൃശ്ശൂര്‍ സമ്മേളനത്തില്‍ സിതാറാം യെച്ചൂരി കേരളത്തിലെ സഖാക്കളെ ഓര്‍മ്മിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫെബ്രുവരി അവസാനമായിരുന്നു തൃശ്ശൂര്‍ സമ്മേളനം. തൊട്ടടുത്ത ആഴ്ച ത്രിപുരയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. കാല്‍ നൂറ്റാണ്ട് നീണ്ടുനിന്ന സി.പി.എം ഭരണത്തിന് ത്രിപുരയില്‍ തിരശ്ശീല വീണു. സി.പി.എം കേരളത്തിലേക്കൊതുങ്ങുന്ന കാഴ്ചയുടെ തുടക്കം. യെച്ചൂരിയുടെ വാക്കുകള്‍ അറംപറ്റുകയായിരുന്നോ എന്ന് ചോദിച്ചവരുണ്ട്. 1998 മുതല്‍ 2015 വരെ നീണ്ട 17 വര്‍ഷം കേരളത്തില്‍ പിണറായിയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി. ആളുകൊണ്ടും അര്‍ത്ഥംകൊണ്ടും സി.പി.എം. വളര്‍ന്ന കാലം. കേരളത്തിലെവിടെയും പിണറായിക്ക് ഒരു പിടിയല്ല പല പിടികളുണ്ടെന്നാണിതിന്റെ അര്‍ത്ഥം. വി.എസിന്റെ ജനകീയതയ്ക്ക് സംഘടനയിലെ സ്വാധീനം കൊണ്ടാണ് പിണറായി തടയിട്ടത്.

placeholder
മുഖ്യമന്ത്രി പിണറായി വിജയനും വി.എസ്. അച്യൂതാനന്ദനും

പാര്‍ട്ടി കൈയ്യില്‍ നിന്നും വഴുതിപ്പോയതാണ് വി.എസ്സിന്റെ പോരാട്ടം ദുര്‍ബ്ബലമാക്കിയത്. പ്രായവും വി.എസ്സിന് അനുകൂലമായിരുന്നില്ല. പക്ഷേ, വി.എസ് സജീവമായിരുന്നപ്പോള്‍ കാരണഭൂതന്‍, വിപ്ലവ സൂര്യന്‍, ചെങ്കനല്‍ പദവികള്‍ പിണറായിക്ക് അന്യമായിരുന്നു. കേരളത്തില്‍ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.എസ്സിനെത്തേടി ഇത്തരം വിശേഷണങ്ങള്‍ എത്തിയിരുന്നില്ല. കണ്ണേ, കരളേ വി.എസ്സേ എന്ന് വിളിച്ചവര്‍ നിരവധിയാണ്. പക്ഷേ, ഇവരാരും തന്നെ വി.എസ്സാണ് സമസ്ത സംഗതികളുടെയും കാരണഭൂതന്‍ എന്നോ സി.പി.എം എന്ന് പറഞ്ഞാല്‍ വി.എസ് ആണെന്നോ പറഞ്ഞിരുന്നില്ല. കാരണം ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ല പ്രസ്ഥാനം എന്ന തിരിച്ചറിവ് നഷ്ടമായിട്ടില്ലാതിരുന്ന നാളുകളായിരുന്നു അത്. അന്നങ്ങിനെ ഓര്‍മ്മിച്ചിരുന്ന ഒരാള്‍ കൂടിയായിരുന്നു പിണറായി. തിരമാല തിരമാലയാവുന്നത് കടലിന്റെ ഭാഗമാകുമ്പോഴാണെന്നും പാര്‍ട്ടിയുടെ പിന്‍ബലമില്ലെങ്കില്‍ അത്  ബക്കറ്റിലെ വെള്ളം മാത്രമാണെന്നും വിഎസ്സിനെ പിണറായി ഓര്‍മ്മിപ്പിച്ച കാലം.

എത്ര കടുത്ത പിണറായി ഭക്തിക്കും എണ്ണം പറഞ്ഞ മറുമരുന്നായിരുന്നു വി.എസ്. വി.എസ്സിന് സിപിഎമ്മില്‍ പിന്‍ഗാമികളില്ലാതെ പോയതാണ് പിണറായിക്ക് വളമായത്. എതിരാളികളില്ലാത്ത കളത്തില്‍ പിണറായി പറയുന്നതാണ് പാര്‍ട്ടിക്ക് വേദവാക്യം. ഇക്കഴിഞ്ഞ മാസം സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് പിണറായി നടത്തിയ പരാമര്‍ശങ്ങള്‍ നോക്കുക. സി.പി.എം ദേശീയ തലത്തില്‍ സനാതന ധര്‍മ്മത്തെക്കുറിച്ച് നയരൂപികരണമൊന്നും നടത്തിയിരുന്നില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സനാതന ധര്‍മ്മത്തിനെതിരെ നടത്തിയ പ്രസ്താവന വിവാദമായപ്പോള്‍ സഖ്യകക്ഷിയാണെങ്കിലും സി.പി.എം. പൊതുവെ മൗനം പാലിക്കുകയായിരുന്നു. പക്ഷേ, പിണറായിയുടെ ഇടപെടല്‍ വന്നപ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തൊട്ടടുത്ത ദിവസം അതിന് ന്യായീകരണവും വ്യാഖ്യാനവും ചമച്ചു. കേന്ദ്ര കമ്മിറ്റിയോ പോളിറ്റ് ബ്യൂറൊയോ അല്ല പിണറായിയാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ നയവും ഭാഷയും തീരുമാനിക്കുന്നത്.

വിമര്‍ശനത്തിന്റെ അഭാവം

2022-ല്‍ കൊച്ചിയില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പിണറായിയുടെ അധീശത്വം പ്രകടമായിരുന്നു. വി.എസ് അച്ച്യുതാനന്ദനെക്കുറിച്ച് യെച്ചൂരിയല്ലാതെ വേറെയാരെങ്കിലും പരാമര്‍ശിച്ചതായി ഓര്‍ക്കുന്നില്ല. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നവകേരള ദര്‍ശനരേഖ അവതരിപ്പിച്ചത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനായിരുന്നില്ല, മുഖ്യമന്ത്രി പിണറായിയായിരുന്നു. കേരളത്തിലേക്ക് വിദേശ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതടക്കമുള്ള പദ്ധതികള്‍ പിണറായി മുന്നോട്ടുവെച്ചപ്പോള്‍ അത് പാര്‍ട്ടിയും ഭരണകൂടവും ഒരാളിലേക്ക് സമന്വയിക്കുന്നതിന്റെ മിഴിവാര്‍ന്ന ദൃശ്യമായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത നേതാവായി സി.പി.എമ്മിനുള്ളില്‍ പിണറായി രൂപാന്തരപ്പെടുന്നതിന്റെ സാക്ഷ്യപത്രമായിരുന്നു കൊച്ചി സമ്മേളനം. പാര്‍ട്ടിക്ക് കേരളത്തില്‍ ചരിത്രപരമായ തുടര്‍ഭരണം കൊടുത്ത നേതാവെന്ന നിലയില്‍ പിണറായിയുടെ സ്ഥാനം സി.പി.എമ്മില്‍ അനന്യമാണ്. ബംഗാളും ത്രിപുരയും ചിത്രത്തിലേ ഇല്ലാത്ത ഒരു കാലത്ത് ഡല്‍ഹിയില്‍ സിപിഎമ്മിന്റെ വണ്ടി ഓടുന്നത് ഇങ്ങ് കേരളത്തില്‍ നിന്നുള്ള ഫണ്ട് കൊണ്ടാണ്. അതുകൊണ്ടുതന്നെ പിണറായിയുടെ വലിയൊരു നിഴല്‍ കാരാട്ട് അടക്കമുള്ള സി.പി.എം. കേന്ദ്ര നേതൃത്വത്തിന് മേലുണ്ട്.

തിരുത്താന്‍ ആളില്ലാതെ വരുമ്പോള്‍ സ്തുതിപാഠകരുടെയും വാഴ്ത്തലുകാരുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവും. എതിര്‍പ്പിന്റെ സ്വരങ്ങളോടുള്ള അസഹിഷ്ണുതയാണ് ഇതിന്റെ ബാക്കിപത്രങ്ങളിലൊന്ന്. കറുത്ത മാസ്‌ക് ധരിച്ചവര്‍ പോലും മുഖ്യമന്ത്രിയുടെ യോഗങ്ങളില്‍നിന്ന് പുറത്താക്കപ്പെടുന്ന അവസ്ഥയുണ്ടായി. നേതാവിന്റെ ഏത് പ്രവൃത്തിയും ന്യായീകരിക്കുന്ന അനുയായികളാണ് ഇതിന്റെ മറ്റൊരു ഫലശ്രുതി. കറുത്ത മാസ്‌ക് ധരിച്ച ഒരു മാധ്യമപ്രവര്‍ത്തകയെ മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് തടഞ്ഞപ്പോള്‍ അതിനെന്താ അവര്‍ക്ക് നീല മാസ്‌ക് കൊടുത്തില്ലേ എന്ന് ചോദിക്കുന്ന അനുയായികളുള്ള നാട്. ഈ പരിസരത്തിലാണ് നേതാവിന് സ്തുതിഗീതങ്ങള്‍ ഉയരുന്നത്. ഒരൊറ്റ ശബ്ദവും ഒരൊറ്റ മുഖവുമേ ഇന്നിപ്പോള്‍ കേരളത്തിലെ ഭരണകൂടത്തിനും ആ ഭരണകൂടത്തെ നയിക്കുന്ന പാര്‍ട്ടിക്കുമുള്ളു. ആ മുഖം അഴിമതിയുടെ നിഴലിലായാല്‍ പാര്‍ട്ടി ഒന്നടങ്കം അങ്കത്തിനിറങ്ങും. ആ മുഖം ചെങ്കനലാണെന്നും ചെമ്പടയ്ക്ക് കാവലാണെന്നും വാഴ്ത്തപ്പെടും.

placeholder
മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇ.പി. ജയരാജനും.

ഈ പാട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞത് അധിക്ഷേപങ്ങള്‍ക്കിടയില്‍ ലേശം പുകഴ്ത്തല്‍ വന്നാല്‍ പലര്‍ക്കും അസ്വാസ്ഥ്യമുണ്ടാവും എന്നാണ്. തന്റെ എതിരാളികള്‍ക്ക് അസ്വാസ്ഥ്യമുണ്ടാവും എന്നായിരിക്കണം പിണറായി ഉദ്ദേശിച്ചത്. അദ്ദേഹത്തിന് സ്വയം അസ്വാസ്ഥ്യമില്ല എന്ന് വ്യക്തമാണ്. ഇമ്മാതിരി പാട്ടൊന്നും ഇവിടെ വേണ്ട എന്ന് പിണറായി ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തിപൂജ സി.പി.എമ്മില്‍ അനുവദിക്കാനാവില്ലെന്നാണ് പി.ജയരാജനോട് പാര്‍ട്ടി പറഞ്ഞത്. പക്ഷേ, അദ്ദേഹത്തിന് പോലും പിണറായി സ്തുതിഗീതങ്ങള്‍ തള്ളിപ്പറയാനാവുന്നില്ല. പാര്‍ട്ടിക്കുള്ളില്‍ പിണറായിക്കെതിരെ എന്തെങ്കിലും വിമര്‍ശനമുയരുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ചോദിക്കുക തന്നെ വേണം. ഇത്തരം സ്്തുതിഗീതങ്ങള്‍ പാര്‍ട്ടിയുടെ നയമല്ല എന്ന് പറയാന്‍ പ്രകാശ് കാരാട്ടിനോ എം.വി. ഗോവിന്ദനോ എം.എ.ബേബിക്കോ എന്തിന് നാട്ടുകാരെ മുഴുവന്‍ ജനാധിപത്യ അവകാശങ്ങളെക്കുറിച്ച് സദാ ബോധവത്കരിച്ചുകൊണ്ടിരിക്കുന്ന എം.സ്വരാജിനോ പറയാനാവാത്തത് എന്തുകൊണ്ടാണ്? ബക്കറ്റിലെ വെള്ളമാവരുത് എന്ന് പിണറായി വിജയനോട് പറയാന്‍ ഇന്നിപ്പോള്‍ സി.പി.എമ്മില്‍ ആരാണുള്ളത്? പ്രധാനമന്ത്രി മോദിയോട് ഇങ്ങനെ പറയാന്‍ ബി.ജെ.പിയില്‍ ആരെങ്കിലുമുണ്ടോ സോണിയയയോടും രാഹുലിനോടും പറയാന്‍ കോണ്‍ഗ്രസില്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യമായിരിക്കും ഇതിന് ബദലായി സി.പി.എം ഉയര്‍ത്തുക. മോദിയും ബി.ജെ.പിയുമാണ് അല്ലെങ്കില്‍ സോണിയയും കോണ്‍ഗ്രസുമാണ് മാതൃകയെങ്കില്‍ അക്കാര്യം തുറന്ന് സമ്മതിക്കുകയാണ് സി.പി.എം നേതൃത്വം ചെയ്യേണ്ടത്.

എംടിയുടെ മുന്നറിയിപ്പ്

തെറ്റുപറ്റിയാല്‍ തിരുത്തുന്ന ആളായിരുന്നു ഇ.എം.എസ്. അധികാരത്തിലിരുന്നിട്ടും അതിന്റെ ലഹരിയില്‍ ഉന്മത്തനായിരുന്നില്ല ഇ.എം.എസ്. ഭരണവും സമരവും ഒന്നിച്ചുപോകുമെന്ന ഇ.എം.എസ്. വചനം അധികാരത്തിനെതിരെയുള്ള എക്കാലത്തെയും ചെറുത്തുനില്‍പ്പാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ബോംബെ വിമാനത്താവളത്തില്‍ ഒന്നര ദിവസത്തോളം കുടുങ്ങിക്കിടക്കേണ്ടി വന്നപ്പോള്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായരുടെ ഹോട്ടലിലേക്ക് പോകാമെന്ന 'പ്രലോഭനം' നിരസിക്കാന്‍ ഇ.എം.എസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ഇന്നിപ്പോള്‍ നമ്മുടെ നേതാക്കന്മാര്‍ തെറ്റ് പറ്റാത്തവരായി മാറിയിരിക്കുന്നു. തെറ്റ് പറ്റിയെന്ന് പറഞ്ഞാല്‍ അത് തങ്ങളുടെ നേതൃശേഷിയെ ദുര്‍ബ്ബലപ്പെടുത്തുമെന്ന് വിശ്വസിക്കുന്നവര്‍. ഒരിക്കലും കാലിടറാത്തവര്‍. കാലിടറിയാല്‍ അത് ചവിട്ടിനില്‍ക്കുന്ന ഭൂമിയുടെ കുഴപ്പമാണെന്ന് കരുതുന്നവര്‍. അവര്‍ തങ്ങളുടെ കാലിന്റെ പ്രശ്നം എന്താണെന്ന് അന്വേഷിക്കില്ല. പകരം ചിവിട്ടിനില്‍ക്കുന്ന ഭൂമി ഇടിച്ചു നിരപ്പാക്കാന്‍ ഉത്തരവിടും.

കേരളത്തിന്റെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഏറ്റവും പ്രബല സംഘടനയാണ് ഈ സ്തുതിഗീതത്തിന് അരങ്ങൊരുക്കിയതെന്നത് കാണാതിരിക്കാനാവില്ല. അധികാരവുമായി സമരസപ്പെടുന്ന ഒത്തുതീര്‍പ്പിലും അനുരഞ്ജനത്തിലുമേര്‍പ്പെടുന്ന സംഘടനകള്‍ ജനാധിപത്യത്തിന്റെ തുറസ്സുകളില്‍ നിന്ന് അകന്നുപോകുന്നതിന്റെ സാക്ഷ്യപത്രമാണിത്. അധികാരത്തെ ചോദ്യം ചെയ്യലാണ് രാഷ്ട്രീയമെന്ന് പ്രൊഫസര്‍ എം.കുഞ്ഞാമന്‍ പറയുമായിരുന്നു. ചോദ്യം ചെയ്യാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും അത് അടിയറവ് വെയ്ക്കാനാവില്ലെന്നും അദ്ദേഹം ആവര്‍ത്തിക്കുമായിരുന്നു. തിരുത്തല്‍ ശക്തികളാവേണ്ട സംഘടനകള്‍ അധികാരത്തിന് കുടപിടിക്കുമ്പോള്‍ അത് അപചയവും പിന്നോട്ട് നടത്തവുമാവുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എം.ടി. വാസുദേവന്‍ നായര്‍ ചില കാര്യങ്ങള്‍ പറഞ്ഞത്. അധികാരവും അതുയര്‍ത്തുന്ന രാഷ്ട്രീയവുമായിരുന്നു എം.ടിയുടെ പ്രസംഗത്തിന്റെ കാതല്‍. അധികാരമെന്നാല്‍ ജനസേവനത്തിനുള്ള മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടിയെന്ന് തുടക്കത്തില്‍ തന്നെ എം.ടി ഓര്‍മ്മിപ്പിക്കുന്നു. ഒരു തീരുമാനമെടുക്കുമ്പോള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവര്‍ക്ക് അത് പ്രയോജനപ്പെടുമോ എന്നാണ് ആലോചിക്കേണ്ടതെന്ന ഗാന്ധിജിയുടെ ദര്‍ശനം എം.ടിയുടെ ഈ വാക്കുകളിലുണ്ട്. വ്യവസായം, സംസ്‌കാരം, ശാസ്ത്രം എന്നീ മേഖലകളുടെ പ്രവര്‍ത്തനത്തെ അമിതാധികാരമുള്ള മാനേജ്‌മെന്റുകളെ ഏല്‍പിക്കുമ്പോള്‍ അപചയത്തിന് തുടക്കമാവുമെന്ന് വില്‍ഹം റീഹിനെ ഉദ്ധരിച്ചുകൊണ്ട് എം.ടി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു: 'എല്ലാ വിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവ് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോള്‍ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇ.എം.എസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകുമെന്ന് പ്രത്യാശിച്ചു കൊണ്ട് എന്റെ വാക്കുകള്‍ അവസാനിപ്പിക്കുന്നു.''

ഒരു കൊല്ലത്തിനിപ്പുറം പിണറായിയുടെ വഞ്ചി തിരുനക്കര തന്നെ നില്‍ക്കുകയാണ്. വിമര്‍ശനങ്ങളില്ലെങ്കില്‍ വ്യക്തികളോ പാര്‍ട്ടികളോ വളരില്ലെന്ന ദര്‍ശനം സ്തുതിഗീതങ്ങള്‍ക്ക് വഴിമാറുന്നു. ഇതൊരു സന്നിഗ്ദ ഘട്ടമാണ്. എം.ടിയുടെ ഭൗതിക ദേഹം മാത്രമേ അപ്രത്യക്ഷമായിട്ടുള്ളു. അദ്ദേഹം മുഴക്കിയ അപായമണികളുടെ അലയൊലികള്‍ ഇപ്പോഴും കേരളത്തിന്റെ അന്തരീക്ഷത്തിലുണ്ട്. ജ്യോതി ബസു 86 ാം വയസ്സിലാണ് ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനം ബുദ്ധദേബിന് കൈമാറിയത്. ആ നിലയ്ക്ക് 2026ലും പിണറായി തന്നെയാവും സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി (അടുത്ത കൊല്ലം പിണറായിക്ക് 81 വയസ്സാവും).   2019- ല്‍ 303 സീറ്റുകളുടെ വന്‍ഭൂരിപക്ഷം നേടുകയും തുടര്‍ന്ന് 400 സീറ്റുകള്‍ ലക്ഷ്യമിടുകയും ചെയ്ത കാലയളവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ സാധാരണ മനുഷ്യനല്ലെന്ന ചിന്തയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വോട്ടര്‍മാര്‍ ചൂണ്ടുവിരലില്‍ മഷി പുരട്ടിയപ്പോള്‍ ഈ ധാരണയ്ക്ക് മാറ്റം വന്നു. താന്‍ മനുഷ്യനാണെന്നും ദൈവമല്ലെന്നും തെറ്റുകള്‍ പറ്റുമെന്നുമാണ് ഈ ജനുവരി ആദ്യം മോദി പറഞ്ഞത്. ജനാധിപത്യത്തില്‍ ജനങ്ങള്‍ നടത്തുന്ന വിധിയെഴുത്താണ് എന്തിനുമേതിനും പ്രതിവിധി. നൊണ്‍ ബയോളജിക്കലാണെന്ന് തോന്നിത്തുടങ്ങുന്നവര്‍ക്ക് ഇതിനേക്കാള്‍ വലിയ മറുമരുന്ന് വേറെയില്ല.

വഴിയില്‍ കേട്ടത് : എഴുത്തുകാര്‍ അധികാരത്തിനൊപ്പം നില്‍ക്കണമെന്ന് എം മുകുന്ദന്‍. ഇനിയും എന്തങ്കിലും പുരസ്‌കാരങ്ങള്‍ ബാക്കിയുണ്ടോ ശകുന്തളേ!