ഞാൻ ഓർത്തത് ആ സ്ത്രീയെയാണ്. വിധവയാണെന്ന ഒറ്റക്കാരണത്താൽ അവരെക്കുറിച്ച് എന്തും പറയാൻ ലൈസൻസുള്ള അയാളെപ്പോലത്തെ പുരുഷ സിങ്കളെയാണ്

എന്നെ സംബന്ധിച്ച് ട്രെയിൻ, വിമാനയാത്രകളേക്കാൾ ഇഷ്ടം ബസ് യാത്രകളാണ്. ബസ് യാത്രകളിലാണ് ഞാൻ ഏറ്റവും കൂടുതൽ മനുഷ്യരെ കണ്ടിട്ടുള്ളത്. വിചിത്രവും അത്ഭുതകരവുമായ ജീവിതരംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളത്. മനുഷ്യഗന്ധം ഏറ്റവുമധികം ലഭിക്കുന്നതും ബസ്സുകളിലാണ്. ബസ്യാത്ര മറ്റ് യാത്രകളെപ്പോലെ സുഖകരമോ സ്വാതന്ത്ര്യമുള്ളതോ അല്ല. ഇരുന്നു മടുക്കുമ്പോൾ ബസ്സിൽ ആ മടുപ്പ് സഹിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല. ട്രെയിനിൽ നമുക്ക് ഇരിപ്പു മടുത്താൽ രണ്ടടി എഴുന്നേറ്റ് നടക്കാം. വേണമെങ്കിൽ സ്വന്തം ബർത്തിൽ കിടക്കുകയും ചെയ്യാം. മൂന്നാം ക്ലാസ് ട്രെയിൻ യാത്രകളുടെ ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷങ്ങളും എനിക്കിഷ്ടമാണ്.
യുവാവായിരുന്നപ്പോൾ അത്തരം ദീർഘദൂര യാത്രകൾ വർഷത്തിൽ രണ്ട് തവണയെങ്കിലും ഞാൻ നടത്തിയിട്ടുണ്ട്. ഇപ്പോൾ പ്രോഗ്രാമുകൾക്ക് പോവുമ്പോൾ അതിന്റെ സംഘാടകരിൽ മിക്കവരും എ.സി. കമ്പാർട്ട്‌മെന്റിലൊക്കെ ടിക്കറ്റ് ബുക്ക് ചെയ്തു കളയും. പക്ഷേ, ഒരു മണിക്കൂറിനപ്പുറം എനിക്ക് എസി കോച്ചിൽ ഇരിക്കാൻ പറ്റാറില്ല. തണുപ്പും മടുപ്പും സഹിക്കാനാവാതെ ഞാൻ എഴുന്നേറ്റ് ട്രെയിനിന്റെ വാതിൽക്കൽ ചെന്ന് നിൽക്കും. അത്തരം കമ്പാർട്ട്‌മെന്റുകളിൽ കൃത്യമായി ടി.ടി പരിശോധനയ്ക്കും എത്തും. എസിയിൽ നിന്നിറങ്ങി പുറത്തു നിൽക്കുന്ന എന്നെ അവർ മിഴിച്ചു നോക്കും. പലപ്പോഴും തിരിച്ചറിയൽ രേഖകൾ ചോദിക്കും.
ഒഴിവാക്കാൻ പറ്റാത്ത ദുശ്ശീലങ്ങൾ എനിക്ക് രണ്ടെണ്ണമാണ്. ഒന്ന് പുസ്തകവായന. മറ്റൊന്ന് പുകവലി. പണ്ടൊക്കെ ട്രെയിനിലും ബസ്സിലും പുകവലിക്കാൻ പറ്റുമായിരുന്നു. ഇപ്പോൾ ബസ് സ്റ്റാൻഡുകളിൽ തന്നെ ആരും കാണാത്ത മൂലകളിൽ ചെന്ന് പതുങ്ങി നിന്നാണ് പുക വലിക്കാറുള്ളത്. പൊതു ഇടങ്ങളിൽ പുകവലി നിരോധിച്ചത് കൊണ്ടും പുകവലിക്കെതിരായ പരസ്യങ്ങൾ വലുതും ചെറുതുമായ സ്‌ക്രീനുകളിൽ നിരന്തരം കാണുന്നതു കൊണ്ടും താരതമ്യേന പുതിയ കുട്ടികൾ പുകവലിയിൽ നിന്ന് അകലം പാലിക്കുന്നുണ്ട്. എഴുതുമ്പോൾ എനിക്ക് പുകവലിക്കേണ്ട ആവശ്യമില്ല. നിങ്ങളീ വായിക്കുന്ന എഴുത്തിന്റെ വേളയിൽ ഞാൻ വലിച്ചിട്ടേയില്ല. എങ്ങനെയാണ് പുസ്തക വായനയ്ക്ക് അഡിക്റ്റായത് എന്ന പോലെ, പുകവലിക്കും എങ്ങനെ അഡിക്റ്റായെന്ന് എനിക്കറിയില്ല. എന്തായാലും യാത്രകളിൽ പുകവലി പാടെ നിലയ്ക്കുമെന്ന് ഉറപ്പിച്ചു പറയാൻ വയ്യ. ദീർഘ യാത്രയാണെങ്കിൽ ഭക്ഷണം കഴിക്കാൻ ബസ് നിർത്തുമ്പോൾ ഞാൻ വല്ലതും വെട്ടി വിഴുങ്ങിയിട്ട്, വേഗം പുക വലിക്കാൻ ഓടും. ദുശ്ശീലമാണ്, ആരോഗ്യത്തിന് ഹാനികരമാണ്. പുകവലി എന്റെ ആരോഗ്യത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്നൊക്കെ നല്ല ബോധ്യമുണ്ടായിട്ടും ഞാനിപ്പഴും ലജ്ജയില്ലാതെ പുക വലിക്കുന്നു.
ഇപ്പോൾ പുറത്തെ ചാറ്റൽ മഴ പെരുമഴയായി മാറിക്കഴിഞ്ഞു. ബസ്സിന്റെ ജാലകങ്ങൾ ഒന്നൊന്നായി അടയുകയാണ്. അകത്ത് വെളിച്ചങ്ങൾ തെളിയുകയാണ്. മനുഷ്യഗന്ധങ്ങളുടെ കോക്ടയിലിൽ മുങ്ങി ഞാനിരിക്കുകയാണ്. തൊട്ടുമുമ്പിലെ യാത്രക്കാരൻ ജാലകത്തിന്റെ ഷട്ടർ ഇടാത്തതിനാൽ മഴ ജലം കാറ്റത്ത് പാറി വന്ന് എന്റെ മുഖത്ത് തൊടുന്നുണ്ട്. എത്രയെത്ര മഴകളിലൂടെയാണ് ജീവിതം കടന്നുപോയിട്ടുള്ളതെന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. ആ അത്ഭുതത്തെ മുറിച്ചു കൊണ്ട് എന്റെ സഹയാത്രികനായ മുതിർന്ന പൗരൻ മുമ്പിലെ യാത്രക്കാരനോട് ഷട്ടർ താഴ്ത്താൻ പറയുകയാണ്. അയാളുടെ മുഖത്തും മഴ നനഞ്ഞ കാറ്റുകൾ ജലപ്പൊടികൾ വിതറുന്നുണ്ട്. അയാളത് തുടയ്ക്കുകയാണ്.
എവിടെയാണ് എന്റെയീ യാത്ര അവസാനിക്കുക എന്നറിയില്ല. എങ്കിലും അവിടെയും ഇപ്പോൾ മഴ പെയ്യുന്നുണ്ടാവുമോ? എന്റെ വാടകവീടിന് മുകളിൽ മഴ പെയ്യുന്നുണ്ടാവുമോ? പെരുമഴയത്ത് ആ ഓടിട്ട വീട് പലയിടത്തും ചോർന്നൊലിക്കും. അതിന്റെ ഉടമകൾ വീടിന്റെ മേൽക്കൂര പുതുക്കിയപ്പോൾ, ആശാരിമാർ ഓടുകളിലെ ഇരട്ടപ്പാത്തിയും ഒറ്റപ്പാത്തിയും മാറ്റി മറിച്ച് വെച്ചതു കൊണ്ടാണ് ചോരുന്നത്.
ഇതേപോലൊരു മഴക്കാലത്താണ് ഞാൻ രാമചന്ദ്രന്റെ വീടിനടുത്തുള്ള ദേശത്തെ ഒരു ഇരുനില വീട് പെയിന്റ് ചെയ്യുന്നത്. മഴക്കാലമായാൽ പെയിന്റ് പണി കുറയും. ആ മഴക്കാലത്ത് ലോട്ടറിയടിച്ച പോലെ അവന്റെ ദേശത്തിനടുത്ത് ഞങ്ങൾക്ക് ഒരു പുതിയ വീടിന്റെ പെയിന്റ് പണി ലഭിച്ചു. വീട്ടുകാരൻ ഗൾഫിലായതിനാൽ വന്ന ഉടൻ അയാൾക്ക് കുടിയിരിക്കാൻ (ഹൗസ് വാമിങ്) വേണ്ടിയാണ് മഴയായിട്ടും ഞങ്ങൾക്കാ ജോലി ലഭിച്ചത്. പെയിന്റിങ്ങും പോളീഷുമടക്കം എങ്ങനെ പോയാലും രണ്ട് മാസത്തെ പണി അവിടെയുണ്ട്. വല്ലാത്ത ആനന്ദത്തിലാണ് ഞങ്ങളാ പണി തുടങ്ങിയത്. അധികം ആളുകളുണ്ടെങ്കിൽ പെട്ടെന്ന് പണി തീർന്നു പോവുമെന്ന് കരുതി ഞാനും രാമചന്ദ്രനും മാത്രമാണ് അവിടെ പണിയെടുത്തത്.
മധുസൂദനൻ നായരുടെ കാസറ്റ് കവിതകൾ കത്തിനിൽക്കുന്ന കാലമാണ്. ഞാനാണെങ്കിൽ നാറാണത്തു ഭ്രാന്തന്റെയും, അഗസ്ത്യ ഹൃദയത്തിന്റെയും കട്ട ഫാനാണെന്ന് മാത്രമല്ല ,ആ കവിതകൾ കാണാപ്പാഠമാക്കി വെച്ചിരിക്കുകയാണ്. ബസ് ഇപ്പോൾ അങ്ങാടിപ്പുറത്തേക്ക് അടുക്കുകയാണ്. നമ്മൾ പിന്നിട്ട പുഴക്കാട്ടീരിക്കും അങ്ങാടിപ്പുറത്തിനും ഇടയ്ക്കാണ് ആ വീട്. അത് നിൽക്കുന്ന സ്ഥലപ്പേര് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. അതിന്റെ കാരണമെന്തെന്ന് വഴിയേ നിങ്ങൾക്ക് മനസ്സിലാവും.
പുതിയ വീടായതിനാൽ ആദ്യം വൈറ്റ് സിമന്റ് രണ്ട് കോട്ടടിക്കണം. വൈറ്റ് സിമന്റ് അടിക്കും മുമ്പ് ചുമരുകൾ നനയ്ക്കണം. അടിച്ചത് ഉണങ്ങി നേരത്തോട് നേരമാവും മുമ്പ് രണ്ട് തവണ കൂടി വീണ്ടും നനയ്ക്കണം. ഒന്നോ രണ്ടോ ഹെൽപ്പർമാർക്ക് എന്തായാലും അവിടെ പണിക്ക് ചാൻസുണ്ട്. പക്ഷേ, ഈ പണി പെട്ടെന്ന് എടുത്തു തീർത്താൽ എടുക്കാൻ വേറെ പണിയില്ല. പണിയില്ലെങ്കിൽ പിന്നെ കവിതയും സംഗീതവും ക്ലാരയും മഴയുടെ സൗന്ദര്യവും ഇല്ല.
മഴ കാരണം അകത്തു നിന്നാണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിച്ച് തുടങ്ങിയത്. വൈറ്റ് സിമന്റ് കലക്കുന്നതും അടിക്കുന്നതും ചുമരിലെ സിമന്റ് തരികൾ ഉളി കൊണ്ട് ചെത്തി വൃത്തിയാക്കുന്നതുമൊക്കെ ഞങ്ങൾ രണ്ടാളും കൂടിയാണ്. ഹെൽപ്പർമാരില്ല. മേസ്തിരിമാരും ഇല്ല. സമ്പൂർണ സോഷ്യലിസം. ഞങ്ങൾ പണിയെടുക്കുന്ന ആ വീടിന്റെ തൊട്ടപ്പുറത്ത് ഒരു വിധവയുടെ വീടാണ്. അവർക്ക് രണ്ട് ആൺമക്കളുണ്ട്. സ്‌കൂളടച്ച സമയമായതിനാൽ ആ കുട്ടികൾ എപ്പോഴും ഞങ്ങളെ ചുറ്റിപ്പറ്റി നിന്നു. രണ്ട് ദിവസം കൊണ്ട് തന്നെ അവരിൽ മൂത്തയാളെ ഞങ്ങൾക്ക് ഹെൽപ്പറായിട്ട് നിയമിക്കേണ്ടിയും വന്നു. അവൻ ഒമ്പതാം ക്ലാസിലാണ്. ചുരുണ്ട മുടിയും വിടർന്ന കണ്ണുകളുമുള്ള ഒരു പാവം കുട്ടി. എന്ത് പറഞ്ഞാലും അവനത് അപ്പടി അനുസരിക്കും.
അവന്റെ അമ്മയെ അങ്ങനെ അധികമൊന്നും പുറത്തേക്ക് കാണാറില്ല. അവരാ ചെറിയ വീടിന്റെയുള്ളിൽ വിധവയുടെ പരിമിതികളിൽ ഒതുങ്ങി ജീവിച്ചു. അച്ഛൻ മരിച്ചതിന്റെ വ്യക്തമായ ഓർമ്മ ആ കുട്ടിക്കുണ്ടായിരുന്നു. അവൻ ഏഴിൽ പഠിക്കുമ്പോഴാണ് സ്‌കൂളിലേക്ക് ഒരു ബന്ധു അച്ഛന്റെ മരണവാർത്തയും കൊണ്ട് വന്നത്. അച്ഛനില്ലാത്ത ജീവിതം അവന് ഒരുപാട് ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടാക്കി. പുറത്തു പോയി ജോലിയൊന്നും എടുത്ത് പരിചയമില്ലാത്ത അവന്റെയമ്മ വളരെ പ്രയാസപ്പെട്ടാണ് ജീവിതം ഉന്തി നീക്കുന്നത്. ഞങ്ങൾ പണിയെടുക്കുന്ന വീടിന്റെ ഉടമയുടെ തറവാട്ടു വീട്ടിൽ അവർ അല്ലറ ചില്ലറ അടുക്കളപ്പണികൾക്കൊക്കെ പോവും. അവരുടേത് മിശ്രവിവാഹമായിരുന്നു. അതു കൊണ്ടാവണം ബന്ധുക്കളെന്ന് പറയാൻ അധികമാരും അങ്ങോട്ട് വന്നു കണ്ടില്ല. ഏറിയാൽ മുപ്പത്തിയഞ്ച് വയസ്സേ അവർക്കുള്ളൂ. ഇരു നിറത്തിൽ മകന്റെ അതേ ചുരുൾമുടിയുമായി അവർ ചില ദിവസങ്ങളിൽ വൈകിട്ട് ഞങ്ങൾക്കുള്ള കട്ടൻ ചായയുമായി വന്നു. അവരുടെ ഉടലിനെ പറ്റി ഞാനെന്തോ കമന്റ് പറഞ്ഞപ്പോൾ രാമചന്ദ്രൻ അതിന് ഉടൻ തടയിട്ടു.
'അതൊരു പാവാണെടാ.....'
സാധാരണ പെണ്ണുടലുകളെ പറ്റി കമന്റുകൾ നിർത്താതെ പറയുന്ന അവനങ്ങനെ തടയിട്ടപ്പോൾ എന്റെ ഉള്ളിലും അവരുടെ വിഷാദം പടർന്ന കണ്ണുകൾ ദുഃഖസ്മരണയായി മാറി. വിരസവും ഒരു പരിധി വരെ ഏകാന്തവുമായ അവരുടെ ജീവിതം എനിക്ക് മനസ്സിലാക്കാൻ പറ്റി. ഇടയ്ക്ക് അവരെ കാണാൻ ഭർത്താവിന്റെ ഒരു ബന്ധു വരുമായിരുന്നു. കറുത്ത് തടിച്ച് നല്ല ഉയരമുള്ള ഒരു നൽപ്പത്തിയഞ്ചുകാരൻ. അയാൾ ഞങ്ങളെ നോക്കുന്ന നോട്ടത്തിൽ ഞങ്ങളെന്തോ മോശപ്പെട്ടവരാണെന്ന ധാരണ തെളിഞ്ഞു നിന്നിരുന്നു. 'മാമൻ' എന്നാണ് അയാളെ കുട്ടി വിളിച്ചിരുന്നത്. മാമൻ വന്നാലുടൻ അവൻ ഞങ്ങളെ ദയനീയമായി നോക്കും. അവന് ആകപ്പാടെയുള്ള ബന്ധുവാണ്. അയാളവന് പലഹാരങ്ങളും കൊണ്ടു വരും. അത് വാങ്ങാൻ പോവാനാണ് അവൻ ഞങ്ങളെ അങ്ങനെ നോക്കുന്നത്. ഞങ്ങൾ അവനോട് വീട്ടിലേക്ക് പൊയ്‌ക്കോളാൻ പറയും. അത് കേട്ട് തീരും മുമ്പ് കയ്യിലെ ള്ളിയോ ബ്രഷോ, വെള്ളമെടുക്കുന്ന പാട്ടയോ എന്ത് തന്നെ ആയാലും അത് നിലത്തിട്ട് അവൻ വീട്ടിലേക്ക് ഓടും.
ആൾത്താമസം ഇല്ലാത്ത വീടായതിനാൽ പുറത്ത് മഴ തകർത്തു പെയ്യുമ്പോൾ കണ്ണുകളും വിരലുകളും നീറ്റുന്ന വൈറ്റ് സിമന്റിനെ തോൽപ്പിക്കാൻ ഞാനെന്റെ പരുക്കൻ ശബ്ദത്തിൽ ഉറക്കെ ചൊല്ലും.
'രാമ രഘുരാമ നാമിനിയും നടക്കാം,
രാവിന്നു മുമ്പേ കനൽക്കാട്
താണ്ടാം.
നോവിന്റെ ശൂലമുന മുകളിൽ കരേറാം,
നാരായ ബിന്ദുവിൽ
അഗസ്ത്യനെ കാണാം ...... '
ഒട്ടുമേ വായനയില്ലാത്ത, കവിതകൾ കേൾക്കാത്ത രാമചന്ദ്രൻ ആദ്യമൊക്കെ കരുതിയത് ഞാനവനെ കളിയാക്കാൻ വേണ്ടി എന്തൊക്കെയോ ഉണ്ടാക്കി പാടുകയാണെന്നാണ്. അഗസ്ത്യഹൃദയമെന്ന ആ നീണ്ട കവിത മുഴുവൻ ഒറ്റയടിക്ക് ഞാൻ ചൊല്ലി ത്തീർത്തപ്പോഴാണ് അവനാ ധാരണ മാറിയത്. എന്നാലും അവൻ പറയും.
'എന്ത് പാട്ടാ അബ്ബാസേ ഇദ്? അനക്ക് സിൽമാപ്പാട്ട് പാടിക്കൂടേ?'
ആദ്യത്തെ മൂന്നു ദിവസം ഞങ്ങൾ ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചെങ്കിലും പിന്നീട് വീട്ടുടമ ആ വിധവയ്ക്ക് പണം എത്തിച്ചു കൊടുത്ത്, ഞങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കിത്തരാനുള്ള ഏർപ്പാട് ചെയ്തു. അത് അവരെ സഹായിക്കാനോ, ഞങ്ങളോടുള്ള സ്‌നേഹം കൊണ്ടോ അല്ല. പത്തരയ്ക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഞങ്ങൾ ഹോട്ടലിലേക്ക് നടന്ന് പോയി ഭക്ഷണം കഴിച്ച് തിരികെ വരാനുള്ള സമയം ലാഭിച്ച്, ആ സമയം കൂടി ഞങ്ങൾ ജോലിയെടുക്കാൻ വേണ്ടിയായിരുന്നു.
എന്തായാലും അവർക്കത് വല്യ ആശ്വാസമായി. അവർ ഞങ്ങൾക്ക് നല്ല ഭക്ഷണം തന്നു. രാവിലെ എട്ടു മണിക്ക് ജോലിക്കെത്തുന്ന ഞങ്ങൾ അവിടുത്തെ കവലയിൽ നിന്ന് മീൻ വാങ്ങിക്കൊണ്ടുപോവും. സ്വന്തം സഹോദരങ്ങൾക്ക് വെച്ച് വിളമ്പുന്നത്ര സന്തോഷത്തോടെയും കരുതലോടെയും അവർ ഞങ്ങൾക്ക് അന്നം വിളമ്പി. അരയോളം ചുരുണ്ടുകിടന്ന ആ തലമുടി എന്നെ ആകർഷിച്ചെങ്കിലും ഞാനെന്റെ മൂത്ത പെങ്ങളെ അവരുടെ സ്ഥാനത്ത് സങ്കൽപ്പിച്ച് ആ ആകർഷണത്തെ മറികടന്നു. ഇളയവൻ മഴയത്ത് തൊടിയിലും പറമ്പിലും കവലയിലും കളിച്ചു നടന്നു. ഭക്ഷണത്തിന്റെ നേരത്ത് അവൻ കൃത്യമായി വീട്ടിലെത്തി. നേരിട്ടല്ലെങ്കിലും ഞങ്ങൾ കാരണം ആ വീട്ടിൽ ആനന്ദം നിറഞ്ഞു. അവിടെ അവരുടെ നേർത്ത ചിരിപ്പൂക്കൾ വിരിഞ്ഞു. അതിന്റെ ശബ്ദവീചികൾക്കിപ്പുറത്ത് മഴയെ തോൽപ്പിച്ചു കൊണ്ട് ഞാൻ ചൊല്ലി.
'പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ,
നിന്റെ മക്കളിൽ ഞാനാണ് ഭ്രാന്തൻ.
പന്ത്രണ്ട് രാശിയും നീറ്റുമമ്മേ
നിന്റെ മക്കളിൽ ഞാനാണനാഥൻ....'
അന്ന് ചുള്ളിക്കാട് എന്റെ അസ്ഥിയിലേക്ക് കയറിയിട്ടില്ല. മധുസൂദനൻ നായരും കടമനിട്ടയുമായിരുന്നു ഇഷ്ടകവികൾ. പിന്നീട് കൊടുങ്കാറ്റ് പോലെ ബാലചന്ദ്രൻ ചുള്ളിക്കാടെന്ന ഉച്ചസൂര്യൻ എന്റെ മാംസം തുളച്ച് അസ്ഥിയിലേക്ക് കയറിയപ്പോൾ അവിടെ നിൽക്കാൻ പറ്റാതെ കടമ്മനിട്ടയും മധുസൂദനൻ നായരും ഇറങ്ങിപ്പോയി. ഇന്നും ചുള്ളിക്കാടെന്ന പേരു കേൾക്കുമ്പോൾ എന്റെയുള്ളിൽ ചുരുട്ടിയ ഒരു മുഷ്ഠി തെളിയും. അസ്ഥികൾക്ക് ചൂട് പിടിക്കും. അക്കാലത്ത് ചുള്ളിക്കാട് എന്ന ബാലേട്ടൻ എന്നെ ഫോണിൽ വിളിക്കുന്ന ഒരു കാലം വരാനുണ്ടെന്ന് എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല.
ചുരുൾമുടിക്കാരൻ കുട്ടി എന്റെ നിരന്തരമുള്ള കവിത ചൊല്ലൽ കേട്ട് കേട്ട് അഗസ്ത്യഹൃദയത്തിലെ ഏതാനും വരികൾ പഠിച്ചെടുത്തു. തെറ്റായിട്ടാണെങ്കിലും അവൻ തന്റെ മധുരമുള്ള സ്വരത്തിൽ ആ വരികൾ ചൊല്ലുന്നത് കേട്ടപ്പോൾ രാമചന്ദ്രൻ പറഞ്ഞു.
'പൊന്നര അബ്ബാസേ,
പാട്ന്ന്‌ണ്ടെങ്കി ഇങ്ങനെ പാടണം. അല്ലാതെ തകരപ്പാട്ടീല് കല്ലിട്ട് കിലുക്കും പോലെയല്ല '
അത് ശരിയായിരുന്നു. ഒരിക്കൽപോലും മധൂസുദനൻ നായരുടെ ശബ്ദവും വരികളും കേൾക്കാത്ത ആ കുട്ടി അദ്ദേഹത്തെക്കാൾ മനോഹരമായി മുഴങ്ങുന്ന ശബ്ദത്തിൽ അഗസ്ത്യ ഹൃദയത്തിലെയും നാറാണത്ത് ഭ്രാന്തനിലേയും വരികൾ ചൊല്ലി. ഉച്ചവിശ്രമത്തിന്റെ വെളകളിൽ ഞാനവന് ചൊല്ലിക്കൊടുത്തു.
'ഗിരിമകുടമാണ്ടാല- -ഗസ്ത്യനെ കണ്ടാൽ,
പരലുപോലത്താര -മിഴിയൊളി പുരണ്ടാൽ,
കരളിൻ കലക്കങ്ങൾ തെളിയുന്ന പുണ്യം , ജ്വരമാർന്നൊരുടലിന്നു
ശാന്തി ചൈതന്യം.....'
അവനത് ഏറ്റു ചൊല്ലി, ചൊല്ലിച്ചൊല്ലി ആ നീണ്ട കവിത മുഴുവൻ അതിമനോഹരമായി ചൊല്ലാൻ പഠിച്ചു. ഇടയ്ക്ക് അവനോട് ജോലി നിർത്തിവെച്ച് ഞങ്ങൾ കവിത ചെല്ലാൻ പറയും. നാലിഞ്ച് ബ്രഷിന്റെ പിടിഭാഗം മൈക്കാക്കിപ്പിടിച്ച് അവൻ അഗസ്ത്യഹൃദയം ചൊല്ലുന്നത്, ഇപ്പോൾ ഈ ബസ്സിനുള്ളിലിരുന്നും എനിക്ക് കേൾക്കാം. ഈ മനുഷ്യഗന്ധങ്ങളിലേക്ക് അവന്റെ മധുരശബ്ദം അലിഞ്ഞുചേരുന്നതും കൂടിക്കലരുന്നതും എനിക്ക് അനുഭവിച്ചു തന്നെ അറിയാം. പുറത്ത് മഴ തോരുകയാണ്. ഷട്ടറുകൾ ഉയരുകയാണ്. മഴ നനഞ്ഞ പച്ചപ്പുകളെ തലോടിയെത്തുന്ന കാറ്റ് എന്റെ നഷ്ടകാലങ്ങളെ ഓർമിപ്പിക്കുകയാണ്. ബസ്സിപ്പോൾ അങ്ങാടിപ്പുറത്തെ റെയിൽവേ മേൽപ്പാലം കടക്കുകയാണ്. രാവിലെയായതിനാൽ പാലത്തിൽ ബ്ലോക്കില്ല. ബസ് കൂളായി പാലം കടക്കുന്നുണ്ട്.
പാലത്തിനു താഴെ പാളങ്ങളിലൂടെ ഒരു ട്രെയിൻ അതിന്റെ വേഗം കുറച്ച് സ്റ്റേഷനിൽ ആളുകളെ കയറ്റിയിറക്കാനായി മെല്ലെ ചലനം നിർത്തുകയാണ്. ബോഗികളുടെ മുകളിൽ നിന്ന് എവിടെയോ പെയ്ത മഴയുടെ ഓർമ്മകൾ ഒലിച്ചിറങ്ങുന്നുണ്ട്. ജാലകങ്ങളിലൂടെ പുറംകാഴ്ചകളിലേക്ക് എത്തിനോക്കുന്ന അപരിചിതരായ കുട്ടികളിൽ ഒരു ആൺകുട്ടിയെ കാണുമ്പോൾ ഞാനാ ചുള്ളൻ മുടിക്കാരനെ വീണ്ടും ഓർത്തുപോവുകയാണ്. അവന്റെ മാമൻ ഞങ്ങളുടെ അടുത്ത് നിന്ന് തോന്ന്യാസപ്പാട്ട് പഠിച്ചതിന് അവനെ വഴക്ക് പറയുകയാണ്.
ജനൽ കമ്പികളിലെ സിമന്റ് ഉരക്കടലാസു കൊണ്ട് ഉരച്ച് കളയുന്ന എനിക്കാ കാഴ്ച കാണാം. അയാളുടെ ചുവന്ന് കലങ്ങിയ കണ്ണുകൾ കാണാം. ആ കണ്ണുകളെ ധീരതയോടെ നേരിടുന്ന അവനെയും കാണാം. അവനെ ചീത്ത പറഞ്ഞ് മതിയാവാഞ്ഞിട്ട് അയാളെന്റെ അരികിലേക്ക് വരികയാണ്. ഭീരുവായ ഞാൻ ആകെ വിറയ്ക്കുകയാണ്. സഹായത്തിനായി രാമചന്ദ്രനെ നോക്കുകയാണ്. അവൻ എതിർ ദിശയിലെ ജനലിലാണ്. ഇപ്പോൾ അയാളെന്റെ തൊട്ടു മുമ്പിലാണ്. ഞങ്ങൾക്കിടയിൽ ജാലകത്തിന്റെ കമ്പികൾ മാത്രം. അതിലൂടെ കൈയ്യിട്ടാൽ അയാൾക്കെന്റെ കഴുത്തിന് പിടിക്കാം.
'ആണുങ്ങളില്ലാത്ത വീടാണെന്നു കരുതി തോന്ന്യാസം കാട്ടരുത് ട്ടാ'
ഉള്ള ധൈര്യമെല്ലാം ഒന്നിച്ച് കൂട്ടി ഞാൻ പറയുകയാണ്.
'മനസ്സിലായില്ല... '
'മനസ്സിലാക്കിത്തരാ...'
അതും പറഞ്ഞ് അയാൾ വീടിനകത്തേക്ക് കയറുകയാണ്. അയാളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് രാമചന്ദ്രൻ എന്റെ അടുത്തേക്ക് വരികയാണ്. എന്താണ് കാര്യമെന്ന ചോദ്യം അവന്റെ മുഖത്തുണ്ട് . പട്ടിക കൊണ്ട് തീർത്ത താൽക്കാലിക വാതിൽ പിടിച്ച് കുലുക്കി കൊണ്ട് അയാൾ അലറുകയാണ്.
'ഇങ്ങളിവിടെ പെയിന്റ് പണിക്ക് വന്നതാണോ അതോ ആണുങ്ങളില്ലാത്ത പൊരേല് മറ്റേ പണിക്ക് വന്നതാണോ?'
മറ്റേ പണി എന്താണെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും, രാമചന്ദ്രന് മനസ്സിലായി. അവൻ ഞങ്ങൾക്കിടയിൽ കയറി നിന്നു.
'ഏട്ടൻ സൂക്ഷിച്ച് സംസാരിക്കണം'.
'സൂക്ഷിച്ചില്ലെങ്കിലോ?’
മാമാ എന്ന് വിളിച്ച് ചുരുൾ മുടിക്കാരൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നതും, രാമചന്ദ്രൻ അയാളുടെ നെഞ്ചത്ത് കൈ വെച്ച് ശക്തിയായി പിന്നിലോട്ട് തള്ളിയതും ഒന്നിച്ചായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അയാൾ പിറകിലോട്ട് ചരിഞ്ഞു. പക്ഷേ വീണില്ല. ക്ഷോഭവും മറ്റെന്തൊക്കെയോ വികാരങ്ങളുമായി അയാൾ സമനില വീണ്ടെടുത്ത് രാമചന്ദ്രനെ തൊഴിച്ചു. കുട്ടി അത് കണ്ട് ഉറക്കെ കരയാനും തുടങ്ങി. പിന്നെ സംഭവിച്ചത് എന്തൊക്കെയാണെന്ന് വിശദമായിട്ട് ഓർക്കാൻ പറ്റുന്നില്ല. പക്ഷേ, ഞങ്ങൾ രണ്ടാളുടെയും കൈ കാലുകൾ അയാളുടെ ദേഹത്ത് വീഴുന്നതും അയാൾ ഞങ്ങളെയും ആ സ്ത്രീയെയും ചേർത്ത് വേണ്ടാത്തത് പറയുന്നതും നല്ല ഓർമ്മയുണ്ട്. പൊതുവേ അടിയെന്ന് കേട്ടാൽ തന്നെ പേടിച്ചു തൂറുന്ന ഞാൻ അന്നെങ്ങനെ അയാളെ അടിച്ചുവെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ചുണ്ടുകളിൽ നിന്ന് ഒലിക്കുന്ന ചോര പുറംകൈ കൊണ്ട് തുടച്ച് ആ ആജാനുബാഹു പറഞ്ഞു.
'നിങ്ങക്ക് രണ്ടാക്കും കൂടി കെടന്ന് തര്ണ ഓളെ പറഞ്ഞാ മതി''
അത് പറഞ്ഞു തീർന്നതും രാമചന്ദ്രൻ തന്റെ കയ്യിലെ പരുക്കൻ ഉരകടലാസു കൊണ്ട് അയാളുടെ പൊട്ടിയ ചുണ്ടടക്കി ശക്തിയായി ഉരച്ചതും ഒന്നിച്ചാണ്. കരയുന്ന കുട്ടിയുടെ ശബ്ദം കേട്ട് ഓടി വന്ന ആ സ്ത്രീ ഇതെല്ലാം കണ്ടും കേട്ടും തരിച്ചങ്ങനെ നിൽക്കുകയാണ്. മുഖത്തുരത്ത സാൻഡ് പേപ്പറിന്റെ നീറ്റലിൽ അയാളിലെ ശക്തിയെല്ലാം ചോർന്നുപോവുകയാണെന്ന് ഞാൻ മനസ്സിലാക്കി.
'ഉളുപ്പുണ്ടടീ അനക്ക്…’ പിന്നെ ഒരു അശ്ലീലവും...
അവരെ നോക്കി അയാൾ പറയുകയാണ്. എന്തൊക്കെയോ കുശുമ്പും അസൂയയും നഷ്ടങ്ങളും അയാളെ അലട്ടുന്നുണ്ടെന്ന് എനിക്ക് മാത്രമല്ല രാമചന്ദ്രനും മനസ്സിലായി. അവരെന്തെങ്കിലും മറുപടി പറയുമെന്ന് ഞങ്ങൾ രണ്ടാളും കരുതിയെങ്കിലും കണ്ണിൽ പൊടിഞ്ഞ കണ്ണീര് തുടച്ചു കൊണ്ട് അവർ മകനെയും ചേർത്തുപിടിച്ച് മടങ്ങിപ്പോയി. ഇനിയെന്ത്? എന്ന ഭാവത്തിൽ അയാൾ ഞങ്ങളെ നോക്കി. എന്നിട്ട് ദുർബലമായ ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു.
'ഇങ്ങള് രണ്ടാളും സുകിച്ചോളീ, ങ്ങക്ക് രണ്ടാക്കും ചെറുപ്പല്ലേ ഓൾക്ക് ചെറുപ്പക്കാരെ മാത്രേ പറ്റുള്ളൂ നായിന്റെ മോള് '
അയാൾ ഉദ്ദേശിച്ചത് പറഞ്ഞതും എന്താണെന്ന് മനസ്സിലായെങ്കിലും വീണ്ടും അടി വീഴാതിരിക്കാൻ ഞാൻ രാമചന്ദ്രനെ ബലമായി പിടിച്ചു വെച്ചു. തല താഴ്ത്തിപ്പിടിച്ച് ആ മുറ്റവും പറമ്പും കടന്നു പോവുന്ന അയാളെ നോക്കി നിൽക്കുമ്പോൾ ഞാൻ ഓർത്തത് ആ സ്ത്രീയെയാണ്. ഭർത്താവില്ലാത്ത അവരുടെ ജീവിതത്തെയാണ്. വിധവയാണെന്ന ഒറ്റക്കാരണത്താൽ അവരെക്കുറിച്ച് എന്തും പറയാൻ ലൈസൻസുള്ള അയാളെപ്പോലത്തെ പുരുഷ സിങ്കളെയാണ്. ഒപ്പം ഞാനും ഒരു പുരുഷനാണല്ലോ എന്നോർത്ത് എന്റെ തല കുനിയുകയും ചെയ്തതാണ്.
Published: 25 Dec 2025, 03:30 pm IST
ABOUT THE AUTHOR
എഴുത്തുകാരൻ. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്റ്റീൽപ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. വിശപ്പ് പ്രണയം ഉന്മാദം, ആത്മഹത്യയ്ക്കും ഭ്രാന്തിനുമിടയില്, ഒരു പെയിന്റ് പണിക്കാരന്റെ സഞ്ചാരങ്ങള്, ഹലീമ, കാല്മോറാ മഹല് തുടങ്ങിയ പുസ്തകങ്ങള് എഴുതിയിട്ടുണ്ട്.
.Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented