
ഏറ്റവും പ്രിയപ്പെട്ട എന്റെ മധുരം ജീവിതം കോളം വായനക്കാരെ, പണ്ട് നമുക്കൊക്കെ ഒരുപാട് കത്തുകൾ ഔദ്യോഗികമായി വരാറുണ്ടായിരുന്നു. നല്ലതും ചീത്തയുമായി അതിലെ ഉള്ളടക്കം പലതരത്തിലുള്ളതായിരുന്നു. 'ബഹുമാനപ്പെട്ട സർ..' എന്ന് പറഞ്ഞായിരുന്നു കത്ത് തുടങ്ങിയിരുന്നത്. വായ്പാകുടിശിക അടച്ചില്ലെങ്കിൽ ജപ്തിചെയ്ത് നിന്നെയും കുടുംബത്തെയും തെരുവിലിറക്കാൻ പോലും ഞങ്ങൾ മടിക്കില്ല എന്നൊക്കെ താഴോട്ടു വരുമ്പോൾ ഉണ്ടാകുമായിരുന്നെങ്കിലും കത്ത് തുടങ്ങിയിരുന്നത് ഏറ്റവും ബഹുമാനപ്പെട്ട സർ എന്നു പറഞ്ഞുകൊണ്ടായിരുന്നു. വലിയ ഒരു കാര്യത്തിനായി പൂജയൊക്കെ ആരംഭിക്കുമ്പോഴത്തെ ഭക്തിയും ബഹുമാനവുമൊക്കെ ആയിട്ടാണ് അന്ന് കത്തുകൾ തുടങ്ങിയിരുന്നത്.
കളക്ടറെപ്പോലെ വലിയ വലിയ ആളുകൾക്ക് കൊടുക്കുന്ന ബഹുമാനമായിരുന്നു എന്നെയും നിങ്ങളെയും പോലുള്ള വെറും സാധാരണക്കാരായ പിള്ളേച്ചൻമാർക്ക് വരെ കിട്ടിയിരുന്നത്. അവസാനം നിങ്ങളുടെ ഒരു ഭൃത്യനെപ്പോലെ യുവേഴ്സ് ഫെയ്ത്തുഫുള്ളി എന്നുപറഞ്ഞ് ഒപ്പുമിടും. ഏതോ ഒരു കമ്പനിയിലെ ഏതോ ഒരു ഉദ്യോഗസ്ഥനാണ് അയാൾക്ക് യാതൊരു പരിചയവുമില്ലാത്ത മറ്റൊരാളോട് ഇത്രയും വിശ്വസ്തതയും വിനയവും കാണിക്കുന്നത്. അന്ന് അതൊക്കെയായിരുന്നു ഔദ്യോഗിക കത്തിടപാടുകളിലെ സംസ്കാരം.
ഇന്നോ കാര്യങ്ങളെ ഒന്ന് ഫാസ്റ്റ്ഫോർവേഡ് ആക്കിയാൽ അതേ ഉദ്യോഗസ്ഥനെ തന്നെ കാണാം. കയ്യിലൊരു കീ ബോർഡ്. മുന്നിലൊരു കോഫി മഗ്. അതിൽ ആവി പറക്കുന്ന കാപ്പി. അല്ലെങ്കിൽ ഓഫീസിനു വെളിയിൽ എവിടെയോ. കത്തിന് അവസാനം യുവേഴ്സ് ഫെയ്ത്തുഫുള്ളി എന്നതിന് പകരം ഈ ഒരു വരിയായിരിക്കും. Sent from my iPhone. കത്ത് തുടങ്ങിയത് വെറും ഒരു സർ എന്ന് പറഞ്ഞുകൊണ്ടായിരിക്കും. പ്രിയപ്പെട്ട, ബഹുമാനപ്പെട്ട എന്നൊന്നും കാണില്ല. കാറിലിരുന്നോ മെട്രോയുടെയോ റെയിൽവേ സ്റ്റേഷന്റെയോ ടിക്കറ്റ് കൗണ്ടറിലെ ക്യൂവിൽ നിന്നോ ഒറ്റവിരൽ കൊണ്ട് ടൈപ്പ് ചെയ്ത കത്ത്. അവിടെ എത്ര കുറച്ച് വാക്കുകൾ ഉപയോഗിക്കാമോ അത്രയും നല്ലത്.
കോർപ്പറേറ്റ് കമ്യൂണിക്കേഷന്റെ വളർച്ചാ ആശയവിനിമയത്തിന്റെ പരിണാമത്തിലേക്ക് ചില കാര്യങ്ങൾ പറയാനാണ് ഞാനീ കത്തെഴുതുന്നത്. “Yours faithfully” ആയാലും “Sent from my iPhone” ആയാലും കത്തുകളുടെ ലോകത്തെ വിപ്ലവകരമായ വളർച്ചാപാതയിൽ സത്യസന്ധത എന്നത് ഒരു ഭാഗമായിരുന്നിട്ടേയില്ലെന്ന് വെളിവാകുന്ന ഒരു കഥയിലേക്കാണ് ഞാൻ നിങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നത്.
പഴയ കാലത്തെ ഓഫീസ് സംസ്കാരത്തിൽ എളിമയും വിനയവും ഒരു കലാരൂപം പോലെ എല്ലാവരും കൊണ്ടുനടന്നിരുന്നതാണ്. ഒരു സാധാരണ ലീവ് അപേക്ഷയിൽ പോലും എന്തുമാത്രം വിനയമാണ് നിറഞ്ഞ് തുളുമ്പിയിരുന്നത്. “Respected Sir, I beg to state that I am suffering from a fever of a mild but disturbing nature…” ബോസ് ഇത്തരം അവധി അപേക്ഷ കത്ത് വായിച്ചു തീർന്നു കഴിയുമ്പോഴേക്ക് ഒന്നുകിൽ പനി മാറിയിട്ടുണ്ടാകാം, അല്ലെങ്കിലൊരു മഹാമാരിയായി പടർന്നുപിടിച്ചിട്ടുണ്ടാകാം. കത്തിന്റെ അവസാനമാണ് ബഹുരസം. “Thanking you, Sir, and hoping you will graciously consider my humble request”— ആഹാ എന്തൊരു വിനയം, ഭക്തി. ഭജന പോലും മാറിനിൽക്കും. വാക്കുകളിൽ ഒരു ഭക്തിയുണ്ടായിരുന്നു, അതെ. പക്ഷേ ഈ ഫോർമാറ്റൊക്കെ ഓഫീസ് ഫയലിൽ നിന്ന് പകർത്തി പേരു മാറ്റി നൽകിയതായിരിക്കും. എങ്കിലും അതായിരുന്നു ഇത്തരം കാര്യങ്ങളിലെ ലെഗസി. അതിങ്ങനെ കൈമാറിക്കൊണ്ടിരുന്നു.
ഇ-മെയിൽ കാലം വന്നതോടെ കഥയെല്ലാം മാറി. വിനയം ‘ഡൗൺസൈസ്’ ആയി. ഇ-മെയിലുകൾ എല്ലാത്തിനെയും കംപ്രസ് ചെയ്തു. ആഢ്യ ഇംഗ്ലീഷിനെ കൊന്നുകൊലവിളിച്ചു. പെട്ടെന്ന് ആർക്കും കത്തിൽ പാരഗ്രാഫുകൾ തിരിക്കാൻ സമയം ഇല്ലാതായി. മറ്റുള്ളവരോട് വിനയവും മര്യാദയും വിശ്വസ്തതയും പ്രകടിപ്പിക്കാനുള്ള സാവകാശമില്ലാതായി. പകരം, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഒരു ആത്മാർത്ഥതയുമില്ലാത്ത ഒരു പുതിയ അക്ഷരമാലയാണ് കോർപ്പറേറ്റ് ലോകം സ്വീകരിച്ചത്. ഇ-മെയിലുകൾ വളരെ ഷോർട്ടായി, ഫാസ്റ്റായി, അതിനേക്കാളേറെ അപകടകാരിയുമായി.
ഇപ്പോഴത്തെ ഒരു മാനേജർക്ക് ദേഷ്യം മുതൽ നിരാശ വരെ താഴെ പറയുന്ന വെറും മൂന്നു വാക്കുകളിലൂടെ ഇന്ന് അനായാസം പ്രകടിപ്പിക്കാൻ കഴിയുന്നു.....“Please see below.” ഇതിന്റെ അർത്ഥം എന്താണ് എന്നുവെച്ചാൽ നീയൊക്കെ ചെയ്തു കൂട്ടിയ അബദ്ധങ്ങളൊക്കെ കണ്ണുതുറന്നു കാണൂ എന്ന്. പഴയ കാലത്തെ കത്തുകളിലൊക്കെ വിനയവും മര്യാദയും എല്ലായിടത്തും സമൃദ്ധമായി കാണാമായിരുന്നു. പോളിഷ് ചെയ്ത, സുഗന്ധതൈലം പുരട്ടിയ, പ്രൊഫഷണലായ വാക്കുകളുടെ സംസ്ഥാന സമ്മേളനം. എന്നാൽ ഇന്നത്തെ കത്തുകളിലെ അത്യാധുനിക സാഹിത്യം ഇതാ ഇങ്ങനെയാണ്. ഇത്തരം കാര്യങ്ങൾ ഇല്ലാത്ത ഒരു കത്തുപോലും കാണാനുണ്ടാകില്ല.
As discussed- എന്നുവെച്ചാൽ എല്ലാം മറന്നുപോയി എന്നൊന്നും നീ ഭാവിക്കേണ്ട, എല്ലാം എനിക്കോർമ്മയുണ്ട് എന്ന്.
“Noted.”- നീ നേരത്തെ പറഞ്ഞതിനോട് എനിക്ക് യോജിപ്പൊന്നുമില്ല, പക്ഷേ നിന്നോട് വഴക്കിന് വരാനുള്ള ശക്തി എനിക്കില്ലാത്തിനാൽ നീ പറഞ്ഞതെല്ലാം ഞാൻ കേട്ടു എന്നർത്ഥം.
“Gentle reminder- എന്നുവച്ചാൽ കല്ല്യാണ രാമനിലെ ഇന്നസെന്റ് സ്റ്റൈലിൽ ഞാൻ ചോറ് വേണേ ചോറ് വേണോ എന്ന് നിന്നോട് മൂന്നുവട്ടം ചോദിച്ചതല്ലേ.
“Looping in…” രണ്ടുമൂന്നുപേരോടുകൂടി ഞാൻ ഇക്കാര്യം ചർച്ചചെയ്തിട്ടുണ്ട്. നിന്റെ നെഗറ്റീവ് ആറ്റിറ്റ്യൂഡ് ഞാൻ എല്ലാവരേം അറിയിച്ചെടാ.
“Per my last email” ഞാൻ നിനക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് തന്നതാണ്. ഒരിക്കൽ കടി തരുന്നു.
ഇവയെല്ലാം ഒരുമിച്ച് ഒന്ന് ചാർത്തി ചേർത്തുനോക്കൂ. ഉദ്യോഗസ്ഥന്മാരിൽ മറഞ്ഞിരിക്കുന്ന കോപവും അടക്കിവച്ച അസഹിഷ്ണുതയും മറന്നുപോയ നയതന്ത്രവും ഒക്കെ അതിൽ നിന്ന് വായിച്ചെടുക്കാൻ പറ്റും. ടൈപ്പ് റൈറ്ററിന്റെ കാലത്ത് കത്തുകൾ അവസാനിപ്പിച്ചിരുന്നത് അതി വിശ്വസ്തതയുടെയും തീവ്രബഹുമാനത്തിന്റെയും ഉത്തമ ഭാവത്തിലായിരുന്നു. ദാ ഇതുപോലെ “Yours sincerely”. “Yours truly”, “Yours faithfully”. ഇന്നോ. നമ്മൾ ഇ മെയിൽ കത്തുകൾ അവസാനിപ്പിക്കുന്നത് ദാ ഇങ്ങനെയാണ് “Regards”. വാം റിഗാർഡ്സ് ഇല്ല. ബെസ്റ്റ് റിഗാർഡ്സ് ഇല്ല, കൈൻഡ് റിഗാർഡ്സ് ഇല്ല. ജസ്റ്റ് റിഗാർഡ്സ് മാത്രം. എന്താല്ലേ.
ചില പുംഗവന്മാർക്ക് റിഗാർഡ്സ് എന്ന് തികച്ചും എഴുതാനുള്ള സമയം പോലുമില്ല. അവർ കത്ത് ഇങ്ങനെ അവസാനിപ്പിക്കും. “Rgs,”. ചിലരുടെ കാര്യത്തിൽ സ്ഥിതി അതിനേക്കാൾ നിന്ദ്യവും പൈശാചികവുമാണ്. അവർ ഇത്തരത്തിലെ ഒന്നും തന്നെ പറയാതെ കത്തുകൾ അവസാനിപ്പിച്ചുകളയും.
ഇതൊക്കെ സാധാരണയായി അസഹിഷ്ണുത ഏറ്റവും ഉയരുന്ന സമയങ്ങളിൽ അയച്ചുപോകുന്നതായിരിക്കും. പ്രത്യേകിച്ച് ആരെങ്കിലും ഓഫീസിൽ ബ്രെയിൻ സ്റ്റോം സെഷനൊക്കെ വിളിക്കുന്നതിന് തൊട്ടുമുമ്പ് അയയ്ക്കുന്നത്. ഇത്രയും പറഞ്ഞത് ഇ മെയിലുകൾ കംപ്യൂട്ടർ വഴി അയച്ചിരുന്ന കാലത്തെ കഥകളാണ്. ഇനി കത്തുകൾ മൊബൈൽ ഫോണിലെഴുതി അയക്കുന്ന കഥകൾ കൂടി കേട്ടുനോക്കാം. അതിൽ ഓട്ടോ സിഗ്നേച്ചറുണ്ടല്ലോ. അപ്പോൾ ആ ജോലി ലാഭം. അങ്ങനെ കത്തുകൾ ഇങ്ങനെ അവസാനിക്കാൻ തുടങ്ങി. “Sent from my iPhone”, “Sent from my Samsung Galaxy”, “Sent from my OnePlus – Never Settle”, ബ്രാൻഡ് എൻഡോഴ്സ്മെന്റിന്റെ പരേഡ് പോലെയായി കോർപ്പറേറ്റ് കമ്യൂണിക്കേഷൻ.
പക്ഷേ, ഇത്തരം കത്തുകൾ വളരെ അത്യാവശ്യമായി അയച്ചിരിക്കുന്നതാണ് അർജന്റാണ് എന്നൊരു തോന്നൽ കിട്ടുന്നവരിൽ ഉണ്ടാക്കാൻ തുടങ്ങി. ആ സാറ് ഇത് വളരെ അത്യാവശ്യമായതൊണ്ട് എങ്ങോട്ടോ പോകുന്ന പോക്കിൽ അയച്ചതാണ് എന്നൊക്കെ തോന്നിപ്പിക്കും. ഇപ്പോഴത്ത ഇ മെയിലുകളിൽ എല്ലാം വളരെ അർജന്റാണ് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ കുന്നുകൂടി. എല്ലാം അർജന്റാണ്. അല്ലെങ്കിൽ ഹൈ പ്രയോറിറ്റി, അതുമല്ലെങ്കിൽ ASAP. പണ്ടത്തെ കത്തുകളിൽ അർജൻസ് എത്ര സൗമ്യമായിട്ടാണ് അവതരിപ്പിച്ചിരുന്നത്. ഇതാ ഒരു സാമ്പിൾ... “I shall be highly obliged if you could kindly consider this matter at the earliest.” ഇന്നത്തെ കത്തുകളിൽ ഒരു വളച്ചുകെട്ടുമില്ല. നേരേ ദാ ഇങ്ങനെ കാച്ചിയേക്കുവാണ്, ഒരു അർജൻസി ഇല്ലെങ്കിലും..... “Please do the needful ASAP.”
പണ്ട് ഇതൊക്കെ കവിത പോലെയാണ് തോന്നിച്ചിരുന്നതെങ്കിൽ ഇന്നിത് ടൈ കെട്ടിയൊരു ഭീഷണിപോലെ തോന്നിയാൽ അരേം കുറ്റം പറയാനൊന്നും ഒക്കുകേല. ഇന്നും ആർക്കും തങ്ങൾക്ക് വേണ്ടത് പച്ചയ്ക്ക് പറയാൻ ധൈര്യമില്ല. മനസിലൊന്നാണ് എങ്കിലും പറയുന്നത് വേറെ എന്തെങ്കിലുമൊക്കെ ആയിരിക്കും. “I’m afraid I don’t agree.” എന്നുവെച്ചാൽ നീ ഒരു പുല്ലും പറയേണ്ട. നീ എന്തുപറഞ്ഞാലും ഞാനതൊന്നും അംഗീകരിക്കാൻ പോകുന്നില്ല “With all due respect…” എന്നുവെച്ചാൽ നിന്നോട് ഇനി ഒരു മര്യാദയും കാട്ടാൻ എനിക്ക് ഉദ്ദേശമില്ല. “Can we discuss this?” നീ പറയുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. പക്ഷേ വേണേൽ പറയാനുള്ളത് കുറച്ചുനേരം വെറുതെ കേട്ടിരിക്കാം.
എന്താണ് മാറിയത്? എന്താണ് മാറാത്തത്? ഓഫീസ് ആശയവിനിമയം മാറിയെന്നാണ് പറയാൻ എളുപ്പം. പക്ഷേ ആഴത്തിൽ പരിശോധിച്ചാൽ മറ്റൊന്നാണ് യാഥാർത്ഥ്യം എന്ന് മനസിലാക്കാം. കോർപ്പറേറ്റ് ആശയവിനിമയത്തിൽ എന്നും അല്പം സത്യസന്ധതക്കുറവുണ്ടായിരുന്നു. പണ്ടും ഉണ്ടായിരുന്നു. മാറിയത് അതിന്റെ പാക്കേജിംഗ് മാത്രമാണ്. മുമ്പ്, അതിന് അമിതമായ വിനയത്തിന്റെ മേലങ്കിയായിരുന്നു. ഇപ്പോഴത്, കാര്യക്ഷമതയുടെയും ജാർഗണിന്റെയും റാപ്പറിൽ പൊതിഞ്ഞിരിക്കുന്നു. അന്ന് ജീവനക്കാർ “വിശ്വസ്തർ” ആയിരുന്നു. ഇപ്പോൾ അവർ “ലൂപ്പ്‌ഡ് ഇൻ” ആണ്. പണ്ട് നീണ്ട നീണ്ട കത്തുകളായിരുന്നു. ഇപ്പോൾ, ഒരു വിരൽതുമ്പിൽ ടാറ്റൂ ചെയ്യാവുന്നത്ര ചെറിയ ഇമെയിലുകളാണ്. അതിനുള്ളിലെ മിസ്സിംഗ് എലമെന്റ്-വൈകാരികത അന്നും ഇന്നും മിസിംഗ് തന്നെ. നാമൊക്കെ ഇമോജികളിലൂടെ സംസാരിച്ച് ശീലച്ച കാലത്ത് കോർപ്പറേറ്റ് കമ്യൂണിക്കേഷനിലും അതൊക്കെ തന്നെയല്ലേ വരിക.
മാറ്റത്തെ ആർക്കാണ് തടയാൻ കഴിയുക.
എന്ന്
യുവേഴ്സ് ഫെയ്ത്ത്ഫുള്ളി
കെ.കെ ജയകുമാർ
Published: 22 Nov 2025, 02:48 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented